Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാർക്ക് സമ്മേളനത്തിൽ നിന്നും പകുതി രാജ്യങ്ങളും വിട്ടു നിൽക്കുന്നത് ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയം; സമ്മേളനം മാറ്റി വച്ചതായി പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ; ഇന്ത്യോ-പാക് സംഘർഷം പരിഹരിച്ചില്ലെങ്കിൽ ഉച്ചകോടി റദ്ദ് ചെയ്യുമെന്ന് സൂചന

സാർക്ക് സമ്മേളനത്തിൽ നിന്നും പകുതി രാജ്യങ്ങളും വിട്ടു നിൽക്കുന്നത് ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയം; സമ്മേളനം മാറ്റി വച്ചതായി പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ; ഇന്ത്യോ-പാക് സംഘർഷം പരിഹരിച്ചില്ലെങ്കിൽ ഉച്ചകോടി റദ്ദ് ചെയ്യുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമാബാദ്: ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങളാണ് സാർക്കിൽ അംഗമായിട്ടുള്ളത്. നേപ്പാൾ, മാലദ്വീപ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയവരാണ് അംഗരാജ്യങ്ങൾ. നവംബറിൽ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന സാർക് സമ്മേളനത്തിൽ നിന്ന് ഇതിൽ പകുതി രാജ്യങ്ങൾ പിന്മാറിയത് സാർക്ക് ഉച്ചകോടിയെ തന്നെ ബാധിക്കും. പാക്കിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും ഉച്ചകോടിയിൽ നിന്ന് മാറി നിൽക്കുന്നത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ പ്രതിഷേധം രാജ്യാന്തര തലത്തിൽ പാക്കിസ്ഥാന് തിരിച്ചടിയാണ്. ഉറി ആക്രമണത്തിന്റെ പഴി ഇന്ത്യയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള പാക് നീക്കവും ഇതോടെ പൊളിഞ്ഞു.

സാർക്ക് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുണ്ടാക്കിയ ബന്ധങ്ങളുടെ തെളിവാണ് സാർക്ക് സമ്മേളനത്തെ അനിശ്ചിതത്വത്തിലാക്കിയത്. അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും ഭൂട്ടാനേയും കൂടെ നിർത്താനുള്ള പ്രധാനമന്ത്രി മോദിയുടെ നീക്കങ്ങൾ എല്ലാ അർത്ഥത്തിലും ഫലം കണ്ടു. ഇന്ത്യയുടെ നല്ല സുഹൃത്തുക്കളായി ഈ രാജ്യങ്ങൾ മാറി. ഇത് പാക്കിസ്ഥാനെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. പാക് ഭീകരതയെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്‌ക്കൊപ്പം ഈ രാജ്യങ്ങളും മാറി നിൽക്കുന്നത്. നേപ്പാളും മാലദ്വീപും ശ്രീലങ്കയും ഭാവിയിൽ ഈ വഴിയേ ചിന്തിച്ചാൽ സാർക്കിൽ പാക്കിസ്ഥാൻ ഒറ്റപ്പെടും. സാർക്കിന്റെ അധ്യക്ഷ പദവിയിലുള്ള രാജ്യമായതിനാലാണ് നേപ്പാൾ ഈ ഘട്ടത്തിൽ കടുത്ത നിലപാട് എടുക്കാത്തതെന്നും സൂചനയുണ്ട്. നേപ്പാളും മാനസികമായി ഇപ്പോഴും ഇന്ത്യൻ പക്ഷത്താണ്.

ഇന്ത്യയുൾപ്പെടെ നാലു രാജ്യങ്ങൾ പിന്മാറിയെങ്കിലും സമ്മേളനവുമായി മുന്നോട്ടുപോകാനുറച്ച് പാക്കിസ്ഥാൻ. പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയയാണ് ഇക്കാര്യം അറിയിച്ചത്. 19ാം സാർക് സമ്മേളനത്തിന് പാക്കിസ്ഥാൻ തന്നെ വേദിയൊരുക്കുമെന്ന് നഫീസ് പറഞ്ഞതായി പാക്കിസ്ഥാൻ റേഡിയോയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സാർക്ക് സമ്മേളനം മാറ്റി വയ്ക്കുമെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഭൂട്ടാനും സഹകരിച്ചില്ലെങ്കിൽ സമ്മേളനം എന്നേന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു. തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തിയ നയതന്ത്രനീക്കത്തിന്റെ ഭാഗമായാണ് മറ്റ് മൂന്ന് രാജ്യങ്ങൾ കൂടി പരസ്യ പിന്തുണയുമായെത്തിയത്. സാർക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കുന്ന വിവരം ഇന്ത്യൻ വിദേശകാര്യ വക്താവിന്റെ ട്വീറ്റുകളിൽനിന്നാണ് അറിഞ്ഞതെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും നഫീസ് വ്യക്തമാക്കി. എങ്കിലും സാർക് സമ്മേളനം ബഹിഷ്‌കരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കിൽ അതു നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് പാക്കിസ്ഥാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യവുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

നാല് അംഗരാജ്യങ്ങൾ വിട്ടുനിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സാർക് സമ്മേളനം നടത്തുന്നതിൽ കാര്യമില്ലെന്ന് അധ്യക്ഷ രാജ്യമായ നേപ്പാൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാർക്കിന്റെ അധ്യക്ഷ രാജ്യമെന്ന നിലയിൽ സമ്മേളനത്തിന് മുന്നോടിയായി രൂപപ്പെട്ടിരിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ നിർവാഹമില്ലെന്നും നേപ്പാൾ വ്യക്തമാക്കി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയശേഷം അംഗരാജ്യങ്ങളുടെ നിസഹകരണം മൂലം 2016ലെ സാർക്ക് സമ്മേളനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുമെന്ന് നേപ്പാൾ അറിയിച്ചു. ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യത്തിലുള്ള ഒരു രാജ്യത്തിന്റെ കടന്നുകയറ്റം സാർക് സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാതാക്കിയതായി സാർക് അധ്യക്ഷസ്ഥാനത്തുള്ള നേപ്പാളിനെ ബംഗ്ലാദേശ് അറിയിച്ചു. ലോകമെമ്പാടും വളർന്നുവരുന്ന ഭീകരതയിലുള്ള ആശങ്ക രേഖപ്പെടുത്തിയാണ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ ഭൂട്ടാൻ തീരുമാനിച്ചതെന്നാണ് വിവരം.

സാർക് അംഗമായ ചില രാജ്യങ്ങൾ സമാധാനത്തിനും സുരക്ഷയ്ക്കുമെതിരായ ഭീകരത വളർത്തുകയാണ്. അവർക്കൊപ്പം ചേർന്നു പങ്കെടുക്കുന്നതിനുള്ള താൽപര്യക്കുറവാണ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാനുള്ള കാരണമെന്നും ഭൂട്ടാൻ സർക്കാർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനും ഇതേവിഷയം തന്നെയാണ് ഉന്നയിച്ചതെന്നാണ് വിവരം. സാർക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം വർധിച്ച സാഹചര്യത്തിലാണിത്. ഉച്ചകോടി വിജയകരമായി നടക്കാനുള്ള അന്തരീക്ഷം 'ഒരു രാജ്യം' ഇല്ലാതാക്കിയതായി ഇന്ത്യ കുറ്റപ്പെടുത്തി. സാർക് ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ഇന്നലെയാണ് ഇന്ത്യ അറിയിച്ചത്. ഉറി ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമേൽ ആഗോളസമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

സാർക്കിന്റെ ചട്ടമനുസരിച്ച് ഏതെങ്കിലും രാഷ്ട്രതലവനോ സർക്കാരോ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചാൽ അത് മാറ്റിവെക്കേണ്ടതാണെന്നും അല്ലാതെ വഴിയില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കിയിട്ടുണ്ട്. സിന്ധു നദീജല ഉടമ്പടിയും പാക്കിസ്ഥാനുള്ള പ്രത്യേക പരിഗണനാപദവിയും പുനരാലോചിക്കാനാണ് ഇന്ത്യയുടെ നീക്കം. ഭീകരർ പാക്കിസ്ഥാനിൽ നിന്ന് വന്നവരാണെന്നതിന്റെ തെളിവ് പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി കൈമാറിയതിനു പിന്നാലെയാണ് സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. 1985ലാണ് സാർക് നിലവിൽ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP