Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ സാഹചര്യം മാറിയാൽ അടവുനയവും മാറും; കോൺഗ്രസിനോടുള്ള സി.പി.എം നയത്തിൽ മാറ്റം വന്നേക്കും; കഴിഞ്ഞ പാർട്ടി കോൺഗ്രസ് കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്ന് സീതാറാം യെച്ചൂരി

രാഷ്ട്രീയ സാഹചര്യം മാറിയാൽ അടവുനയവും മാറും; കോൺഗ്രസിനോടുള്ള സി.പി.എം നയത്തിൽ മാറ്റം വന്നേക്കും; കഴിഞ്ഞ പാർട്ടി കോൺഗ്രസ് കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്ന് സീതാറാം യെച്ചൂരി

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി: കോൺഗസിനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ മാറ്റത്തിന് സാധ്യത. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ സൂചന നൽകിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തിൽ മാറ്റമുണ്ടാകുമെന്നും രാഷ്ട്രീയ സാഹചര്യം നോക്കിയാണ് അടവുനയം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺ്ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

സിപിഐ എം 22-ാം പാർട്ടി കോൺഗ്രസ് 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടത്താൻ കേന്ദ്രകമ്മിറ്റിയോട് ശുപാർശ ചെയ്യാൻ പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. പാർട്ടി കോൺഗ്രസിൽ പരിഗണിക്കേണ്ട രേഖകളും അജണ്ടയും തയ്യാറാക്കാൻ തുടങ്ങിയെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിലെ പ്രധാന ഭാഗം കോൺഗ്രസ് ബന്ധം തന്നെയായിരിക്കും. അതത് കാലത്തെ മൂർത്തസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ രാഷ്ട്രീയഅടവുനയം രൂപീകരിക്കുകയെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

2015ൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് ചേർന്നപ്പോൾ നിലനിന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാ പാർട്ടി അംഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയാണ് രാഷ്ട്രീയ അടവുനയത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക. എല്ലാകാലത്തും പാർട്ടി സ്വീകരിച്ചുവന്ന ത് ഇതേ ശൈലി തന്നെയാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് അടവ് നയത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഡൽഹിയിൽ നടന്ന പി.ബി യോഗത്തിൽ യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയിലും ഇക്കാര്യം വ്യക്തമായി പറയുന്നു.

കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ 25 കൊല്ലത്തെ അടവുനയം വിലയിരുത്തി പ്രത്യേക രേഖ സി.പി.എം തയ്യാറാക്കിയിരുന്നു. ഇതിനു പുറമെ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. രണ്ടിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് എതിരായ നിലപാടാണ് ഉള്ളത്. ഒപ്പം ബൂർഷ്വാ പാർട്ടികളുമായി സംസ്ഥാനങ്ങളിൽ സഖ്യം വേണ്ടെന്നും സി.പി.എം തീരുമാനിച്ചിരുന്നു. എന്നാൽ ഈ സമീപനത്തിൽ മാറ്റം വേണം എന്ന ശക്തമായ നിലപാടിലാണ് ബംഗാൾ ഘടകം. രാഷ്ട്രീയ പ്രമേയം അടുത്ത പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാവും അവതരിപ്പിക്കുക. പ്രമേയത്തിന്റെ രൂപരേഖയാണ് യെച്ചൂരി പിബി യോഗത്തിൽ അവതരിപ്പിച്ചത്.

രാഷ്ട്രീയ നയത്തിൽ മാറ്റത്തിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യെച്ചൂരി സ്വീകരിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയിൽ ചർച്ച നടക്കട്ടെ എന്ന നിലപാടാണ് യെച്ചൂരി അവതരിപ്പിച്ചത്. പിബിയിൽ ഭൂരിപക്ഷത്തിനും നയം മാറ്റുന്നതിനോട് യോജിപ്പില്ല. എന്നാൽ കേന്ദ്രകമ്മിറ്റിയിൽ നയം മാറ്റം വേണോയെന്ന ചർച്ച നടക്കും. അവിടെ ശക്തമായ വാദം ഉന്നയിക്കാനാണ് ബംഗാൾ ഘടകവും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വിശാഖപട്ടണം പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവു നയത്തിൽ കോൺഗ്രസിനെയും ബിജെപിയെയും ഒരു പോലെ എതിർക്കണമെന്ന നിലപാടായിരുന്നു എടുത്തിരുന്നത്. എന്നാൽ ഈ നയത്തിൽ മാറ്റമുണ്ടാകുമെന്ന സൂചനയാണ് പി.ബി യോഗത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപ രേഖയിൽ ചൂണ്ടിക്കാട്ടുന്നത്.

കോൺഗ്രസിനെയല്ല ബിജെപിയെ ആണ് മുഖ്യശത്രുവായി കാണേണ്ടതെന്ന് സീതാറാം യെച്ചൂരി അവതരിപ്പിച്ച രൂപരേഖ ചൂണ്ടിക്കാട്ടുന്നു. ബംഗാൾ ഘടകം നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേരള ഘടകം ഈ നിലപാടിനെതിരായിരുന്നു. വരുന്ന പാർട്ടി കോൺഗ്രസോടെ ഇക്കാര്യത്തിൽ മാറ്റം വരുത്തുമെന്നുള്ള വ്യക്തമായ സൂചനയാണ് പി.ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി മുന്നോട്ട് വെച്ചത്. പി.ബിയിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയിൽ ബംഗാൾ ഘടകം തങ്ങളുടെ മുൻ നിലപാട് ആവർത്തിച്ചുവെങ്കിലും കേരളഘടകവും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും കോൺഗ്രസുമായുള്ള സമീപനത്തിൽ മാറ്റം വരുത്തുന്നതിൽ എതിർത്ത് നിന്നു.

കോൺഗ്രസുമായുള്ള സമീപനത്തിൽ മിതത്വം പാലിക്കുന്നത് കേരളത്തിൽ പ്രശ്നമുണ്ടാക്കുമെന്നും അത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും കേരളം ഘടകം ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രക്കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക. ഒക്ടോബർ 14-ാം തീയതിയാണ് കേന്ദ്രകമ്മിറ്റി. ഇതിന് മുന്നോടിയായി ഒക്ടോബർ രണ്ടിന് വീണ്ടും പി.ബി യോഗം ചേരും. ഈ യോഗത്തിലായിരിക്കും കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട രൂപ രേഖയ്ക്ക് അന്തിമ രൂപം നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP