Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശിവസേനയെ വിട്ട് ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉജ്വല നേട്ടം; ശക്തികേന്ദ്രമായ മുംബൈയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശിവസേനയ്ക്ക് ഭരണം കിട്ടില്ല; കറൻസി നിരോധനം പ്രധാന വിഷയമായിട്ടും ബിജെപി ജയിച്ചു കയറിയപ്പോൾ കോൺഗ്രസ്സും എൻസിപിയും നിലംപരിശായി

ശിവസേനയെ വിട്ട് ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉജ്വല നേട്ടം; ശക്തികേന്ദ്രമായ മുംബൈയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശിവസേനയ്ക്ക് ഭരണം കിട്ടില്ല; കറൻസി നിരോധനം പ്രധാന വിഷയമായിട്ടും ബിജെപി ജയിച്ചു കയറിയപ്പോൾ കോൺഗ്രസ്സും എൻസിപിയും നിലംപരിശായി

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രധാന കോർപ്പറേഷനുകളിൽ ബിജെപിയും ശിവസേനയും ആധിപത്യം പുലർത്തിയപ്പോൾ വൻ തിരിച്ചടി നേരിട്ട് കോൺഗ്രസ്. കഴിഞ്ഞതവണ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയും ശിവസേനയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നിട്ടും ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലുൾപ്പെടെ ബിജെപി വൻ നേട്ടമുണ്ടാക്കി. ഇവിടെ 84 സീറ്റുകൾ നേടി ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിക്ക് 81 സീറ്റ് നേടാനായി. നാലു സ്വതന്ത്രരുടെ പിന്തുണ തങ്ങൾക്കാണെന്നും ബിജെപിയുടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 14 സ്വതന്ത്ര സ്ഥാനാർത്ഥികളാണു മുംബൈയിൽ വിജയിച്ചത്. ഇതോടെ ആർക്കായിരിക്കും ഭരണമെന്നകാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്.

ഇക്കുറി ശിവസേനയുടെ സഹായമില്ലാതിരുന്നിട്ടും ഒറ്റയ്ക്ക് മത്സരിച്ച ബിജെപി സംസ്ഥാനത്തെ മിക്ക മുനിസിപ്പാലിറ്റികളിലും വൻ നേട്ടമുണ്ടാക്കിയെന്നാണ് ആദ്യ റിപ്പോർട്ടുകൾ. എൻസിപിയുടെ തട്ടകമായിരുന്ന പൂണെ, എംഎൻഎസ് ഭരിച്ചിരുന്ന നാസിക്, നാഗ്പൂർ, അകോള, സോലാപൂർ നഗരസഭകളിൽ ബിജെപി ബഹുദൂരം മുന്നിലെത്തി. ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തിരഞ്ഞെടുപ്പിലും എൻസിപിക്കും കോൺഗ്രസിനും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

ശരത് പവാറിന്റെയും എൻസിപിയുടെയും കോട്ടയെന്ന് അറിയപ്പെടുന്ന പൂണെയിൽ ബിജെപി അധികാരം പിടിച്ചു. പലയിടത്തും കോൺഗ്രസിനും എൻസിപിക്കും വൻതോതിലാണ് തിരിച്ചടി നേരിട്ടത്. ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിച്ചാണ് മുമ്പ് പലയിടത്തും വിജയിച്ചതെന്ന വാദമാണ് കോൺ്ഗ്രസ്സും എൻസിപിയും ഉയർത്തിയിരുന്നതെങ്കിൽ അങ്ങനെയല്ല കാര്യങ്ങളെന്നാണ് വ്യക്തമാകുന്നത്. പത്തിൽ എട്ട് കോർപ്പറേഷനുകളിലും ഉജ്വല വിജയം നേടിയെന്ന് വ്യക്തമാക്കി പ്രവർത്തകരെ അഭിനന്ദിച്ച് ബിജെപി ട്വീറ്റും നൽകി

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിലും മറ്റും മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം വലിയ തോതിൽ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന നിലയിൽ ബിജെപിയെ ഒഴിവാക്കി ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന തീരുമാനിച്ചത്. സഖ്യം ഉപേക്ഷിച്ചതോടെ മുംബൈയിൽ ശിവസേനയ്ക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞങ്കിലും ബിജെപി കഴിഞ്ഞ തവണത്തേക്കാൾ ഏറെ മുന്നേറ്റമുണ്ടാക്കിയത് ബിജെപിയുടെ സ്വീകാര്യത മഹാരാഷ്ട്രയിലും പ്രത്യേകിച്ച് ശിവസേനയുടെ കോട്ടയായ മുംബൈയിലും വർദ്ധിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

അതേസമയം ബിജെപിയും ശിവസേനയും സഖ്യം വേർപിരിഞ്ഞത് മുതലെടുക്കാമെന്ന കോൺഗ്രസിന്റെ മോഹങ്ങൾ വിലപ്പോയില്ലെന്ന് മാത്രമല്ല, അവരുടെ വോട്ട് ചോർന്ന് ബിജെപിയിലേക്ക് പോയിയെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.

ഇതോടെ മഹാരാഷ്ട്രയിലാകെ കോൺഗ്രസ്സിന് അടിത്തറയിളകിയ സ്ഥിതിയിലായി കാര്യങ്ങളെന്നും എൻസിപിയുടെ ശക്തികേന്ദ്രങ്ങളിലും വൻ ചോർച്ച ബിജെപിയിലേക്ക് ഉണ്ടായി എന്നുമാണ് വിലയിരുത്തലുകൾ. നാസിക്കിലും ബിജെപി അധികാരത്തിലെത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഈ പ്രദേശത്തെ മുഖ്യ കക്ഷിയായ എംഎൻഎസിന്റെ കോട്ടയും ഇളകി. മഹാരാഷ്ട്രയിലാകെ ശിവസേനയുടെ സഹായമില്ലാതെ ബിജെപി ഒറ്റയ്ക്ക് വൻ മുന്നേറ്റം നടത്തിയത് കറൻസി നിരോധനത്തിന് എതിരെ കോൺഗ്രസ് നടത്തിയ പ്രചരണങ്ങൾക്കും അതിനെതിരെ സഖ്യകക്ഷിയായ ശിവസേന ഉന്നയിച്ച വാദങ്ങൾക്കും ഏറ്റ തിരിച്ചടിയായെന്ന വിലയിരുത്തലാണ് പൊതുവേ.

നിരവധി മലയാളികളും പല കേന്ദ്രങ്ങളിലും മത്സരിച്ചിരുന്നു. മുംബൈ അന്ധേരിയിൽനിന്നു ശിവസേന ടിക്കറ്റിൽ ജനവിധി തേടിയ തൃശൂർ സ്വദേശി ടി.എം. ജഗദീഷ് വിജയിച്ചു. മഹാരാഷ്ട്രയിലെ പത്ത് നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണു തിരഞ്ഞെടുപ്പ് നടന്നത്. കാൽനൂറ്റാണ്ടു നീണ്ട സഖ്യം വേർപെടുത്തി തനിച്ച് ജനവിധി തേടിയ ശിവസേനയ്ക്കും ബിജെപിക്കും നിർണായകമായിരിക്കുകയാണ് ഈ ജനവിധി.

അഞ്ചു മണിവരെ അറിവായ കോർപ്പറേഷൻ ഫലങ്ങൾ

ബ്രിഹൻ മുംബൈ: ആകെ സീറ്റ് -227, ഫലം അറിഞ്ഞത് - 226, ജയം ശിവസേന - 84, ബിജെപി - 81, കോൺഗ്രസ് -31, എൻസിപി -9, എംഎൻഎസ് - 7, മറ്റുള്ളവർ - 14

താനെ മുനിസിപ്പൽ കോർപ്പറേഷൻ: ആകെ സീറ്റ് - 131, ഫലം അറിഞ്ഞത് - 99, ജയം - ശിവസേന - 51, എൻസിപി - 26, ബിജെപി - 17, കോൺഗ്രസ് - 2 എംഎൻഎസ് - 0, മറ്റുള്ളവർ - 3

പൂണെ മുനിസിപ്പൽ കോർപ്പറേഷൻ: ആകെ സീറ്റ് - 162, ഫലം അറിഞ്ഞത് - 70, ജയം - ബിജെപി - 41 എൻസിപി -18 കോൺഗ്രസ് - 8 ശിവസേന- 1 എംഎൻഎസ് - 7 മറ്റുള്ളവർ - 1

പിസിഎംസി: ആകെ സീറ്റ് - 128 ഫലം അറിഞ്ഞത് - 65 ജയം - ബിജെപി - 38 എൻസിപി - 19 ശിവസേന- 6 കോൺഗ്രസ് - 0 എംഎൻഎസ്- 0 മറ്റുള്ളവർ-2

നാസിക് മുനിസിപ്പൽ കോർപ്പറേഷൻ: ആകെ സീറ്റ് - 122 ഫലം അറിഞ്ഞത് - 102 ജയം - ബിജെപി - 51 ശിവസേന - 33 കോൺഗ്രസ് - 6 എൻസിപി - 4 എംഎൻഎസ് - 3 മറ്റുള്ളവർ - 5

നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ: ആകെ സീറ്റ് - 151 ഫലം അറിഞ്ഞത് - 82 ജയം - ബിജെപി - 58 കോൺഗ്രസ് - 19 എൻസിപി - 1 ശിവസേന - 0 എംഎൻഎസ് - 0 മറ്റുള്ളവർ - 4

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP