Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തങ്ങളുടെ ആണവപ്ലാന്റിനു മുകളിൽ ഇസ്രയേലിന്റെ ചാരവിമാനം മിസൈൽ അയച്ച് തകർത്തതായി ടെഹ്റാൻ; തിരിച്ചടിക്കാനുള്ള അവകാശം തത്ക്കാലം ഉപയോഗിക്കുന്നില്ലെന്നും ഇറാൻ

തങ്ങളുടെ ആണവപ്ലാന്റിനു മുകളിൽ ഇസ്രയേലിന്റെ ചാരവിമാനം മിസൈൽ അയച്ച് തകർത്തതായി ടെഹ്റാൻ; തിരിച്ചടിക്കാനുള്ള അവകാശം തത്ക്കാലം ഉപയോഗിക്കുന്നില്ലെന്നും ഇറാൻ

ടെഹ്‌റാൻ: ഇറാനിലെ നാഥാൻസ് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിനു മുകളിൽ ഇസ്രയേലിന്റെ പൈലറ്റില്ലാ ഡ്രോൺ വിമാനം മിസൈൽ അയച്ചു തകർത്തതായി ഇറാനിലെ റെവല്യൂഷനറി ഗാർഡ് അറിയിച്ചു. "സയണിസ്റ്റ് ഭരണകൂടത്തിന്റെ ഒരു ചാര നിരീക്ഷണ വിമാനം മിസൈൽ ഉപയോഗിച്ച് താഴെയിട്ടു... ഈ സ്പൈ ഡ്രോൺ നാഥാൻസ് ആണവമേഖലയിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയായിരുന്നു," sepahnews.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സൈന്യം അറിയിച്ചു.

"സയണിസ്റ്റ്‌ ഭരണകൂടത്തിന്റെ പുതിയ സാഹസമാണ് ഈ പ്രവൃത്തി കാണിക്കുന്നത്... റെവല്യൂഷണറി ഗാർഡും ഇതര സായുധസേനകളും ഈ പ്രവൃത്തിയോട് പ്രതികരിക്കാനുള്ള അവകാശം മാറ്റിവയ്ക്കുന്നു," പ്രസ്താവനയിൽ പറയുന്നു.

ഇറാനിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ സൈറ്റായ നാഥാൻസിൽ 16,000 സെൻട്രിഫ്യൂജുകളാണുള്ളത്. ഇതുകൂടാതെ, ഫോർഡോ പ്ലാന്റിൽ ഒരു കൊടുമുടിയുടെ ഉള്ളിലായി മൂവായിരം സെൻട്രിഫ്യൂജുകൾ കൂടി ഇറാനുണ്ട്. ഇതാവട്ടെ, ശത്രുസൈന്യത്തിന് നശിപ്പിക്കാൻ പോയിട്ട് കണ്ടെത്താൻ തന്നെ പ്രയാസമാണ്.

ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇസ്രയേൽ പലപ്രാവശ്യം ഭീഷണി മുഴക്കിയിട്ടുണ്ട്. അടുത്തകാലത്ത് ബ്രിട്ടൺ, ചൈന, ഫ്രാൻസ്, റഷ്യ, യുഎസ്, ജർമ്മനി എന്നീ രാഷ്ട്രങ്ങളുമായി നടത്തിയ ചർച്ചകളെ തുടർന്ന് അന്താരാഷ്ട്ര ഉപരോധം ഭാഗികമായി പിൻവലിക്കുന്നതിനു പകരമായി തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ ഭാഗികമായി സസ്പെൻഡ് ചെയ്യാനുള്ള ആറുമാസത്തെ കരാറിന് ഇറാൻ സമ്മതിച്ചിരുന്നു. ജൂലൈയിൽ ഈ കരാർ നാലുമാസത്തേക്ക് കൂടി നീട്ടി. നവംബർ 24 വരെ ഈ കരാറിന് സാധുത നിലനിൽക്കുകയാണ്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പത്തുവർഷം നീണ്ട സംഘർഷത്തിന് അയവുവരുത്താൻ ഇരുപക്ഷത്തേയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ചർച്ചകളും നടന്നുവരികയാണ്. എത്രമാത്രം യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാനെ അനുവദിക്കണം എന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷി മുക്കാൽ പങ്കുകണ്ട് കുറയ്ക്കണമെന്നാണ് വാഷിങ്ടൺ ആവശ്യപ്പെടുന്നത്. എന്നാൽ 2021 ഓടെ തങ്ങളുടെ ശേഷി പത്തുമടങ്ങാക്കി വർദ്ധിപ്പിക്കണമെന്നാണ് ഇറാന്റെ ഇച്ഛ. പ്രധാനമായും ബുഷേഹർ ആണവ ഊർജ്ജ പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.

എന്നാൽ ഇറാന്റെ പ്രഖ്യാപിത ശത്രുവായ ഇസ്രയേൽ, ടെഹ്റാനെ അതിന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഭാഗികമായി പോലും തുടരാൻ അനുവദിക്കുന്ന ഏത് കരാറിനെയും നഖശിഖാന്തം എതിർക്കുകയാണ്. ഇറാൻ ആണവബോംബ് നിർമ്മിക്കാൻ സമ്പുഷ്ട യുറേനിയം ഉപയോഗിക്കും എന്നാണ് ഇസ്രയേലിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP