Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈനുപിന്നാലെ കുവൈറ്റും അംബാസഡറെ തിരിച്ചുവിളിച്ചു; ഭൂഗർഭ അറയിലെ മിസൈൽ ആയുധങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഭീഷണി ഉയർത്തി ഇറാൻ; പശ്ചിമേഷ്യൻ സംഘർഷം പുതിയ രൂപത്തിൽ

ബഹ്‌റൈനുപിന്നാലെ കുവൈറ്റും അംബാസഡറെ തിരിച്ചുവിളിച്ചു; ഭൂഗർഭ അറയിലെ മിസൈൽ ആയുധങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഭീഷണി ഉയർത്തി ഇറാൻ; പശ്ചിമേഷ്യൻ സംഘർഷം പുതിയ രൂപത്തിൽ

ടെഹ്‌റാൻ: തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഷിയ പുരോഹിതനെ സൗദി അറേബ്യ വധിച്ചതിന്റെ പേരിൽ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷം പുതിയ ദിശയിലേക്ക്. ഇറാനുമായുള്ള നയതന്ത്ര ബന്ധം ബഹ്‌റൈൻ വിഛേദിച്ചതിന് പിന്നാലെ കുവൈറ്റ് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. എന്നാൽ, നയതന്ത്ര ബന്ധം പൂർണമായും വിഛേദിക്കാൻ കുവൈറ്റ് തയ്യാറായിട്ടില്ല.

അറബ് ലോകത്തെ സൗദിയുടെ അയൽരാജ്യങ്ങൾ ഇറാനെ തീർത്തും കൈവിടുകയാണ്. ഷിയ പുരോഹിതൻ നിമിർ അൽ നിമിറിനെ വധിച്ചതിന് പിന്നാലെ ടെഹ്‌റാനിലെ സൗദി എംബസ്സിക്കുനേരെ ആക്രമണമുണ്ടായതാണ് അറബ് ലോകത്തെ പ്രകോപിപ്പിച്ചത്. നേരത്തെ സൗദിയും സുഡാനും ഇറാനുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചിരുന്നു. കഴിഞ്ഞ ദിവസം ബഹ്‌റൈനും ഇതേ പാത പിന്തുടർന്നു. യു.എ.ഇ.യും ഈജിപ്തും കുവൈത്തും നയതന്ത്രതലത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

ഖാർത്തൂമിലെ ഇറാൻ എംബസ്സിയിലെ ഉദ്യോഗസ്ഥരോട് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിട്ടുപോകണമെന്നാണ് സുഡാൻ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. യു.എ.ഇ നയതന്ത്ര ബന്ധം പൂർണമായും വിഛേദിച്ചിട്ടില്ലെങ്കിലും അത് പേരിനുമാത്രമാക്കി കുറച്ചു. ഇറാനിലെ സംഭവങ്ങൾ അപലപനീയമാണെന്ന് പ്രഖ്യാപിച്ച ഈജിപ്ത് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇറാന് അവകാശമില്ലെന്നും സൂചിപ്പിച്ചു. ഇറാൻ-സൗദി തർക്കത്തിൽ ഈജിപ്്ത് സൗദിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സുന്നി രാജവംശം ഭരിക്കുന്ന സൗദിക്ക് ഇറാനോട് ദീർഘകാലമായുള്ള പക മറനീക്കി പുറത്തുവരുന്നതിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. സൗദി രാജാവ് സൽമാന്റെയും അദ്ദേഹത്തിന്റെ മകനും രാജകുമാരനുമായ മുഹമ്മദ് ബിൻ സൽമാന്റെയും കടുത്ത ഇറാൻ വിദ്വേഷമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണം. ഇറാനെ ഇനിയും സഹിച്ചുകൊണ്ട് മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ഇവർ ഈ സംഭവത്തിലൂടെ നൽകുന്ന സന്ദേശം.

ശനിയാഴ്ചയാണ് ഷെയ്ഖ് നിമിറിനെ ഉൾപ്പെടെ 46 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഈ വാർത്ത പുറത്തുവന്നതോടെ, ഷിയ വിശ്വാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. മുസ്ലിം രാജ്യങ്ങളിലെല്ലാം ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. ഇറാനിലെ ടെഹ്‌റാനിലുള്ള സൗദി എംബസ്സിക്കുനേരെയും മാഷാദിലുള്ള കോൺസുലേറ്റിന് നേരെയും ആക്രമണം നടന്നു. ഇറാഖിലെ സുന്നി പള്ളികളിൽ വ്യാപകമായ ആക്രമണമുണ്ടായി.

ഇതേത്തുടർന്ന് സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിഛേദിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ആദേൽ അൽ ജുബൈർ ഞായറാഴ്ച രാവിലെ പ്രഖ്യാപിച്ചു. ഇറാന്റെ നയതന്ത്ര പ്രതിനിധികളോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടു. ഇറാനിലേക്കുള്ള വിമാനസർവീസും സൗദി നിർത്തിവച്ചു.

അറബ് ലോകത്തുണ്ടായിട്ടുള്ള പുതിയ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിക്കാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നത്. നയതന്ത്ര ബന്ധം വിഛേദിച്ച നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ പ്രതിഷേധമറിയിച്ച ഇറാൻ, അക്രമങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ, സൗദിയുടെയും കൂട്ടാളികളുടെയും സമ്മർദത്തിന് മുന്നിൽ വഴങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്.

അറബ് ലോകത്തിനുള്ള മുന്നറിയിപ്പെന്നോണം ഇറാൻ പുതിയ ആയുധശേഖരത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ഭൂഗർഭ അറയിൽ സൂക്ഷിച്ചിട്ടുള്ള ആണവ മിസൈൽ ശേഖരത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ഷിയ പുരോഹിതനെ വധിച്ച കുറ്റത്തിൽനിന്ന് സൗദിക്ക് രക്ഷപ്പെടാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹാസൻ റുഹാനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഔദ്യോഗിക ടിവിയിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുടെ സംരക്ഷണയിലുള്ള ആണവ മിസൈൽ ശേഖരം മലനിരകൾക്ക് അടിയിലായാണ് സംരക്ഷിച്ചിരിക്കുന്നത്. ഈ ഡിപ്പോയുടെ ഉദ്ഘാടനം സ്പീക്കർ അലി ലാറിജാനി നിർവഹിച്ചു. മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് 2010-ലെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പ്രമേയത്തിന് വിരുദ്ധമാണെന്ന് അമേരിക്ക പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP