Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിക്കടി തോൽക്കുന്ന കോൺഗ്രസിനെ കയ്യൊഴിയാനൊരുങ്ങി സഖ്യകക്ഷികൾ; ബീഹാറിൽ കൂടെനിന്ന നിതീഷും ലാലുവും മൂന്നാംചേരിയുണ്ടാക്കാൻ കോപ്പുകൂട്ടുന്നു; ബിജെപിയെ പ്രതിരോധിക്കാൻ ഇവർക്കൊപ്പം ചേരാനൊരുങ്ങി മമതയും കെജ്രിവാളും; ആദ്യപരീക്ഷണം യുപി തിരഞ്ഞെടുപ്പിൽ

അടിക്കടി തോൽക്കുന്ന കോൺഗ്രസിനെ കയ്യൊഴിയാനൊരുങ്ങി സഖ്യകക്ഷികൾ; ബീഹാറിൽ കൂടെനിന്ന നിതീഷും ലാലുവും മൂന്നാംചേരിയുണ്ടാക്കാൻ കോപ്പുകൂട്ടുന്നു; ബിജെപിയെ പ്രതിരോധിക്കാൻ ഇവർക്കൊപ്പം ചേരാനൊരുങ്ങി മമതയും കെജ്രിവാളും; ആദ്യപരീക്ഷണം യുപി തിരഞ്ഞെടുപ്പിൽ

ന്യൂഡൽഹി: ബിജെപിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് അടിക്കടി പരാജയപ്പെടുന്ന സാഹചര്യത്തിൽ അവർക്കൊപ്പം ചേർന്ന് ബീഹാറിലുൾപ്പെടെ സഖ്യത്തിലേർപ്പെട്ട കക്ഷികൾ വീണ്ടും ദേശീയ മൂന്നാംചേരിയെന്ന ആശയവുമായി രംഗത്ത്. ജനതാദൾ യുണൈറ്റഡ്, ആർജെഡി, ആംആദ്മി പാർട്ടി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്ന പാർട്ടികൾ ഒരുമിച്ചു ചേർന്നുള്ള ഫെഡറൽ ഫ്രണ്ട് എന്ന സഖ്യമാണ് ലക്ഷ്യം. 

ബംഗാളിൽ കോൺഗ്രസ്സിനെയും ബിജെപിയും എതിരിട്ട് തൃണമൂൽ കോൺഗ്രസ്സിനെ തുടർഭരണത്തിനെത്തിച്ച മമതാ ബാനർജിയാണ് ദേശീയ മൂന്നാംചേരിയെന്ന ആശയത്തിന് ഇപ്പോൾ തിരികൊളുത്തിയത്. ഇന്നലെ ബംഗാളിൽ മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വിവിധ പാർട്ടി നേതാക്കളോട് മമത തന്നെയാണ് ഈ ആഹ്വാനം നടത്തിയത്. കോൺഗ്രസ്സിന് ബിജെപിയെ എതിർക്കുന്നതിൽ ശക്തിചോരുന്നതായും അതിനാൽ മൂന്നാംചേരി ഉയർന്നുവരേണ്ടതുണ്ടെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ലാലുപ്രസാദ് യാദവും വ്യക്തമാക്കി. ബിജെപി നടത്തുന്നത് വിദ്വേഷ രാഷ്ട്രീയമാണെന്നും ഇതിനെ പ്രതിരോധിക്കാൻ എതിർപ്പുള്ള രാഷ്ട്രീയ കക്ഷികൾ ഒരുമിച്ചു നിൽക്കണമെന്നും ലാലു പ്രസാദ് ആവശ്യപ്പെട്ടു.

മോദി സർക്കാർ മൂന്നാംവർഷത്തിലേക്ക് കടക്കുന്ന വേളയിൽ മൂന്നാംചേരിയെന്ന ആശയം സജീവമായത് കോൺഗ്രസ് ദുർബലമാകുന്നതിന്റെ സൂചനകളായി രാഷ്ട്രീയ നിരീക്ഷകരും കാണുന്നു. ബീഹാർ തിരഞ്ഞെടുപ്പിൽ മോദി തരംഗത്തെ എതിർക്കാനും ബിജെപിയെ തോൽപ്പിക്കാനും നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡും ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയും കോൺഗ്രസിനൊപ്പം ചേർന്ന് മഹാസഖ്യം രൂപീകരിച്ചാണ് ബീഹാർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് വിജയിച്ചതോടെ സമാന സാധ്യതകൾ പരീക്ഷിക്കപ്പെട്ടു. പക്ഷേ, അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന അവസാനവട്ട നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടായതാണ് ഇപ്പോൾ അവരെ ഒഴിവാക്കി ഓരോ സംസ്ഥാനങ്ങളിലും കരുത്തുള്ള രാഷ്ട്രീയ കക്ഷികളുടെ ഐക്യപ്പെടലിലൂടെ ബിജെപിയെ പ്രതിരോധിക്കാൻ മൂന്നാംചേരിയെന്ന ആശയത്തിന് ശക്തിപകരുന്നത്.

ബംഗാളിൽ മമത ബാനർജി, ഡൽഹിയിൽ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ, ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്നംചേരി രൂപീകരിക്കാനാണ് നീക്കം. അടുത്തതായി നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ചേരാതെ ബിജെപി വിരുദ്ധതയുള്ള സമാന കക്ഷികളെ ഒരുമിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നകാര്യവും ഇവർ ചർച്ചചെയ്യുന്നു.

ഇത്തരമൊരു മുന്നണിക്ക് ആരെങ്കിലും മുൻകൈയെടുക്കുന്ന പക്ഷം തന്റെ പൂർണ പിന്തുണയുണ്ടാവുുമെന്ന് മമത മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം മുന്നണിയുടെ നേതൃത്വത്തിലേക്ക് വരാനാകില്ലെന്നും തനിക്ക് ബംഗാളിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ടെന്നുമാണ് മമതയുടെ നിലപാട്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജമ്മു-കാശ്മീർ മുന്മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും മൂന്നാം മുന്നണി എന്ന ആശയത്തെ സ്വാഗതം ചെയ്തു. അഖണ്ഡഭാരതം എന്ന ലക്ഷ്യം മുൻനിർത്തി എല്ലാം പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം എല്ലാ പിൻതുണയും വാഗ്ദാനം ചെയ്തു.

അതേസമയം കോൺഗ്രസിനൊപ്പം നിന്ന് മമതയുടെ തൃണമൂലിനെ നേരിട്ട സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുടെ നിലപാട് ഇക്കാര്യത്തിൽ എന്തായിരിക്കുമെന്ന് വ്യക്തമല്ല. എന്നാൽ ബിജെപി വിരുദ്ധത എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സംയുക്തനീക്കമാണ് മൂന്നാംചേരിയുടെ രൂപീകരണത്തിന് ഉണ്ടാകുകയെന്നാണ് സൂചനകൾ.

2014ലെ പാർലമെന്റ് തിരഞ്ഞടുപ്പിന് മുൻപായും ഇത്തരമൊരു ആശയം മുന്നോട്ടുവന്നിരുന്നെങ്കിലും അന്ന് പ്രധാനമന്ത്രി മോഹികളുടെ ആധിക്യംകാരണം തുടക്കത്തിലേ ഈ നീക്കം പാളിപ്പോയിരുന്നു. വിജയിച്ചുവന്നാൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യം ആദ്യമേ ഉയർന്നതോടെ ജയലളിതയുടേയും ലാലുപ്രസാദിന്റെയും പേരുകൾ ഉയർത്തിക്കാട്ടി തർക്കം തുടങ്ങിയതോടെ ഈ നീക്കം ദുർബലമാകുകയായിരുന്നു. ഇത്തവണ നിതീഷ്‌കുമാർ, അരവിന്ദ് കെജ്രിവാൾ എന്നിവരിൽ ആരെയെങ്കിലും മുഖ്യ നേതാവായി ഉയർത്തിക്കാട്ടി മൂന്നാംചേരി രൂപീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

അതേസമയം, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനാകാതെ പോയതും ബിജെപി കോൺഗ്രസിൽ നിന്ന് ഭരണം പിടിച്ചതുമാണ് കോൺഗ്രസിനു പിന്നിൽ നിൽക്കാതെ ബിജെപിക്കെതിരെ മൂന്നാംചേരി വേണമെന്ന ആവശ്യത്തിന് പ്രധാന പ്രേരണയാകുന്നത് എ്ന്നാണ് സൂചനകൾ. ബിജെപിക്കൊപ്പം കോൺഗ്രസിനെയും ബദ്ധശത്രുവായി കാണുന്ന മമത ബാനർജി അക്കാരണം കൊണ്ടാണ് ഇത്തരമൊരു ആശയം തന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിൽ മുന്നോട്ടുവച്ചതെന്നും കരുതുന്നവരുണ്ട്. എന്തായാലും അടുത്തുവരുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഇത്തരമൊരു നീക്കം നടപ്പിലായാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായ സാമ്പിൾവെടിക്കെട്ടാകും അതെന്നതിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP