Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ഉടൻ നിർത്തണമെന്ന് ഇന്ത്യക്ക് അമേരിക്കയുടെ അന്ത്യശാസനം; അനുസരിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നും ധാർഷ്ട്യം; സാമ്പത്തികമായി ഇറാനെ ഒറ്റപ്പെടുത്താൻ കടുത്ത നീക്കങ്ങളുമായി ട്രംപ്; വിരട്ടൽ ചൈനയ്ക്കും ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങൾക്കും ബാധകമെന്നും അമേരിക്ക; കച്ചവടം നിർത്താൻ സമയം നൽകിയത് നവംബർവരെ

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ഉടൻ നിർത്തണമെന്ന് ഇന്ത്യക്ക് അമേരിക്കയുടെ അന്ത്യശാസനം; അനുസരിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നും ധാർഷ്ട്യം; സാമ്പത്തികമായി ഇറാനെ ഒറ്റപ്പെടുത്താൻ കടുത്ത നീക്കങ്ങളുമായി ട്രംപ്; വിരട്ടൽ ചൈനയ്ക്കും ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങൾക്കും ബാധകമെന്നും അമേരിക്ക; കച്ചവടം നിർത്താൻ സമയം നൽകിയത് നവംബർവരെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇന്ത്യക്കെതിരെ വർഷങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയ ഉപരോധം ഫലിക്കാതെ വന്നതോടെ നാണംകെട്ട് പിന്തിരിയേണ്ടി വന്ന അമേരിക്ക അക്കാര്യം മറന്നിട്ടെന്നവണ്ണം ഇന്ത്യക്കെതിരെ വീണ്ടും ഉപരോധ ഭീഷണിയുമായി രംഗത്ത്. ഇറാനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന നീക്കത്തിൽ അവരിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യക്കും അതുപോലെ മറ്റു രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്നാണ് ഇപ്പോൾ ട്രംപ് ഭരണകൂടത്തിന്റെ അന്ത്യശാസനം. ഇതു പാലിക്കാത്ത രാജ്യങ്ങൾക്കു മേൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.

മുമ്പ് ആണവ പരീക്ഷണത്തെ തുടർന്ന് അമേരിക്ക ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും ദയനീയമായി അത് പരാജയപ്പെട്ടിരുന്നു. ഉപരോധം ഏശാതെ വന്നപ്പോൾ മറ്റു മാർഗങ്ങളും പരീക്ഷിച്ചു. അക്കാലത്ത് ക്രൂഡോയിൽ ഇറക്കുമതിക്ക് ഇറാനെ ആശ്രയിച്ച ഇന്ത്യ പിന്നീട് ഇറാനുമായി വാതക പൈപ്പ് ലൈൻ പദ്ധതി തുടങ്ങാനും തീരുമാനിച്ചു. എന്നാൽ മറ്റു പല വാഗ്ദാനങ്ങളും നൽകിയും മറ്റും ഇന്ത്യയെക്കൊണ്ട് ഈ പദ്ധതിയിൽ നിന്ന് പിന്മാറ്റാൻ അമേരിക്കയ്ക്ക് കഴിഞ്ഞെങ്കിലും എണ്ണയുൽപാദന രാജ്യങ്ങളിൽ അമേരിക്കയുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ഇറാനിൽ നിന്ന് തന്നെയാണ് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നതും. ഇന്ത്യക്ക് ഏറ്റവും ചുരുങ്ങിയ ചെലവിൽ ഇന്ധനം ലഭിക്കാൻ സാധ്യതയുള്ള രാജ്യവും ഇറാൻ മാത്രമാണെന്നതാണ് വസ്തുത. ഇതെല്ലാം പരിഗണിച്ചാണ് ഒരേസമയം ഇറാനെ ഒറ്റപ്പെടുത്താനും അതേസമയം, ഇന്ത്യയേയും അതുപോലെ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന മറ്റ് രാജ്യങ്ങളേയും പിന്തിരിപ്പിച്ച് അമേരിക്കൻ ഡോളറിൽ തന്നെ എണ്ണ വിനിമയം നടത്താനും പ്രേരിപ്പിക്കുന്ന അമേരിക്കയുടെ നീക്കം.

ഇറാനെതിരേ ഏർപ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികൾക്കും ബാധകമാണെന്നും അവർക്കു മാത്രമായി യാതൊരു ഇളവും നൽകാനാവില്ലെന്നുമാണ് പുതിയ വിരട്ടലിൽ അമേരിക്കൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിന്റെ ഭാഗമാണിത്. ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ് എന്നതിലും ലോകത്ത് എണ്ണ വിനിമയം പരമാവധി ഡോളറിൽ തന്നെ ആക്കി നിർത്തി അതിലൂടെ രാജ്യത്തിന് കൂടുതൽ ലാഭം നേടുന്നതിലും പ്രയോജനപ്പെടുന്ന നയതന്ത്ര നീക്കമാണ് അമേരിക്കയുടേതെന്നാണ് വിലയിരുത്തൽ.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് ഇപ്പോൾ മുതൽതന്നെ ഇന്ത്യയും ചൈനയും ഉൾപ്പെടെ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾ കുറച്ചു തുടങ്ങണമെന്നും നവംബർ നാലോടെ പൂർണമായി അവസാനിപ്പിക്കണമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയുമായി അടുത്താഴ്ച മന്ത്രിതല ചർച്ച നടക്കാനിരിക്കെ ഇതിലെ മുഖ്യ അജണ്ടയും ഇതായിരിക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുകയാണ് അമേരിക്കയെന്ന് വ്യക്തം.

ഇറാനുമായുള്ള ആണവകരാറിൽനിന്ന് കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്റ് ട്രംപ് പിന്മാറിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഉപരോധനീക്കവും മറ്റുമായി ഒരേ സമയം ഇറാനേയും ഇറാന്റെ കച്ചവടത്തേയും മുടക്കി പിടിമുറുക്കാൻ അമേരിക്ക നീക്കം നടത്തുന്നത്. കരാറിൽനിന്നു പിന്മാറി 180 ദിവസം പൂർത്തിയാകുന്ന നവംബർ 4 മുതൽ ഇറാനെതിരേ ഉപരോധം നിലവിൽ വരുമെന്ന് യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുമുണ്ട്.

അതേസമയം ഇറാനുമായുള്ള വാണിജ്യബന്ധം തുടരുമെന്ന് യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കിയത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്. മുമ്പ് ഇന്ത്യക്കെതിരെ നിരോധനം കൊണ്ടുവന്ന വേളയിൽ സഖ്യരാജ്യങ്ങളും അവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എണ്ണ വിഷയത്തിൽ കടുംനീക്കത്തിന് ഒരുങ്ങുമ്പോൾ സഖ്യരാജ്യങ്ങളുടെ പിന്തുണ അമേരിക്കയ്ക്ക് ഉണ്ടാവില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

മാത്രമല്ല, ഇന്ത്യയിൽ അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമെല്ലാം വൻ ബിസിനസ് താൽപര്യങ്ങളുമുണ്ട്. ചൈനയിലേയും സ്ഥിതി ഇതുതന്നെ. അതിനാൽ അനുസരിച്ചില്ലെങ്കിൽ ഈ രണ്ടു രാജ്യങ്ങളേയും ഉപരോധിക്കുമെന്ന ഭീഷണി തൽക്കാലം വിലപ്പോവില്ലെന്ന നിലയിലാണ് വിലയിരുത്തലുകൾ വരുന്നത്. ഊർജം, ബാങ്കിങ്, വ്യോമയാനം, ഫാർമസ്യൂട്ടിക്കൽ മേഖലകളിലുള്ള തങ്ങളുടെ കമ്പനികൾക്ക് ഇളവു നൽകണമെന്ന് ഈ രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.

ഇതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കൂടുകയും ചെയ്തു. ചൊവ്വാഴ്ച ക്രൂഡ് വില മൂന്നു ശതമാനം വർധിച്ചു. വെനസ്വേലയിൽ എണ്ണ ഉത്പാദനം കുറയുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ എണ്ണ ദൗർലഭ്യം രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്. എണ്ണവില ഉയർത്തുക എന്നതുതന്നെയാണ് ഇറാനെതിരെ ഉള്ള നീക്കത്തിൽ നിന്ന് അമേരിക്ക ഉദ്ദേശിക്കുന്നതെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, ഇന്ത്യ ഇറാനെ മിത്രമെന്ന നിലയിലാണ് കണക്കാക്കുന്നത്. മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ രണ്ടു രാഷ്ട്ര തലവന്മാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും നിരവധി ഉഭയകക്ഷി സഹകരണ, വ്യാവസായിക കരാറുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് അമേരിക്കയെ ചൊടിപ്പിക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP