Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിവിരുദ്ധ സഖ്യത്തിന് ആവേശം നൽകികൊണ്ട് ബിഹാറിലെ എൻഡിഎയിൽ ഉഗ്രനടി; സിറ്റിങ് സീറ്റുകളിൽ എല്ലാം വേണമെന്ന ബിജെപിയുടെ ആവശ്യം നിഷ്‌ക്കരുണം തള്ളി ജെഡിയു; നിതീഷിന് കൊടുക്കാനായി തങ്ങളുടെ സീറ്റുകൾ കുറയ്ക്കരുതെന്ന് മറ്റു കക്ഷികൾ

മോദിവിരുദ്ധ സഖ്യത്തിന് ആവേശം നൽകികൊണ്ട് ബിഹാറിലെ എൻഡിഎയിൽ ഉഗ്രനടി; സിറ്റിങ് സീറ്റുകളിൽ എല്ലാം വേണമെന്ന ബിജെപിയുടെ ആവശ്യം നിഷ്‌ക്കരുണം തള്ളി ജെഡിയു; നിതീഷിന് കൊടുക്കാനായി തങ്ങളുടെ സീറ്റുകൾ കുറയ്ക്കരുതെന്ന് മറ്റു കക്ഷികൾ

മറുനാടൻ ഡെസ്‌ക്‌

പട്‌ന: കർണാടകയിൽ രൂപംകൊണ്ട മോദി വിരുദ്ധ സഖ്യത്തിന് ആവേശം പകരുന്ന വാർത്തകളാണ് പൊതുവേ ദേശീയ രാഷ്ട്രീയത്തിൽ നിന്നും പുറത്തുവരുന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റുകൾ പിടിച്ചെടുത്താണ് മോദിവിരുദ്ധ സഖ്യം കരുത്തു കാണിച്ചത്. ഇപ്പോൾ അതിന്റെ തുടർച്ചയായുള്ള നീക്കങ്ങൾ ശക്തമായി നടക്കുകയും ചെയ്യുന്നു. ബിഹാറിൽ ഇതിനിടെയിൽ തേജസ്വി യാദവിനും കോൺഗ്രസിനും സന്തോഷം പകരുന്ന ഒരു വാർത്തകൂടി പുറത്തുവന്നു. സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിനിടയിൽ കടുത്ത വിള്ളലിന് പോലും ഇടയാക്കുന്ന വിധത്തിൽ ഈ രാഷ്ട്രീയ നീക്കം വികസിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയം സമ്മാനിച്ച സംസ്ഥാനത്ത് സീറ്റു വിഭജനത്തെ ചൊല്ലിയാണ് ഇപ്പഴേ അടി തുടങ്ങിയത്.

സിറ്റിങ് സീറ്റുകളിൽ എല്ലാ വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഈ ആവശ്യം നിഷ്‌ക്കരുണം തള്ളി കൊണ്ടാണ് നിതീഷ് കുമാറിന്റെ ജെഡിയു രംഗത്തെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് മത്സരിച്ചാണ് വിജയം നേടിയത്. എന്നാൽ, ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചു വിജയം നേടാമെന്ന പ്രതീക്ഷ തീരെയില്ല. അതുകൊണ്ട് ബിജെപി ജെഡിയുവുമായി സഖ്യത്തിലായി മത്സരിക്കാൻ ഒരുങ്ങുന്നത്. എന്നാൽ, ബിജെപിക്ക് നിലവിലുള്ള സീറ്റുകൾ ഏകപക്ഷീയമായി വിട്ടുനൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ജെഡിയു. തങ്ങളെ ഒതുക്കി ലോക്‌സഭാ സീറ്റ് കൂടുതൽ നേടാമെന്ന മോഹം കൈയിൽ വച്ചാൽ മതിയെന്നും മറ്റു കക്ഷികൾ പറയുന്നു.

സീറ്റ് വിഭജനകാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്നു സഖ്യകക്ഷികളായ ജനതാദൾ (യു), ലോക് ജനശക്തി പാർട്ടി (എൽജെപി), രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്‌പി) നേതാക്കൾ ബിജെപിയോട് ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ഏഴിനു ബിജെപി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിനോടൊപ്പം ചേരുന്ന എൻഡിഎ നേതൃയോഗത്തിൽ സീറ്റുവിഭജനം ചർച്ചയാക്കണമെന്നും സഖ്യകക്ഷികൾ നിർദ്ദേശംവച്ചു.

ബിഹാറിലെ എൻഡിഎയിൽ പ്രബലകക്ഷിയായ ജനതാദൾ (യു) സീറ്റുവിഭജനത്തിലും മുൻകൈയെടുക്കുമെന്നാണ് വ്യക്തമാക്കിയത്. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജെഡിയു-ബിജെപി (25:15) സീറ്റ് വിഭജന അനുപാതത്തിൽ ഇത്തവണയും ജെഡിയുവിന് 25 സീറ്റ് വേണമെന്നാണ് ആവശ്യം. ബിജെപിയും ജെഡിയുവും വേർപിരിഞ്ഞു മൽസരിച്ച 2014ൽ എൻഡിഎ മുന്നണിയിൽ ബിജെപി 29 സീറ്റുകളിലും എൽജെപി ഏഴു സീറ്റുകളിലും ആർഎൽഎസ്‌പി നാലു സീറ്റുകളിലുമാണു മൽസരിച്ചത്. ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. അതുകൊണ്ട് ജെഡിയുവിന് കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം ശക്തമാണ്. നിതീഷ് കുമാറിന്റെ ഈ നിർബന്ധത്തിന് ബിജെപിക്ക് വഴങ്ങേണ്ടി വരും. അങ്ങനെ വരുമ്പോൾ തങ്ങളുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കരുതെന്നാണ് മറ്റ് കക്ഷികളുടെ ആവശ്യം.

ജെഡിയു മുന്നണിയിലേക്കു മടങ്ങിവന്ന സാഹചര്യത്തിൽ എൽജെപിയുടെയും ആർഎൽഎസ്‌പിയുടെയും സീറ്റുകൾ വെട്ടിക്കുറയ്ക്കുമെന്നു ബിജെപി കേന്ദ്രനേതൃത്വം എൽജെപി നേതാവ് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനെയും ആൽഎൽഎസ്‌പി നേതാവ് കേന്ദ്രമന്ത്രി ഉപേന്ദ്ര ഖുഷ്വാഹയെയും അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച 22 സീറ്റുകളിലൊന്നു പോലും വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് അമിത് ഷാ. വിജയസാധ്യതയുള്ള ചില സീറ്റുകൾ കൂടി ഉൾപ്പെടുത്തി കുറഞ്ഞത് 25 സീറ്റിൽ ബിജെപി അവകാശവാദമുന്നയിക്കും. അവശേഷിക്കുന്ന 15 സീറ്റുകൾ കൊണ്ടു മൂന്നു സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നതാണു ബിജെപി നേരിടുന്ന പ്രതിസന്ധി.

അടുത്തിടെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കും ജെഡിയുവിനും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ലാലു ജയിലിൽ ആണെങ്കിലും തേജസ്വി യാദവ് പാർട്ടിയെ ശക്തമായി മുന്നോട്ടു നയിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ കോൺഗ്രസ്-ആർജെഡി സഖ്യം ശക്തമായി തന്നെ മുന്നോട്ടു പോകുന്നത്. ഇത് ബിജെപിക്ക് ലോക്‌സഭയിൽ തിരിച്ചടിയാകുമെന്നത് ഉറപ്പാണ്. മുന്നണിയിൽ കലഹം കൂടിയായാൽ അത് ലോക്‌സഭാ പ്രതീക്ഷകൾക്കും തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP