Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുർജ് ഖലീഫ ത്രിവർണ്ണം ആകാത്തതിൽ ആഹ്ലാദിച്ചവർ അറിയുക; ലണ്ടൻ ഐയും വെംബ്ലി സ്റ്റേഡിയവും ത്രിവർണ്ണമായി; പ്രതിഷേധങ്ങൾ അനുവദിച്ചപ്പോഴും മോദിക്ക് ബ്രിട്ടന്റെ ചുവപ്പു പരവതാനി; പാർലമെന്റിലെ പ്രസംഗം ചരിത്രമായി

ബുർജ് ഖലീഫ ത്രിവർണ്ണം ആകാത്തതിൽ ആഹ്ലാദിച്ചവർ അറിയുക; ലണ്ടൻ ഐയും വെംബ്ലി സ്റ്റേഡിയവും ത്രിവർണ്ണമായി; പ്രതിഷേധങ്ങൾ അനുവദിച്ചപ്പോഴും മോദിക്ക് ബ്രിട്ടന്റെ ചുവപ്പു പരവതാനി; പാർലമെന്റിലെ പ്രസംഗം ചരിത്രമായി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി ബ്രിട്ടൻ സന്ദർശിക്കുന്ന നരേന്ദ്ര മോദിക്ക് ചുവപ്പു പരവതാനി വിരിച്ച് സ്വീകരണം നൽകി കാമറോണും കൂട്ടരും. ഏഷ്യയിലെ കരുത്തരായ രാഷ്ട്രത്തിന്റെ തലവന് വേണ്ടി അദ്ദേഹം അർഹിച്ച സ്വീകരണം തന്നെയാണ് ലണ്ടനിൽ ഒരുക്കിയത്. പ്രതിഷേധങ്ങൾക്ക് നടുവിലേക്കാണ് മോദി വന്നിറങ്ങിയതെങ്കിലും ഇന്ത്യൻ സമൂഹത്തിന് ആവേശമായി അദ്ദേഹം. മുൻപ് യുഎഇ സന്ദർശനത്തിനിടെ ബുർജ് ഖലീഫ ത്രിവർണ്ണമാക്കുമെന്ന പ്രചരണം ഉണ്ടായെങ്കിലും അതുണ്ടായില്ല. എന്തായാലും അതിന്റെ ക്ഷീണം തീർക്കുന്നതാണ് ലണ്ടൻ ഐയും വെബ്ലി സ്റ്റേഡിയവും. ഇവിടങ്ങളിൽ ത്രിവർണ്ണം മയമാണ് ഇതിനോടകം ദൃശ്യമായത്.

ലോകത്തിന്റെ ഒട്ടു മിക്ക പ്രധാന രാജ്യങ്ങളിലും സന്ദർശനം പൂർത്തിയാക്കിയ മോദി ഇന്നലെ ഉച്ചയോടെയാണ് ലണ്ടനിൽ വിമാനം ഇറങ്ങിയത്. വിമാനമിറങ്ങിയ ഉടൻ അദേഹത്തിന്റെ വരവിൽ പ്രതിഷേധിക്കാൻ എത്തിയവരും സജീവമായി. മോദിയോട് നോട്ട് വെൽക്കം യു കെ എന്നെഴുതിയ പ്ലക്കാർഡുകളും ബാനറുകളും സഹിതം നൂറു കണക്കിന് പേരടങ്ങുന്ന ചെറുഗ്രൂപ്പുകൾ പാർലമെന്റ്, നമ്പർ 10 എന്നിവിടങ്ങളിൽ മുദ്രാവാക്യം മുഴക്കിയെങ്കിലും കുതിരപ്പട അടക്കം സേന വിഭാഗം സുസ്സജ്ജമായ നഗരനിരത്തിൽ ക്രമസമാധാനം ഒരു വിധത്തിലും തടസ്സപ്പെട്ടില്ല. അനേകം ബാരിക്കേഡുകൾ നിരത്തി പൊലീസും സ്‌കോട്ട് ലാൻഡ് യാർഡും പ്രധാന ഇടങ്ങളിൽ പഴുതില്ലാത്ത സുരക്ഷ മുൻകൂട്ടി ഉറപ്പിച്ചിരുന്നു.

അതെ സമയം മോദി അനുയായികളും അടങ്ങാത്ത ദേശഭക്തി മനസ്സിൽ സൂക്ഷിക്കുന്നവരും ആയ 2000 ലേറെ പേരുടെ സംഘം ചെണ്ട കൊട്ടിയും ബലൂണുകൾ പറത്തിയും ഇന്ത്യൻ സംസ്‌ക്കാരത്തിന്റെ ചിഹ്നങ്ങൾ കോറിയിട്ട വമ്പൻ ഷാളുകൾ വീശിയും ഒക്കെ ലണ്ടൻ നഗരത്തെ ഇന്ത്യൻ കാഴ്ചകളിൽ മോഹിപ്പിച്ചു കൊണ്ടിരുന്നു. ഇന്ന് വെംബ്ലി നഗരം പരിപൂർണമായും ഇന്ത്യൻ വംശജർ കീഴടക്കും എന്നുറപ്പായിരിക്കെ പത്തു വർഷത്തിന് ശേഷം കൂടി ബ്രിട്ടനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ രാജകീയ സ്വീകരണം ഒരുക്കുകയാണ് 15 ലക്ഷം ബ്രിട്ടീഷ് ഇന്ത്യക്കാരുടെ പ്രതിനിധികൾ.

എന്നാൽ, മോദി ഭരണത്തിൽ വളരുന്ന വർഗീയ അസഹിഷ്ണുത രാജ്യാന്തര തലത്തിൽ ഉയർത്തിക്കാട്ടാൻ ഏറ്റവും പറ്റിയ അവസരം എന്ന നിലയിൽ നയപരമായി വിയോജിക്കുന്നവരും മോദി പോകുന്നിടത്തെല്ലാം പ്രതിഷേധവും ആയി പിന്നാലെയുണ്ട്. ഇന്ത്യ സംസാരിക്കാൻ ഭയപ്പെടേണ്ട രാജ്യമായി മോദിയുടെ ഭരണത്തിൽ മാറി എന്ന് കാട്ടി ഇയാൻ മകീവൻ, സൽമാൻ റുഷ്ദി എന്നിവരും പെൻ ഇന്റർനാഷണലും അടക്കം 200 ലോകോത്തര സാഹിത്യകാരന്മാർ എഴുതിയ കത്ത് പ്രധാനമന്ത്രി ഡേവിഡ് കമറോണിന് കൈമാറിയാണ് പ്രതിഷേധത്തിനു തുടക്കമിട്ടത് തന്നെ. മോദിയോടു ഇന്ത്യയെ ഭയവിമുക്തം ആക്കണം എന്ന് കാമറോൺ ആവശ്യപ്പെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ഇത്തരം സ്‌ഫോടകാത്മകമായ കാര്യങ്ങൾ സംസാരിച്ചു മെച്ചപ്പെടുന്ന ഇന്ത്യ ബ്രിട്ടീഷ് നയതന്ത്രം വീണ്ടും പ്രതിസന്ധിയിലാക്കാൻ കാമറോൺ ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ് ഇരു നേതാക്കളും ഒന്നിച്ചു നടത്തിയ പത്രസമ്മേളനം മുതലുള്ള കാര്യപരിപാടികൾ തെളിയിക്കുന്നത്. വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലും ഉപരി ഇരു രാജ്യങ്ങളിലെയും കമ്പനികൾ മാത്രമായി 9 ബില്യൻ പൗണ്ടിന്റെ വ്യാപാര വാണിജ്യ ബന്ധം നിലവിലുള്ളതുകൊണ്ട് തന്നെ കൂടുതൽ ഫലപ്രദമായ രീതിയിൽ സഹകരണം എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇരു നേതാക്കളും ലക്ഷ്യമിടുന്നത്.

ഇന്നലെ ലണ്ടനിൽ എത്തിയ പാടെ മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഉന്നതതല കൂടിക്കാഴ്‌ച്ചക്കാണ് സമയം ചെലവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനു ഊന്നൽ നല്കിയ നേതാക്കൾ തുടർന്ന് ഒന്നിച്ചു മാദ്ധ്യമ പ്രതിനിധികളെ കാണുന്നതിനും സമയം കണ്ടെത്തി. വളരെ ശ്രദ്ധാപൂർവ്വം വാക്കുകൾ ഉപയോഗിക്കുന്നതിൽ ഇരു നേതാക്കളും പത്ര സമ്മേളനത്തിൽ ശ്രദ്ധിച്ചു എന്നത് കൗതുകമായി. ചോദ്യോത്തരങ്ങൾ ഒഴിവാക്കി പറയാനുള്ളത് പെട്ടെന്ന് പറഞ്ഞു തീർക്കുന്ന രീതിയിലാണ് ഇരു നേതാക്കളും മാദ്ധ്യമ പ്രതിനിധികളെ അഭിമുഖീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഊഷ്മള ബന്ധം മാദ്ധ്യമങ്ങളെ ഓർമ്മപ്പെടുത്തുന്നതല്ലാതെ നയപരമായ പ്രഖ്യപനങ്ങളോ തലക്കെട്ട് സൃഷ്ട്ടിക്കുന്ന വാചക കസർത്തോ ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി. അതേ സമയം പത്രസമ്മേളനം ലൈവ് ടെലികാസ്റ്റ് ചെയ്യവെ ബി ബി സിക്കും സ്‌കൈ ന്യൂസിനും പലവട്ടം സാങ്കേതിക തകരാർ മൂലം സംപ്രേഷണം പൂർത്തിയാക്കാനായില്ല. ഈ സമയമത്രയും ഇൻഡോ ബ്രിട്ടീഷ് ബന്ധങ്ങളിൽ കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഉലച്ചിലുകളും ഉയർച്ചകളും സംബന്ധിച്ച ചർച്ചകൾ കൊണ്ട് അവതാരകർ സജീവമാക്കി. റോയൽ സെന്റെർ സർവീസ് ഇസ്റ്റിറ്റിയൂട്ടിലെ ഗവേഷകൻ ശശാങ്ക് ജോഷി ഫുൾടൈം ബിബിസിക്ക് വേണ്ടി ഇന്ത്യ ബ്രിട്ടീഷ് നയതന്ത്രം ഇഴകീറി പരിശോധിക്കുക ആയിരുന്നു.

കഴിഞ്ഞ പത്തു വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ''ബോധപൂർവമുള്ള'' ഒഴിവാക്കൽ അടക്കം ബ്രിടന്റെ പാക് അനുകൂല നിലപാട് വരെ ചാനലുകൾ ചർച്ചാ വിഷയമാക്കി. ബ്രിട്ടനേക്കാളും ഇന്ത്യക്ക് പഥ്യം അമേരിക്കയും ചൈനയും ആയതിനാൽ ഇടക്കാലത്ത് ഉണ്ടായ ഇടർച്ച മോദിയുടെ സന്ദർശനം വഴി ഒരു പരിധി വരെ മറികടക്കാൻ സാധിക്കും എന്ന വിലയിരുത്തലും ചർച്ചയിൽ ഉണ്ടായി. യു എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് സാങ്കേതികമായും രാഷ്ട്രീയമായും സ്ഥിരം അംഗത്വയോഗ്യത ഉണ്ടെങ്കിലും ലിബിയ, സിറിയ തുടങ്ങിയ വിവാദ വിഷയങ്ങൾ വരുമ്പോൾ ഇന്ത്യ മുഖം തിരിക്കും എന്ന ഭയമാണ് ഇക്കാലമയിട്ടും ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകാത്തത് എന്നും ശശാങ്ക് നിരീക്ഷിച്ചു. യുഎൻ അംഗത്വം സംബന്ധിച്ച് പലവട്ടം ബ്രിട്ടൻ ഇന്ത്യ അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.

പത്രസമ്മേളനം സമാപിച്ച ശേഷം പുതു ചരിത്രം സൃഷ്ടിച്ചു മോദി ബ്രിട്ടീഷ് പാർലമെന്റിനെയും അഭിസംബോധന ചെയ്തു. ഈ ചരിത്ര മുഹൂർത്തം ഓർമ്മയിൽ സൂക്ഷിക്കുന്നതിന് റെഡ് ആരോ സേന 9 യുദ്ധ വിമാനങ്ങളിൽ പാർലിമെന്റിനു മുകളിലൂടെ പറന്നു ഇന്ത്യൻ പതാകയുടെ ത്രിവർണ്ണം വാരി വിതറിയത് കോടിക്കണക്കായ ഇന്ത്യൻ ജനതയ്ക്ക് ബ്രിട്ടൻ നല്കുന്ന ആദരത്തിനു കൂടി തെളിവായി മാറി.

ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു ബ്രിട്ടൻ ഉറച്ച പിന്തുണ നൽകുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ അറിയിച്ചതാണ് ആദ്യ ദിനത്തിലെ പ്രത്യേകത. ബ്രിട്ടനുമായി ആണവക്കരാർ ഒപ്പുവയ്ക്കാനും ഇന്ത്യ യുകെ കമ്പനികൾ 900 കോടി പൗണ്ട് വ്യാവസായിക നിക്ഷേപം നടത്താനും പ്രധാനമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്‌ച്ചയിൽ ധാരണയായിട്ടുണ്ട്.

രാജ്യത്തിന്റെ ഏതു കോണിൽ നടക്കുന്ന അക്രമവും ഗൗരവമേറിയതാണ്. പൗരന്മാർക്കെതിരെ അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്നും സംയുക്ത പത്രസമ്മേളനത്തിനിടെ അസഹിഷ്ണുത സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി മോദി പറഞ്ഞു. ഇന്ത്യയുടേതു ഭരണഘടനാധിഷ്ഠിതമായ ശക്തമായ ജനാധിപത്യമാണെന്നും വാർത്താസമ്മേളനത്തിൽ മോദി പറഞ്ഞു. പൗരന്മാരുടെ സുരക്ഷയും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. ഇന്ത്യയുടെ ജനങ്ങൾ നൽകിയ വലിയ തിരഞ്ഞെടുപ്പു വിജയവുമായി ബ്രിട്ടനിലെത്തിയ മോദിയെ താൻ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ഡേവിഡ് കാമറോണിന്റെ വാക്കുകൾ.

ദക്ഷിണേഷ്യയിലും യുകെയിലും മതവിദ്വേഷം നിരീക്ഷിക്കുന്ന ദി ആവാസ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച 'മോദി നോട്ട് വെൽക്കം' (മോദിക്കു സ്വാഗതമില്ല) പ്രചാരണവും ഒരു വശത്തു നടന്നു. യുകെ പാർലമെന്റ് ആസ്ഥാനമായ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിനു മുന്നിൽ പ്രതിഷേധക്കാർ കൂറ്റൻ സ്വസ്തികയും ഉയർത്തിയിരുന്നു. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റിനുള്ളിൽ ഊഷ്മളമായ സ്വീകരണമായിരുന്നു മോദിക്ക് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP