Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ്രയേലിന് സ്വന്തം മണ്ണിൽ അവകാശം സ്ഥാപിക്കാൻ അധികാരമുണ്ടെന്ന് പറഞ്ഞ് സൗദി കിരീടാവകാശി; ഇറാനും ഹിറ്റ്‌ലർക്ക് സമാനനായ ആയത്തൊള്ള ഖമേനിയും ലോകത്തിന് ഭീഷണി; അറബ് രാഷ്ട്രങ്ങളുടെ പൊതുനിലപാട് തിരുത്തി എംബിഎസ്

ഇസ്രയേലിന് സ്വന്തം മണ്ണിൽ അവകാശം സ്ഥാപിക്കാൻ അധികാരമുണ്ടെന്ന് പറഞ്ഞ് സൗദി കിരീടാവകാശി; ഇറാനും ഹിറ്റ്‌ലർക്ക് സമാനനായ ആയത്തൊള്ള ഖമേനിയും ലോകത്തിന് ഭീഷണി; അറബ് രാഷ്ട്രങ്ങളുടെ പൊതുനിലപാട് തിരുത്തി എംബിഎസ്

മറുനാടൻ ഡെസ്‌ക്ക്

റിയാദ്: സൗദി അറേബ്യ പിന്തുടർന്നുവന്നിരുന്ന കടുത്ത നിലപാടുകൾ പലതും തിരുത്തിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറബ് ലോകത്തും കാര്യമായ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ്. അറബ് ലോകത്തിന്റെ അന്താരാഷ്ട്ര കാഴ്ചപ്പാടുകളെയാണ് ഇക്കുറി എംബിഎസ് തിരുത്തുന്നത്. സൗദി ഇന്നോളം അംഗീകരിച്ചിട്ടില്ലാത്ത ഇസ്രയേലിന് അവരുടെ മാതൃരാജ്യത്തിന് അവകാശമുണ്ടെന്ന ശ്രദ്ധേയമായ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവെച്ചത് ഈ നയംമാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

അമേരിക്ക സന്ദർശിക്കുന്ന എംബിഎസ്, അറ്റ്‌ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇസ്രയേലിനെ അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇതുവരെ സൗദി ഫലസ്തീനെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. ഇസ്രയാൽ-ഫലസ്തീൻ തർക്കത്തിൽ സൗദിയുടെ ഈ നിലപാട് മാറ്റത്തിന് ഏറെ പ്രധാന്യവുമുണ്ട്. ഫലത്തിൽ ഇസ്രയേൽ എന്ന രാജ്യത്തെ അംഗീകരിക്കുന്നതാണ് മുഹമ്മദ് ബി്ൻ സൽമാന്റെ നിലപാടെന്ന് വിലയിരുത്തപ്പെടുന്നു.

മാതൃരാജ്യം യഹൂദരുടെയും അവകാശമല്ലേ എന്ന ചോദ്യത്തിനുത്തരമായാണ് എംബിഎസ് നിലപാട് വ്യക്തമാക്കിയത്. ഏതൊരു ജനതയ്ക്കും മാതൃരാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ അവകാശമുണ്ട്. ഇസ്രയേലുകാർക്കും ഫലസ്തീൻകാർക്കും ഇത് ബാധകമാണ് എന്നായിരുന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മറുപടി. മുസ്ലീങ്ങളുടെ പുണ്യഭൂമിയായ ജറുസലേമിലെ അഖ്‌സ പള്ളി സംരക്ഷിക്കപ്പെടുമെങ്കിൽ, ഇസ്രയേലും ഫലസ്തീനും ഒരുമിച്ചുകഴിയുന്നതിൽ സൗദിക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യ ഇസ്രയേലുമായി സൗഹാർദ്ദപരമായ ബന്ധമായിരുന്നില്ല വച്ചു പുലർത്തിയിരുന്നത്. 1967ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ പിടിച്ചടക്കിയ സൗദിയുടെ ഭാഗം വിട്ടുകൊടുത്താൽ മാത്രമേ ഇവരുമായി സൗഹൃദം തുടരൂ എന്ന നിലപാടിലായിരുന്നു വർഷങ്ങളായി അവർ. ഇസ്രയേലുമായി നിലവിൽ നയതന്ത്ര ബന്ധങ്ങളൊന്നുമില്ല. പൊതുവെ അറബ് രാജ്യങ്ങളെല്ലാം കടുത്ത ഇസ്രയേൽ വിരുദ്ധരുമാണ്. എന്നാൽ, ഈ നിലപാട് തിരുത്തണ്ട സമയമായെന്ന് ബോധ്യപ്പെടുത്തുന്നതാണ് രാജകുമാരന്റെ ഇപ്പോഴത്തെ പരാമർശവും സമീപകാല പ്രവർത്തനങ്ങളും. അടുത്തിടെ, ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കുള്ള വിമാനങ്ങൾക്ക് സൗദിയുടെ ആകാശ പാത ഉപയോഗിക്കാൻ അനുവാദം ലഭിച്ചതും ഈ സാഹചര്യത്തിൽവേണം വിലയിരുത്തുവാൻ. ആദ്യമായാണ് സൗദി കുറുകെക്കടന്ന് ഒരു വിമാനം ഇസ്രയേലിലേക്ക് പോകുന്നത്.

എന്നാൽ, ഇറാനോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ സൗദി ഉദ്ദേശിക്കുന്നില്ലെന്നും രാജകുമാരൻ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ ഹിറ്റ്‌ലറോടാണ് അദ്ദേഹം ഉപമിച്ചത്. ഇറാനോടുള്ള സമീപനത്തിൽ ഇസ്രയേലിനും സൗദിക്കും സമാനതകളുണ്ടെന്നതും ശ്രദ്ധേയമാണ്. വ്യത്യസ്ത സാഹചര്യങ്ങളിലാണെങ്കിലും, ഇരുരാജ്യങ്ങളും ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് ഇറാനെയാണ്. ഇറാനെതിരായ ചെറുത്തുനിൽപ്പിൽ, സൗദിയുടെയും ഇസ്രയേലിന്റെയും പ്രധാനപ്പെട്ട സഖ്യകക്ഷി അമേരിക്കയുമാണ്.

ഇസ്രയേൽ-ഫലസ്തീൻ തർക്കത്തിൽ ഏറെ സമവായത്തിന് വഴിയൊരുക്കിയ 2002-ലെ അറബ് സമാധാന ദൗത്യത്തിന് ചുക്കാൻ പിടിച്ചത് സൗദി അറേബ്യയായിരുന്നെങ്കിലും, ഇസ്രയേലിന് അവരുടെ മാതൃരാജ്യത്തിന് അവകാശമുണ്ടെന്ന തരത്തിൽ ഇതുവരെ ഒരു സൗദി ഭരണാധികാരിയും പ്രതികരിച്ചിരുന്നില്ല. ഇസ്രയേലിനോട് സൗദിക്കുള്ളത് മതപരമായ ചില ആശങ്കകൾ മാത്രമാണെന്നും അൽ-അഖ്‌സ പള്ളി സംരക്ഷിക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ മറ്റ് എതിർപ്പുകൾ താനേ ഇല്ലാതാകുമെന്നും കിരീടാവകാശി ദ അറ്റ്‌ലാന്റിക് മാസികയോട് പറഞ്ഞു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനും റിയാദും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സൗദിയും ഇസ്രയേലും ഇരുവരുടെയും പൊതു ശത്രുവായ ഇറാനെതിരെ കരുനീക്കം നടത്താൻ സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്രതലത്തിൽ അഭ്യൂഹങ്ങളുണ്ട്. ഇതിന്റെ ഭാഗമായായാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞമാസം ഇസ്രയേലിലേക്ക് ആദ്യമായി സൗദി അറേബ്യ വിമാന സർവീസ് ആരംഭിച്ചിരുന്നു. രണ്ടുവർഷത്തെ പരിശ്രമത്തിനുശേഷമുള്ള ചരിത്രപരമായ തീരുമാനമാണിതെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. സൗദിയുമായുള്ള രഹസ്യബന്ധത്തെപ്പറ്റി അടുത്തിടെ ഇസ്രയേലി കാബിനറ്റ് അംഗം വെളിപ്പെടുത്തൽ നടത്തിയതും ശ്രദ്ധേയമായിരുന്നു.

ഭീകരതയെ യുഎസും സൗദിയും ഇസ്രയേലും ഒരുപോലെ ഭയപ്പെടുന്നു. ഇസ്രേയൽ ഫലസ്തീൻ സംഘർഷങ്ങൾക്കു ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടുവയ്ക്കുന്ന അറബ് പീസ് ഇനീഷ്യറ്റിവിനു 2002 മുതൽ നേതൃത്വം നൽകുന്നതു സൗദി അറേബ്യയാണ്. എന്നാൽ, സൗദിയുടെ ഭരണാധികാരികളിൽ ആരും ഇതുവരെ യഹൂദജനതയുടെ മാതൃരാജ്യത്തിനുള്ള അവകാശം പരസ്യമായി അംഗീകരിച്ചിരുന്നില്ല. മാറുന്ന സൗദിയുടെ നിലപാട് അറബ് ലോകത്ത് എന്തൊക്കെ പ്രതിഫലനം ഉണ്ടാക്കുമെന്ന കാര്യം കണ്ടറിയുകയ തന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP