Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുപി പിടിച്ച അമിത്ഷായുടെ അടുത്ത അജൻഡ കാശ്മീരിൽ ഹിന്ദു മുഖ്യമന്ത്രിയെ വാഴിക്കുക; പ്രഖ്യാപനങ്ങളുമായി ബിജെപി പ്രസിഡന്റ് കാശ്മീരിൽ

യുപി പിടിച്ച അമിത്ഷായുടെ അടുത്ത അജൻഡ കാശ്മീരിൽ ഹിന്ദു മുഖ്യമന്ത്രിയെ വാഴിക്കുക; പ്രഖ്യാപനങ്ങളുമായി ബിജെപി പ്രസിഡന്റ് കാശ്മീരിൽ

നരേന്ദ്ര മോദിയുടെ വലംകൈയാണ് അമിത്ഷായെന്ന് ഏവർക്കുമറിയാം. മോദിയെ പ്രധാനമന്ത്രിപദത്തിലേറ്റുന്നതിൽ അമിത്ഷാ വഹിച്ച് പങ്ക് വളരെ വലുതാണ്. അതുപോലെത്തന്നെ ഉത്തർപ്രദേശിനെ ബിജെപിയുടെ കൈപ്പിടിയിലൊതുക്കിയതിന്റെ ക്രെഡിറ്റും മറ്റാർക്കുമല്ല. അടങ്ങിയിരിക്കുകയെന്നത് അമിത്ഷായുടെ ഡയറിയിലില്ലാത്ത കാര്യമാണ്. ഇപ്പോഴിതാ പുതിയ ദൗത്യവുമായി ബിജെപി പ്രസിഡന്റ് ജമ്മുകാശ്മീരിൽ എത്തിയിരിക്കുകയാണ്.

ജമ്മുകാശ്മീരിൽ ഒരു ഹിന്ദുമുഖ്യമന്ത്രിയെ വാഴിക്കുകയെന്ന ലക്ഷ്യവുമായാണ് അമിത്ഷാ ഇവിടെയെത്തിയിരിക്കുന്നത്. ആ ലക്ഷ്യത്തിനായി 24 മണിക്കൂറും വിയർപ്പൊഴുക്കിക്കൊണ്ട് ആർഎസ്എസ് പ്രവർത്തകരും രംഗത്തുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി എങ്ങനെയെങ്കിലും വിജയിക്കുന്നുമെന്നതിനാൽ താൻ അവയെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുന്നില്ലെന്നും എന്നാൽ കാശ്മീരിൽ വിജയിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അതിനായി അക്ഷീണപരിശ്രമം നടത്തണമെന്നുമാണ് അടുത്തിടെ മോട്ടി കൗളിൽ ഒരു യോഗത്തിൽ സംസാരിക്കവെ അമിത്ഷാ കാശ്മീരിലെ പാർട്ടിനേതാക്കളോട് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം വിജയിച്ചാൽ ബിജെപി മുഖ്യന്ത്രിയെ സംസ്ഥാനത്ത് വാഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതനുസരിച്ച് തങ്ങളുടെ പ്രസിഡന്റിന്റെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ പരക്കം പായുകയാണ്. ബിജെപി ഈ ഇലക്ഷനിൽ കാശ്മീരിൽ ചരിത്രം സൃഷ്ടിക്കുമെന്നാണ് പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ ഡോ. നിർമൽ സിങ് പറയുന്നത്. പ്രധാനമന്ത്രിയുടെ സബ്കാ സാത്ത്, സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിൽ ഇവിടുത്തെ വോട്ടർമാർ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണെന്നും നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യത്തെ തറപറ്റിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള ഭരണകൂടം സംസ്ഥാനത്ത് അഴിമതിഭരണം മാത്രമേ നടപ്പിലാക്കിയുള്ളൂ. മിഷൻ കാശ്മീർ ഒരു മുദ്രാവാക്യം മാത്രമല്ല. ഇത് യാഥാർത്ഥ്യമാക്കാൻ ബിജെപി ഒരുങ്ങുകയാണെന്നും നിർമൽ സിങ് പറഞ്ഞു. ബിജെപിക്ക് ദേശീയതലത്തിൽ 272 സീറ്റ് കിട്ടുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അത് യാഥാർത്ഥ്യമായിരിക്കുന്നു. അതുപോലെ കാശ്മീരിലും സംഭവിക്കും. തന്റെ കഴിവ് എന്താണെന്ന് അമിത്ഷാ യുപിയിൽ തെളിയിച്ചതാണെന്നും അത് കാശ്മീരിലും ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മുവിലെ 37 അസംബ്ലി സെഗ്മെന്റുകളിൽ ബിജെപി 30ലും നയിച്ചിരുന്നു. ലഡാക്കിലെ നാലിൽ മൂന്നിലും പാർട്ടി മത്സരിച്ചു. ജമ്മുവിലെ കാശ്മീരിലുമുള്ള നിയമസഭാസീറ്റുകളിൽ പരമാവധി വിജയം നേടുകയാണ് അമിത്ഷായുടെ പ്രാഥമിക ലക്ഷ്യം. 2008ലെ നിയമസഭാ തെരഞ്ഞടുപ്പിൽ ജമ്മുമേഖലയിലെ 37 സീറ്റുകളിൽ ബിജെപി 11 എണ്ണം നേടിയിരുന്നു. എന്നാൽ കശ്മീർ മേഖലിയിലെ 46 എണ്ണത്തിൽ ഒറ്റയെണ്ണവും പാർട്ടിക്ക് ലഭിച്ചിരുന്നില്ല. അതുപോലെത്തന്നെ ലഡാക്കിലെ നാലിലും പാർട്ടിക്ക് ഒന്നു നേടാനായില്ല. എന്നാൽ അടുത്തിടെ നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം ആശാവഹമായിരുന്നു. 87 അസംബ്ലിസീറ്റുകളിൽ 33 എണ്ണത്തിൽ പാർട്ടിക്ക് മൂൻതൂക്കമുണ്ടായിരുന്നു. എന്നാൽ ജമ്മുവിലും ലഡാക്കിലും മാത്രമല്ല പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലുപരിയായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും തന്റെ ദൗത്യവുമായി ഷാ കടന്നു ചെല്ലുന്നുണ്ട്.

കാശ്മീർ താഴ് വരയിലെ 46 സീറ്റുകളിൽ എട്ട് എണ്ണത്തിൽ കാശ്മീരി പണ്ഡിറ്റുകൾക്ക് സ്വാധീനമുണ്ട്. അവരെ വൻതോതിൽ ബിജെപിയിലേക്ക് അടുപ്പിക്കാൻ തകൃതിയായ ശ്രമം നടക്കുന്നു. 90കളുടെ ആദ്യത്തിൽ ഇവർക്ക് നേരെ വൻ തോതിൽ ആക്രമണങ്ങൾ നടന്നിരുന്നു. ഇവിടെ 2.5 ലക്ഷം രജിസ്റ്റേർഡ് കാശ്മീരി പണ്ഡിറ്റ് വോട്ടർമാർ ഉണ്ടെന്നാണ് കണക്ക്. ജമ്മു, ദൽഹി, നോയ്ഡ, ഗസ്സിയാബാദ്, പഞ്ചാബിലെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ള പണ്ഡിറ്റുമാർക്കിടയിൽ ബിജെപി ഡോർ ടു ഡോർ പ്രചരണമാണ് നടത്തുന്നത്. രാജ്യത്തുടനീളം വോട്ടവകാശമില്ലാത്ത നിരവധി കാശ്മീരി പണ്ഡിറ്റുമാരുണ്ടെന്നും ശേഷിക്കുന്നവരെക്കൂടി എന്റ് റോൾ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബിജെപി വാഗ്ദാനം നൽകുന്നുണ്ട്. കാശ്മീരിലെ ഹബ്ബാകാഡൈ, ഗൻഡർബാൽ, കുൽഗം, അനന്ത്‌നാഗ്, ട്രാൽ എന്നീ സീറ്റുകളിൽ പണ്ഡിറ്റുമാർക്ക് സ്വാധീനമുണ്ട്.

വിവിധ പാർട്ടികളിലെ അസംതൃപ്തരായ നേതാക്കളെ വലവീശിപ്പിടിക്കാനും ബിജെപി തന്ത്രങ്ങൾ മെനയുന്നുണ്ട്. പ്രാദേശികതലത്തിൽ അവർക്കുള്ള സ്വാധീനം പ്രയോജനപ്പെടുത്തി കാശ്മീരിൽ ബിജെപിക്ക് നേട്ടമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പ്രാദേശികപാർട്ടികളുമായി ഫലപ്രദമായ സഖ്യമുണ്ടാക്കാനും കോപ്പുകൂട്ടുന്നുണ്ട്. ഡോ. ബീംസിംഗിന്റെ പാൻതേർസ് പാർട്ടിയുമായി സീറ്റുപങ്ക് വയ്ക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ നടന്നുവരികയാണ്. ലഡാക്കിൽ സ്വാധീനമുള്ള ഇമാം ഖോമിനി മെമോറിയൽ ട്രസ്റ്റുമായി ബിജെപി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാർഗിൽ, സൻസ്‌കാർ എന്നീ മേഖലകളിൽ ഈ ട്രസ്റ്റ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അവാമി ഇറ്റിഹാദ് പാർട്ടിയുമായും ബിജെപി സഖ്യമുണ്ടാക്കാനൊരുങ്ങുന്നു.

കാശ്മീർ ഉത്തർപ്രദേശല്ലെന്നും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പൊളിറ്റിക്കൽ അഡൈ്വസറായ ദേവേന്ദർ റാണെ പറയുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് ബിജെപിയുടെ തന്ത്രങ്ങൾ ഫലിക്കില്ലെന്നാണ് പിഡിപ വക്താവ് ഡോ.സമീർ കൗൾ പറയുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിയും പിഡിപിയും തമ്മിൽ തീപാറുന്ന പോരാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP