Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുക്രൈൻ ആകാശത്ത് 298 പേരുടെ ജീവനെടുത്തത് റിബലുകൾ വിട്ട റഷ്യൻ നിർമ്മിത മിസൈലെന്ന് റിപ്പോർട്ട്; ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് റഷ്യ

യുക്രൈൻ ആകാശത്ത് 298 പേരുടെ ജീവനെടുത്തത് റിബലുകൾ വിട്ട റഷ്യൻ നിർമ്മിത മിസൈലെന്ന് റിപ്പോർട്ട്; ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് റഷ്യ

ഹേഗ്: യുക്രൈൻ ആകാശത്ത് മലേഷ്യൻ വിമാനം തകർത്ത് 298 പേരെ കൊലപ്പെടുത്തിയത് റഷ്യൻ നിർമ്മിത മിസൈൽ ഉപയോഗിച്ചാണെന്ന് കണ്ടെത്തൽ. റഷ്യയ്‌ക്കെതിരെ യുക്രൈനുമായി ചേർന്ന് പോരാടുന്ന വിമതരാണ് മിസൈൽ തൊടുത്തത്. റഷ്യൻ നിർമ്മിത ബുക് മിസൈൽ ഉപയോഗിക്കാൻ കാരണം സംഭവത്തിന് പിന്നിൽ റഷ്യയാണ് എന്ന് വരുത്തിത്തീർ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കരുതുന്നു.

കഴിഞ്ഞവർഷം ജൂലൈയിലാണ് മലേഷ്യൻ വിമാനം യുക്രൈനുമുകളിൽ തകർന്നുവീണത്. റഷ്യയും വിമതരുമായുള്ള പോരാട്ടം ശക്തമായിരുന്ന ഘട്ടത്തിലാണ് എംഎച്ച് 17 എന്ന യാത്രാവിമാനത്തിനുനേർക്ക് ആക്രമണം നടന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച ഡച്ച് അന്വേഷകർ, മിസൈൽ ഉപയോഗിച്ച് യാത്രാവിമാനത്തിന്റെ കോക്പിറ്റ് തകർക്കുകയാണ് അക്രമികൾ നടത്തിയതെന്ന് കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് തങ്ങൾ നേരിടാൻ പോകുന്ന ദുരന്തം കുറച്ചുനിമിഷനേരത്തേയ്‌ക്കെങ്കിലും മനസ്സിലായിട്ടുണ്ടാകുമെന്നും അവർ പറയുന്നു. മിസൈലേറ്റ് വിമാനത്തിന്റെ മുൻഭാഗം തകരുകയും പൈലറ്റുമാർ കൊല്ലപ്പെടുകയുമാണ് ചെയ്തത്. അതിനുശേഷം വിമാനം നിലത്തേയ്ക്ക് കൂപ്പുകുത്തി തീപിടിച്ചു.

മിസൈൽ ഏറ്റ് വിമാനത്തിലെ മൂന്ന് ജീവനക്കാരാണ് മരിച്ചത്. മറ്റു ജീവനക്കാരും യാത്രക്കാരും വിമാനത്തിലെ മർദവ്യത്യാസം കൊണ്ടും ഓക്‌സിജൻ ലഭിക്കാത്തതിനെക്കൊണ്ടും തണുപ്പിൽ മരവിച്ചും വിമാനത്തിൽനിന്ന് പറന്ന് പോയുമൊക്കെയാകാം കൊല്ലപ്പെട്ടതെന്നും അന്വേഷകർ കരുതുന്നു. വിമാനം തകരുന്നതിന് മുമ്പുള്ള 90 സെക്കൻഡുവരെ ചിലരെങ്കിലും ബോധത്തോടെ ഉണ്ടായിരുന്നിരിക്കാനും സാധ്യതയുണ്ടെന്ന് അവർ പറയുന്നു. മിസൈൽ പതിച്ചപ്പോൾത്തന്നെ വിമാനം തകർന്നുവെന്നും ജീവനക്കാരും യാത്രക്കാരും കൊല്ലപ്പെട്ടുവെന്നുമാണ് നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്. എന്നാൽ, ഈ വിശ്വാസത്തെ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ അന്വേഷണ റിപ്പോർ്ട്ട്.

ഡച്ച് സേഫ്റ്റി ബോർഡാണ് വിമാനാപകടത്തെക്കുറിച്ച് പഠിച്ചത്. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ വിമാനത്തിലെ യാത്രക്കാർ നേരിട്ട ദാരുണമായ നിമിഷങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. മിസൈലേറ്റ് കോക്പിറ്റ് തകർന്നതോടെ, വിമാനത്തിലുള്ള മർദം നഷ്ടപ്പെടുകയും ശക്തമായ കാറ്റ് ഉള്ളിലേക്ക് ഇരച്ചുകയറുകയും ചെയ്തിട്ടുണ്ടാകും. ചില യാത്രക്കാർക്ക് അപ്പോൾത്തന്നെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകും. എന്നാൽ, ചിലർക്ക് വിമാനം തകരുന്നതുവരെയുള്ള സമയം കൃത്യമായി ബോധമുണ്ടായിരുന്നിരിക്കാം. അതിവേഗത്തിൽ പറക്കുകയായിരുന്ന വിമാനം കുറച്ചുനിമിഷം മുന്നോട്ടുപോയശേഷം ഭൂമിയിലേക്ക് പതിക്കുകയായിരുന്നുവെന്നും അന്വേഷകർ പറയുന്നു.

ഭൂമിയിൽ കണ്ട ചില മൃതദേഹങ്ങൾ നഗ്നമായിരുന്നു. വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയ വായൂപ്രവാഹത്തിൽ ഇവരുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞുപോയതാകാം. ഒരു യാത്രക്കാരൻ ഓക്‌സിജൻ മാസ്‌ക് ധരിച്ചിരുന്നതായും കണ്ടെത്തി. എന്നാൽ, ഓക്‌സിജൻ മാസ്‌ക് എടുക്കാനുള്ള സമയം എങ്ങനെ കിട്ടിയെന്ന് അന്വേഷകർക്കും വ്യക്തതയില്ല. റിപ്പോർട്ട് പുറത്തുവിട്ട ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ട് സംഭവത്തിനുപിന്നിലുള്ള ക്രിമിനൽ സംഘങ്ങളെ പുറത്തുകൊണ്ടുവരാൻ റഷ്യയുടെ സഹായമഭ്യർഥിച്ചു. സംഭവത്തിനുത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന് മുന്നിൽക്കൊണ്ടുവരികയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇതിന് ശ്രമമുണ്ടാകണമെന്നും റൂട്ട് പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈ 17ന് ആംസ്റ്റർഡാമിൽനിന്നു ക്വാലലംപൂരിലേക്കുള്ള യാത്രാമധ്യേ മലേഷ്യൻ എയർലൈൻസ് വിമാനം എംഎച്ച് 17 തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 298 പേരും ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂടുതൽ യാത്രക്കാരും ഹോളണ്ടുകാരായിരുന്നതിനാൽ രാജ്യാന്തര അന്വേഷണ സംഘത്തെ നയിച്ചതു ഡച്ച് സേഫ്റ്റി ബോർഡാണ്. യുക്രെയ്ൻ അതിർത്തിയിലുള്ള ഡൊനെറ്റ്‌സ്‌കിലാണു വിമാനം തകർന്നുവീണത്. യുദ്ധമേഖലയായ ഇവിടെ നിയന്ത്രണം യുക്രെയ്ൻ വിമതർക്കാണ്. വിമാനം തകർത്തതു യുക്രെയ്ൻ സൈന്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന റഷ്യയ്ക്കു രാജ്യാന്തര അന്വേഷണ റിപ്പോർട്ട് തിരിച്ചടിയാണ്. ദുരന്തമുണ്ടായി 15 മാസത്തിനു ശേഷമാണു ഡച്ച് സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ വിദഗ്ധരും അന്വേഷകരും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വരുന്നത്. വിമാനം തകർത്തതിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ ഈ സംഘത്തോട് ആവശ്യപ്പെട്ടിരുന്നില്ല. കാരണം എന്തെന്നു മാത്രമാണ് ഇവർ അന്വേഷിച്ചത്.

എന്നാൽ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില ഡച്ച് പത്രങ്ങളുടെ വിലയിരുത്തൽ ഇങ്ങനെ: 'ബുക് മിസൈലുകൾ വികസിപ്പിച്ചതും നിർമ്മിച്ചതും റഷ്യയാണ്. യുക്രെയ്ൻ വിമതർക്കു മിസൈൽ വിക്ഷേപിക്കാനുള്ള സാങ്കേതികജ്ഞാനമുണ്ടോ എന്നു സംശയമാണ്. അങ്ങനെയെങ്കിൽ റഷ്യൻ സൈന്യത്തിൽനിന്നു വിരമിച്ചവരോ നിലവിലുള്ളവരോ ആയ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിരിക്കണം.' റഷ്യൻ സൈന്യത്തിന്റെ പങ്കിനെക്കുറിച്ചും നേരത്തേ യുക്രെയ്ൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP