Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നല്ല ദിനങ്ങൾ' നൽകുമെന്ന തന്റെ വാഗ്ദാനം പാലിച്ചുവെന്ന് നരേന്ദ്ര മോദി; 'അധികാര കേന്ദ്രങ്ങളിൽ കണ്ണുവച്ചിരിക്കുന്ന ചിലർക്ക് അത് മോശം ദിനങ്ങളാണെന്ന് മാത്രം; സാധാരണ ജനങ്ങൾക്കായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് പ്രധാനമന്ത്രിയുടെ അവകാശവാദം

'നല്ല ദിനങ്ങൾ' നൽകുമെന്ന തന്റെ വാഗ്ദാനം പാലിച്ചുവെന്ന് നരേന്ദ്ര മോദി; 'അധികാര കേന്ദ്രങ്ങളിൽ കണ്ണുവച്ചിരിക്കുന്ന ചിലർക്ക് അത് മോശം ദിനങ്ങളാണെന്ന് മാത്രം; സാധാരണ ജനങ്ങൾക്കായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് പ്രധാനമന്ത്രിയുടെ അവകാശവാദം

മഥുര: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരം ഏറ്റതു തന്നെ നല്ലദിനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു തുടങ്ങി എവിടെയാണ് ഈ നല്ലദിനങ്ങൾ എന്ന്? എന്നാൽ ഇനി ആരും ആ ചോദ്യം ചോദിക്കരുത്. കാരണം രാജ്യത്ത് നല്ലദിനങ്ങൾ വന്നുകഴിഞ്ഞുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. പെട്രോൾ വിലയിലും അവശ്യസാധനങ്ങളിലും ജനങ്ങൾ നട്ടം തിരിയുമ്പോഴാണ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി രംഗത്തെത്തിയത്. സർക്കാറിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് മഥുരയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി നല്ല ദിനങ്ങൾ നൽകുമെന്ന തന്റെ വാഗ്ദാനം പാലിച്ചെന്ന് പറഞ്ഞത്.

കേന്ദ്രസർക്കാർ അഴിമതിമുക്തമായ ഒരുവർഷമാണ് പിന്നിടുന്നത്. ഈ മാറ്റത്തിന് പിന്നിൽ ജനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നല്ല ദിനങ്ങൾ ചിലർക്ക് മോശം ദിനങ്ങളാണ്. ഡൽഹിയിൽ അധികാരദല്ലാളന്മാരുടെ കാലം അവസാനിച്ചു. യു.പി.എയുടെ കാലത്ത് റിമോട്ട് കൺട്രോൾ സർക്കാരാണ് രാജ്യത്തുണ്ടായിരുന്നത്. പാവപ്പെട്ടവർക്കായി സമർപ്പിതമാണ് കേന്ദ്രസർക്കാർ . സാധാരണ ജനങ്ങൾക്കായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നും മോദി വ്യക്തമാക്കി. മഥുരയിലെത്തിയ പ്രധാനമന്ത്രി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ സ്മാരകത്തിൽ ആദരം അർപ്പിച്ച ശേഷമാണ് പൊതുസമ്മേളന വേദിയിൽ എത്തിയത്.

മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകികൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസഗം. രാജ്യത്തെ കൊള്ളയടിച്ചവർക്ക് ഒരിക്കലും താൻ നല്ല ദിവസങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മോദി പറഞ്ഞു. ഇവിടെ ഇപ്പോഴും നല്ല ദിനങ്ങൾ ഉണ്ട്. പക്ഷെ ഡൽഹിയിലെ അധികാരകേന്ദ്രങ്ങളിൽ കണ്ണുവച്ചിരിക്കുന്ന ചിലർക്ക് അത് മോശം ദിനങ്ങളാണെന്ന് മാത്രം. ദാരിദ്ര്യത്തിനെതിരേ പോരാടുന്ന ഒരു സൈന്യത്തെയാണ് താൻ ഉയർത്തിക്കൊണ്ടുവരുന്നത്. പാവങ്ങൾക്കൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്നും അവരുടെ വികസനം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ രാജ്യത്തുണ്ടായ മാറ്റം കോൺഗ്രസ് അധികാരത്തിലിരുന്നാൽ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോയെന്നും മോദി ചോദിച്ചു. ഒരു വർഷത്തിനുള്ളിൽ തന്റെ സർക്കാർ എടുത്ത തീരുമാനങ്ങൾ പരിശോധിക്കാൻ പോലും 365 മണിക്കൂർ വേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സർക്കാരിന് വോട്ടു ചെയ്തില്ലായിരുന്നെങ്കിൽ രാജ്യത്തെ നാണയപ്പെരുപ്പം എവിടെയെത്തുമെന്ന് ചിന്തിക്കാൻ പോലും പ്രയാസമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ വിദേശ നിക്ഷേപം എട്ട് മടങ്ങ് വർധിച്ച് 25,000 കോടി രൂപയിലെത്തിയതായും മോദി അവകാശപ്പെട്ടു.

ട്രഷറികളിൽ നിന്നും ഇടനിലക്കാർ കൊള്ളയടിക്കുന്ന കാലം കഴിഞ്ഞു. സബ്‌സിഡികൾ നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തിക്കുക വഴി ഈ ഇടനിലക്കാരുടെ സാന്നിധ്യമാണ് ഒഴിവാക്കിയത്. ഞങ്ങൾ കൊള്ളയടിച്ചു, നിങ്ങളും കൊള്ളയടിച്ചിട്ടു പൊയ്‌ക്കോ എന്നാണ് ചിലർ പറയുന്നതെന്ന് കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

കർഷകരുടെ ആത്മഹത്യ രാഷ്ട്രീയവൽക്കരിക്കുകയല്ല വേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച് അറുപത് വർഷത്തിന് ശേഷവും കർഷകർ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ചിന്തിക്കേണ്ടത്. മൂന്ന് ലക്ഷത്തിലധികം കർഷകരാണ് ഇതിനോടകം രാജ്യത്ത് ജീവനൊടുക്കിയത്. ആരാണ് ഉത്തരവാദിയെന്നോ എത്ര പേർ മരിച്ചുവെന്നോ ചർച്ച ചെയ്യാൻ താനില്ല. കർഷകർക്ക് മതിയായ ഭൂമിയും വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്ത് വളത്തിന്റെ ഉൽപാദനം സർക്കാർ വർധിപ്പിച്ചത് കർഷകർക്ക് വേണ്ടിയാണ്.

100 വർഷത്തിനിടെ ഇന്ത്യൻ രാഷ്ട്രീയത്തെ മൂന്ന് പേരാണ് സ്വാധീനിച്ചത്. മഹാത്മാ ഗാന്ധിയും റാം മനോഹർ ലോഹ്യയും ദീൻ ദയാൽ ഉപാധ്യായയും. ഈ മൂന്നുപേരുടെയും ചിന്താഗതിയിൽ ഒരേപോലെ ഉണ്ടായിരുന്നത് ഇന്ത്യയിലെ ദരിദ്രജനതയും ഗ്രാമങ്ങളും കർഷകരുമാണ്. ക്ഷീണമറിയാതെ യാത്ര തുടരാനാണ് ദീൻ ദയാൽ ഉപാധ്യായ പറഞ്ഞിട്ടുള്ളതെന്നും നരേന്ദ്ര മോദി പറഞ്ഞു.

സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരാണ് ഈ സർക്കാരിനെ കർമ്മനിരതരാകാൻ പ്രേരിപ്പിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരുടെ വരുമാനത്തെക്കുറിച്ച് മുൻ സർക്കാർ ചിന്തിച്ചിരുന്നില്ല. താൻ അധികാരത്തിലെത്തിയപ്പോൾ ജീവനക്കാരുടെ പ്രൊവിഡന്റ ഫണ്ടിൽ അവകാശികളില്ലാത്ത 27,000 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്. അത് പാവങ്ങളുടെ പണമാണ്. ഇന്ന് അക്കൗണ്ടുകൾ ഏകീകൃത തിരിച്ചറിയൽ കാർഡുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ജോലി വിട്ടുപോകുമ്പോൾ ഈ പണവും കൃത്യമായി കൈകളിലെത്തും. കഴിഞ്ഞ വർഷത്തേക്കാൾ ആറ് ലക്ഷം വിനോദസഞ്ചാരികളാണ് രാജ്യം സന്ദർശിച്ചത്. യുവാക്കൾക്ക് ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ലഭിച്ചു. ഭാരതത്തിൽ ആറ് കോടി ചെറുകിട ബിസിനസുകാരാണ് ഉള്ളത്. ഇവർ പന്ത്രണ്ട് കോടിയോളം പേർക്ക് തൊഴിൽ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇതൊക്കെ തന്നെയാണ് തെരഞ്ഞെടുപ്പു വേളയിൽ താൻ ഉദ്ദേശിച്ച നല്ലദിനങ്ങളെന്ന് പറയുന്നതായിരുന്നു മോദിയുടെ പ്രസംഗം. അതേസമയം ബിജെപിയുടെ മുതിർന്ന നേതാവ് എൽകെ അദ്വാനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP