Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കപ്പിനും ചുണ്ടിനും ഇടയിൽ കണ്ണന്താനത്തിന് പദവി നഷ്ടം; അഡ്‌മിനിസ്‌ട്രേറ്റർ നിയമനത്തെ എതിർത്ത് പഞ്ചാബിലെ ബിജെപി സഖ്യകക്ഷിയായ അകാലിദൾ രംഗത്ത് വന്നതോടെ ലഫ്റ്റനന്റ് ഗവർണ്ണർ നിയമനം മരവിപ്പിച്ചു; അന്തിമ തീരുമാനം ചർച്ചകൾക്ക് ശേഷമെന്ന് കേന്ദ്രം

കപ്പിനും ചുണ്ടിനും ഇടയിൽ കണ്ണന്താനത്തിന് പദവി നഷ്ടം; അഡ്‌മിനിസ്‌ട്രേറ്റർ നിയമനത്തെ എതിർത്ത് പഞ്ചാബിലെ ബിജെപി സഖ്യകക്ഷിയായ അകാലിദൾ രംഗത്ത് വന്നതോടെ ലഫ്റ്റനന്റ് ഗവർണ്ണർ നിയമനം മരവിപ്പിച്ചു; അന്തിമ തീരുമാനം ചർച്ചകൾക്ക് ശേഷമെന്ന് കേന്ദ്രം

ന്യൂഡൽഹി: ചണ്ഡിഗഡിൽ ലഫ്. ഗവർണർ റാങ്കിലുള്ള അഡ്‌മിനിസ്‌ട്രേറ്ററായുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ നിയമനം കേന്ദ്ര സർക്കാർ മരവിപ്പിച്ചു. എൻഡിഎ സഖ്യകക്ഷിയും പ!ഞ്ചാബിലെ ഭരണകക്ഷിയുമായ അകാലിദളിന്റെ എതിർപ്പിനെത്തുടർന്നാണു നടപടി. നിയമനം പുനഃപരിശോധിക്കണമെന്നു പ!ഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു. കോൺഗ്രസും ആം ആദ്മി പാർട്ടിയും അഡ്‌മിനിസ്‌ട്രേറ്റർ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നു.

പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡ് കേന്ദ്രഭരണപ്രദേശമാണ്. 1966-84 കാലയളവിൽ ഇവിടെ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചിരുന്നു. പിന്നീട് പഞ്ചാബ് ഗവർണർക്ക് അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതല നൽകിവരികയാണ്. ചണ്ഡിഗഡിന് അഡ്‌മിനിസ്‌ട്രേറ്റർ വരുന്നതു പഞ്ചാബിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്. ഇതോടെ മലയാളിയായ കണ്ണന്താനത്തിന് പദവി നഷ്ടമായി. ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം എന്നാണ് നിലപാട്. എന്നാൽ പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണന്താനത്തിന് പദവി നൽകില്ലെന്നാണ് സൂചന.

ചണ്ഡിഗഡ് അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ച വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണു രാവിലെ കണ്ണന്താനത്തെ വിളിച്ച് അറിയിച്ചത്. ശക്തമായ എതിർപ്പിനെത്തുടർന്നു ബിജെപി കേന്ദ്രനേതൃത്വം രാത്രി വൈകി നിയമനം മരവിപ്പിക്കുകയായിരുന്നു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമാണു കണ്ണന്താനം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ചണ്ഡീഗഡ് കേന്ദ്രഭരണപ്രദേശമാണ്. മുമ്പ് ചീഫ് കമ്മീഷണർമാരായിരുന്നു ഭരണത്തലവൻ. ഈ പദവി അഡ്‌മിനിസ്‌ട്രേറ്ററായി ഉയർത്തിയ ശേഷമുള്ള ആദ്യ നിയമനമാണിത്. ഏറ്റവും വലിയ ഉത്തരവാദിത്വമാണ് തനിക്ക് നൽകിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും നന്ദി രേഖപ്പെടുത്തുന്നതായും അൽഫോൻസ് കണ്ണന്താനം പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് നിയമനം മരവിപ്പിച്ചത്.

27 വർഷത്തെ ഐഎഎസ് ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ കണ്ണന്താനം 2006ൽ കാഞ്ഞിരപ്പള്ളി എംഎൽഎയായിരുന്നു. ഐഎഎസ് ഉദ്യോഗക്കാലത്ത് ഡൽഹി ഡവലപ്‌മെന്റ് അഥോറിറ്റി കമ്മീഷണർ സ്ഥാനത്തിരുന്ന് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP