Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വത്തുക്കളുടെ അവകാശം സിദ്ധിച്ച ശശികല ഇനി അധികാരത്തിനായി പോരാട്ടം തുടങ്ങും; സ്വയം മുഖ്യമന്ത്രിയാകാനോ കുടുംബക്കാരെ തിരുകി കയറ്റാനോ ശ്രമിക്കും; ദുർബ്ബലനായ പനീർശെൽവത്തിന് പിടിച്ചു നിൽക്കാൻ സാധിക്കില്ല; അവതാരങ്ങൾ എത്താൻ വൈകിയാൽ ജയലളിതയുടെ പാർട്ടി ചിന്ന ഭിന്നമാകും: സുബ്രഹ്മണ്യംസ്വാമി പറഞ്ഞത് വെറുതെയല്ല

സ്വത്തുക്കളുടെ അവകാശം സിദ്ധിച്ച ശശികല ഇനി അധികാരത്തിനായി പോരാട്ടം തുടങ്ങും; സ്വയം മുഖ്യമന്ത്രിയാകാനോ കുടുംബക്കാരെ തിരുകി കയറ്റാനോ ശ്രമിക്കും; ദുർബ്ബലനായ പനീർശെൽവത്തിന് പിടിച്ചു നിൽക്കാൻ സാധിക്കില്ല; അവതാരങ്ങൾ എത്താൻ വൈകിയാൽ ജയലളിതയുടെ പാർട്ടി ചിന്ന ഭിന്നമാകും: സുബ്രഹ്മണ്യംസ്വാമി പറഞ്ഞത് വെറുതെയല്ല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സ്വത്തിന്റെ അവകാശം ശശികലയ്ക്കും രാഷ്ട്രീയ അധികാരം പനീർശെൽവത്തിനുമെന്നുമാണ് ജയലളിത വിൽപത്രത്തിലൂടെ അറിയിച്ചതെന്നാണ് വിലയിരുത്തലുകൾ. എന്നാൽ സ്വത്തുകൊണ്ട് മാത്രം ശശികല തൃപ്തയാകില്ലെന്നാണ് സൂചന. അധികാര കേന്ദ്രമാകാൻ അവർ ആവത് ശ്രമിക്കും. ജയലളിതയുടെ മരണത്തോടെ ഒഴിവു വന്ന നിയമസഭാ സീറ്റിൽ മത്സരിച്ച് മുഖ്യമന്ത്രിയാവുകയും മോഹമായി മനസ്സിലുണ്ടാകും. അത് സംഭവിച്ചില്ലെങ്കിൽ മറ്റൊരു മുഖ്യമന്ത്രിയേയും നിയോഗിക്കാൻ ശശികല ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ജയലളിതയുടെ സംസ്‌കാര ചടങ്ങ് പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കിയത് ഇതിന് വേണ്ടിയാണെന്നാണ് വിലയിരുത്തൽ.

ജയലളിതയുമായുണ്ടായിരുന്ന ആത്മബന്ധം ശശികല വ്യക്തമാക്കുകയാണ് ചെയ്ത്. ഇനി അധികാരത്തിന് വേണ്ടിയുള്ള നീക്കവും. ഇത് എ.ഐ.എ.ഡി.എം.കെ.യിൽ പിളർപ്പുണ്ടാകുമെന്നും ജയലളിതയുടെ വിശ്വസ്ത ശശികല നടരാജൻ പാർട്ടിയുടെ അധികാര സ്ഥാനത്തെത്തുമെന്നും എംപി.യും മുതിർന്ന ബിജെപി. നേതാവുമായ സുബ്രഹ്മണ്യൻസ്വാമി പറയുന്നതിൽ അതിന് പ്രസക്തി ഏറെയാമ്. പനീർശെൽവത്തെ സ്വതന്ത്രമായി മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് ഭരിക്കാൻ ശശികല അനുവദിക്കില്ലെന്നും സ്വാമി പറഞ്ഞു. പനീർശെൽവത്തിന് പകരമായി മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വന്തം കുടുംബത്തിൽനിന്ന് ആരെയെങ്കിലും ശശികല കണ്ടെത്തും. പനീർശെൽവത്തിന് പാർട്ടിയിൽ ഒരു അടിത്തറയുമില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഈ വാക്കുകളെ ഏറെ പ്രാധാന്യത്തോടെയാണ് തമിഴക രാഷ്ട്രീയം കാണുന്നത്.

ജയലളിതയ്ക്കു ശേഷം ആരാകും മുഖ്യമന്ത്രിയെന്നതായിരുന്നു ആദ്യചോദ്യം. ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുൻപേ അണ്ണാ ഡിഎംകെ പാർലമെന്ററി പാർട്ടി യോഗം ചേർന്നു. എംഎൽഎമാർ പുതിയ നേതാവായി പനീർസെൽവത്തെ തിരഞ്ഞെടുത്തു. രണ്ടു മണിക്കൂറിനകം അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതി!ജ്ഞ ചെയ്തു. തേവർ സമുദായാംഗമായ പനീർസെൽവത്തിന്റെ തിരഞ്ഞെടുപ്പിന് അതേ സമുദായാംഗമായ ശശികലയും തുണച്ചെന്നാണു സൂചനകൾ. അണ്ണാ ഡിഎംകെയെ സംബന്ധിച്ചിടത്തോളം സുപ്രീം കമാൻഡർ പദവിയെന്നു കരുതപ്പെടുന്ന ജനറൽ സെക്രട്ടറിപദമാണ് ഏറ്റവും പ്രധാനം. ഇത് ശശികല കൈയിലാക്കുമെന്നാണ് വിലയിരുത്തൽ. ശശികല ജനറൽ സെക്രട്ടറിയാവുകയാണെങ്കിൽ പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെടാനുള്ള സാധ്യതയാണു കാണുന്നത്. എംജിആർ യുഗത്തിനു ശേഷം പിളർപ്പിന്റെ ചെറിയ ഇടവേളയിലൊഴികെ ജയലളിതയായിരുന്നു അണ്ണാ ഡിഎംകെയിലെ അവസാന വാക്ക്. ജയ തന്നെയായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി. പാർട്ടി ഭരിക്കുമ്പോൾ മുഖ്യമന്ത്രിയും. ആ സ്ഥിതിക്കാണു മാറ്റം വരുന്നത്.

ജയയെപ്പോലെ പാർട്ടിയെയും ഭരണത്തെയും നിയന്ത്രണത്തിലാക്കാനും അച്ചടക്കം നിലനിർത്താനും മറ്റൊരാൾക്കു കഴിയണമെന്നില്ല. ജയയ്ക്കു ശേഷം ശൂന്യതയല്ലെന്നു തെളിയിക്കേണ്ട വലിയ ബാധ്യതയാണു പുതിയ മുഖ്യമന്ത്രി പനീർസെൽവവും ശശികലയും ഉൾപ്പെടെയുള്ളവർക്കുള്ളത്. ഇതിനിടെയിലേക്ക് വ്യക്തിതാൽപ്പര്യം വന്നാൽ എല്ലാം തകർന്നടിയും. ജനസ്വാധീനമുള്ള സിനിമാ മേഖലയിൽ നിന്നുള്ളവർ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത് മാത്രമാണ് ഏക പോംവഴി. രജനികാന്തും അജിത്തും അതിന് തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് സംഭവിച്ചാൽ നേതാക്കൾ പിണങ്ങിപ്പോയാലും അമ്മ വികാരം ഉയർത്തി അണികളെ എഐഎഡിഎംകെയ്‌ക്കൊപ്പം ചേർത്ത് നിർത്താൻ കഴിയും. അല്ലാത്ത പക്ഷം എംജിആറിന്റേയും ജയലളിതയുടേയും പാർട്ടി അപ്രസക്തമാകും.

ജയലളിതയില്ലാത്ത തമിഴ്‌നാട് രാഷ്ട്രീയം ജയലളിതയിൽനിന്ന് തോഴി ശശികലയിലേക്ക് അടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ജയലളിതയുടെ മരണാന്തര കർമം ചെയ്യാൻ നിയോഗിക്കപ്പെട്ട ശശികല എ.ഡി.എം.കെയുടെ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമെല്ലാം അനുശോചനം അറിയിച്ചത് ശശികലയെയാണ്. ആദരാഞ്ജലി അർപ്പിക്കാനെത്തിയ ഏഴു മുഖ്യമന്തിമാരും അനുശോചനം അറിയിച്ചതും ശശികലയെയാണ്. ഈ സമയമെല്ലാം വെറും കാഴ്ചക്കാരന്റെ റോളായിരുന്നു മുഖ്യമന്ത്രി പനീർശെൽവത്തിനുണ്ടായിരുന്നത്. ഇത്തരത്തിൽ പനീർശെൽവത്തെ കാഴ്ചക്കാരനായി ഭരണം നിയന്ത്രിക്കാനാകും ആദ്യം ശശികല ശ്രമിക്കുകയെന്നാണ് വിലയിരുത്തൽ. അധികം വൈകാതെ തന്നെ പാർട്ടിയെ സ്വന്തമാക്കും.

ജയലളിതയുടെ മരണവിവരം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പനീർശെൽവത്തെ മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതിന് നേതൃത്വം നൽകിയത് ശശികലയായിരുന്നു. പനീർശെൽവത്തിനൊപ്പം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, ഒരിക്കൽ ശശികലയുടെ അതൃപ്തി ഏറ്റുവാങ്ങേണ്ടി വന്ന തമ്പിദുരൈ അവസാന നിമിഷം പിന്തള്ളപ്പെട്ടു. സുപ്രീം കോടതി വിധിപ്രകാരം ജയലളിത ആദ്യം മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് അഞ്ചു മന്ത്രിമാരാണ് രംഗത്തുവന്നത്. അന്ന് മന്ത്രിമാരിൽ അത്രയൊന്നും പ്രധാനി അല്ലാതിരുന്ന പനീർശെൽവം അപ്രതീക്ഷിതമായി മുഖ്യമന്ത്രിയാകുകയായിരുന്നു. പിന്നീട് 2014ൽ ജയലളിതയ്ക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നപ്പോഴും പനീർശെൽവത്തെത്തേടി മുഖ്യമന്ത്രിപദമെത്തി. ഇതിനുശേഷം ജയലളിത ആശുപത്രിയിലായപ്പോൾ മുഖ്യമന്തിയുടെ വകുപ്പുകൾ എത്തിയതും പനീർശെൽവത്തിനാണ്. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രൻ ടി.ടി.വി. ദിനകരന്റെ അടുത്ത സുഹൃത്തെന്ന പരിഗണനയാണ് പനീർശെൽവത്തിന് തുണയായായത്.

ജയലളിത ഇല്ലാത്ത തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനും ബിജെപിക്കുമുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ പ്രദേശിക പാർട്ടികളുടെ അധികാരം ആദ്യമായി കാട്ടിക്കൊടുത്തത് തമിഴ്‌നാട് രാഷ്ട്രീയമാണ്. ഇതിനിടെയാണ് എഐഎഡിഎംകെയിൽ പുതിയ നേതൃത്വ പ്രശ്‌നങ്ങളുമുണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP