Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർക്കും ഭൂരിപക്ഷം ഇല്ലാതായതോടെ മുംബൈ കോർപ്പറേഷനിൽ വീണ്ടും ബിജെപി-ശിവസേന സഖ്യത്തിന് സാധ്യത; ഒറ്റയ്ക്ക് മത്സരിച്ച് ഭരണംപിടിക്കുമെന്ന് വീമ്പിളക്കി സഖ്യം വിട്ട ശിവസേനയ്ക്ക് മേയർ സ്ഥാനം ഫട്‌നാവിസ് വിട്ടുകൊടുക്കില്ലെന്നും സൂചനകൾ; മഹാരാഷ്ട്രയിലെ ബിജെപി മുന്നേറ്റംകണ്ട് ഞെട്ടി കോൺഗ്രസ്സും എൻസിപിയും

ആർക്കും ഭൂരിപക്ഷം ഇല്ലാതായതോടെ മുംബൈ കോർപ്പറേഷനിൽ വീണ്ടും ബിജെപി-ശിവസേന സഖ്യത്തിന് സാധ്യത; ഒറ്റയ്ക്ക് മത്സരിച്ച് ഭരണംപിടിക്കുമെന്ന് വീമ്പിളക്കി സഖ്യം വിട്ട ശിവസേനയ്ക്ക് മേയർ സ്ഥാനം ഫട്‌നാവിസ് വിട്ടുകൊടുക്കില്ലെന്നും സൂചനകൾ; മഹാരാഷ്ട്രയിലെ ബിജെപി മുന്നേറ്റംകണ്ട് ഞെട്ടി കോൺഗ്രസ്സും എൻസിപിയും

മുംബൈ: മഹാരാഷ്ട്രയിൽ തങ്ങളുടെ സഖ്യംവിട്ട് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയംകണ്ട് ശിവസേനയുടെ തന്നെ കണ്ണുതള്ളിയ സ്ഥിതിയാണ്. സഖ്യത്തിൽ മത്സരിച്ചിരുന്നതിനേക്കാൾ മുംബൈയിലും മറ്റും ശിവസേന സീറ്റുകൾ നേടിയെങ്കിലും സംസ്ഥാനമൊട്ടാകെ ബിജെപി വൻ മുന്നേറ്റം നടത്തിയതാണ് അവരെ ഞെട്ടിച്ചിട്ടുള്ളത്. മുംബൈ കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണംപിടിക്കാമെന്ന് പ്രതീക്ഷിച്ചായിരുന്നു ശിവസേന സഖ്യം വിട്ടതെങ്കിലും ഇപ്പോൾ ബിജെപിയുടെ സഹായമില്ലാതെ ഭരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഭരിക്കാനായി ബിജെപിയുടെ സഹായം തേടിയിരിക്കുകയാണ് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെന്നാണ് വിവരം.

കേവലം രണ്ടു സീറ്റുകളുടെ മുൻതൂക്കമാണ് ബിജെപിയെക്കാൾ ശിവസേനയ്ക്കുള്ളതെങ്കിലും നാല് സ്വതന്ത്രരുടെ പിന്തുണകൂടി തങ്ങൾക്കുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇതോടെ മുംബൈയിലെ മേയർ സ്ഥാനംപോലും ശിവസേനയ്ക്ക് ലഭിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബിജെപിയുടെ സഖ്യംവിട്ട് ഒറ്റയ്ക്ക് കോർപ്പറേഷൻ പിടിക്കുമെന്ന വീരവാദം ഉയർത്തിയ ശിവസേനയ്ക്ക് മേയർ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് സംസ്ഥാനത്തെ മുഖ്യ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഫട്‌നാവിസ് നിലപാടെടുത്താൽ ആർക്കാവും മുംബൈയിൽ അധികാരമെന്നത് കീറാമുട്ടിയാകും.

സഖ്യസാധ്യതകളെ കുറിച്ച് ഇരുപാർട്ടികളും പ്രതികരിച്ചില്ലെങ്കിലും ബിജെപി-ശിവസേന സഖ്യമല്ലാതെ വേറെ വഴിയില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു. കോർപറേഷൻ ആരു ഭരിക്കുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്ഗരിയുടെ പ്രതികരണം. 114 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. പരസ്പരം സഖ്യവുമില്ല. മുംബൈയിൽ ശിവസേനയ്ക്ക് 84 സീറ്റും ബിജെപിക്ക് 82 സീറ്റുമാണുള്ളത്.

കോൺഗ്രസ് 31, എൻസിപി 9, എംഎൻഎസ് 7, മറ്റുള്ളവർ 14 എന്നിങ്ങനെയാണ് സീറ്റ്‌നില. ഇതിൽ നാലു സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്കുണ്ട്. അതിനാൽതന്നെ ബിജെപിയുടെ സഹായമില്ലാതെ ഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെ പത്തിതാഴ്‌ത്തി ശിവസേന ബിജെപിയുടെ സഹായംതേടുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്. ശിവസേനയ്‌ക്കൊപ്പംതന്നെ ബിജെപിക്കും സീറ്റ് നൽകണമെന്ന ആവശ്യം ഉയർന്നതോടെ അത് അംഗീകരിക്കാതെയാണ് ശിവസേന ഈ തിരഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ചത്. എന്നാൽ ഫലം വന്നപ്പോൾ ഇരുകൂട്ടരും ഏതാണ്ട് ഒപ്പംതന്നെ ഫിനിഷ് ചെയ്തു. ഇത് ശിവസേനയ്ക്ക് വലിയ ക്ഷീണമാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ അമ്പേ തറപറ്റിപ്പോയ കോൺഗ്രസ്സിനും ശരത്പവാറിന്റെ എൻസിപിക്കുമെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടത്.

പരസ്പരം ഒന്നിക്കുക എന്നതല്ലാതെ രണ്ടു പാർട്ടികൾക്കും മറ്റുവഴികളില്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമാണെന്നുമാണ് നിതിൻ ഗഡ്കരി പറഞ്ഞത്. ഇരുവരും അതിന് യോഗ്യതയുള്ളവരാണ്. അവർ ശരിയായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. പരസ്പരം മനസിലാക്കുമെന്നാണ് കരുതുന്നതെന്നും നിതിൻ ഗഡ്ഗരി മറാത്തി ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ പത്തിൽ എട്ടു കോർപറേഷനുകളും ബിജെപി സ്വന്തമാക്കുകയായിരുന്നു. മുംബൈ കോർപറേഷനിലും താനെയിലും ശിവസേനയാണ് മുന്നിലെത്തിയത്. ഇതോടെ മറ്റു പാർട്ടികളുടെ കാര്യം അതീവ പരുങ്ങലിൽ ആയിരിക്കുകയാണ് മഹാരാഷ്ട്രയിൽ. ജില്ലാ പരിഷത് (ജില്ലാ പഞ്ചായത്ത്), പഞ്ചായത്തു സമിതി (ബ്ലോക്ക് പഞ്ചായത്ത്) തിരഞ്ഞെടുപ്പിലും ബിജെപി വൻ മുന്നേറ്റമുണ്ടാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ കാൽ നൂറ്റാണ്ടിലെ സഖ്യം അവസാനിപ്പിച്ചു ബിജെപിയും ശിവസേനയും വെവ്വേറെ മൽസരിക്കുകയായിരുന്നു. പഴയ സഖ്യകക്ഷികളായ കോൺഗ്രസും എൻസിപിയും തമ്മിലും ധാരണയുണ്ടായിരുന്നില്ല. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള ബലാബലമായാണു മുംബൈയിലെ പോരാട്ടം വിലയിരുത്തപ്പെട്ടത്. ഉദ്ധവ് മുഖംരക്ഷിച്ചെങ്കിലും ബിജെപി ഒപ്പമെത്തിയതു ഫഡ്‌നാവിസിനു നേട്ടമായി. കഴിഞ്ഞ തവണ 75 സീറ്റുണ്ടായിരുന്ന ശിവസേന ഇക്കുറി ഒൻപതു സീറ്റ് അധികം നേടിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തിനാൽ പുതിയ രാഷ്ട്രീയ നാടകങ്ങൾക്കുള്ള സാധ്യത തുറന്നു.

37,000 കോടി രൂപ വാർഷിക ബജറ്റുള്ള കോർപറേഷനിലെ ഭരണം ഇരുകക്ഷികൾക്കും അഭിമാനപ്രശ്‌നമാണ്. കേവല ഭൂരിപക്ഷത്തിനു 114 സീറ്റ് വേണം. നാലു സ്വതന്ത്രരുടെ പിന്തുണ ബിജെപി ഇതിനകം അവകാശപ്പെട്ടുകഴിഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവനിർമ്മാൺ സേന മുംബൈയിൽ 28ൽ നിന്ന് ഏഴു സീറ്റിലേക്കു കൂപ്പുകുത്തി. നാസിക്കിൽ ഭരണം നഷ്ടപ്പെട്ട പാർട്ടി അഞ്ചു സീറ്റിലേക്കൊതുങ്ങി. എൻസിപി തട്ടകങ്ങളായിരുന്ന പുണെയും തൊട്ടുചേർന്നുള്ള പിംപ്രിയും ബിജെപി പിടിച്ചെടുത്തു.

മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെ മോദിക്കൊപ്പം കരുത്തനായത് മുഖ്യമന്ത്രി ഫഡ്‌നാവിസ് ആണ്. യുവത്വത്തിന്റെ മുഖമായ ഫഡ്വനാവിസ് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനാകുന്നു എന്നതിന്റെ സൂചന തന്നെയാണ് ഈ ഉജ്ജ്വല വിജയം. അതേസമയം പ്രതികൂല സാഹചര്‌യങ്ങളെയും മറികടന്ന് നേടിയ തകർപ്പൻ വിജയം മോദിയെയും സന്തോഷിപ്പിക്കുന്നുണ്ട്.

2017ലെ മികച്ച തുടക്കം എന്നാണ് പ്രധാനമന്ത്രി മോദി വിജയത്തെ വിശേഷിപ്പിച്ചത്. ഒഡിഷയിൽ അപ്രതീക്ഷിത മുന്നേറ്റത്തിനൊപ്പം മഹാരാഷ്ട്രക്കാരുടെ അനുഗ്രഹും ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിത്തുപാകൽ കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP