Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോൺഗ്രസ് മുസ്ലിം പാർട്ടിയാണോ എന്നചോദ്യം ഉന്നയിച്ചു വർഗീയ ധ്രുവീകരണത്തിന് മോദി; തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാൻ' ബിജെപി വേണ്ടപോലെ ഉപയോഗിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എടുത്തുപറയാൻ വികസന നേട്ടങ്ങളില്ലാത്ത ബിജെപിക്ക് ഹിന്ദുത്വം വീണ്ടും പ്രധാന അജണ്ടാകുന്നു

കോൺഗ്രസ് മുസ്ലിം പാർട്ടിയാണോ എന്നചോദ്യം ഉന്നയിച്ചു വർഗീയ ധ്രുവീകരണത്തിന് മോദി; തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാൻ' ബിജെപി വേണ്ടപോലെ ഉപയോഗിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എടുത്തുപറയാൻ വികസന നേട്ടങ്ങളില്ലാത്ത ബിജെപിക്ക് ഹിന്ദുത്വം വീണ്ടും പ്രധാന അജണ്ടാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി തരംഗം എന്നു പറഞ്ഞു വികസന മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടുമാണ് ബിജെപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ കൊയ്തത്. എന്നാൽ, വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി സർക്കാറിന് എടുത്തുപറയാൻ തക്കവണ്ണമുള്ള വികസന നേട്ടങ്ങളില്ല. ജിഎസ്ടിയും നോട്ടുനിരോധവുമെല്ലാ ചെറുകിട വ്യാപാരികളെ ശരിക്കും ബുദ്ധിമുട്ടിച്ചു. തൊഴിൽ അവസരങ്ങൾ പോലും കുറയുന്ന അവസ്ഥയുണ്ടായി, ഇതോട ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തോടെ ഹിന്ദുത്വ അജണ്ട വീണ്ടും പൊടുതട്ടിയെടുക്കുകയാണ് മോദി. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന മോദി തന്നെ ഈ വർഗീയ ധ്രൂവീകരണത്തിന് തുടക്കമിട്ടു കഴിഞ്ഞു.

കോൺഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാർട്ടിയാണോയെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഏവരെയും ഞെട്ടിച്ചു. വിഭജന രാഷ്ട്രീയം കോൺഗ്രസിന് ഇല്ലെന്നും എല്ലാ വിഭാഗക്കാരുടെയും പാർട്ടിയാണിതെന്നും പ്രതിപക്ഷത്തു നിന്നു മറുപടി നൽകി. 'മുസ്ലിം പാർട്ടി' പരാമർശത്തിൽ മോദിയും കോൺഗ്രസ് വക്താവും അഭിപ്രായവുമായി രംഗത്തെത്തിയതോടെ വാക്‌പോര് കനക്കുന്നു. ഉത്തർപ്രദേശിൽ രണ്ടു ദിവസത്തെ സന്ദർശനത്തോടനുബന്ധിച്ച് അസംഗഢിൽ നടന്ന റാലിയിലാണ് കോൺഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്.

'കോൺഗ്രസ് മുസ്ലിംകളുടെ പാർട്ടിയാണെന്ന് പറഞ്ഞതായി ചില പത്രങ്ങളിൽ വായിച്ചു. അതിൽ അതിശയമില്ല. പ്രകൃതിസമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്ലിംകളാണെന്നു പറഞ്ഞത് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രിയാണ്. ഇതു പോലെത്തന്നെ പാർട്ടി തുടരണമെന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ ആവശ്യമെങ്കിൽ തനിക്കു പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ കോൺഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാർട്ടിയാണോയെന്നു വ്യക്തമാക്കണം. അതോ മുസ്ലിം വനിതകൾക്കൊപ്പവുമുണ്ടോ?' മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബിൽ പാർലമെന്റിൽ കോൺഗ്രസ് തടസ്സപ്പെടുത്തുന്നുവെന്നു പറഞ്ഞായിരുന്നു മോദിയുടെ ഈ പരാമർശം.

എന്നാൽ കോൺഗ്രസ് മുസ്ലിംകളുടേതാണെന്നു പറഞ്ഞ പത്രവാർത്ത കെട്ടിച്ചമച്ചതാണെന്നു പാർട്ടി നേതൃത്വം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണു ബിജെപി ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തിയുള്ള ഒരു പാർട്ടിയുണ്ടെങ്കിൽ അത് കോൺഗ്രസാണെന്നും പാർട്ടി വക്താവ് പ്രമോദ് തിവാരി പറഞ്ഞു. ഈ രീതി ജവഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവർ ഇന്നും പിന്തുടരുന്നതാണ്.

എല്ലാ മതങ്ങളെയും കോൺഗ്രസ് ബഹുമാനിക്കുന്നു. വിഭജിച്ചുള്ള രാഷ്ട്രീയത്തിൽ കോൺഗ്രസിനു വിശ്വാസവുമില്ല തിവാരി പറഞ്ഞു. മുത്തലാഖിനെപ്പറ്റി യാതൊന്നും അറിയാതെയാണു മോദി സംസാരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണു നല്ലത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ പാർട്ടി എന്ന ഒന്നില്ല. മനുഷ്യരാണ് ഇവിടെ രാഷ്ട്രീയ പാർട്ടികളിലുള്ളത്. അതിനു ബിജെപിക്ക് എന്താണു മനുഷ്യത്വമെന്നറിയാമോ? മനുഷ്യരല്ലാത്തവർക്കൊപ്പമാണ് ബിജെപി ഏറെ സമയവും ചെലവഴിക്കുന്നതെന്നും ഖുർഷിദ് വിമർശിച്ചു.

നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുൻപു തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പറയുകയുണ്ടായി. ഹൈദരാബാദിൽ, പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇതു സൂചിപ്പിച്ചത്.2019 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്നെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നു അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു. ഇതും ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഹിന്ദുത്വ അജണ്ടയിലേക്കുള്ള തിരിച്ചുപോക്കായി വിലയിരുത്തുന്നുണ്ട്.

അതേമസമയം ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാൻ പരാമർശവും ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തെ കേസിൽ കുടുക്കിയതും. ഹിന്ദുപാക്കിസ്ഥാൻ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കേസെടുത്തിരുന്നു.. തരൂർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കൊൽക്കത്ത കോടതി നിർദേശിച്ചു. അടുത്തമാസം 14 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി നോട്ടീസ് തരൂരിന്റെ ഔദ്യോഗിക ട്വിറ്റർ, ഫേയ്‌സ്ബുക്ക് പേജുകളിലൂടെ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

ശശി തരൂർ ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിലൂടെ രാജ്യത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകർക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്. െഎപിസി 153 എ, 295 എ, രാജ്യത്തെയും ദേശീയ ചിഹ്നങ്ങളെയും അവഹേളിക്കുന്നത് തടയാനുള്ള നിയമം എന്നിവ പ്രകാരമാണ് കേസ്.

മതേതര രാജ്യമായ ഇന്ത്യയെ ഇസ്‌ലാമിക രാജ്യമായ പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്തി തരൂർ ഇന്ത്യയെയും ഇന്ത്യക്കാരെയും അപമാനിച്ചുവെന്നും മാപ്പ് പറയാൻ പോലും തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. 2019 ൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ പുതിയ ഭരണഘടനയുണ്ടാക്കുമെന്നും ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാക്കുമെന്നുമാണ് തരൂർ പറഞ്ഞത്. വിവാദം കത്തിപ്പടരുമ്പോഴും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തരൂർ. തരൂരിന്റെ ഹിന്ദുപാക്കിസ്ഥാൻ പരാമർശത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനും ചില നേതാക്കൾക്കും തൃപ്തിയില്ല. ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബിജെപി ആയുധമാക്കുമെന്ന ഭയമാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP