Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാടു നന്നാക്കാൻ ആഗ്രഹിച്ച ജയലളിതയെ അഴിമതികാരി ആക്കിയതിൽ മുഖ്യപങ്കു വഹിച്ചു; ശശികലയെ അകത്താക്കിയതും ഇയാളുടെ പ്രവർത്തി മൂലം; ആവശ്യം വന്നാൽ മുങ്ങാൻ എൻആർഐ പദവി ഉറപ്പിച്ച് മുഖ്യമന്ത്രിയാകാൻ എത്തി; ഒരാഴ്ച മുമ്പ് വരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ ആൾ ഇപ്പോൾ അറസ്റ്റ് പേടിച്ച് മുങ്ങി

നാടു നന്നാക്കാൻ ആഗ്രഹിച്ച ജയലളിതയെ അഴിമതികാരി ആക്കിയതിൽ മുഖ്യപങ്കു വഹിച്ചു; ശശികലയെ അകത്താക്കിയതും ഇയാളുടെ പ്രവർത്തി മൂലം; ആവശ്യം വന്നാൽ മുങ്ങാൻ എൻആർഐ പദവി ഉറപ്പിച്ച് മുഖ്യമന്ത്രിയാകാൻ എത്തി; ഒരാഴ്ച മുമ്പ് വരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ ആൾ ഇപ്പോൾ അറസ്റ്റ് പേടിച്ച് മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മന്നാർഗുഡി മാഫിയയ്ക്ക് ഇത് കഷ്ടകാലമാണ്. ജയലളിതയുടെ മരണത്തോടെ ഭരണം പിടിക്കാനിറങ്ങിയ ശശികല ഇപ്പോൾ ജയിലിലാണ്. പകരക്കാരനാകാൻ ശശികല നിയോഗിച്ച മരുമകൻ ടിടിവി ദിനകരനേയും കാണാനില്ല. ദിനകരൻ ഇപ്പോൾ ഒളിവിലാണെന്ന് ഡൽഹി പൊലീസ് പറയുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ആർ കെ നഗറിൽ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ ദിനകരനെതിരെ ലുക്ക് ഔട്ട് നോട്ടീസും ഡൽഹി പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് അണ്ണാ ഡിഎംകെയിൽ പുതിയ ചേരികൾ ഉണ്ടായത്. മുഖ്യമന്ത്രി പളനിസ്വാമിയും മുൻ മുഖ്യമന്ത്രി പനീർശെൽവവും ഒന്നിച്ചു. അതുകൊണ്ട് തന്നെ ശശികലയും ദിനകരനുമെല്ലാം പാർട്ടിക്ക് പുറത്ത് പോകുന്നു. ദിനകരനേയും താമസിയാതെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ദിനകരൻ എവിടെയാണെന്നത് ആർക്കും അറിയില്ല.

പ്രവാസി ഇന്ത്യാക്കാരനെന്ന പദവിയും ദിനകരനുണ്ട്. എന്നെങ്കിലും പിടിക്കപ്പെട്ടാൽ നാടുവിടുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇപ്പോൾ ചെന്നൈയിൽ തന്നെ ദിനകരനുണ്ട്. അണ്ണാ ഡിഎംകെയിൽ അധികാര സമവാക്യങ്ങൾ അനുകൂലമാക്കാനുള്ള അവസാന നീക്കങ്ങളിലാണ് ദിനകരൻ. ഈ നീക്കം പൊളിഞ്ഞാൽ അരും അറിയാതെ രാജ്യം വിടാൻ ദിനകരൻ ശ്രമിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ദിനകരന്റെ അടുത്ത അനുയായിയും നിരീക്ഷണത്തിലാണ്. ഏത് സമയത്തും ചെന്നൈയിലെത്തി ദിനകരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുമെന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് കൂടിയാണ് അജ്ഞാത കേന്ദ്രത്തിൽ ദിനകരൻ കഴിയുന്നതെന്നാണ് സൂചന.

തമിഴകത്തിന്റെ അമ്മയായിരുന്നു ജയലളിത. എംജിആറിന് ശേഷം തമിഴകം പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രി. പണത്തോട് താൽപ്പര്യമില്ലാതിരുന്നിട്ടും ജയലളിത അഴിമതിക്കാരിയായി. ശശികലയുടേയും മരുമകൻ ദിനകരന്റേയും പണത്തോടുള്ള ആർത്തിയായിരുന്നു ഇതിന് കാരണം. തോഴി പറയുന്നതെല്ലാം ചെയ്ത ജയലളിത അങ്ങനെ അഴിമതിക്കേസിൽ പ്രതിയായി. വളർത്തുമകന്റെ വിവാഹം ഉൾപ്പെടുയുള്ള ആർഭാടമായിരുന്നു ഇതിനെല്ലാം കാരണം. ശശികലയെ കുഴപ്പത്തിൽ ചാടിച്ച ഡീലുകളും ദിനകരന്റേതായിരുന്നു. ഈ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് തമിഴകത്തിന്റെ കരുത്തായി ജയലളിത മാറി. ഇതിനിടെയാണ് അഴിമതിക്കേസിലെ ശിക്ഷയും രോഗവുമെല്ലാം ജയയെ തളർത്തുന്നത്. ഈ അവസരം മുതലെടുത്ത് പാർട്ടി പിടിക്കാൻ ശശികലയുമെത്തി. ശശികല ജയിലിലായപ്പോൾ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി എല്ലാം സ്വന്തമാക്കാൻ ദിനകരൻ നേരിട്ട് എത്തി. ആർ കെ നഗറിൽ മത്സരിച്ച് മുഖ്യമന്ത്രിയാകാനും ശ്രമിച്ചു. എന്നാൽ എല്ലാം തകർന്നത് അതിവേഗമായിരുന്നു. അദൃശ്യ ഇടപെടലുകൾ എല്ലാം അവതാളത്തിലാക്കി.

വോട്ടർമാർക്ക് പണം കൈക്കൂലിയായി നൽകിയത് വിനയായി. അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥിയുടെ വിജയത്തിനായിരുന്നു അതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും തിരിച്ചറിഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. തൊട്ട് പിന്നാലെ ഡൽഹി പൊലീസിന്റെ കേസും. എ.ഐ.എ.ഡി.എം.കെ.യുടെ 'രണ്ടില' ചിഹ്നം ലഭിക്കാൻ സുകേഷ് എന്ന ഇടനിലക്കാരൻ വഴി ദിനകരൻ തിരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതിനായി 50 കോടിയുടെ കരാറാണ് സുകേഷുമായി ദിനകരൻ ഉറപ്പിച്ചത്. ഇതിൽ 10 കോടി രൂപ കൊച്ചിയിലെ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകേഷ് ഡൽഹി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതേതുടർന്ന്, ദിനകരനെതിരെ ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തു. ഇതോടെയാണ് എ.ഐ.എ.ഡി.എം.കെ.യിൽ പുതിയ പൊട്ടിത്തെറി തുടങ്ങിയത്. എഐഎഡിഎംകെയിൽ നിന്ന് ദിനകരനെ പളനിസ്വാമിയും പനീർശെൽവവും ചേർന്ന് പുറത്താക്കി. ശശികലയേയും ഒഴിവാക്കി. അങ്ങനെ മന്നാർഗുഡി മാഫിയയെ തൂത്തെറിഞ്ഞു.

ടി..ടി.വി. സഹോദരന്മാരെന്നറിയപ്പെടുന്ന ദിനകരൻ, സുധാകരൻ, ഭാസ്‌കരൻ എന്നിവർ ശശികലയുടെ സഹോദരി വനിതാമണിയുടെ മക്കളാണ്. തേനി സ്വദേശികളായ ഇവർ ശശികലയ്‌ക്കൊപ്പം 1991- 96 കാലയളവിൽ പോയസ്ഗാർഡനിൽ ജയലളിതയുടെ വീട്ടിലായിരുന്നു താമസം. ഇവരിൽ സുധാകരനെയാണ് ജയലളിത ഇടക്കാലത്ത് വളർത്തുപുത്രനായി സ്വീകരിച്ചത്. 1995-ൽ ജയലളിതയുടെ നേതൃത്വത്തിൽനടന്ന സുധാകരന്റെ ആർഭാടവിവാഹം വൻവിവാദമായിരുന്നു. പിന്നീട് ജയലളിത സുധാകരനെ വീട്ടിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കി. ജയലളിത അവസാനം അപ്പോളൊ ആശുപത്രിയിൽ കിടന്നപ്പോൾ കാണാനെത്തിയെങ്കിലും സുധാകരന് കാണാൻ അനുമതി ലഭിച്ചില്ല. 2011 ഡിസംബറിൽ ശശികലയ്‌ക്കൊപ്പം ദിനകരനെയും ജയലളിത പോയസ് ഗാർഡനിലെ വീട്ടിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.

പിന്നീട് 2012-ൽ ശശികലയെ തിരിച്ചെടുത്തെങ്കിലും ദിനകരനെയും മറ്റുള്ളവരെയും തിരിച്ചെടുക്കാൻ ജയലളിത തയ്യാറായിരുന്നില്ല. എന്നാൽ ജയലളിതയുടെ മരണവാർത്ത പ്രഖ്യാപിക്കപ്പെട്ടതോടെ ആദ്യം പോയസ് ഗാർഡനിലെ വീട്ടിലെത്തിയവരിൽ ഒരാൾ ദിനകരനായിരുന്നു. ജയ ടി.വി. തുടങ്ങിയപ്പോൾ ദിനകരനായിരുന്നു ആദ്യം അതിന്റെ ഡയറക്ടർ. അതിനും മുമ്പ് ശശികലയുടെ വിനോദ് വീഡിയോസിൽ ക്യാമറാമാനായി ദിനകരൻ ജോലിനോക്കിയിരുന്നു. ദിനകരന്റെ തന്ത്രങ്ങളാണ് ശശികലയേയും ജയലളിതയേയും അടുപ്പിച്ചത്. തന്ത്രശാലിയായ ദിനകരൻ ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഇടനിലക്കാരനായി. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരവധി ഇടപാടുകൾ നടത്തി. ഇതാണ് ജയലളിതയ്‌ക്കെതിരായ കേസിലേക്ക് പോലും കാര്യങ്ങളെത്തിയത്. ജയയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രി പദം സ്വന്തമാക്കാനുള്ള കരുനീക്കമാണ് എല്ലാം പൊളിച്ചത്.

തമിഴ്‌നാട്ടിൽ ഇപ്പോൾ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കംമുതൽ ശശികല പക്ഷത്ത് മുൻനിരയിൽ ദിനകരനുണ്ട്. ശശികലയും എടപ്പാടി കെ. പളനിസാമിയും ഗവർണറെ കാണുമ്പോൾ, പാർട്ടി അംഗമല്ലാഞ്ഞിട്ടും ദിനകരൻ അനുഗമിച്ചു. ദിനകരനുമായുള്ള അടുപ്പമാണ് ഒരുകാലത്ത് പനീർസെൽവത്തിന് പാർട്ടിയിൽ പിടിവള്ളിയായതുതന്നെ. 1999ൽ ദിനകരൻ പെരിയകുളത്തുനിന്നു വിജയിച്ചു ലോക്‌സഭയിലെത്തിയപ്പോൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചതു പനീർശെൽവമായിരുന്നു. ആ അടുപ്പമാണ് 2001ൽ പെരിയകുളത്തുനിന്ന് നിയമസഭയിലേക്കു മൽസരിക്കാൻ അദ്ദേഹത്തിനു വഴിതുറന്നത്. അനധികൃത പണമിടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടു. ലോക്‌സഭയിലേക്ക് രണ്ടാം തവണ മൽസരിച്ചപ്പോൾ പരാജയപ്പെട്ട ദിനകരൻ 2004ൽ രാജ്യസഭാംഗമായി. അപ്പോഴെല്ലാം പിൻസീറ്റിലിരുന്നായിരുന്നു ഭരണ നിയന്ത്രണം. ഇതിന് മാറ്റം വരുത്താനുള്ള ദിനകരന്റെ ശ്രമം പൊളിച്ചതും പനീർശെൽവമാണെന്നതാണ് മറ്റൊരു വസ്തുത.

ഒന്നിക്കണോ, ശശികല കുടുംബത്തെ ഒഴിവാക്കണം എന്ന പനീർശെൽവത്തിന്റെ കടുത്ത നിലപാട് മറുപക്ഷം അംഗീകരിക്കുന്നതിന്റെ സൂചനകളാണ് വരുന്നത്. ഇതോടെ ശശികലയും കുടുംബവും പാർട്ടിയിൽ നിന്നും പുറത്തായി. ഇതുസംബന്ധിച്ച് ഇന്നലെ രാത്രി മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമുണ്ടായെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച അർധരാത്രി തുടങ്ങിയ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുടെ ഊഷ്മാവ് ഇന്നലെ പകൽ കുതിച്ചുയർന്നു. എഐഎഡിഎംകെ (അമ്മ) വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി വി.കെ. ശശികലയുടെ മരുമകൻ ടിടിവി ദിനകരൻ ഏതു നിമിഷവും അറസ്റ്റിലായേക്കാം എന്ന സൂചനകൾ വന്നതോടെയാണ് പാർട്ടിയിൽ ഭിന്നസ്വരം ഉയർന്നത്. പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ പാനലിന് 50 കോടി കൈക്കൂലി നൽകാൻ ശ്രമിച്ചു എന്നാണ് കേസ്. ദിനകരനെതിരെ കേസെടുത്ത ഡൽഹി പൊലീസ് ചെന്നൈയിൽ എത്തിയേക്കും എന്ന വാർത്ത പരക്കുമ്പോൾ ദിനകരൻ ബെംഗളൂരുവിൽ ജയിലിൽ കഴിയുന്ന ശശികലയെ സന്ദർശിക്കുകയായിരുന്നു.

ഏതാണ്ട് ഇതേ സമയത്തു തന്നെ ചെന്നൈയിൽ മുഖ്യമന്ത്രി എൽ. പളനിസ്വാമി തന്നെ വിമതസ്വരത്തിനു നേതൃത്വം നൽകി. തിങ്കളാഴ്ച അർധരാത്രി മന്ത്രിമാർ യോഗം ചേർന്നു. അണ്ണാഡിഎംകെയുടെ 172 എംഎൽമാർ ഒന്നിക്കുന്നു, പാർട്ടി ഒന്നാകുന്നു തുടങ്ങിയ റിപ്പോർട്ടുകൾ വന്നു. പനീർശെൽവത്തിന്റെ അണ്ണാഡിഎംകെ (പുരട്ച്ചിതലൈവി അമ്മ) നേതാക്കളുമായി പളനിസ്വാമി ക്യാംപ് ആശയവിനിമയം നടത്തി. ഒന്നിക്കാൻ പലതരം വ്യവസ്ഥകൾ മുന്നോട്ടുവച്ചു. സാഹചര്യത്തെക്കുറിച്ച് മന്ത്രിമാർ ദിനകരനേയും ധരിപ്പിച്ചു. ശശികല കുടുംബത്തെ ഒന്നാകെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാതെ പളനിസ്വാമിയുമായി നേരിട്ടുള്ള ചർച്ചക്കില്ല എന്ന് പത്രസമ്മേളത്തിൽ പനീർശെൽവം അറിയിച്ചതോടെ അതുവരെയുള്ള നീക്കങ്ങളെല്ലാം നിലച്ചു.

തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോവുകയാണ് ദിനകരൻ. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ല. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കിയതു നിയമവിരുദ്ധമമെന്ന നിലപാടിൽ മാറ്റമില്ല. പാർട്ടി ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാവുന്നത് അംഗീകരിക്കാനാവില്ല, പനീർശെൽവം സംശയങ്ങൾക്കിടയില്ലാതെ പറഞ്ഞു. അങ്ങനെ ദിനകരൻ തമിഴ് രാഷ്ട്രീയത്തിൽ അപ്രസക്തനായി മാറുന്ന മണിക്കൂറുകാണ് കടന്നു പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP