Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിജെപിയെയും മായാവതിയെയും നേരിടാൻ ബിഹാർ മോഡൽ അഖിലേഷ് പരീക്ഷിക്കുമോ; കോൺഗ്രസുമായി വിശാലസഖ്യമുണ്ടാക്കിയാൽ 300 സീറ്റെങ്കിലും നേടാമെന്ന് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ; അച്ഛനെ തോൽപ്പിച്ചു സൈക്കിൾ സ്വന്തമാക്കിയ അഖിലേഷിന്റെ അടുത്ത നീക്കങ്ങൾ പ്രവചനാതീതം

ബിജെപിയെയും മായാവതിയെയും നേരിടാൻ ബിഹാർ മോഡൽ അഖിലേഷ് പരീക്ഷിക്കുമോ; കോൺഗ്രസുമായി വിശാലസഖ്യമുണ്ടാക്കിയാൽ 300 സീറ്റെങ്കിലും നേടാമെന്ന് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ; അച്ഛനെ തോൽപ്പിച്ചു സൈക്കിൾ സ്വന്തമാക്കിയ അഖിലേഷിന്റെ അടുത്ത നീക്കങ്ങൾ പ്രവചനാതീതം

ന്യൂഡൽഹി: അച്ഛൻ മുലായം സിങ്ങുമായിട്ടുള്ള പോരിൽ വിജയിച്ച് സമാജ്‌വാദിയുടെ ഔദ്യോഗിക നേതാവായി അംഗീകരിക്കപ്പെടുകയും പാർട്ടി ചിഹ്നമായ സൈക്കിൾ സ്വന്തമാക്കുകയും ചെയ്ത യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തുടർനീക്കങ്ങൾക്കായി രാഷ്ട്രീയനിരീക്ഷകർ ഉറ്റു നോക്കുകയാണ്. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ഉടൻ തയാറാക്കുകയായിരിക്കും അദ്ദേഹത്തിന്റെ ആദ്യത്തെ നടപടിയെന്നു കരുതുന്നു. രണ്ടു ദിവസത്തിനകം തന്റെ സ്ഥാനാർത്ഥികളെ അദ്ദേഹം പ്രഖ്യാപിച്ചേക്കും. പാർട്ടി പിളർപ്പിലേക്കുവരെ നീണ്ട അച്ഛനുമായുള്ള അഖിലേഷിന്റെ തർക്കത്തിന്റെ മുഖ്യകാരണം പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള അവകാശമായിരുന്നു.

ഇതോടൊപ്പം തന്നെ ബീഹാർ മോഡലിൽ കോൺഗ്രസുമായുള്ള ഒരു വിശാല സഖ്യത്തിനുള്ള നീക്കവും അഖിലേഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാഷ്ട്രീയ ലോക് ദൾ പോലുള്ള ചെറിയ പാർട്ടികളെയും വിശാല സഖ്യത്തിൽ ഉൾപ്പെടുത്തിയേക്കും.

25 വർഷം മുമ്പ് സമാജ്‌വാദി പാർട്ടി സ്ഥാപിച്ച മുലായത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് മകൻ അഖിലേഷിന് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം തെരഞ്ഞെടുപ്പു കമ്മീഷൻ തിങ്കളാഴ്ച വൈകിട്ടു നല്കിയത്. അഖിലേഷ് നേതൃത്വം നല്കുന്ന വിഭാഗമാണ് യഥാർത്ഥ സമാജ്‌വാദി പാർട്ടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം അംഗീകരിക്കുമെന്നും മകനെതിരേ മത്സരിക്കുമെന്നും മുലായം നേരത്തേ വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന തെരഞ്ഞെടുപ്പിന് പുതിയ ചിഹ്നമടക്കം കണ്ടെത്തേണ്ട ഗതികേടിലാണ് സമാജ്‌വാദി പാർട്ടിയുടെ സ്ഥാപകൻ.

നോട്ടുനിരോധനവും സർജിക്കൽ സ്‌ട്രൈക്കും അടക്കമുള്ള ശക്തമായ വിഷയങ്ങൾ ഉന്നയിച്ചു തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങുന്ന ബിജെപിയെയും ജാതി രാഷ്ട്രീയം കളിക്കുന്ന മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയെയും ഫലപ്രദമായി നേരിടാൻ വിശാലസഖ്യം അനിവാര്യമാണെന്ന കണക്കുകൂട്ടലിലാണ് അഖിലേഷ്. അതോടൊപ്പംതന്നെ സ്വന്തം അച്ഛന്റെ നേതൃത്വത്തിലുള്ള എതിർപ്പിനെയും അദ്ദേഹത്തിനു തരണം ചെയ്യേണ്ടതുണ്ട്.

യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ 300 ഉം സമാജ് വാദിക്കു ഉറപ്പാക്കുന്ന സഖ്യത്തിനായിരിക്കും അഖിലേഷ് മുതിരുക. കോൺഗ്രസിന് 75ഉം രാഷ്ട്രീയ ലോക്ദളിന് 25-30 സീറ്റുകളും നല്കിയേക്കും. നേരത്തേ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അധികാരം നിലനിർത്താൻ പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് അഖിലേഷും പയറ്റാനൊരുങ്ങുന്നത്. മുഖ്യശത്രുവായിരുന്ന ലാലുപ്രസാദ് യാദവിന്റെ ആർജെഡിയെ കൂട്ടുപിടിച്ചാണ് നിതീഷ് കുമാറിന്റെ ജെഡിയു ബിജെപിയെ തറപറ്റിച്ചത്.

അഞ്ചുവർഷത്തെ ഭരണംകൊണ്ട് വികസനായകനെന്ന പ്രതിച്ഛായ അഖിലേഷ് സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസുമായി സഖ്യമുണ്ടാക്കുകയാണെങ്കിൽ 300 സീറ്റുകളെങ്കിലും ഉറപ്പിക്കാമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. ഫെബ്രുവരി 11ന് ആരംഭിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായിട്ടാണു പൂർത്തിയാകുക. മാർച്ച് 11നാണ് വോട്ടെണ്ണൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP