Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്താക്കപ്പെട്ട മന്ത്രിയുടെ ആരോപണം കെജരീവാളിന് കൂടുതൽ കരുത്തായി; അഴിമതിയാരോപണം തള്ളി പാർട്ടിയിലെ വിമതർപോലും ഒറ്റക്കെട്ടായി; കെജരീവാളിന് പിന്തുണ നൽകി ആപ്പ് വിരുദ്ധരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും വരെ

പുറത്താക്കപ്പെട്ട മന്ത്രിയുടെ ആരോപണം കെജരീവാളിന് കൂടുതൽ കരുത്തായി; അഴിമതിയാരോപണം തള്ളി പാർട്ടിയിലെ വിമതർപോലും ഒറ്റക്കെട്ടായി; കെജരീവാളിന് പിന്തുണ നൽകി ആപ്പ് വിരുദ്ധരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും വരെ

പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര തനിക്കെതിരെ ഉന്നയിച്ച ആരോപണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന് 'ഉർവശീ ശാപം ഉപകാര'മെന്ന മട്ടിലായി. രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന കപിൽ മിശ്രയുടെ ആരോപണം തള്ളി, പാർട്ടിയിലെ വിമതർപോലും കെജരീവാളിനൊപ്പം ചേർന്നു. അടുത്തിടെ പാർട്ടിയിലുണ്ടായ ഭിന്നിപ്പിനെത്തുടർന്ന് കുമാർ ബിശ്വാസിനൊപ്പം ചേർന്ന എംഎ‍ൽഎമാർ പോലും ഇക്കാര്യത്തിൽ അരവിന്ദ് കെജരീവാളിനൊപ്പമാണ്.

ഒരിക്കൽ കെജരീവാളിന്റെ ഉറ്റമിത്രങ്ങളും പിന്നീട് ശത്രുക്കളുമായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പോലുള്ളവരും കപിൽ മിശ്രയുടെ ആരോപണം തള്ളി. ആംആദ്മി പാർട്ടി മുങ്ങുന്ന കപ്പലാണെന്ന കാര്യത്തിൽ ഇരുവർക്കും സംശയമില്ല. പക്ഷേ, കെജരീവാൾ അഴിമതിക്കാരനാണെന്ന് വിശ്വസിക്കാൻ അവർ തയ്യാറല്ല.

12 വർഷമായി തനിക്ക് കെജരീവാളിനെ അറിയാമെന്നും, അദ്ദേഹം അഴിമതിക്ക് കൂട്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്നും കുമാർ ബിശ്വാസ് ട്വീറ്റ് ചെയ്തു. എന്നാൽ, കപിൽ മിശ്രയുടെ ആരോപണത്തിൽ ഉൾപ്പെട്ട ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ തന്റെ ഭാഗം വിശദീകരിക്കണമെന്നും ബിശ്വാസ് പറഞ്ഞു. അഴിമതി നടത്തിയ മന്ത്രി സത്യേന്ദ്ര ജെയ്ൻ ജയിലിൽപ്പോകുമ്പോൾ നിങ്ങൾ വിശ്വസിക്കുമെന്നായിരുന്നു ബിശ്വാസിന്റെ ട്വീറ്റിന് കപിൽ മിശ്രയുടെ മറുപടി.

ജയ്‌നിന്റെ പക്കൽനിന്ന് ഔദ്യോഗിക വസതിയിൽവെച്ച് രണ്ടുകോടി രൂപ കെജരീവാൾ വാങ്ങുന്നത് കണ്ടു എന്നായിരുന്നു കപിൽ മിശ്രയുടെ ആരോപണം. മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന്റെ പിറ്റേന്നാണ് ആരോപണമുന്നയിച്ചതെന്നത് ശ്രദ്ധേയമാണ്. എന്നാൽ, അൽക്ക ലാംബ, ആദർശ് ശാസ്ത്രി, സോംനാഥ് ഭാരതി, രാജേഷ് റിഷി തുടങ്ങി വിമതപക്ഷത്തുള്ള എംഎൽഎമാർ, ഇക്കാര്യത്തിൽ കെജരീവാളിനൊപ്പമാണെന്ന് വ്യക്തമാക്കി.

അരവിന്ദ് കെജരീവാളിനെ വിലയ്‌ക്കെടുക്കാൻ പോന്നവൻ ഇനിയും ജനിക്കേണ്ടിയിരിക്കുന്നുവെന്നാണ് പാർട്ടി സീനിയർ നേതാവ് ആശിഷ് ഖേതൻ ട്വീറ്റ് ചെയ്തത്. മിശ്രയ്ക്ക് മനോനില തെറ്റിയെന്നാണ് മുൻ നേതാവ് ദിലീപ് പാണ്ഡെയുടെ പ്രതികരണം. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിന് ഇന്ത്യയിൽ അവശേഷിക്കുന്ന ഏക നേതാവാണ് കെജരീവാളെന്ന് ആദർശ് ശാസ്ത്രിയും പ്രതികരിച്ചു.

അധികാരക്കൊതിയനും കടുംപിടിത്തക്കാരനുമൊക്കെയാണ് കെജരീവാളെങ്കിലും കൈക്കൂലി വാങ്ങിയെന്ന കാര്യം വിശ്വസിക്കണമെങ്കിൽ കൃത്യമായ തെളിവ് വേണമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. പ്രശാന്ത് ഭൂഷണും സമാനമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ആം ആദ്മി മുങ്ങുന്ന കപ്പലാണെന്നും വലിയൊരു അവസരമാണ് പാർട്ടി നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP