Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്വാസം മുട്ടിച്ചുകൊല്ലാൻ കാത്തു മോദി സർക്കാരും ബ്യൂറോക്രസിയും; മൗനം പാലിച്ച് ചവിട്ടി താഴ്‌ത്താൻ കോൺഗ്രസ്; വീഴ്ച നോക്കി മാദ്ധ്യമങ്ങൾ; എന്നിട്ടും മനസ്സ് മാറ്റാതെ പാവങ്ങൾ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണശാലയ്ക്ക് ഒരുവർഷം തികയുമ്പോൾ

ശ്വാസം മുട്ടിച്ചുകൊല്ലാൻ കാത്തു മോദി സർക്കാരും ബ്യൂറോക്രസിയും; മൗനം പാലിച്ച് ചവിട്ടി താഴ്‌ത്താൻ കോൺഗ്രസ്; വീഴ്ച നോക്കി മാദ്ധ്യമങ്ങൾ; എന്നിട്ടും മനസ്സ് മാറ്റാതെ പാവങ്ങൾ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണശാലയ്ക്ക് ഒരുവർഷം തികയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യൻ ജനാധിപത്യം കണ്ട ഏറ്റവും വലിയ പരീക്ഷണമാണ് ഡൽഹിയിലെ ആം ആദ്മി സർക്കാർ. വ്യവസ്ഥാപിത രാഷ്ട്ര പാർട്ടികളുടെ നീരാളിപ്പിടിത്തത്തിൽനിന്നും ഇന്ത്യയെ രക്ഷിക്കാൻ ഉണ്ടായ പരീക്ഷണ ശാല. അതിസമ്പർക്ക് വേണ്ടിയുള്ള നയങ്ങളും കീശ വീർപ്പിക്കുന്ന വമ്പൻ പദ്ധതികളും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഗിമ്മിക്കുകളും ഉദ്യേഗസ്ഥ ലോബിയുടെ പിടിമുറുക്കലും ഒക്കെ മാറ്റിമറിക്കാൻ അരവിന്ദ് കെജരീവാൾ ശ്രമം തുടരുകയാണ്. അതുകൊണ്ടുതന്നെ അവസരം കിട്ടിയാൽ ഞെക്കിക്കൊല്ലാൻ കാത്തിരിക്കുകയാണ് ഈ മാഫിയകൾ മുഴുവനും. മാദ്ധ്യമങ്ങൾ കൂടി അവർക്കൊപ്പം ചേർന്നതിനിടെയാണ് എ.കെ. എന്ന രണ്ടക്ഷരം മുൾമുനയിലൂടെ തന്റെ പരീക്ഷണം നടത്തുന്നത്. ആ പരീക്ഷണത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ നല്ലതു പറയുന്ന നാട്ടുകാർ മാത്രമാണ് കൂട്ട്.

രാജ്യത്താകെ മോദി തരംഗം അലയടിച്ചുനിന്ന ഘട്ടത്തിലാണ് രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി വിപ്ലവം സൃഷ്ടിച്ചത്. 70 അംഗ നിയമസഭയിലെ 67 സീറ്റുകളും പിടിച്ചെടുത്ത് അരവിന്ദ് കെജരീവാളിന്റെ ജനകീയ പാർട്ടി അധികാരത്തിലേറി. ഡൽഹി അടക്കിഭരിച്ചുകൊണ്ടിരുന്ന കോൺഗ്രസ്സിന് ഒരു സീറ്റുപോലും ലഭിച്ചില്ല എന്നതാണ് ആ ജനവിധിയുടെ ഏറ്റവും വലിയ പ്രത്യേകത. വമ്പൻ ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയെങ്കിലും അന്നുമുതൽക്ക് ഇന്നോളം കെജരീവാളിനെ തന്റെ സുതാര്യമായ ഭരണം നടത്താൻ അനുവദിക്കാതെ പിടിമുറുക്കിയിരിക്കുകയാണ് കേന്ദ്രവും ഡൽഹിയിലെ ഉദ്യോഗസ്ഥ ലോബിയും.

ഡൽഹിയിലെ മാലിന്യപ്രശ്‌നം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മുൻസിപ്പൽ ജീവനക്കാർ സമരത്തിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് 551 കോടി വായ്പ നൽകാമെന്ന് കെജരീവാൾ പ്രഖ്യാപിച്ചിട്ടും സമരത്തിൽ പിന്നോട്ടുപോകാൻ ജീവനക്കാർ തയ്യാറായിട്ടില്ല. ആം ആദ്മി സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ശോഭ കെടുത്തുകയെന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ജീവനക്കാർ സമരം തുടരുന്നതെന്ന ആരോപണവും ശക്തമാണ്.

കോൺഗ്രസ്സുമായി ചേർന്ന് ആദ്യവട്ടം ഭരണത്തിലേറിയെങ്കിലും 49 ദിവസത്തിനുശേഷം രാജിവച്ച മുൻ അനുഭവം പാഠമാക്കിക്കൊണ്ടാണ് കെജരീവാൾ ഒരുവർഷം മുമ്പ് വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തിയത്. ജനകീയമായ ഒട്ടേറെ ആനുകൂല്യങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചു. 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പാതി സബ്‌സിഡി, 20000 ലിറ്റർ വരെ സൗജന്യ വെള്ളം തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

എന്നാൽ വലിയ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും സുഗമമായിരുന്നില്ല കെജരീവാളിന്റ യാത്ര. പാർട്ടിയിലെ ഭിന്നതകൾ വൈകാതെ പുറത്തുവന്നു. കെജരീവാളിന്റെ വിശ്വസ്തരെന്ന് അറിയപ്പെട്ടിരുന്ന, ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രങ്ങളായി കരുതപ്പെട്ടിരുന്ന യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷണിന്റെയും തെറ്റിപ്പിരിയൽ തുടക്കത്തിൽത്തന്നെ സർക്കാരിനെ ഉലച്ചു. പാർട്ടിയിൽ ജനാധിപത്യമില്ലെന്നായിരുന്നു ഇവരുടെ ആരോപണം. പാർട്ടി വിരുദ്ധർ എന്ന് ഇവരെ കെജരീവാളും കുറ്റപ്പെടുത്തി. ദേശീയ കൗൺസിലിൽ നിന്ന് ഇരുവരെയും പുറത്താക്കുകയും ചെയ്തു.

ആംആദ്മി പാർട്ടിയുടെ കർഷക റാലിയിൽ കർഷകൻ ആത്മഹത്യ ചെയ്തത് സർക്കാരിനെ ഉലച്ചു. ഗജേന്ദ്ര സിങ് എന്ന കർഷകന്റെ ആത്മഹത്യ ദേശീയ മാദ്ധ്യമങ്ങൾ ആഘോഷിച്ചു. ഗജേന്ദ്ര സിങ്ങിന്റെ മരണത്തിനുശേഷവും റാലി തുടർന്ന കെജരീവാളിന്റെ നടപടിയും ചോദ്യം ചെയ്യപ്പെട്ടു. ഇക്കാര്യത്തിൽ തനിക്ക് പിഴവുപറ്റിയെന്ന് കെജരീവാളിന് പിന്നീട് തുറന്നുസമ്മതിക്കേണ്ടിവന്നു.

സർക്കാരിന്റെ നേട്ടങ്ങൾ പുറത്തുവരുമ്പോഴൊക്കെ വിവാദങ്ങളും കെജരീവാളിനെ പിന്തുടർന്നുകൊണ്ടിരുന്നു. സർക്കാരിന്റെ 100-ാം ദിനാഘോഷം സെൻട്രൽ പാർക്കിൽ ആഘോഷിക്കുമ്പോൾ പ്രഖ്യാപിക്കാൻ ഏറെയുണ്ടായിരുന്നു കെജരീവാളിന്. സൗജന്യ വൈദ്യുതി, വെള്ളം, ചേരികളുടെ നിർമ്മാർജനം, അനധികൃത നിർമ്മാണങ്ങളുടെ പൊളിക്കൽ, അഴിമതിക്കെതിരെ ഹെൽപ്‌ലൈൻ തുടങ്ങി ഒട്ടേറെ നടപടികൾ അതിനകം സർക്കാർ പൂർത്തീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, ഈ നേട്ടങ്ങൾക്കിടെയിലാണ് ഡൽഹി നിയമമന്ത്രി ജിതേന്ദർ ടോമാറിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം കത്തിപ്പടർന്നത്. ഡൽഹി പൊലീസ് ടോമാറിനെ അറസ്റ്റ് ചെയ്തതോടെ സർക്കാരിന് അപമാനിതരാകേണ്ടിവന്നു.

ആദ്യവട്ടം മുഖ്യമന്ത്രിയായപ്പോഴും കെജരീവാളിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നജീബ് ജുങ്ങുമായി ഇക്കുറിയും കെജരീവാളിന് എതിരിടേണ്ടിവന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപ്രസക്തമാക്കുകയാണ് ലെഫ്റ്റനന്റ് ഗവർണറെന്ന് കെജരീവാൾ ആരോപിച്ചു. ചീഫ് സെക്രട്ടറിയുടെ നിയമനക്കാര്യത്തിലും ഡൽഹി വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയെ നിയമിക്കുന്നതിലും അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ അദ്ധ്യക്ഷനെ നിയമിക്കുന്നതിലും കെജരീവാളും ജുങ്ങും തമ്മിൽ ഉരസി.

ഉദ്യോഗസ്ഥ മേധാവികളിൽനിന്ന് കെജരീവാളിന് നിരന്തരം എതിർപ്പുകൾ നേരിടേണ്ടിവന്നു. ഡൽഹിയിലെ സുരക്ഷ സംബന്ധിച്ച ചർച്ചകളിൽ കെജരീവാളും ഡൽഹി പൊലീസ് തലൻ ബി.എസ്. ബാസിയുമായി നേരിട്ട് ഏറ്റുമുട്ടി. ഡൽഹിയുടെ സുരക്ഷ പാലിക്കാൻ പൊലീസിനാവുന്നില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആം ആദ്മി എംഎ‍ൽഎയും മുൻ ഡൽഹി നിയമമന്ത്രിയുമായ സോമനാഥ് ഭാരതിയുടെ വീട്ടിൽ റെയ്ഡ് നടത്തിക്കൊണ്ടാണ് ഡൽഹി പൊലീസ് ഇതിന് പകവീട്ടിയത്. ഗാർഹിക പീഡനക്കേസ് ആരോപിച്ചായിരുന്നു ഈ റെയ്ഡ്.

കെജരീവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ സിബിഐ പരിശോധന നടത്തിയതും വിവാദങ്ങളെ അടുത്ത തലത്തിലേക്ക് നയിച്ചു. കേന്ദ്ര സർക്കാർ തന്നെയും സർക്കാരിനെയും പീഡിപ്പിക്കുകയാണെന്ന് സ്ഥാപിക്കാൻ ഇതിലൂടെ കെജരീവാളിനായി. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ അരുൺ ജെയ്റ്റ്‌ലി കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണം തിരിച്ചടിച്ച് കെജരീവാൾ കേന്ദ്രത്തെയും പ്രതിസന്ധിയിലാക്കി. ബിജെപി എംപി കീർത്തി ആസാദിന്റെ പിന്തുണയും ഇക്കാര്യത്തിൽ കെജരീവാളിന് തുണയായി.

ഡൽഹി നഗരത്തിലെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാൻ കൊണ്ടുവന്ന ഓഡ് ഈവൻ സ്‌കീമാണ് കെജരീവാളിന്റെ ഒരുവർഷത്തെ ഭരണത്തിലെ ഏറ്റവും ശ്രദ്ധേയമായ കാൽവെയ്പ്. വാഹന രജിസ്‌ട്രേഷൻ നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ വാഹനം നിരത്തിലിറക്കുന്നതിൽ കൊണ്ടുവന്ന നിയന്ത്രണം ഡൽഹിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം പകർന്നു. 

ജനാധിപത്യ ഭാരതത്തിൽ പ്രഖ്യാപിത രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമായി ഒരു ജനകീയ മുന്നേറ്റം ഭരണത്തിലേറുന്ന സാഹചര്യമാണ് ആംആദ്മി നടപ്പിലാക്കിയത്. കോൺഗ്രസ്സും ബിജെപിയും അടക്കമുള്ള മുഖധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തിയെ ചോദ്യം ചെയ്ത വിജയത്തെ കൂച്ചുവിലങ്ങിടുന്ന നടപടികളാണ് ഡൽഹിയിൽ ഇതേവരെ കണ്ടത്. എന്നാൽ, ജനങ്ങളെ ഒപ്പം നിർത്തുന്ന പ്രഖ്യാപനങ്ങളിലൂടെയും പദ്ധതികളിലൂടെയും കെജരീവാൾ സർക്കാർ ആദ്യവർഷം പൂർത്തിയാക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP