Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദിയോടുള്ള ന്യൂനപക്ഷ മനോഭാവം മാറ്റുക വെല്ലുവിളി; പ്രധാനമന്ത്രി പോരാടുന്നത് ദാരിദ്ര്യത്തിനെതിരെ; അതുകൊണ്ട് ലൗ ജിഹാദിനെ കുറിച്ച് സംസാരിക്കേണ്ടെന്ന് മന്ത്രി നജ്മ ഹിബത്തുള്ള

മോദിയോടുള്ള ന്യൂനപക്ഷ മനോഭാവം മാറ്റുക വെല്ലുവിളി; പ്രധാനമന്ത്രി പോരാടുന്നത് ദാരിദ്ര്യത്തിനെതിരെ; അതുകൊണ്ട് ലൗ ജിഹാദിനെ കുറിച്ച് സംസാരിക്കേണ്ടെന്ന് മന്ത്രി നജ്മ ഹിബത്തുള്ള

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിന്റെ രക്തകറകൾ പ്രധാനമന്ത്രിയായ ശേഷവും നരേന്ദ്ര മോദിയെ വേട്ടയാടുകയാണ്. കലാപ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചരണങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ മുസ്ലിംന്യൂനപക്ഷം ഭയക്കുകയും ചെയ്യുന്നു. ഒടുവിൽ ഇക്കാര്യം ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുള്ളയും പറഞ്ഞു. നരേന്ദ്ര മോദി മന്ത്രിസഭയോടുള്ള ന്യൂനപക്ഷത്തിന്റെ മനോഭാവം മാറ്റിയെടുക്കുകയാണ് ന്യൂനപക്ഷ മന്ത്രാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് നജ്മ ഹിബത്തുല്ല അഭിപ്രായപ്പെട്ടത്.

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയാൽ ന്യൂനപക്ഷ മന്ത്രാലയംതന്നെ ഉണ്ടാകില്ലെന്നും ന്യൂനപക്ഷക്ഷേമ പദ്ധതികൾ ഉണ്ടാകില്ലെന്നുമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ മോദി സർക്കാർ 100 ദിനം പിന്നിടുമ്പോൾ ഇത്തരം പ്രചാരണം പൊള്ളയാണെന്ന് തെളിഞ്ഞു. ലൗ ജിഹാദിന്റെ പേരിൽ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണം, ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന വിവാദ പ്രസ്താവന തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി പ്രതികരിക്കാനും തയ്യാറായില്ല.

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ പോരാട്ട് ദാരിദ്ര്യത്തിന് എതിരായാണ്. അതിനൊപ്പം നിൽക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ട് ലൗ ജിഹാദിനെ കുറിച്ച് സംസാരിക്കാതെ വികസനത്തെ കുറിച്ച് സംസാരിക്കാമെന്നും നജ്മ പറഞ്ഞു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനുള്ള നിയമം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പാസാക്കാൻ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി. ബിൽ പാർലമെന്റിന്റെ പരിഗണനയിലാണ്. ബിൽ പാസാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവുമായി സംസാരിച്ചിട്ടുണ്ട്.

ആറു ലക്ഷം ഏക്കർ വരുന്ന വഖഫ് സ്വത്തുക്കളിൽ വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ട്. ഇവ ഒഴിപ്പിക്കണമെങ്കിൽ ആദ്യം നിയമം പാസാക്കണം. വഖഫ് ഭൂമിയുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വഖഫ് വികസന കോർപറേഷന്റെ നേതൃത്വത്തിൽ വഖഫ് ഭൂമി വ്യവസായികമായി വികസിപ്പിക്കാനും അതിൽനിന്നുള്ള പണം സമുദായക്ഷേമത്തിന് ഉപയോഗിക്കാനുമുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത് ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ 100 ദിനംകൊണ്ട് മോദി സർക്കാർ നടപ്പാക്കിയതായി മന്ത്രി അവകാശപ്പെട്ടു.

വിവരിച്ച പദ്ധതികളെല്ലാം യു.പി.എ സർക്കാറിന്റെ കാലം മുതൽ നടന്നുവരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പഴയ പദ്ധതികൾ പുനഃസംഘടിപ്പിച്ച് നടപ്പാക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അന്യാധീനപ്പെട്ട ജൈന ക്ഷേത്രങ്ങളുടെയും സ്വത്തുക്കളുടെയും കണക്കെടുക്കാനും സംരക്ഷിക്കാനുമുള്ള നടപടികൾ ന്യൂനപക്ഷ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും നജ്മ ഹിബത്തുല്ല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP