Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനീസ് പിന്തുണയുള്ള പ്രസിഡന്റിന്റെ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഇന്ത്യൻ ഇടപെടൽ പ്രതീക്ഷിച്ച് മാലദ്വീപിലെ ജനങ്ങളും പ്രതിപക്ഷവും; ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ചൈന രംഗത്ത്; മാലദ്വീപിലെ സംഘർഷം ഇന്തോ-ചൈനീസ് സംഘർഷത്തിന് വഴിമരുന്നിടുമോ?

ചൈനീസ് പിന്തുണയുള്ള പ്രസിഡന്റിന്റെ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഇന്ത്യൻ ഇടപെടൽ പ്രതീക്ഷിച്ച് മാലദ്വീപിലെ ജനങ്ങളും പ്രതിപക്ഷവും; ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ചൈന രംഗത്ത്; മാലദ്വീപിലെ സംഘർഷം ഇന്തോ-ചൈനീസ് സംഘർഷത്തിന് വഴിമരുന്നിടുമോ?

മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അബ്ദുള്ള യമീന്റെ നടപടിക്കെതിരേ ഇന്ത്യ ഇടപെടുമെന്ന പ്രതീക്ഷയിലാണ് അവിടുത്തെ ജനങ്ങളും പ്രതിപക്ഷവും. എന്നാൽ, അടുത്തിടെ യമീനുമായി ചങ്ങാത്തം സ്ഥാപിച്ച ചൈന ഇന്ത്യയുടെ ഇടപെടൽ അനുവദിക്കാനാവില്ലെന്ന് പ്ഖ്യാപിച്ചതോടെ, സംഘതി ഇന്തോ-ചൈനീസ് തർക്കത്തിന് വഴിതുറന്നു. ഇക്കാലമത്രയും മാലദ്വീപിലെ കാര്യങ്ങളിൽ ഇന്ത്യക്കുണ്ടായിരുന്ന നിയന്ത്രണത്തെയാണ് ഇതിലൂടെ ചൈന ചോദ്യം ചെയ്തിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മുൻപ്രസിഡന്റിനെയും ഉൾപ്പെടെ അറസ്റ്റ് ചെയ്താണ് യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിൽ കഴിയുന്ന മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദാണ് പ്രശ്‌നത്തിൽ ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ചത്. എന്നാൽ, ഇന്ത്യ ഇടപെടുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂവെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്ങിന്റെ അഭിപ്രായം. മാലദ്വീപിന്റെ പരമാധികാരത്തെ മാനിക്കുന്ന തരത്തിലുള്ള ഇടപെടലാവണം അവിടെ നടത്തേണ്ടതെന്നും ചൈന പറയുന്നു.

കടുത്ത ഇന്ത്യാ വിരുദ്ധനാണ് യമീൻ. ചൈനയ്ക്ക് മാലദ്വീപിൽ ഇടപെടാൻ അവസരമൊരുക്കിയയും യമീന്റെ ഇന്ത്യാവിരുദ്ധതയാണ്. ഈ സാഹചര്യത്തിലാണ് മാലദ്വീപിലെ ഇന്ത്യൻ ഇടപെടലിനെ ചൈന എതിർക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിവിശേഷം ചർച്ചയിലൂടെ പരിഹരിക്കാൻ മാലദ്വീപിലെ നേതൃത്വത്തിനാകുമെന്ന് ഗെങ് ഷുവാങ് പറഞ്ഞു. എന്നാൽ, പ്രശ്‌ന പരിഹാരത്തിനായി സർവകക്ഷി ചർച്ച നടത്താൻ യമീനോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ഷുവാങ് മറുപടി നൽകിയതുമില്ല.

ഇക്കഴിഞ്ഞ ഡിസംബറിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടതോടെ, ചൈന മാലദ്വീപിൽ പല പദ്ധതികളും പ്രഖ്യാപിച്ചു. മാലദ്വീപുമായി സൗഹാർദപരമായ സഹകരണമാണ് ചൈനയ്ക്കുള്ളതെന്നാണ് ഷുവാങ്ങിന്റെ വിലയിരുത്തൽ. എന്നാൽ, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടരുതെന്ന തത്വമാണ് ഇക്കാര്യത്തിൽ ചൈനയ്ക്കുള്ളതെന്നും മാലദ്വീപിനോട് മറ്റൊരു തരത്തിലുള്ള സമീപനവും ഇല്ലെന്നും ഗെങ് ഷുവാങ് പറയുന്നു.

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യ മുൻകാലത്ത് ഇടപെട്ടിട്ടുണ്ട്. ആ ചരിത്രത്തിന്റെ പിൻബലത്തിലാണ് ഇക്കുറിയും ഇന്ത്യ സൈനികമായി ഇടപെടണമെന്ന് മുഹമ്മദ് നഷീദ് ആവശ്യപ്പെടുന്നത്. 1988-ൽ അന്നത്തെ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഗയൂമിനെ അട്ടിമറിക്കാൻ ശ്രമമുണ്ടായപ്പോഴാണ് മുമ്പ് ഇന്ത്യ ഇടപെട്ടത്. ശ്രീലങ്കൻ തമിഴ് തീവ്രവാദികളാണ് മാലദ്വീപിലെ വ്യവസായി അബ്ദുള്ള ലുതൂഹിക്കുവേണ്ടി അന്ന് അട്ടിമറി ശ്രമം നടത്തിയത്.

മുൻ പ്രസിഡന്റ് മുഹമ്മദ് നഷീമടക്കമുള്ള രാഷ്ട്രീയത്തടവുകാരുടെ ശിക്ഷ റദ്ദാക്കാനുള്‌ല സുപ്രീം കോടതിയുടെ വിധിയാണ് ഇപ്പോൾ പ്രസിഡന്റ് യമീനെ കുപിതനാക്കിയതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതും. സുപ്രീം കോടതിയിലെ ചീഫ്ജസ്റ്റിസും ജഡ്ജിയും രജിസ്ട്രാറും അറസ്റ്റിലായതോടെ, വിധിപറഞ്ഞ മറ്റു ജഡ്ജിമാർ ഉത്തരവ് പിൻവലിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറസ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും യമീൻ വഴങ്ങിയിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP