Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ ഷി ജിൻപിങ് ഉയർന്നത് മാവോസെതൂങ്ങിന്റെ പദവിയിലേക്ക്; ലോകത്തെ ഏറ്റവും ശക്തനായ നേതാവിനോട് ഏറ്റുമുട്ടാൻ ഭയന്ന് ട്രംപും; സൂപ്പർ പവർ ഉറപ്പിക്കാൻ ചൈന അമേരിക്കയെ വെല്ലവിളിക്കുമെന്ന് നിരീക്ഷകർ; പെട്ടുപോകുന്നത് അമേരിക്കയോടൊപ്പം നിലകൊള്ളുന്ന ഇന്ത്യ

പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ ഷി ജിൻപിങ് ഉയർന്നത് മാവോസെതൂങ്ങിന്റെ പദവിയിലേക്ക്; ലോകത്തെ ഏറ്റവും ശക്തനായ നേതാവിനോട് ഏറ്റുമുട്ടാൻ ഭയന്ന് ട്രംപും; സൂപ്പർ പവർ ഉറപ്പിക്കാൻ ചൈന അമേരിക്കയെ വെല്ലവിളിക്കുമെന്ന് നിരീക്ഷകർ; പെട്ടുപോകുന്നത് അമേരിക്കയോടൊപ്പം നിലകൊള്ളുന്ന ഇന്ത്യ

മറുനാടൻ ഡെസ്‌ക്ക്

ബീജിങ്: ലോകത്തേറ്റവും കരുത്തനായ രാഷ്ട്രത്തലവൻ ഷി ജിൻപിങ്ങാണെന്ന വസ്തുത അരക്കിട്ടുറപ്പിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം പാർട്ടി കോൺഗ്രസ് ബെയ്ജിങ്ങിൽ സമാപിച്ചത്. 2300-ഓളം പ്രതിനിധികൾ പങ്കെടുത്ത യോഗം, രാഷ്ട്ര നേതാവിലുള്ള വിശ്വാസവും വിധേയത്വവും വെളിപ്പെടുത്തി. മാവോസെതൂങ്ങിന്റെ തലത്തിലേക്ക് ഷി ജിൻപിങ്ങും ഉയരുന്നതിനാണ് ഇത്തവണ പാർട്ടി കോൺഗ്രസ്സും സാക്ഷ്യംവഹിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തെ ശാക്തിക ചേരികൾ എക്കാലവും നിലകൊണ്ടിരുന്നത് അമേരിക്കയ്‌ക്കൊപ്പവും റഷ്യക്കൊപ്പവുമായിരുന്നു. അതിനി, അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പമാവുമെന്നാണ് വിലയിരുത്തൽ. ഇതിലാരാണ് സൂപ്പർപവറെന്ന തലത്തിലേക്ക് കാര്യങ്ങൾ വളരും. അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ടാകും സൂപ്പർപവറായി ചൈനയുടെ മുന്നേറ്റം. ആണവശേഷിയിലും സമ്പത്തിലും ഇപ്പോഴും ചൈനയെ കവച്ചുവെക്കുമെങ്കിലും, അമേരിക്കയുടെ അധീശത്വം അധികകാലം നിലനിൽക്കാനിടയില്ല.

അമേരിക്കയും ചൈനയുമായുള്ള പ്രകടമായ വ്യത്യാസം, അമേരിക്കയിൽ ജനാധിപത്യമുണ്ടെന്നതും ചൈനയിൽ അതില്ലെന്നതുമാണ്. ഉത്തരകൊറിയക്കുമേൽ പലതവണ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധപ്രഖ്യാപനം നടത്തിയെങ്കിലും അതൊരിക്കലും പരിധിവിട്ടില്ല. ട്രംപിന്റെ മനസ്സിലുള്ളതത്രയും നടപ്പിലാക്കാൻ അവിടെ സാധിക്കില്ലെന്നതാണ് കാരണം. തിരഞ്ഞെടുക്കപ്പെട്ട വേറെയും ജനപ്രതിനിധികളുണ്ട്. അവരുടെ വാക്കുകൾക്കും നിലപാടുകൾക്കും ജനാധിപത്യപരമായ വിലയുമുണ്ട്.

എന്നാൽ, ചൈനയിൽ അതല്ല സ്ഥിതി. പാർട്ടിയാണ് എല്ലാം. പ്രസിഡന്റ് ഷി ജിൻപിങ്ങാണ് സർവാധികാരി. അഭിപ്രായപ്രകടനത്തിനും മറ്റും കടുത്ത നിയന്ത്രണങ്ങളുണ്ട്. പാർട്ടി പദവി നഷ്ടപ്പെടുന്നത് ജീവൻ നഷ്ടപ്പെടുന്നതിനെക്കാൾ ഭയാനകമെന്ന് ചിന്തിക്കുന്ന ഒരു രാജ്യത്ത്, എതിർപ്പുകളുടെ ശബ്ദം ഉയരില്ല. പാർട്ടിൽ പൂർണനിയന്ത്രണമുള്ള ഷി ജിൻപിങ് ലോകത്തെ ഏറ്റവും സുശക്തനായ ഭരണാധികാരിയാകുന്നതും അതുകൊണ്ടുതന്നെയാണ്.

ഇതിനിടെ, പെട്ടുപോകുന്നത് ഇന്ത്യയാണ്. ലോകത്തേറ്റവും വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ കടുത്ത ഭീഷണി നേരിടുന്നത് ചൈനയിൽനിന്നാണ്. ഇന്ത്യയുടെ വളർച്ച മുരടിപ്പിക്കാൻ ഏതടവും ചൈന പയറ്റുമെന്നുറപ്പാണ്. പാക്കിസ്ഥാന് അവർ നൽകുന്ന പിന്തുണയും അതിർത്തിയിൽ തുടർച്ചയായുണ്ടാക്കുന്ന അലോസരത്തെയും ആ രീതിയിൽവേണം കാണാൻ. സമ്പത്തിലേറെയും പ്രതിരോധമേഖലയിൽ ചെലവിടാൻ നിർബന്ധിതരാവുകയാണ് ഇന്ത്യ ഇതോടെ.

അയൽരാജ്യങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് ചൈനയ്ക്ക് ആഗ്രഹമെന്ന ്പാർട്ടി കോൺഗ്രസ്സിനിടെ ഷി ജിൻപിങ് പ്രസ്താവിച്ചിരുന്നു. എന്നാൽ, അതോടൊപ്പംതന്നെ ചൈനയുടെ താത്പര്യങ്ങൾക്ക് അനുസൃതമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് നിൽക്കുന്ന അയൽരാജ്യങ്ങളുമായി എന്നേ ആ പ്രസ്താവനയ്ക്ക് അർഥമുള്ളൂവെന്ന് ഇതിൽനിന്ന് വ്യക്തമാണ്. അതിൽ ഇന്ത്യ വരികയുമില്ല. അതോടെയാണ്, ഇന്ത്യ കൂടുതൽ പ്രതിസന്ധിയിലാകുന്നത്.

പ്രതിരോധരംഗത്ത് ചൈന നടത്തുന്ന മുതൽമുടക്കും ലോകത്തിന് ഭീഷണിയാണ്. കഴിഞ്ഞവർഷത്തെക്കാൾ പത്തുശതമാനം കൂടുതലാണ് ഇത്തവണത്തെ പ്രതിരോധബജറ്റ്. രാജ്യത്തിന് പുറത്തെ ആദ്യ സൈനിക താവളം ജിബൂട്ടിയിൽ തുടങ്ങിയതും ശ്രദ്ധേയ നീക്കമാണ്. സൈബർ ആക്രമണരംഗത്തും ചൈന ശ്രദ്ധാലുക്കളാണ്. അറുപതിനായിരത്തോളം പേർ ചൈനയുടെ സൈബർ സേനയിലുണ്ടെന്നാണ് കണക്കാക്കുന്നത്. നാല് വർഷം മുമ്പ് അമേരിക്കൻ സ്ഥാപനങ്ങൾക്കുനേരെ നടന്ന 140-ഓളം സൈബർ ആക്രമണങ്ങളുടെ കേന്ദ്രം ഷാങ്ഹായി ആണെന്ന് കണ്ടെത്തിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP