Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവർ ഇന്ത്യൻപതാക വലിച്ച് കീറി; ഇന്ത്യ പ്രതിഷേധിച്ചതോടെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ; മോദിയുമായി കരാറിൽ ഏർപ്പെടാൻ ക്യൂ നിന്ന് അനേകം രാഷ്ട്രത്തലവന്മാർ

മോദിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവർ ഇന്ത്യൻപതാക വലിച്ച് കീറി; ഇന്ത്യ പ്രതിഷേധിച്ചതോടെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ; മോദിയുമായി കരാറിൽ ഏർപ്പെടാൻ ക്യൂ നിന്ന് അനേകം രാഷ്ട്രത്തലവന്മാർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കോമൺവെൽത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി ലണ്ടനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ അരങ്ങേറിയ വിവിധ ഗ്രൂപ്പുകളുടെ പ്രതിഷേധം ആക്രമാസക്തമായെന്ന് റിപ്പോർട്ട്. മോദിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവർ ഇന്ത്യൻപതാക വലിച്ച് കീറിയാണ് അക്രമം അഴിച്ച് വിട്ടിരിക്കുന്നത്.ഇതിൽ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ മുന്നോട്ട് വന്നിട്ടുമുണ്ട്. ഇത്തരം പ്രതിഷേധങ്ങൾക്കിടയിലും മോദിയുമായി കരാറിൽ ഏർപ്പെടാൻ ക്യൂ നിന്ന് അനേകം രാഷ്ട്രത്തലവന്മാർ രംഗത്തെത്തിയിട്ടുമുണ്ട്.

പാർലിമെന്റ് സ്‌ക്വയറിൽ 53 കോമൺവെൽത്ത് രാജ്യങ്ങളിലെ പതാകകൾ പ്രദർശിപ്പിച്ച ഒഫീഷ്യൽ ഫ്ലാഗ്പോളിലുള്ള ഇന്ത്യൻ പതാക പ്രതിഷേധക്കാർ വലിച്ച് കീറിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് ഇന്ത്യ ആരോപിക്കുന്നത്. ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കാണാൻ മോദി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധക്കാർ ഇരമ്പിയെത്തിയിരുന്നത്. പാർലിമെന്റ് സ്‌ക്വയറിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ പതാക ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പ്രതിഷേധക്കാർ വലിച്ച് കീറിയ സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് മെട്രൊപൊളിറ്റൻ പൊലീസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ സംഭവത്തെ ബ്രിട്ടീഷ് അധികൃതർ ഗൗരവമായാണെടുത്തിരിക്കുന്നതെന്നും സംഭവത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ച അധികൃതർ കീറിയ ഇന്ത്യൻ പതാകക്ക് പകരം പുതിയ ഒന്ന് ഉടനടി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് വെളിപ്പെടുത്തുന്നു. സംഭവത്തിൽ ഇന്ത്യക്ക് കടുത്ത മനോവേദനയുണ്ടായിട്ടുണ്ടെന്ന് ബ്രിട്ടനെ അറിയിച്ചിട്ടുണ്ടെന്നും അവർ അതിൽ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ വിശദീകരിച്ചിരിക്കുന്നത്.

ആളുകൾക്ക് സമാധാനപരമായി പ്രതിഷേധിക്കുന്നതിന് അവകാശമുണ്ടെങ്കിലും ഒരു ചെറിയ വിഭാഗം പാർലിമെന്റ് സ്‌ക്വയറിന് മുന്നിൽ ഇന്ത്യൻ പതാക വലിച്ച് കീറി നടത്തിയ പ്രതിഷേധത്തോട് യോജിക്കാനാവില്ലെന്നും അതിൽ ബ്രിട്ടന് കടുത്ത പശ്ചാത്താപമുണ്ടെന്നുമാണ് യുകെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത് സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ ഹൈക്കമ്മീഷണറായ യാഷ് വർധൻ കുമാർസിൻഹയുമായി ബന്ധപ്പെട്ടിരുന്നുവെന്നും യുകെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് വക്താവ് വെളിപ്പെടുത്തുന്നു.

സിഖ്ഫെഡറേഷൻ യുകെയിൽ നിന്നുമുള്ള ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാരും പാക്കിസ്ഥാൻ വംശജനായ പീർ ലോർഡായ അഹമ്മദിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റീസ് എഗെയിൻസ്റ്റ് മോദി എന്ന ഗ്രൂപ്പിലുള്ള പ്രതിഷേധക്കാരുമായിരുന്നു പാർലിമെന്റ്സ്‌ക്വയറിൽ ഇന്ത്യൻ പതാക വലിച്ച് കീറി അഴിഞ്ഞാടിയിരിക്കുന്നത്. കാശ്മീരി വിഘടനവാദികളിൽ പെട്ട ചില ഗ്രുപ്പുകളും പ്രതിഷേധക്കാരിൽ ഉൾപ്പെട്ടിരുന്നു.ഇന്ത്യയിൽ ദളിതരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു ഇവർ ആരോപിച്ചത്. ഇവരിൽ ചിലർ പാർലിമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് ചുറ്റും തങ്ങളുടെ ബാനറുകളും പതാകകളുമായി വലയം ചെയ്തിരുന്നു.ബുധനാഴ്ച രാവിലെ മോദി തെരേസയുമായി ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗിനെത്തിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ചുള്ള ഗ്രുപ്പുകളുടെ പ്രകടനം ഡൗണിങ് സ്ട്രീറ്റിന് എതിർവശത്ത് അരങ്ങേറിയിരുന്നു. ഇവർക്കൊപ്പം ഫ്രന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി ഇന്റർനാഷണൽ ഗ്രൂപ്പും അണിചേർന്നിരുന്നു.

വിവിധ ലോകനേതാക്കളുമായി മോദിയുടെ ഉഭയകക്ഷി ചർച്ചകൾ തിരുതകൃതി

കോമൺവെൽത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സമ്മേളനത്തിലെത്തിയ വിവിധ രാജ്യങ്ങളുടെ നേതാക്കന്മാരുമായി മോദി ഉഭയകക്ഷി ചർച്ചകൾ തിരുതകൃതിയായി നടത്തുന്നുവെന്ന് റിപ്പോർട്ട്. മോദിയുമായി ചർച്ച നടത്തി കരാറിൽ ഏർപ്പെടാൻ അനേകം രാഷ്ട്രത്തലവന്മാർ ക്യൂ നിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.ഇന്നലെ അദ്ദേഹം വിവിധ നേതാക്കളമായി മാരത്തോൺ ചർച്ചകളാണ് തുടർച്ചയായി നടത്തിയിരിക്കുന്നത്. സീഷെൽസ് പ്രസിഡന്റായ ഡാന്നി ഫൗറെ, മൗറീഷ്യസ് പ്രധാനമന്ത്രിയായ പ്രവിന്ദ് കുമാർ ജഗ്‌നൗത്ത് എന്നിവരടക്കമുള്ള നേതാക്കളുമായാണ് മോദി ചർച്ച നടത്തിയിരിക്കുന്നത്.

വ്യാപാരം , നിക്ഷേപം മറ്റ് ഉഭയകക്ഷി പ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് മോദി സീഷെൽസ് പ്രസിഡന്റുമായി ചർച്ച നടത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തുന്നു. ജഗ്‌നൗത്തുമായി മോദി നടത്തിയ ചർച്ചയിൽ വ്യാപാരം, നിക്ഷേപം, മാരിടൈം തുടങ്ങിയ മേഖലയിൽ പരസ്പരം സഹകരിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചിരുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തിട്ടുണ്ട്.ഇതിന് പുറമെ ഉഗാണ്ടൻ പ്രസിഡന്റ് യോവെറി മുസെവെനി, ഗാംബിയൻ പ്രസിഡന്റ് അഡാമ ബാരോ, ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമ, സെന്റ് ലൂസിയ പ്രധാനമന്ത്രി അല്ലെൻ ചാസ്റ്റനെറ്റ്, സോളമൻ ഐലന്റ്സ് പ്രധാനമന്ത്രി റിക്ക് ഹൗനിപ് വെല തുടങ്ങിയ രാഷ്ട്രത്തലവന്മാരുമായും മോദി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കിരിബാറ്റി പ്രസിഡന്റ് താനെറ്റി മാമൗ, അന്റിഗുവ ആൻബ് ബാർബഡ പ്രധാനമന്ത്രി ഗസ്സ്റ്റൻ ബ്രൗനെ, എന്നിവരുമായും മോദി ആശയവിനിമയം നടത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ്ഹസീന, മോദിയുമായി ചർച്ച നടത്തുമെന്നാണ് സൂചന. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകോളം ടേൺബുൾ, സൗത്ത് ആഫ്രിക്ക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്റ്റാസിയാദേസ്, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ മൈക്കൽ ഹോൾനെസ് എന്നിവരും മോദിയുമായി ചർച്ച നടത്താനൊരുങ്ങുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP