Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിൽ പരീക്ഷിച്ച് വിജയിച്ച കർഷക സമരം രാജ്യം മുഴുവൻ വ്യാപിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ; മോദിവിരുദ്ധ തരംഗം നിലനിർത്താൻ ഏഴ് സംസ്ഥാനങ്ങളിൽ തുടർച്ചയായി പ്രക്ഷോഭങ്ങൾ നടത്തും; 130 കർഷക സംഘടനകളുടെ കൂട്ടായ്മ പത്താം തീയതി വരെ പ്രക്ഷോഭം തുടരും; കാർഷിക വിളകളുടെ നീക്കം പൂർണ്ണമായും തടഞ്ഞ് പ്രതിഷേധിക്കും

മഹാരാഷ്ട്രയിൽ പരീക്ഷിച്ച് വിജയിച്ച കർഷക സമരം രാജ്യം മുഴുവൻ വ്യാപിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ; മോദിവിരുദ്ധ തരംഗം നിലനിർത്താൻ ഏഴ് സംസ്ഥാനങ്ങളിൽ തുടർച്ചയായി പ്രക്ഷോഭങ്ങൾ നടത്തും; 130 കർഷക സംഘടനകളുടെ കൂട്ടായ്മ പത്താം തീയതി വരെ പ്രക്ഷോഭം തുടരും; കാർഷിക വിളകളുടെ നീക്കം പൂർണ്ണമായും തടഞ്ഞ് പ്രതിഷേധിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കർഷക സമരം. മോദി സർക്കാരിന്റെ ഭരണതുടർച്ചയെന്ന ലക്ഷ്യം തകർക്കുകയാണ് പ്രക്ഷോഭത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റ പ്രതീ്ക്ഷിക്കുന്ന ഏഴുസംസ്ഥാനങ്ങളിൽ പത്തുദിവസം നീളുന്ന കർഷകസമരത്തിനാണ് തുടക്കമിടുന്നത്. മധ്യപ്രദേശിൽമാത്രം പ്രഖ്യാപിച്ചിരുന്ന സമരം മറ്റുസംസ്ഥാനങ്ങളിലെ കർഷകർ ഏറ്റെടുക്കുകയായിരുന്നു. മധ്യപ്രദേശിനുപുറമേ ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജമ്മുകശ്മീർ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ കർഷകരാണ് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചമുതൽ സമരത്തിനിറങ്ങിയത്.

മധ്യപ്രദേശിലെ മൻസോറിൽ കഴിഞ്ഞവർഷം ജൂണിൽ ആറുകർഷകർ വെടിയേറ്റുമരിച്ചതിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ചായിരുന്നു കർഷകസമരം പ്രഖ്യാപിച്ചത്. കാർഷികകടങ്ങൾ എഴുതിത്ത്തള്ളുക, വിളകൾക്ക് സർക്കാർ വാഗ്ദാനംചെയ്ത താങ്ങുവില നൽകുക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരം അവസാനിക്കുന്ന ജൂൺ 10-ന് രാജ്യവ്യാപകമായി ഉച്ചയ്ക്ക് രണ്ടുവരെ ഭാരതബന്ദ് നടത്തും. അന്ന് രണ്ടുമണിവരെ കടകൾ അടച്ചിടണമെന്ന് വ്യാപാരികളോട് അഭ്യർത്ഥിക്കുമെന്ന് മഹാസംഘ് കൺവീനർ ശിവകുമാർ ശർമ പറഞ്ഞു. മഹാരാഷ്ട്രയിൽ കർഷകർ നടത്തിയ ലോങ് മാർച്ച് വൻ വിജയമായിരുന്നു. ഈ മാതൃക രാജ്യമെങ്ങും ആവർത്തിക്കാനാണ് നീക്കം. താമസിയാതെ പ്രതിപക്ഷം സമര നേതൃത്വം ഏറ്റെടുക്കും.

സമരത്തിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി. കോൺഗ്രസ് ആസൂത്രണംചെയ്ത സമരമാണിതെന്ന് സിങ് ആരോപിച്ചു. സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ചൗഹാന്റെ ആരോപണം. കാർഷികോത്പന്നങ്ങൾ നഗരങ്ങളിലെ വിപണികളിലെത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്. പ്രകടനങ്ങൾ നടത്തുകയോ വാഹനങ്ങൾ തടയുകയോ റോഡുകൾ ഉപരോധിക്കുകയോ ചെയ്യില്ല. പകരം കാർഷികോത്പന്നങ്ങളും പാലുത്പന്നങ്ങളും കർഷകർ നഗരങ്ങളിലേക്കയക്കില്ല. ഗ്രാമങ്ങളിൽത്തന്നെ വിറ്റഴിക്കും. നഗരങ്ങളിലുള്ളവർക്ക് ആവശ്യമെങ്കിൽ ഗ്രാമങ്ങളിലെത്തി ഇവ വാങ്ങാം. ഇതോടെ നഗരങ്ങളിൽ പച്ചക്കറികൾക്കും പാലുത്പന്നങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും വിലയേറുമെന്നുറപ്പായി. ഇങ്ങനെ സർക്കാരുകളെ പ്രതിസന്ധിയിലാക്കാനാണ് നീക്കം.

130 കർഷകസംഘടനകളുടെ കൂട്ടായ്മയാണ് രാഷ്ട്രീയ കിസാൻ മഹാസംഘ്. സമരത്തിന് ഇരുന്നൂറോളം സംഘടനയുടെ പിന്തുണയുണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ, 190-ലേറെ കർഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കിസാൻ സംഘർഷ സമന്വയ സമിതി സമരത്തിൽ പങ്കെടുക്കുന്നില്ല. അഖിലേന്ത്യാ കിസാൻ മഹാസഭ, പെസന്ത് ആൻഡ് വർക്കേഴ്സ് പാർട്ടി, കിസാൻ സഭ, പ്രഹാർ സംഘട്ന, ഷേട്കാരി സംഘട്ന, സ്വരാജ് അഭിയാൻ, സ്വാഭിമാനി ഷേട്കാരി തുടങ്ങിയ സംഘടനകളും സമരത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP