Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ വിജയം അമിത്ഷായ്ക്ക് ഇരട്ടി മധുരം;നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിൽനിന്നേറ്റ പ്രഹരത്തിനു മധുരപ്രതികാരം; ഇനി ലക്ഷ്യം ആം ആദ്മി പാർട്ടിയുടെ അടിത്തറയിളക്കൽ

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ വിജയം അമിത്ഷായ്ക്ക് ഇരട്ടി മധുരം;നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിൽനിന്നേറ്റ പ്രഹരത്തിനു മധുരപ്രതികാരം; ഇനി ലക്ഷ്യം ആം ആദ്മി പാർട്ടിയുടെ അടിത്തറയിളക്കൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ ഡൽഹിയിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ഇരട്ടിമധുരമാകും. തിരഞ്ഞെടുപ്പു ചരിത്രത്തിലെ അത്യപൂർവ പരീക്ഷണം വിജയിച്ചെന്നതിനു പുറമേ നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയിൽനിന്നേറ്റ പ്രഹരത്തിനു മധുരപ്രതികാരവുമായി. ഗുജറാത്തിൽ ഭരണവിരുദ്ധവികാരം മറികടക്കാൻ നരേന്ദ്ര മോദി പ്രയോഗിച്ചിരുന്ന തന്ത്രമാണ് പത്തു വർഷമായി ബിജെപി ഭരിച്ചിരുന്ന ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പിൽ അമിത് ഷാ പ്രയോഗിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ സിറ്റിങ് എംഎൽഎമാരിൽ പകുതിയോളംപേരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിച്ചാണു പാർട്ടി ജയം ഉറപ്പിച്ചിരുന്നത്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ, നിലവിലുണ്ടായിരുന്ന മൂന്നു മേയർമാർ ഉൾപ്പെടെ മുഴുവൻ ബിജെപി കൗൺസിലർമാർക്കും അമിത് ഷാ ടിക്കറ്റ് നിഷേധിച്ചു. ഏതൊരു രാഷ്ട്രീയ പാർട്ടിയിലും കലാപം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യം അത്ഭുതകരമായി ബിജെപി അതിജീവിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട കൗൺസിലർമാരുടെ ബന്ധുക്കൾക്കും ടിക്കറ്റ് വിലക്കിയിരുന്നു.

കോർപറേഷനിലെ അഴിമതികളുടെ പേരിലുണ്ടായിരുന്ന ഭരണവിരുദ്ധവികാരം പുതുമുഖങ്ങൾ രംഗത്തെത്തിയതോടെ അപ്രത്യക്ഷമായി. തിരഞ്ഞെടുപ്പു തന്ത്രജ്ഞനെന്ന അമിത് ഷായുടെ പരിവേഷത്തിനു കനത്ത ആഘാതമായിരുന്നു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ദയനീയ പരാജയം. പരമ്പരാഗതമായി ബിജെപിക്കു ലഭിച്ചിരുന്ന ബനിയ വോട്ടുകൾ മാത്രമല്ല, സംഘപരിവാർ അനുഭാവമുള്ള കുടുംബങ്ങളും ആം ആദ്മിക്കു വോട്ടുചെയ്‌തെന്നായിരുന്നു കണ്ടെത്തൽ. കേജ്രിവാളിന്റെ സംശുദ്ധ പ്രതിച്ഛായയ്‌ക്കൊപ്പം ബിജെപിയിലെ പടലപിണക്കങ്ങളും തോൽവിക്കു കാരണമായി.

ഡൽഹി മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പഞ്ചാബിയായ കിരൺ ബേദിയെ അവതരിപ്പിച്ച പരീക്ഷണം പരാജയപ്പെട്ടെങ്കിലും ബിഹാറുകാരനായ മനോജ് തിവാരിയെ സംസ്ഥാന അധ്യക്ഷനാക്കിയ സംഘടനാതന്ത്രം ഫലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം ബിജെപി ഡൽഹി ഘടകത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പാലക്കാട്ടുകാരനായ സിദ്ധാർഥനും വിജയത്തിൽ പങ്ക് അവകാശപ്പെടാം. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരുകളുടെ ഭാഗമല്ലാത്ത മനോജ് തിവാരി പാർട്ടിയുടെ പുതിയ മുഖമായി. അതേസമയം, കോർപറേഷൻ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനഞ്ഞതു ദേശീയ അധ്യക്ഷന്റെ മേൽനോട്ടത്തിലായിരുന്നു. ടിക്കറ്റ് മോഹികൾപോലും സംസ്ഥാന അധ്യക്ഷനെ കണ്ടു സമയം മെനക്കെടുത്താതെ അമിത് ഷായെ നേരിൽ കാണാനാണു ശ്രമിച്ചത്.

മുഖ്യമന്ത്രിപദത്തിൽ അരവിന്ദ് കേജ്രിവാളിന്റെ പരിചയക്കുറവും പാളിച്ചകളും ബിജെപി തുടക്കംമുതലേ പ്രചാരണായുധമാക്കി. ആം ആദ്മി മന്ത്രിമാരും എംഎൽഎമാരും കേസുകളിൽ കുടുങ്ങിയപ്പോൾ പ്രതിച്ഛായയ്ക്കു മങ്ങലേൽക്കാൻ തുടങ്ങി. പാർട്ടിയുടെ ശക്തരായ വക്താക്കളായിരുന്ന പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കിയതോടെ പ്രതിരോധനിര ദുർബലമായി. ഭരണത്തെക്കാൾ കേജ്രിവാളിനു ശ്രദ്ധചെലുത്തേണ്ടിവന്നതു മുകളിൽ കേന്ദ്രസർക്കാരുമായും താഴെ മുനിസിപ്പൽ കോർപറേഷനുമായുള്ള അധികാര വടംവലിയിലാണ്. പ്രകോപിതനായ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങളുമായി നിരന്തരം മാധ്യമങ്ങൾക്കു മുന്നിലെത്തിയത് 'മോദി ഫോർ പിഎം, കേജ്രിവാൾ ഫോർ സിഎം' ഫോർമുല സ്വീകരിച്ച ഡൽഹി വോട്ടർമാരെ അലോസരപ്പെടുത്തി.

പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ചോദ്യംചെയ്ത കേജ്രിവാളിന്റെ നിലപാടിനെതിരെ ബിജെപി നടത്തിയ വൈകാരിക പ്രചാരണവും ചലനമുണ്ടാക്കി. കേജ്രിവാൾ പഞ്ചാബ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ 'മുഖ്യമന്ത്രിയെ കാണാനില്ല' പ്ലക്കാർഡുകളുമായി ബിജെപി തെരുവിലിറങ്ങി. ബിജെപിയുടെ അക്ഷീണ പ്രചാരണത്തിന്റെ ഫലംകൂടിയാണു തകർപ്പൻ വിജയം. കറൻസി അസാധുവാക്കൽ നടപടിക്കെതിരെ നടത്തിയ പ്രചാരണങ്ങൾ ഡൽഹി ജനത തിരസ്‌കരിച്ചതും ബിജെപിക്ക് ആശ്വാസമായി. കറൻസിക്ഷാമ ദുരിതങ്ങൾ മറന്നു ജനം പാർട്ടിയെ പിന്തുണച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP