Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായിപ്പിനെ കണ്ടപ്പോൾ സൗദി രാജാവും കവാത്ത് മറന്നോ? ഇസ്ലാം വിരുദ്ധതയുടെ പ്രതീകമായ ട്രംപിനെ സൗദി സ്വീകരിച്ചത് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നൽകി; മടങ്ങുന്നത് ശതകോടികളുടെ ബിസിനസ് ഉറപ്പിച്ച്

സായിപ്പിനെ കണ്ടപ്പോൾ സൗദി രാജാവും കവാത്ത് മറന്നോ? ഇസ്ലാം വിരുദ്ധതയുടെ പ്രതീകമായ ട്രംപിനെ സൗദി സ്വീകരിച്ചത് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നൽകി; മടങ്ങുന്നത് ശതകോടികളുടെ ബിസിനസ് ഉറപ്പിച്ച്

മുസ്ലീങ്ങളെ നിരന്തരം അധിക്ഷേപിക്കുകയും ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്ത് ഇസ്ലാം വിരുദ്ധതയുടെ പ്രതീകമായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇസ്ലാമിന്റെ ഹൃദയഭൂമിയായ സൗദി അറേബ്യയിൽ ഊഷ്മള സ്വീകരണം. സൗദി ട്രംപിനെ സ്വീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഓർഡർ ഓഫ് കിങ് അബ്ദുൽ അസീസ് അൽ സൗദ് നൽകിയിട്ടാണ്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്. സായിപ്പിനെ കണ്ടപ്പോൾ സൗദി രാജാവും കവാത്ത് മറന്നോ...? എന്ന ചോദ്യം ഇതിനെ തുടർന്ന് ശക്തമായിട്ടുണ്ട്. സൗദി സന്ദർശനം കഴിഞ്ഞ് ട്രംപും സംഘവും മടങ്ങുന്നത് ശതകോടികളുടെ ബിസിനസ് ഉറപ്പിച്ചാണെന്നും റിപ്പോർട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റായതിന് ശേഷം തന്റെ ആദ്യത്തെ വിദേശപര്യടനത്തിന് ട്രംപ് സൗദിയിൽ കാലു കുത്തിയപ്പോഴായിരുന്നു ആവേശോജ്വലമായ വരവേൽപ് അദ്ദേഹത്തിന് ലഭിച്ചത്. ഒമ്പത് ദിവസത്തെ സന്ദർശനത്തിനിടെ അദ്ദേഹം മിഡിൽ ഈസ്റ്റിന് പുറമെ യൂറോപ്യൻ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ സമാധാനവും സുരക്ഷയും ശക്തമാക്കാനും സ്ഥിരതയുണ്ടാക്കാനും അമേരിക്കൻ പ്രസിഡന്റിന്റെ ഈ നയതന്ത്ര ദൗത്യം വഴിയൊരുക്കുമെന്നാണ് സൗദിയിലെ സൽമാൻ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യ മെലാനിയ, മകൾ ഇവാൻക, ട്രംപ് സർക്കാരിന്റെ മുഖ്യ ഉപദേശകനും ഇവാൻകയുടെ ഭർത്താവുമായ ജറെദ് കുഷ്‌നർ, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ തലവന്മാർ തുടങ്ങിയവരടങ്ങിയ ട്രംപിന്റെ ഉന്നതതല സംഘത്തിലുണ്ടായിരുന്നത്.

ഇവർ റിയാദ് വിമാനത്താവളത്തിൽ കാലു കുത്തിയപ്പോൾ അവരെ സ്വീകരിക്കാൻ സൗദി രാജാവ് നേരിട്ടെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റിന് രാജകീയമായ സ്വീകരണം നൽകാൻ അപ്പോൾ സൈനിക ബാൻഡ് അണിനിരന്നിരുന്നു. ആദരസൂചകമായി പീരങ്കി വെടികൾ മുഴക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ട്രംപിന്റെ വരവ് ഉത്സവമാക്കാൻ സൗദി വർണം വാരിവിതറിക്കൊണ്ടുള്ള ഏഴ് വിമാനങ്ങൾ പറത്തുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ അതിവിശിഷ്ട മേഖലയിൽ വച്ച് സൽമാൻ രാജാവും ട്രംപും സൗദിയുടെ പരമ്പരാഗത കാപ്പി കുടിക്കുകയും കുശലം പങ്കിടുകയും ചെയ്തിരുന്നു.

അമേരിക്കൻ പ്രസിഡന്റിന്റെ സ്‌പെഷ്യൽ കാറിലേറിയാണ് ഇരുവരും ട്രംപ് താമസിക്കുന്ന ഹോട്ടലിലെത്തിയിരുന്നത്. ' ഒന്നിക്കാം ജയിക്കാം' എന്ന സന്ദേശമുയർത്തി ട്രംപും മുസ്ലിം ലോകത്തെ നേതാക്കളും ഭാഗഭാക്കാകുന്ന ചരിത്രപ്രാധാന്യമുള്ള നിർണായക ഉച്ചകോടികൾ ഇന്ന് അരങ്ങേറും. സൗദി അറേബ്യയുഎസ്, ഗൾഫ് സഹകരണ കൗൺസിൽയുഎസ്, അറബ് ഇസ്ലാമിക് അമേരിക്ക എന്നീ തലക്കെട്ടുകളിലാണ് ഇന്ന് ഇതോടനുബന്ധിച്ച് മൂന്ന് കോൺഫറൻസുകൾ നടക്കുന്നത്. 37 മുസ്ലിം രാജ്യങ്ങളുടെ തലവന്മാരും ആറ് പ്രധാനമന്ത്രിമാരും ഈ ഉച്ചകോടിയിൽ ഭാഗഭാക്കാകും.

മുസ്ലിം ലോകവും യുഎസും തമ്മിലുള്ള നിർമ്മാണാത്മകമായ സംവാദത്തിന്റെ സമാരംഭമായിട്ടാണ് ഇസ്ലാമിക്അമേരിക്ക ഉച്ചകോടി വിലയിരുത്തപ്പെടുന്നത്. തീവ്രവാദ വിരുദ്ധ പോരാട്ടം, യുഎസും മുസ്ലിം രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം, ഇറാന്റെ ശത്രുതാപരമായ രാഷ്ട്രീയം ചെറുക്കൽ, തുടങ്ങിയ വിഷയങ്ങളിൽ അറബ്, ഇസ്ലാമിക്, യുഎസ് ഉച്ചകോടി ക്രിയാത്മകമായതും പ്രാവർത്തികമായതുമായ ചർച്ചകൾ നടത്തുമെന്നാണറിയുന്നത്. യുഎസിന്റെയും മുസ്ലിം രാജ്യങ്ങളുടെയും കൊടുക്കൽ വാങ്ങലുകളിലൂടെ ജനങ്ങളുടെ ക്ഷേമവും ശക്തമായ സമ്പദ് ഘടനയും ഉറപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും സൗദി അറേബ്യ ഈ അവസരത്തിൽ ഉയർത്തിപ്പിടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള സംയുക്ത കേന്ദ്രം ഇന്ന് ട്രംപ് റിയാദിൽ ഉദ്ഘാടനം ചെയ്യുന്നുമുണ്ട്.

ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി 11,000 കോടി ഡോളറിന്റെ ആയുധക്കരാർ, 20,000 കോടി ഡോളറിന്റെ വ്യവസായ,വാണിജ്യ കരാർ അടക്കമുള്ള കരാറുകളിൽ സൗദിയും അമേരിക്കയും ഒപ്പ് വച്ചിട്ടുണ്ടെന്നാണ് സൗദി എനർജി മിനിസ്റ്ററായ ഖാലിദ് അൽ ഫലീഹ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 10 വർഷത്തേക്കുള്ള 35,000 കോടി ഡോളറിന്റെ മറ്റൊരു കരാറിലും ഇരു കക്ഷികളും ഒപ്പ് വച്ചിട്ടുണ്ട്. ഇതിന് പുറമെ വിവരസാങ്കേതിക, അടിസ്ഥാന സൗകര്യ വികസനം, ഉൽപാദനം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ നിരവധി കരാറുകളിലും ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP