Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പച്ചക്കറി ചന്തകൾ അടപ്പിച്ചും പാൽവിതരണം തടഞ്ഞും കർഷക സമരം ചൂടു പിടിക്കുന്നു; കാർഷിക വിളകളുടെ നീക്കം നിലച്ചതോടെ ഭക്ഷ്യ വില കുതിച്ചുയർന്ന് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിൽ തുടങ്ങിയ സമരം ദക്ഷിണേന്ത്യയിലേക്ക് പടരുന്നു; മോദി സർക്കാർ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ടുകൾ

പച്ചക്കറി ചന്തകൾ അടപ്പിച്ചും പാൽവിതരണം തടഞ്ഞും കർഷക സമരം ചൂടു പിടിക്കുന്നു; കാർഷിക വിളകളുടെ നീക്കം നിലച്ചതോടെ ഭക്ഷ്യ വില കുതിച്ചുയർന്ന് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിൽ തുടങ്ങിയ സമരം ദക്ഷിണേന്ത്യയിലേക്ക് പടരുന്നു; മോദി സർക്കാർ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കി കർഷക സമരം ഉത്തരേന്ത്യയെ പിടിച്ചുലയ്ക്കുന്നു. നഗരങ്ങളിലേക്കുള്ള പഴം പച്ചക്കറി പാൽ വിതരണം 10 ദിവസം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. അതിനിടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. ഇതോടെ കേന്ദ്രം കൂടുതൽ പ്രതിസന്ധിയിലായി.

ഗ്രാമങ്ങളിൽനിന്നുള്ള വരവു നിലച്ചതോടെ വിവിധ നഗരങ്ങളിൽ പഴം പച്ചക്കറി വില ഉയർന്നുതുടങ്ങി. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണു സമരം. പഴവും പച്ചക്കറിയും റോഡിൽ തള്ളി കർഷക പ്രതിഷേധം ശക്തിയാർജിക്കുകയാണ്. അതിനിടെ കൂടുതൽ പച്ചക്കറി വാങ്ങിക്കൂട്ടി ക്ഷാമം നേരിടാനാണ് നഗരവാസികളുടെ നീക്കം. ഇതോടെ നഗരങ്ങളും മോദി സർക്കാരിന് എതിരാവുകയാണ്. കുറഞ്ഞ വേതന പദ്ധതി നടപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം ഒന്നുമുതൽ 10 വരെയാണു സമരം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ തോൽപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായാണ് സമരത്തെ പ്രതിപക്ഷം എടുത്തിട്ടുള്ളത്. രാജ്യമെങ്ങും മോദി വിരുദ്ധ തരംഗം നിലനിർത്തുകായണ് ഉദ്ദേശം. ഇതിൽ പ്രതിപക്ഷം വിജയിച്ചുവെന്ന് തന്നെയാണ് സമരത്തിന്റെ ആദ്യ ദിനങ്ങൾ നൽകുന്ന സൂചന. കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ ഏകത മഞ്ചിന്റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണു സമരരംഗത്തുള്ളത്.

അതിനിടെ കർഷകസമരം മാധ്യമശ്രദ്ധ നേടാനാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിങ് ആരോപിച്ചു. മാധ്യമശ്രദ്ധയ്ക്കായി വേറിട്ടരീതിയിൽ എന്തെങ്കിലും ചെയ്യണമെന്നേ അവർക്ക് ഉദ്ദേശ്യമുള്ളൂവെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്തെങ്കിലും ലക്ഷ്യത്തിനോ പ്രശ്‌നത്തിന്മേലോ അല്ല സമരമെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പരിഹസിച്ചു. കാർഷികോത്പന്നങ്ങൾ വിൽക്കുന്നത് പത്തുദിവസത്തേക്ക് മുടങ്ങാന്മാത്രമേ സമരം ഇടയാക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കളുടെ ഈ പരിഹാസവും സമരത്തെ പുതിയ തലത്തിലേക്ക് എത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിലും പഞ്ചാബിലും സമരത്തിലുള്ള കർഷകർ പച്ചക്കറിച്ചന്തകൾ അടപ്പിക്കാൻ തുടങ്ങി.

പാൽവിതരണം തടസ്സപ്പെടുത്താനുള്ള നീക്കവുമുണ്ട്. കഴിഞ്ഞവർഷം കർഷകർക്കുനേരെ വെടിവെപ്പുണ്ടായ മധ്യപ്രദേശിലെ മന്ദ്സോറിനുസമീപം പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പഞ്ചാബിൽ കർഷകസമരസമിതി കൺവീനർ ജഗജീവ് സിങ്ങിനെ പൊലീസ് തടഞ്ഞതിനെച്ചൊല്ലിയും സംഘർഷമുണ്ടായി. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ 104 കർഷകസംഘടനകളാണ് പത്തുദിവസത്തെ സമരം നടത്തുന്നത്. കേരളത്തിലെ മലനാട് കർഷകരക്ഷാസമിതി, കർഷകമുന്നേറ്റം, ദേശീയ കർഷകസമാജം, കർഷകവേദി, കർഷകസേന എന്നീ സംഘടനകൾ ഇതിൽ അംഗങ്ങളാണ്. ഇവരും സമരത്തിൽ സജീവമായി ഇടപെടും. ആവശ്യമെങ്കിൽ കേരളത്തിലേക്കും സമരം വ്യാപിപ്പിക്കും. ഇങ്ങനെ രാജ്യം മുഴുവൻ കത്തി പടരുന്ന പ്രക്ഷോഭമാക്കി മാറ്റുകയാണ് ലക്ഷ്യം.

മന്ദ്സോറിൽ വെടിവെപ്പുണ്ടായതിന്റെ വാർഷികദിനമായ ബുധനാഴ്ച കർഷകരക്തസാക്ഷിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലുമൊക്കെ പ്രതിഷേധപരിപാടികളുണ്ടാവും. കർണാടകയിലെ ഏഴുജില്ലയിൽ ആറിന് സമരം തുടങ്ങും. പത്തിന് 22 സംസ്ഥാനങ്ങളിൽ ഭാരതബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കരിദിനമാചരിക്കും. പലയിടങ്ങളിലും പൊലീസ് സഹായത്തോടെയാണ് പാൽ, പച്ചക്കറി ലോറികൾ പോവുന്നത്. ഹരിയാണയിൽ കുരുക്ഷേത്രയ്ക്കുസമീപം 14 ലോറികൾ സമരക്കാർ തടഞ്ഞു.

ഡൽഹിയിലേക്കുള്ള ഈ വണ്ടികൾ പിന്നീട് പൊലീസ് സഹായത്തോടെയാണ് അതിർത്തി കടത്തിവിട്ടത്. ഡൽഹി അതിർത്തിയായ മഹിപാൽപുരിലും കർഷകർ വണ്ടികൾ തടഞ്ഞു. ഇതെല്ലാം സംഘർഷത്തിനും കാരണമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP