Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഭാവനകൾ ഗംഭീരം പക്ഷേ സുതാര്യം; പണം സ്വീകരിക്കുന്നത് ചെക്കായി കേന്ദ്രീകൃത അക്കൗണ്ട് വഴി; ബിജെപി ഏറ്റവും സമ്പന്നമായ പാർട്ടിയായപ്പോൾ ഉയർത്തി പിടിക്കുന്നത് സുതാര്യതയെ; ഭരണം പോയെങ്കിലും സമ്പത്തിൽ കോൺഗ്രസിന് രണ്ടാം റാങ്ക്; അംഗത്വ പ്രചാരണമാണ് സംഭാവനയുടെ ഉറവിടമെന്ന് കോൺഗ്രസ്

സംഭാവനകൾ ഗംഭീരം പക്ഷേ സുതാര്യം; പണം സ്വീകരിക്കുന്നത് ചെക്കായി കേന്ദ്രീകൃത അക്കൗണ്ട് വഴി; ബിജെപി ഏറ്റവും സമ്പന്നമായ പാർട്ടിയായപ്പോൾ ഉയർത്തി പിടിക്കുന്നത് സുതാര്യതയെ; ഭരണം പോയെങ്കിലും സമ്പത്തിൽ കോൺഗ്രസിന് രണ്ടാം റാങ്ക്; അംഗത്വ പ്രചാരണമാണ് സംഭാവനയുടെ ഉറവിടമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി; രാജ്യത്തെ ഏഴ് ദേശീയ പാർട്ടികളുടെ ആസ്തികളും, ബാധ്യതകളും വിലയിരുത്തിയപ്പോൾ, ഏറ്റവും സമ്പന്നമായി പാർട്ടി ബിജെപിയാണെന്ന് വ്യക്തമായി.2004-05 മുതൽ 2015-16 വരെയുള്ള സാമ്പത്തിക വർഷത്തെ കണക്കുകളാണ് പരിശോധിച്ചത്. ബിജെപി, കോൺഗ്രസ്, എൻസിപി,ബിഎസ്‌പി,സിപിഐ,സി.പി.എം,തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ ആസ്തി-ബാധ്യതകളാണ് പരിശോധിച്ചത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) ആണ് റിപ്പോർട്ട് തയാറാക്കിയത്

2015-2016ൽ ബിജെപിയുടെ ആസ്തി 894 കോടി രൂപയായി വർധിച്ചു. 2004-2005 ലെ കണക്കുകളെ അപേക്ഷിച്ച് 647 ശതമാനത്തിന്റെ വർദ്ധനവാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. 2004-2005 ൽ 122.93 കോടി രൂപയായിരുന്നു ബിജെപിയുടെ ആസ്തി

759 കോടി രൂപ ആസ്തിയുള്ള കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്റെ ആസ്തിയിൽ 353.41 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ 329 കോടി രൂപയാണ് കോൺഗ്രസിന്റെ ബാധ്യത. ബിജെപിയുടെ ബാധ്യത വെറും 25 കോടി രൂപ മാത്രമാണ്.

ബിജെപിയുടെ ആസ്തിയിൽ 700 ശതമാനം വർദ്ധന രേഖപ്പെടുത്തി.കോൺഗ്രസിനാകട്ടെ 169 ശതമാനവും. 2004-05ൽ ബിജെപിയുടെ ആസ്തിമൂല്യം 123 കോടിയായിരുന്നു. എന്നാൽ ഇവ രണ്ടുമല്ല ആസ്തി വർധനയുടെ ശതമാനക്കണക്കിൽ മുൻപിലുള്ളത്. തൃണമൂൽ കോൺഗ്രസിന് ഇക്കാലത്തിനിടെ 13,447 ശതമാനവും ബിഎസ്‌പിക്ക് 1,194 ശതമാനവുമാണ് ആസ്തി കൂടിയത്. 2004-05ൽ ദേശീയ പാർട്ടികളുടെ ആസ്തികളുടെ ശരാശരി 61.62 കോടി രൂപയായിരുന്നു. 2015-16ൽ ഇത് 388.45 കോടിയായി കുതിച്ചുയർന്നു.

വസ്തുവകകൾ, പണം, വാഹനം, നിക്ഷേപം, വായ്പകൾ, പ്രതീക്ഷിത വരുമാനം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആസ്തി കണക്കാക്കിയത്. 2014-15 വരെ കോൺഗ്രസിനാണ് ഏറ്റവും കൂടുതൽ സ്വത്തുണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ബിജെപി നില മെച്ചപ്പെടുത്തിയത്. ബാധ്യതകൾ ഒഴിവാക്കിയാലും ബിജെപി തന്നെയാണ് ആസ്തിയിൽ ഒന്നാമത് 869 കോടി. ബിഎസ്‌പി 557 കോടി, സി.പി.എം 432 കോടി എന്നിങ്ങനെയാണ് മറ്റുള്ള പാർട്ടികളുടെ ആസ്തി.സിപിഎമ്മിന്റെയും, തൃണമൂൽ കോൺഗ്രസിന്റെയും പ്രഖ്യാപിത ആസ്തികളിലാണ് സന്തുലിതമായ വർദ്ധന രേഖപ്പെടുത്തിയത്.2015-16 വരെ സിപിഎമ്മിന്റെ ആസ്തികളിൽ 383.47 ശതമാനം വർദ്ധനയുണ്ടായി.

രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിംഗും ഓഡിറ്റിംഗും മെച്ചപ്പെടുത്താനും, സുതാര്യമാക്കാനും ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയോട് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഐസിഎഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് റിപ്പോർട്ട് തയ്യാറാക്കിയത്.ആസ്തികൾ വെളിപ്പെടുത്തുന്നതിൽ രാഷ്ട്രീയ കക്ഷികൾ ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ജാഗ്രത കാട്ടുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ ഫണ്ട് ശേഖരണത്തിലെ സുതാര്യതയുടെ സൂചനയാണ് വരുമാനത്തിലും ആസ്തിയിലുമുള്ള വർദ്ധനയെന്ന് ബിജെപി പ്രതികരിച്ചു.സംഭാവനകൾ ചെക്ക് വഴിയാണ് സ്വീകരിക്കുന്നതെന്നും,എല്ലാ നികുതി റിട്ടേണുകളും ക്യത്യമായി ഫയൽ ചെയ്യാറുണ്ടെന്നും കേന്ദ്രീകൃത ബാങ്ക് അക്കൗണ്ടാണ് സംഭാവനകൾ സ്വീകരിക്കാൻ സജ്ജമാക്കിയിരിക്കുന്നതെന്നും പാർട്ടി വക്താവ് ഗോപാൽ അഗർവാൾ പ്രതികരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവി കോൺഗ്രസിന്റെ ആസ്തി വർദ്ധനയെ കാര്യമായി ബാധിച്ചതായി കാണുന്നില്ല.മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 65 കോടിയുടെ നേരിയ കുറവ് മാത്രമാണ് സ്ഥിരാസ്തികളിൽ ഉണ്ടായിരിക്കുന്നത്.അംഗത്വ പ്രചാരണ പരിപാടിയിലൂടെയും, സുരക്ഷിത നിക്ഷേപങ്ങളിലൂടെയുമാണ് തങ്ങളുടെ സംഭാവനകൾ വരുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP