Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഡേവിഡ് കാമറോണിന്റെ രണ്ടാം വിജയം മോദിക്ക് പിടിച്ചില്ലേ? ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിലും കളിയാക്കലോ? ഇൻഡോ-യുകെ ബന്ധത്തിന്റെ ഭാവി എന്ത്?

ഡേവിഡ് കാമറോണിന്റെ രണ്ടാം വിജയം മോദിക്ക് പിടിച്ചില്ലേ? ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിലും കളിയാക്കലോ? ഇൻഡോ-യുകെ ബന്ധത്തിന്റെ ഭാവി എന്ത്?

ലണ്ടൻ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ രണ്ടാം വിജയം ഇന്ത്യയെ അത്ര സന്തോഷിപ്പിക്കുന്നില്ല. ലേബർ പാർട്ടിയിലൂടെ എഡ് മിലിബാൻഡിന്റെ വിജയം ആഗ്രഹിച്ചിരുന്ന ഇന്ത്യക്ക് കാമറോണിനെ വിജയാശംസകൾ നേർന്നപ്പോഴും ഈ അനിഷ്ടം പ്രകടമായി എന്നതിന് മോദിയുടെ വാക്കുകൾ തന്നെ തെളിവ്. അൽപ്പം കളിയായും കാര്യമായും മോദി നൽകിയ ട്വീറ്റിനു തിരക്കിട്ട് പ്രതികരിക്കാൻ കാമറോൺ തയ്യാറായില്ല എന്നതും ശ്രദ്ധേയമായി. കാമറോണിന്റെ വിജയ വാർത്ത പുറത്തു വന്നു തൊട്ടു പിന്നാലെ മോദി പ്രതികരിക്കാൻ തയ്യാറായില്ല എന്നതും പ്രത്യേകതയായി. അതെ സമയം കഴിഞ്ഞ വർഷം മോദി വിജയിച്ചപ്പോൾ ആദ്യം എത്തിയ ലോക നേതാക്കളുടെ വിജയ ആശംസകളിൽ ഒന്ന് കാമറോണിന്റേത് ആയിരുന്നു. എന്നാൽ ആശംസകൾ നേർന്നപ്പോഴാകട്ടെ ഒറ്റ വായനയിൽ കാമറോണിന് അർത്ഥം പിടികിട്ടാതിരിക്കാനുള്ള കൗശലം കാട്ടാനും മോദി മിടുക്ക് കാട്ടി.

ഒരിക്കൽ കൂടി എന്നർത്ഥം ഉള്ള ''ഫിർ ഏക് ബാർ'' എന്നർത്ഥമുള്ള വാക്ക് ചേർത്താണ് മോദി ട്വീറ്റ് നൽകിയത്. ഇത് മനസ്സിലാക്കാൻ തീർച്ചയായും കാമറോൺ ഏതെങ്കിലും ഇന്ത്യൻ പങ്കാളിയുടെ സഹായം തേടിയിരിക്കും എന്നുറപ്പാണ്. അതേ സമയം ബ്രിട്ടണിലെ ഇന്ത്യക്കാരെ സന്തോഷിപ്പിക്കാൻ ആണ് മോദി ഈ തന്ത്രം പ്രയോഗിച്ചതെന്നും വിശദീകരണമുണ്ട്. ട്വീറ്റിൽ കാമറോൺ സർക്കാർ എന്ന വാക്ക് കൂടി ചേർത്തതോടെ വ്യക്തിപരമായ ആശംസയേക്കാൾ ഔദ്യോഗികമായ ഒന്നിനാണ് മോദി ശ്രമിച്ചതെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, ന്യൂസിലാന്റ്, ഇസ്രയേൽ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ തുടങ്ങി അനവധി ലോക നേതാക്കൾ വിശദമായ ആശംസകളുമായാണ് കാമറോണിനെ പ്രശംസിക്കാൻ രംഗത്ത് എത്തിയത്. സാഹചര്യം ഇതായിരിക്കെ നയ വിദഗ്ദ്ധർ ഒറ്റ ചോദ്യത്തിൽ വട്ടം കറങ്ങുകയാണ്, ഇന്ത്യയും ബ്രിട്ടനും അടുക്കുമോ അതോ അകലുമോ?

ഇരു രാജ്യങ്ങൾക്കുമിടയിൽ ഈ ചോദ്യത്തിനു പ്രസക്തി ഏറെയാണ്. കാരണം ഇരു നേതാക്കൾക്കും ഒരു ടേം മുഴുവൻ അധികാര കാലാവധി ബാക്കിയാണ്. മുൻ കാര്യങ്ങൾ പാടേ മറന്നു പുതിയ തുടക്കത്തിനും സമയം ഏറെയാണ്. ഇതിന് പക്ഷെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് കൂടുതൽ ശ്രമം വേണ്ടി വന്നേക്കും. കാരണം കഴിഞ്ഞ ഭരണകാലത്ത് കാമറോൺ വ്യക്തിപരമായി താൽപ്പര്യം എടുത്തു രൂപം നൽകിയ ഇന്ത്യ നയം ഏറെക്കുറെ പാളിപ്പോയിരുന്നു. ജംമ്പോ സംഘവും ആയി കഴിഞ്ഞ തവണ അധികാരം ഏറ്റ ഉടനെയും വീണ്ടും രണ്ടു തവണ കൂടി പ്രത്യേക ഇന്ത്യ മിഷനും ആയി എത്തിയിട്ടും കാമറോണിനും നയം രൂപപ്പെടുത്തുന്നതിൽ ഒന്നും ചെയ്യാനായില്ല. ഈ നിരാശ അദ്ദേഹം പിന്നീട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ ഇത്തവണ അൽപ്പം കൂടി ശ്രദ്ധിച്ചായിരിക്കും കാമറോണിന്റെ നീക്കം. ഇന്ത്യൻ തലവനെ ഇതിനകം പലവട്ടം ബ്രിട്ടണിൽ എത്താൻ ക്ഷണിച്ചിട്ടുള്ളതിനാൽ അനുകൂല മറുപടിക്കായി കാക്കുകയാകും കാമറോൺ എന്ന് ഉറപ്പാണ്. ഇയ്യിടെ മോദി ഫ്രാൻസും ജർമ്മനിയും കാനഡയും സന്ദർശിച്ചപ്പോൾ ബ്രിട്ടൺ ഒഴിവാക്കിയത് കാലാവധി തീരുന്ന സർക്കരാുമായി ചർച്ച നടത്തിയിട്ട് പ്രയോജനം ഇല്ലെന്ന മുൻ വിധിയോടെ ആയിരുന്നു. കാമറോണിന്റെ രണ്ടാം വരവ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഫ്രാൻസ്, ജർമ്മൻ, കാനഡ സന്ദർശശനങ്ങളുടെ പ്രസക്തി എഴുതിയ കുറിപ്പുകൾ പ്രത്യേകമായി തന്നെ ഇന്നലെയും മോദിയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്ത്യക്ക് താൽപ്പര്യം ഇല്ലെങ്കിൽ ഇനി അങ്ങോട്ട് മുൻകൈ എടുക്കണ്ട എന്ന തീരുമാനം ആകും കാമറോൺ സ്വീകരിക്കുക. എന്നാൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രസക്തി കൂടുതൽ വർദ്ധിക്കുന്നതിനാൽ പാടേ ഒഴിവാക്കാനും അദ്ദേഹം തയ്യാറാകില്ല. അതിനാൽ ചെറിയൊരു നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ അതിൽ കൂടി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ആയിരിക്കും പുതിയ കാമറോൺ സർക്കാർ ഏറ്റെടുക്കുക. വീണ്ടും കാമറോൺ അധികാരത്തിൽ എത്തിയ നിലയ്ക്ക് കണ്ണും പൂട്ടി എഴുതി തള്ളാൻ ഇന്ത്യയും തയ്യാറായേക്കില്ല. ഏറ്റവും ഒടുവിൽ മോദിയും കാമറോണും കണ്ടുമുട്ടിയത് ഓസ്‌ട്രേലിയായിൽ വച്ച് ജി 20 ഉച്ച കോടിയിൽ ആണ്. ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം മെച്ചപ്പെടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് അന്ന് ഇരു നേതാക്കളും പിരിഞ്ഞത്. എന്നാൽ തുടർന്ന് തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് നീങ്ങിയ കാമറോൺ പ്രത്യേകമായി ഇന്ത്യ വിഷയത്തിൽ ശ്രദ്ധ നൽകിയിരുന്നില്ല. ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉള്ള ഏക വഴി മോദിയുടെ ലണ്ടൻ സന്ദർശനം ആയിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കാൻ സന്ദർശനം പ്രത്യക ശ്രദ്ധ നേടിയതിനാൽ അത്തരം ഒരു സ്വീകരണം ഉറപ്പു വരുത്തിയെ മോദി തീരുമാനം എടുക്കാൻ സാധ്യത ഉള്ളൂ എന്നതിനാൽ ഈ വരവ് ഉടനെ ഉണ്ടാകില്ല എന്നാണ് സൂചന.

കാമറോന്റെ രണ്ടാം വരവിനേക്കാൾ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ട എഡ് മിലിബാൻഡിന്റെ സ്ഥിതി വിലയിരുത്താൻ ആണ് ഇന്ത്യൻ മാദ്ധ്യമങ്ങൾ ശ്രദ്ധ നൽകിയത് എന്നത് മറ്റൊരു കൗതുകമായി. മോദിയെ തടയുന്നതിൽ പരാജയമായ സോണിയ ഗാന്ധിയുടെ സ്ഥിതിയാണ് ബ്രിട്ടണിൽ എഡ് ബ്രിട്ടമിൽ നേരിടുന്നത് എന്നതാണ് മാദ്ധ്യമ വിലയിരുത്തൽ. റിസൽറ്റ് വന്ന ഉടൻ രാജി സമർപ്പിച്ച എഡ് മിലിബാൻഡിന്റെ രാഷ്ട്രീയ വന വാസവും മാദ്ധ്യമങ്ങൾ പ്രവചിക്കുന്നു. മോദി ഇന്ത്യയിൽ നേടിയതിന് സമാനമായ വ്യക്തിപ്രഭാവ വോട്ടുകൾ ആണ് കാമറോണിനെയും തുണച്ചതെന്നു നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. മോദി ഇന്ത്യയിൽ ജയിക്കും എന്നത് ഉറപ്പായിരുന്നെകിലും കാമറോണിന്റെ കാര്യത്തിൽ വ്യക്തത ഉണ്ടാതാതിരുന്നതും ഒടുവിൽ നേരിയ ഭൂരിപക്ഷത്തിനു ജയിച്ചതും സാഹചര്യങ്ങളിലെ സമാനതകളായി കണക്കാക്കപ്പെടുന്നു. കാമറോണിന്റെ വ്യക്തിഗത നേട്ടങ്ങൾ തടയുന്നതിൽ ലേബർ പാർട്ടി പരാജയമായി എന്നാണ് വിലയിരുത്തൽ. ഇത് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലും സംഭവിച്ചു. കോൺഗ്രസ്സ് സർക്കാരിന്റെ അഴിമതി വാർത്തകളേക്കാൾ നിറഞ്ഞു നിന്നത് മോദിയുടെ നേതാവ് എന്ന നിലയില ഉള്ള ഉയർച്ചയും ആ വരവ് തടയുന്നതിൽ കോൺഗ്രസ്സ് പാർട്ടിയുടെ പരാജയം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ആയിരുന്നു. ഇത് തന്നെ ബ്രിട്ടണിലും സംഭവിച്ചു. പ്രത്യേകിച്ചും ലേബറിന്റെ തട്ടകമായ സ്‌കോട്ട്‌ലന്റിൽ പാർട്ടിയുടെ തകർച്ച തടയുന്നതിൽ എഡ് മിലിബാൻഡ് തികഞ്ഞ പരാജയമായി. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഇതിനു സമാനമായി ഇന്ത്യയിലും കോൺഗ്രസ്സ് തട്ടകങ്ങൾ പാർട്ടിയെ കൈവിട്ടിരുന്നു.

പ്രധാനമന്ത്രി എന്ന നിലയിൽ കാമറോണിന്റെ നയങ്ങൾക്കുള്ള അംഗീകാരം എന്നതിനേക്കാൾ പാർട്ടി എന്ന നിലയിൽ കൺസർവേറ്റീവിനെ തടയുന്നതിൽ ലേബർ പരാജയപ്പെടുന്നതാണ് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, കുടിയേറ്റ സമൂഹത്തിൽ ഉൾപ്പെടെ നുഴഞ്ഞു കയറ്റം നടത്തിയ കാമറോണിന്റെ നീക്കം ഫലപ്രദമായി തടയാനും ലേബറിന് കഴിഞ്ഞില്ല. ഇന്ത്യൻ കുടിയേറ്റക്കാർക്കും മറ്റും വലിയ പ്രാധാന്യമാണ് കാമറോൺ നൽകിയത്. ഇത്തവണ നിരവധി പേർക്ക് സീറ്റ് നൽകാൻ കൺസർവേറ്റീവുകൾ ശ്രമിച്ചത് പോലും ലേബറിന്റെ ശ്രദ്ധയിൽ എത്തിയില്ല എന്നതും ഈ പരാജയത്തിൽ ഒരു ഘടകമാണ്. മാത്രമല്ല, നേതാവ് എന്ന നിലയിൽ എഡ് ടെലിവിഷൻ അടക്കം മാദ്ധ്യമങ്ങളിൽ നിറയുന്നതിലും തികഞ്ഞ പരാജയമായി. ബുദ്ധിപരമായി കാമറോണിനെക്കൾ ഔന്നത്യം പ്രകടിപ്പിക്കുന്ന എഡ് മിലിബാൻഡിന് അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമായി. ഇന്ത്യൻ രാഷഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് പറ്റിയ അതേ അബദ്ധം മിലിബാൻഡിനും സംഭവിച്ചു. ഏറെ വൈകി തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടി, ജനവിശ്വാസം ആർജ്ജിക്കുന്നതിൽ പരാജയമായി. കാട്ടിക്കൂട്ടൽ എന്നതിനേക്കാൾ ആത്മാർത്ഥ വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ ഇരു നേതാക്കൾക്കും ഒരേ പോലെ വീഴ്ച സംഭവിച്ചു. ഏതായാലും ഇപ്പോഴും രാഹുലിൽ വട്ടം കറങ്ങുന്ന കോൺഗ്രസ്സിൽ നിന്നും വ്യത്യസ്തമായ നിലയിൽ ലേബർ മുന്നോട്ടു പോകും എന്നാണ് സ്ഥിതി ഗതികൾ തെളിയിക്കുന്നത്.

അതിനിടെ അടുത്ത നേതാവ് ആരെന്നതിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്ന ലേബറിന് ഇന്ത്യയിലെ കോൺഗ്രസ്സിന്റെ ഗതിയാകും കാത്തിരിക്കുന്നത് എന്ന് വിലയിരുത്തലുകൾ ലഭ്യമാണ്. അടിമുടി പാർട്ടിയെ കെട്ടിപ്പടുക്കേണ്ട ചുമതല ആര് ഏറ്റെടുക്കും എന്നതാണ് പ്രധാന ചോദ്യം. ഊർജ്ജ്വസ്വലനായ ഒരു നേതാവാണ് ഈ ഘട്ടത്തിൽ ലേബറിന് ആവശ്യം എന്ന് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയുണ്ട്. പക്ഷെ അതാര്? ഈ ചോദ്യത്തിൽ തട്ടി തടയുകയാണ് സകല ചർച്ചയും. മുൻ ആരോഗ്യ സെക്രട്ടറി ആണ്ടി ബർഹാം, പുതുമുഖ നേതാവ് ചുക ഉമ്‌ന, എന്നിവരൊക്കെ ചർച്ചകളിൽ നിറയുന്നുണ്ടെങ്കിലും ഒരു പേരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലേബറിന് കഴിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP