Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയുടെ സിൽക്ക് റൂട്ട് സമുദ്രവാണിജ്യത്തെ നേരിടാൻ പ്രോജക്റ്റ് മൗസവുമായി നരേന്ദ്ര മോദി സർക്കാർ; നെടുനാളത്തെ മൗനം വെടിഞ്ഞ് കടൽപ്പാതകളുടെ സംരക്ഷണത്തിന് ഇന്ത്യയുടെ ഇടപെടൽ

ചൈനയുടെ സിൽക്ക് റൂട്ട് സമുദ്രവാണിജ്യത്തെ നേരിടാൻ പ്രോജക്റ്റ് മൗസവുമായി നരേന്ദ്ര മോദി സർക്കാർ; നെടുനാളത്തെ മൗനം വെടിഞ്ഞ് കടൽപ്പാതകളുടെ സംരക്ഷണത്തിന് ഇന്ത്യയുടെ ഇടപെടൽ

ന്യൂ ഡൽഹി: ചൈനീസ് പ്രസിഡന്റ് ക്സി ജിൻപിങ് ബുധനാഴ്ച ഇന്ത്യയിൽ എത്താനിരിക്കെ, ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ വർദ്ധിക്കുന്ന സ്വാധീനത്തോട് ഏറ്റുനിൽക്കാൻ നരേന്ദ്ര മോദി സർക്കാർ അതിന്റെ ഏറ്റവും പ്രസക്തമായ വിദേശകാര്യ ഉപക്രമത്തിന് തുടക്കമിടാൻ ഒരുങ്ങുന്നു. ചൈനയുടെ "മാരിടൈം സിൽക്ക് റോഡ്" നിർദ്ദേശത്തിന് ബദലായി പൗരാണിക കപ്പല്പാതകൾ നവീകരിച്ച് മേഖലയിലെ രാഷ്ട്രങ്ങൾക്കിടയിലുള്ള സാംസ്കാരിക ബന്ധങ്ങൾ വിളക്കിയെടുക്കാനുള്ള "പ്രോജക്റ്റ് മൗസം" എന്ന ദേശാന്തര സംരംഭത്തിനാണ് ഇന്ത്യ നെടുനാളത്തെ മൗനം അവസാനിപ്പിച്ച് മുന്നോട്ടുവരുന്നത്.

ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യൻ നാവികർ ഉപയോഗിച്ചുവന്ന കാലവർഷക്കാറ്റിന്റെ ആനുകൂല്യം പറ്റിയുള്ള സമുദ്രവാണിജ്യം, ഇന്ത്യൻ മഹാസമുദ്രതീരത്തെ രാജ്യങ്ങളേയും സമൂഹങ്ങളെയും സാംസ്കാരികമായി കൂട്ടിയിണക്കുന്നതിൽ നിർണ്ണായകമായിരുന്നു. ഈ സ്വാഭാവിക പ്രകൃതിപ്രതിഭാസങ്ങളുപയോഗപ്പെടുത്തി വികസിപ്പിച്ച കടല്പാതകളെ പുനരുജ്ജീവിപ്പിക്കാനും അതുവഴിയുള്ള വാണിജ്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് "Project Mausam: Maritime Routes and Cultural Landscapes Across the Indian Ocean" എന്ന പദ്ധതി ഇന്ത്യ അവതരിപ്പിക്കുന്നത്. വിദേശകാര്യ സെക്രട്ടറി സുജാത സിങ്, സാംസ്കാരിക സെക്രട്ടറി രവീന്ദ്ര സിംഗുമായി പദ്ധതി രൂപീകരണത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി അറിയുന്നു. ഇന്ത്യയുടെ സാംസ്കാരിക ബന്ധങ്ങൾ വിളക്കിയെടുക്കുക എന്നതിലുപരി തന്ത്രപരമായ പ്രാധാന്യമുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കിഴക്കൻ ആഫ്രിക്ക, അറേബ്യൻ തുരുത്തുകൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ദക്ഷിണപൂർവ്വേഷ്യൻ ദ്വീപരാഷ്ട്രങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട ബൃഹത്തായ സമുദ്രമേഖലകളെ കൂട്ടായി പരിഗണിക്കുന്ന പദ്ധതിയാണ് പ്രോജക്റ്റ് മൗസം.

ചൈനയുടെ സിൽക്ക്റൂട്ട് സമുദ്രവാണിജ്യപദ്ധതിയിലേക്ക് ക്ഷണം ലഭിച്ച രാഷ്ട്രങ്ങളിൽ ഇന്ത്യയും പെടും. എന്നാൽ ഈ പദ്ധതിയിൽ ശ്രീലങ്കയും മാലിദ്വീപുകളും കാട്ടിയ താത്പര്യം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ ചെറുരാഷ്ട്രങ്ങളുടെ പ്രധാനവാണിജ്യപങ്കാളിയായി ചൈന മാറിയാൽ അത് സമുദ്രത്തിനു മേലെയുള്ള ഇന്ത്യയുടെ പിടി അയയുന്നതിലേക്കാവും നയിക്കുക. ഈയാഴ്ച അവസാനത്തോടെ ഈ രണ്ടു രാഷ്ട്രങ്ങളും സന്ദർശിക്കാനിരിക്കുകയാണ്, ക്സി. ശ്രീലങ്കയും മാലിദ്വീപുകളും സന്ദർശിക്കുന്ന ആദ്യ ചൈനീസ് പ്രസിഡന്റ് ആണ് ക്സി.

ചൈനയുടെ സമുദ്രവാണിജ്യപാതയോട് കിടപിടിക്കാൻ കഴിയുന്ന ബദൽ സമുദ്രവാണിജ്യപാതയുടെ വികസനത്തിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ പ്രദേശത്ത് ചൈന സ്വീകരിക്കുന്ന നിർണ്ണായക ഇൻഫ്രാസ്ട്രക്ചർ നിർമ്മാണ പദ്ധതികളോട് മത്സരിക്കേണ്ട ബാധ്യതയും ഇന്ത്യയ്ക്കുണ്ട്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും തുറമുഖങ്ങൾ നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതി ഇതിൽ പ്രധാനമാണ്. ഇവ സിവിലിയൻ പദ്ധതികളാണെങ്കിലും ചൈനയ്ക്ക് ഈ തുറമുഖങ്ങളുടെ നിയന്ത്രണം സാധ്യമാകും എന്ന ഭയമാണ് ഇന്ത്യയ്ക്കുള്ളത്. മാരിടൈം സിൽക്ക് റൂട്ട് നിലവിൽ വരുന്നതോടെ ചൈന, ഇന്ത്യൻ മഹാസമുദ്രത്തിലെ നാവിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. ഇത് വെറുതെ നോക്കിനിൽക്കാൻ ഇന്ത്യയ്ക്കാവില്ല. സമുദ്രസുരക്ഷ ഉറപ്പാക്കാൻ സംയുക്ത നാവികാഭ്യാസങ്ങളിൽ ഏർപ്പെടാനും നാവികപാരസ്പര്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് പട്രോളിങ് ബോട്ടുകൾ വാങ്ങുന്നതിന് 100 മില്യൻ ഡോളറിന്റെ സഹായ വായ്പ (concessional credit) വിയറ്റ്നാമിനു നൽകാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തത് ഈ പശ്ചാത്തലത്തിലാണ്.

ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയത്തിന്റെയും കടൽക്കൊള്ള തടയാനുള്ള കോൺടാക്റ്റ് ഗ്രൂപ്പിന്റെയും സ്ഥാപകാംഗമാണ് ഇന്ത്യ. ഏദൻ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽപ്പാതകളിലും ഇന്ത്യൻ നാവികസേന ആന്റി പൈറസി ഓപ്പറേഷനുകൾ 2008ൽ തന്നെ തുടങ്ങിയിരുന്നു. 2011 ഒക്ടോബർ മുതൽ തന്നെ മാലിദ്വീപുകളും ശ്രീലങ്കയുമൊത്ത് സമുദ്രപാത സുരക്ഷയ്ക്കായി ഇന്ത്യ ത്രിരാഷ്ട്ര കരാറിൽ ഏർപ്പെട്ടിട്ടുമുണ്ട്. ഇവയുടെ സ്വാഭാവിക വികാസമാണ് പ്രോജക്റ്റ് മൗസം എന്ന പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP