Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അധികാരം പോയപ്പോൾ പി ചിദംബരവും കോൺഗ്രസിനെതിരെ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണം പ്രണബ് മുഖർജിയുടെ പരിഷ്‌ക്കാരങ്ങളെന്ന് വിമർശിച്ച് രംഗത്ത്

അധികാരം പോയപ്പോൾ പി ചിദംബരവും കോൺഗ്രസിനെതിരെ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണം പ്രണബ് മുഖർജിയുടെ പരിഷ്‌ക്കാരങ്ങളെന്ന് വിമർശിച്ച് രംഗത്ത്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന് അധികാരം നഷ്ടമായതോടെ പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന മുൻ ധനമന്ത്രി കെ ചിദംബരം അവസരം കിട്ടിയപ്പോൾ നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിക്ക് തന്നെ ഇടയാക്കിയത് ചിദംബരത്തിന്റെ സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണെന്ന തരത്തിൽ വാർത്തകൾ വരുന്നതിനിടെയാണ് എല്ലാറ്റിൽ നിന്നും കൈകഴുകാനുള്ള ശ്രമവുമായി അദ്ദേഹം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം പ്രണബ് മുഖർജി ധനമന്ത്രി ആയിരിക്കേ നടത്തിയ സാമ്പത്തിക നയങ്ങളാണെന്നാണ് ചിദംബരത്തിന്റെ വിമർശനം.

താൻ ധനമന്ത്രി ആയതിന് ശേഷം സ്വീകരിച്ച സാമ്പത്തിക നയങ്ങൾ പരാജയകാരണം ആയിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സാമ്പത്തിക നയങ്ങൾ പരാജയ കാരണമാണെങ്കിൽ അതിന് ഉത്തരവാദി പ്രണബ് കുമാർ മുഖർജി ആണെന്ന് ചിദംബരം വ്യക്തമാക്കി. 2008-09 കാലയളവിൽ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകളാണ് രാജ്യത്തിന്റെ സാമ്പത്തിക നിലവഷളാക്കിയത്. ലോകത്ത് അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യം നേരിടാനാണ് സാമ്പത്തിക ഉത്തേജന പാക്കേജുകൾ ധനമന്ത്രി ആയിരുന്ന പ്രണാബ് കുമാർ മുഖർജി പ്രഖ്യാപിച്ചത്. ഇത് ദീർഘവീക്ഷണം ഇല്ലാത്തതും സർക്കാരിന് കടുത്ത സാമ്പത്തിക സമ്മർദ്ദം സമ്മാനിച്ചതും ആയെന്നാണ് ചിദംബരം കുറ്റപ്പെടുത്തുന്നത്.

പരാജയ പാപഭാരം താനടക്കമുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കാനുള്ള എകപക്ഷീയ ശ്രമത്തെ അനുവദിക്കില്ല എന്ന മുന്നറിയിപ്പാണ് തന്റെ നിലപാടിലൂടെ കോൺഗ്രസ് നേത്യത്വത്തോട് ചിദംബരം വ്യക്തമാക്കിയിരിക്കുന്നത്. നേത്യത്വം തൊലിപ്പുറത്തെ ചികിത്സയ്ക്കുപരി കൂടുതൽ പരാജയ കാരണപരിശോധനയ്ക്ക് മെനക്കെട്ടാൽ നേതാവെന്ന നിലയിലുള്ള രാഹുൽ ഗാന്ധിയുടെ പരാജയം ഉൾപ്പടെയുള്ള വിഷയങ്ങൾ പരിശോധിയ്‌ക്കേണ്ടി വരും എന്നാണ് ചിദംബരം തന്റെ പ്രതികരണത്തിലൂടെ സൂചിപ്പിക്കുന്നത്.

മന്മോഹൻസിങ് സർക്കാരിർ ധനമന്ത്രിയായിരുന്ന ചിദംബരത്തെ മാറ്റിയാണ് പ്രണബ് മുഖർജിയെ ധനമന്ത്രിയാക്കിയത്. പിന്നീട് പ്രണബ് രാഷ്ട്രപതിയായപ്പോൾ ചിദംബരത്തിന് തന്നെ ചുമതല നൽകുകയായിരുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തിൽ അമേരിക്കയുൾപ്പെടെ ലോകത്തെ വികസിത സമ്പദ് വ്യവസ്ഥകളെല്ലാം തകർന്നുവീണപ്പോൾ പിടിച്ചുനിന്നത് ഇന്ത്യമാത്രമായിരുന്നു. അന്ന് യുപിഎ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഭദ്രമായ അടിത്തറയുമാണ് മാന്ദ്യത്തെ മറികടക്കാൻ സഹായിച്ചതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ഇതുവരെയുള്ള വാദം. പ്രണബ് മുഖർജിയിൽനിന്നും ധനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം പാർലമെന്റിൽ നടത്തിയ പ്രസ്താനകളിൽ ധനകമ്മിറ്റി പിടിച്ചുനിർത്താൻ പറ്റാത്ത സാഹചര്യത്തെ നേരിയ തോതിൽ ചിദംബരം വിമർശിച്ചിരുന്നുവെങ്കിലും പ്രണബിന്റെ നയങ്ങളെ ഇത്ര രൂക്ഷമായി വിമർശിക്കുന്നത് ഇതാദ്യമായാണ്.

മന്ത്രിസഭയിൽ അംഗങ്ങളായിരിക്കെ ചിദംബരവും പ്രണബ് മുഖർജിയും നിരവധി വിഷയങ്ങളിൽ കടുത്ത ഭിന്നതയിലായിരുന്നു. ടുജി സ്പ്ക്ടം ലേലം സംബന്ധിച്ചും ധനമന്ത്രി പ്രണബ് മുഖർജിയുടെ ഓഫീസിൽ ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഫോൺ ചോർത്താനുള്ള ഉപകരണം സ്ഥാപിച്ചത് സംബന്ധിച്ച് അന്ന് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. അടുത്തകാലത്തായി കോൺഗ്രസിന്റെ പരിപാടികളിൽ നിന്നും പോലും മാറിനിൽക്കുന്ന സമീപനമാണ് പി ചിദംബരം സ്വീകരിച്ചു പോന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP