Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാല് മുഖ്യമന്ത്രിമാരുടെ സന്ദർശനത്തോടെ ദേശീയ വിഷയമായി മാറിയിട്ടും വാതിൽ തുറക്കാതെ ലെഫ്റ്റനന്റ് ഗവർണർ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധത്തിന് ചൂടുകൂട്ടാൻ ആം ആദ്മി; ആയിരങ്ങളെ അണിനിരത്താൻ തിരക്കിട്ട ശ്രമവുമായി കെജരീവാളും കൂട്ടരും

നാല് മുഖ്യമന്ത്രിമാരുടെ സന്ദർശനത്തോടെ ദേശീയ വിഷയമായി മാറിയിട്ടും വാതിൽ തുറക്കാതെ ലെഫ്റ്റനന്റ് ഗവർണർ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധത്തിന് ചൂടുകൂട്ടാൻ ആം ആദ്മി; ആയിരങ്ങളെ അണിനിരത്താൻ തിരക്കിട്ട ശ്രമവുമായി കെജരീവാളും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സർക്കാർ ഉന്നയിക്കുന്ന ന്യായമായ അവകാശങ്ങൾ അംഗീകരിക്കാത്ത ലെഫ്റ്റനന്റ് ഗവർണറുടെ നടപടിക്കെതിരേ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ലെഫ്. ഗവർണറുടെ വീട്ടുപടിക്കൽ നടത്തുന്ന സമരം ഒരാഴ്ച പൂർത്തിയാകുമ്പോൾ വിഷയം ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. സമരം ചെയ്യുന്ന കെജരീവാളിനെ സന്ദർശിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാർ തയ്യാറായതും അവർക്ക് ഗവർണറുടെ വസതിയിലേക്ക് അനുമതി നിഷേധിച്ചതും സംഭവത്തെ കൂടുതൽ വിവാദമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയോടെയാണ് സമരത്തെ ലെഫ്റ്റനന്റ് ഗവർണർ അവഗണിക്കുന്നതെന്ന നിലപാടിലാണ് കെജരീവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമൊക്കെ. നാല് മുഖ്യമന്ത്രിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചതിന് പിന്നിലും പ്രധാനമന്ത്രിയാണെന്ന് അവർ ആരോപിക്കുന്നു. പ്രതിഷേധത്തിന്റെ മുന ലെഫ്റ്റനന്റ് ഗവർണറിൽനിന്ന് പ്രധാനമന്ത്രിയിലേക്ക് തിരിക്കാനുള്ള ശ്രമംകൂടിയാണ് ഇതിലൂടെ അവർ നടത്തുന്നത്.

അതിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പ്രവർത്തകരും നേതാക്കളും മാർച്ച് നടത്തുന്നുണ്ട്. വൈകിട്ട് നാലുമണിക്കാണ് ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി മാർച്ച് നടത്തുകയെന്ന് പാർട്ടി വക്താവ് പങ്കജ് ഗുപ്ത പറഞ്ഞു. സമരം ഒരാഴ്ച പിന്നിട്ടതോടെ, അതിന്റെ രൂപം മാറ്റാനും ലെഫ്റ്റനന്റ് ഗവർണറുടെ അനങ്ങാപ്പാറ നയത്തിനെതിരെ ജനവികാരം ആളിക്കത്തിക്കാനുമാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തോട് ഇനിയും പ്രതികരിക്കാനോ അവരെ കാണാനോ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ തയ്യാറായിട്ടില്ല. എന്നാൽ, കെജരീവാളിന്റെയും മറ്റും ആരോഗ്യസ്ഥിതി വിലയിരുത്താൻ മൂന്നംഗ മെഡിക്കൽ സംഘത്തെ അദ്ദേഹം നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക കാര്യങ്ങൾകൂടി ഗവർണറുടെ വീട്ടുപടിക്കലേക്ക് മാറ്റിയിട്ടുണ്ട്. സമരം ഇനിയും തുടർന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ലഭിക്കാതെ പ്രശ്‌നങ്ങൾ തീരില്ലെന്ന വാദമാണ് ആം ആദ്മി പാർട്ടി ഉന്നയിക്കുന്നത്. ഇതിനായി ഓരോ വീടുകളും കയറി പ്രചാരണം നടത്തുമെന്ന് കെജരീവാൾ അറിയിച്ചു. ഡൽഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥർ രാഷ്ട്രപതി ഭരണം നടപ്പാക്കുകയാണെന്നും കെജരീവാൾ ആരോപിച്ചു. സമരം ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നതും കെജരീവാൾ ലെഫ്റ്റനന്റ് ഗവർണർക്കുമുമ്പാകെ വെച്ചിട്ടുള്ള ആവശ്യങ്ങളിലൊന്നാണ്.

നീതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും കെജരീവാളിനെ സന്ദർശിക്കാൻ ശ്രമിച്ചത്. എന്നാൽ ഇവർക്ക് ലെഫ്റ്റനന്റ് ഗവർണർ അനുമതി നിഷേധിച്ചു. തുടർന്ന് നാലുപേരുംകൂടി കെജരീവാളിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെ സന്ദർശിച്ചു് സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP