Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാനിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ സർക്കാറിനെതിരെ തെരുവിലേക്ക്; അടിച്ചമർത്തി പൊലീസ്; സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തെ നേരിടാൻ മൗലികവാദികളെയും സർക്കാർ രംഗത്തിറക്കി; ഇറാൻ നേരിടുന്നത് വൻ പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ

ഇറാനിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ സർക്കാറിനെതിരെ തെരുവിലേക്ക്; അടിച്ചമർത്തി പൊലീസ്; സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തെ നേരിടാൻ മൗലികവാദികളെയും സർക്കാർ രംഗത്തിറക്കി; ഇറാൻ നേരിടുന്നത് വൻ പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്ക്

ടെഹ്‌റാൻ: സൗദി അറേബ്യ മാറ്റത്തിന്റെ പാതിയിലാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി വെമ്പൽ കൊള്ളുന്ന ജനതയ്ക്ക് അനുകൂലമായി നീങ്ങുകായണ് സൗദിയിലെ പുതിയ ഭരണാധികാരികൾ. സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമായി െൈഡ്രവിംഗിന് അനുമതി നൽകിയതിന് പിന്നാലെ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ വിധത്തിലും നയങ്ങളിൽ മാറ്റം വരുത്തുന്നു. എന്തിനേറെ ഹദീസ് പോലും തിരുത്താനുള്ള ശ്രമങ്ങൾ സൗദി തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് ഷിയ ഭൂരിപക്ഷ രാജ്യമായ ഇറാനിലും മാറ്റത്തിന് വേണ്ടിയുള്ള മുറവിളികൾ ശക്തമാകുന്നത്. ഇറാൻ യുവത്വം സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികളുമായി തെരുവിൽ ഇറങ്ങിയതോടെ അടിച്ചമർത്താൻ വേണ്ടി രംഗത്തിറങ്ങിയിരിക്കയാണ് സർക്കാർ. ഇതിന് യാഥാസ്ഥിതിക വിഭാഗത്തെയും ഇക്കൂട്ടർ കൂട്ടുപിടിക്കുന്നു.

തൊഴിലില്ലായ്മ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാറിനെതിരെ പ്രതിഷേധം അരങ്ങേറിയത്. ഇതിനിടെ സർക്കാറിനെ അനുകൂലിക്കുന്നവരും തെരുവിൽ ഇറങ്ങിയതോടെ ക്രമസമാധാന പ്രശ്‌നം വീണ്ടും വലുതായി. സർക്കാർ അനുകൂലികളുടെ കൂറ്റൻ പ്രകടനങ്ങൾ വിവിധ നഗരങ്ങളിൽ അരങ്ങേറി. അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ വ്യാഴാഴ്ച ആരംഭിച്ച തെരുവുപ്രക്ഷോഭം മൂന്നു ദിവസം പിന്നിട്ടതായി സമൂഹമാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കു പിന്തുണ പ്രഖ്യാപിച്ചു തലസ്ഥാന നഗരമായ ടെഹ്‌റാനിലും രണ്ടാമത്തെ വലിയ നഗരമായ മഷാദിലും ആയിരങ്ങളാണ് അണിനിരന്നത്.

2009ൽ അഹ്മദി നിജാദ് രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മാസങ്ങൾ നീണ്ട സർക്കാർ വിരുദ്ധ പ്രക്ഷോഭമാണ് ഇറാനിലുണ്ടായത്. ഇതിന്റെ വാർഷികത്തിലാണു ഖമനയി വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി ടെഹ്‌റാനിൽ അടക്കം നൂറുകണക്കിനു പ്രക്ഷോഭകർ വ്യാഴാഴ്ച തെരുവിലിറങ്ങിയത്. ടെഹ്‌റാൻ സർവകലാശാലയ്ക്കു മുന്നിൽ വിദ്യാർത്ഥികൾ പൊലീസിനു നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും വർധിച്ചതിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും സർക്കാർവിരുദ്ധ വികാരം ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും പ്രതിഷേധപ്രകടനങ്ങൾ തുടർന്നതോടെയാണ് ഇന്നലെ സർക്കാർ അനുകൂലികൾ തെരുവിലിറങ്ങിയത്. അതേസമയം, സമൂഹമാധ്യമത്തിലൂടെ സമരവികാരം പടർത്തുന്നതിനെതിരെ ഇറാൻ ആഭ്യന്തര മന്ത്രി അബ്ദൽറേസ റഹ്മാനി ഫസ്ലി മുന്നറിയിപ്പു നൽകി. മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള പ്രകടനങ്ങൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച മഷാദിൽ പ്രതിഷേധപ്രകടനം നടത്തിയ 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണു റിപ്പോർട്ട്. അറസ്റ്റിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിക്കുകയും ചെയ്തു. 'ഇറാൻ സർക്കാർ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കണം. ലോകം എല്ലാം കാണുന്നുണ്ട്' എന്നാണു ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാൽ പ്രക്ഷോഭകർക്കു ട്രംപ് നൽകിയ പിന്തുണ കള്ളത്തരവും അവസരവാദപരവുമാണെന്നാണ് ഇറാൻ പ്രതികരിച്ചത്.

സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളുടെ ഫലമായി യുവാക്കളാണ് കൂടുതലായും തെരുവിലിറങ്ങുന്നത്. വശ്യസാധനങ്ങളുടെ വിലയിൽ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം സജീവമായിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറിയത്. നിരവധി പേർ അറസ്റ്റിലായി. പ്രതിഷേധക്കാരെ പൊലീസ് നേരിട്ടതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

അതേസമയം, ഇറാൻ സർക്കാറിനും അലി ഖാംനഇക്കും പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങൾ ശനിയാഴ്ച തെഹ്‌റാനിൽ തെരുവിലിറങ്ങി. സർക്കാർവിരുദ്ധ പ്രതിഷേധത്തിനു പിന്നിൽ ഗ്രീൻ മൂവ്മന്റെ് നേതാക്കളാണെന്ന് ആരോപിച്ച പ്രകടനക്കാർ തടങ്കലിൽ കഴിയുന്ന മീർ ഹുസൈൻ മൂസവി, മെഹ്ദി കറൂബി എന്നിവരെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

വൻശക്തി രാജ്യങ്ങളുമായി ആണവകരാറിൽ ഏർപ്പെട്ടതിന് പിന്നാലെ ഇറാനിലെ സമ്പദ്‌നില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഇറാൻ അനുകൂലികൾ അവകാശപ്പെടുന്നത്. എന്നാൽ, നേട്ടം സാധാരണക്കാരനിലേക്ക് ഇനിയും എത്തിയിട്ടില്ലെന്നാണ് കണക്കുകൾ. തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂക്ഷമായി തുടരുകയാണ്. ഭക്ഷണസാധനങ്ങൾക്ക് 40 ശതമാനം വില വർധിച്ചതാണ് സർക്കാർവിരുദ്ധ അസ്വസ്ഥത പടരാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സ്ത്രീകൾ അടക്കം കൂട്ടത്തോടെയാണ് സമരത്തിനായി ടെഹ്‌റാനിലെ തെരുവിൽ ഇറങ്ങിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP