Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്രിപുരയിൽ സിപിഎമ്മിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയതിന് പിന്നാലെ ലെനിന്റെ പ്രതിമ ബുൾഡോസർ കൊണ്ട് തകർത്ത് ബിജെപി പ്രവർത്തകർ; പ്രതിമ മറിച്ചിട്ട ശേഷം തലമുറിച്ചുമാറ്റി ഫുട്ബോൾ കളിച്ചു; ചെറുകഷ്ണങ്ങളാക്കി തകർത്ത് വീഡിയോ പ്രചരണവും; സിപിഎം ഓഫീസുകൾ തകർത്തും പ്രവർത്തകരെ തല്ലിച്ചതച്ചും ബിജെപിയുടെ അതിരുവിട്ട ആഘോഷം

ത്രിപുരയിൽ സിപിഎമ്മിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയതിന് പിന്നാലെ ലെനിന്റെ പ്രതിമ ബുൾഡോസർ കൊണ്ട് തകർത്ത് ബിജെപി പ്രവർത്തകർ; പ്രതിമ മറിച്ചിട്ട ശേഷം തലമുറിച്ചുമാറ്റി ഫുട്ബോൾ കളിച്ചു; ചെറുകഷ്ണങ്ങളാക്കി തകർത്ത് വീഡിയോ പ്രചരണവും; സിപിഎം ഓഫീസുകൾ തകർത്തും പ്രവർത്തകരെ തല്ലിച്ചതച്ചും ബിജെപിയുടെ അതിരുവിട്ട ആഘോഷം

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുരയിൽ കാൽനൂറ്റാണ്ടുകാലത്തെ അധികാരത്തിൽ നിന്ന് സിപിഎമ്മിനെ പുറത്താക്കിയതിന്റെ ആഘോഷം പാർട്ടി സ്മാരകങ്ങളും ഓഫീസുകളും തകർക്കുന്നതിലേക്കും പാർട്ടിപ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങളിലേക്കും വ്യാപിക്കുന്നു. ബാലോണിയയിൽ സ്ഥാപിച്ച ലെനിന്റെ പ്രതിമ ഒരുസംഘം ബിജെപി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തത്.

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബലോണിയയിൽ കോളേജ് സ്‌ക്വയറിൽ അഞ്ചുവർഷം മുൻപ് സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ഒരു സംഘം ബിജെപി പ്രവർത്തകർ ജെസിബിയുമായി എത്തി തകർക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അതിന് പിന്നാലെ സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു.

തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതോടെ സിപിഎമ്മിന്റെ പ്രവർത്തകരും അനുഭാവികളും വലിയതോതിൽ ശാരീരിക ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജാൻ ധർ ആരോപിച്ചു. നിരവധി ഓഫീസുകൾ പിടിച്ചെടുക്കുകയും തല്ലിത്തകർക്കുകയും തീയിടുകയും ചെയ്തു. നിരവധി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. പാർട്ടി ഓഫീസുകൾ പലതും തുറക്കാൻ അനുവദിക്കുന്നില്ല. നിരവധി നേതാക്കൾക്കെതിരെ ഭീഷണികളും ഉയരുന്നു. പലയിടത്തും കൊള്ളയും തീവയ്‌പ്പും നടക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്രപരമായ വിജയത്തിന്റെ ആഘോഷം പലയിടത്തും വലിയ അക്രമങ്ങളിലേക്ക് നീങ്ങുകയാണ്. ബുൾഡോസർ ഉപയോഗിച്ച് തകർത്ത് താഴെയിട്ടത്. 'ഭാരത് മാതാ കി ജയ്' എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബിജെപി പ്രവർത്തകർ പ്രതിമ തകർത്ത് താഴെ വീഴ്‌ത്തുന്നത്. ഇതിന് സമാനമായ രീതിയിൽ സംസ്ഥാനത്ത് നിരവധി സിപിഎം ഓഫീസുകൾ തകർക്കപ്പെടുകയും അക്രമങ്ങൾ അരങ്ങേറുകയും ചെയ്യുന്നുണ്ട്.

മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകർക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവർത്തകർ ഫുട്ബോൾ കളിച്ചതായും സിപിഎം നേതാവ് തപസ് ദത്തയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയുടെ 'കമ്യൂണിസം ഫോബിയ' ആണ് ഈ നടപടികളിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി 21 വർഷം അധികാരത്തിൽ പൂർത്തിയാക്കിയതിന്റെ ഭാഗമായി 2013ൽ ആണ് ലെനിൻ പ്രതിമ സ്ഥാപിച്ചത്. മൂന്നു ലക്ഷം രൂപ ചെലവിട്ടായിരുന്നു 11.5 അടി ഉയരമുള്ള പ്രതിമയുടെ നിർമ്മാണം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പ്രതിമകളിൽ ഒന്നാണ് തകർക്കപ്പെട്ടത്. ലെനിന്റെ കൂടാതെ രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, വിദ്യാസാഗർ തുടങ്ങിയവരുടെയും പ്രതിമകൾ നഗരത്തിലുണ്ട്.

അതേസമയം, ഇത്രയുംകാലം ഇടതുപക്ഷത്തിന്റെ അടിച്ചമർത്തലുകൾക്ക് വിധേയരായ ജനങ്ങളുടെ പ്രതികരണമാണ് പ്രതിമ തകർക്കുന്നതിലൂടെ കണ്ടതെന്ന് ബിജെപി പ്രതികരിച്ചത് ചർച്ചയായിട്ടുണ്ട്. പ്രതിമ തകർക്കാനുപയോഗിച്ച ബുൾഡോസർ ബിജെപി വാടകയ്‌ക്കെടുത്തതാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ബുൾഡോസർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP