Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചത്ത പശുവിന്റെ തോൽ പൊളിക്കാനും തോട്ടിപ്പണി ചെയ്യാനും ഇനി ഞങ്ങളില്ല..! അവഗണനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുള്ള ദളിത് മാർച്ചിനെ ഭയപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾ; കാൽച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാൻ മാർഗ്ഗങ്ങൾ ആരാഞ്ഞ് ഗുജറാത്തിലെ ബിജെപി

ചത്ത പശുവിന്റെ തോൽ പൊളിക്കാനും തോട്ടിപ്പണി ചെയ്യാനും ഇനി ഞങ്ങളില്ല..! അവഗണനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുള്ള ദളിത് മാർച്ചിനെ ഭയപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾ; കാൽച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാൻ മാർഗ്ഗങ്ങൾ ആരാഞ്ഞ് ഗുജറാത്തിലെ ബിജെപി

ഉന: സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ ദളിതരുടെ സാമ്പത്തിക - സാമൂഹിക അവസ്ഥകൾ ഇന്നും വളരെ മോശമാണ്. അടുത്തകാലത്താണ് ദളിത് പ്രക്ഷോഭങ്ങൾക്ക് സംഘടിത രൂപം കൈവരുന്നതും. പശു രാഷ്ട്രീയത്തിന്റെ വക്താക്കൾ തുടങ്ങിവച്ച ദളിത് പീഡനങ്ങൾക്ക് സംഘടിത രൂപം കൈവന്ന് നരേന്ദ്ര മോദിയുടെ ഗുജറാത്തിനെ വിറപ്പിക്കുന്ന അവസ്ഥയിലാണിപ്പോൾ. ഇന്ത്യ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ദളിത് റാലിക്കാണ് ഇന്നലെ ഗുജറാത്തിലെ ഉന സാക്ഷിയായത്. ചെയ്യുന്ന ജോലിയുടെ പെരിൽ അവഗണിക്കുന്ന സമൂഹത്തിന് നേരെ തിരിഞ്ഞുള്ള ഒരു ശക്തിപ്രകടനമായിരുന്നു ഇത്.

സംഘപരിവാർ ഭീകരതക്കെതിരെ ഗുജറാത്തിലെ ദളിതർ പത്ത് ദിവസമായി തുടരുന്ന അസ്മിത(അഭിമാന)മാർച്ചിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ തോട്ടിപ്പണിയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ദേശീയ പതാക ഉയർത്തി. പട്ടേൽ പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ ബിജെപിക്ക് തങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നുവെന്ന തിരിച്ചറിവ് നൽകുന്നാണ് ഉനയിലെ ദളിത് പ്രക്ഷോഭവും. പശുവിന്റെ തോലുരിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ മൃതപ്രായരാക്കിയതിനെതിരെ തിളച്ചുമറിയുന്ന രോഷവുമായി എത്തിയ മാർച്ചിനെ പതിനായിരങ്ങളാണ് ഉനയിലേക്ക് വരവേറ്റത്. നാലിന് അഹമ്മദാബാദിൽ നിന്നാണ് ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിൽ മാർച്ച് ആരംഭിച്ചത്.

ചത്ത പശുവിന്റെ തോൽ പൊളിക്കലും തോട്ടിപ്പണിയും ഉപേക്ഷിക്കുകയാണെന്ന പ്രതിജ്ഞ ജിഗ്‌നേഷ് മാവാനി ചൊല്ലിക്കൊടുത്തു. പകരം തൊഴിലും ഓരോ ദളിത് കുടുംബത്തിനും അഞ്ചേക്കർ ഭൂമിയും എന്ന ആവശ്യവും മേവാനി ആവശ്യപ്പെട്ടു. 'പശുവിന്റെ പേരിൽ കുറേക്കാലമായി ബിജെപിയും സംഘികളും ഭരിക്കുന്നു. അക്കാലമൊക്കെ കഴിഞ്ഞു. ചത്തമൃഗങ്ങളെ സംസ്‌കരിക്കില്ലെന്നും, ഓടകൾ വൃത്തിയാക്കില്ലെന്നും പരമ്പരാഗതമായി ദളിതർക്കുമേൽ അടിച്ചേൽപ്പിച്ച എല്ലാ വൃത്തികെട്ട ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. അഞ്ച് ഏക്കർ ഭൂമി മാത്രമാണ് ഞങ്ങൾക്കുവേണ്ടത്.' മെവാനി പറഞ്ഞു.

ദളിതരുടെ കാര്യത്തിൽ പ്രധാനമന്ത്രിക്ക് ഇത്ര വേദനയുണ്ടായിരുന്നെങ്കിൽ മൂന്നു ദളിത് യുവാക്കൾ തീവ്രവാദികളെപ്പോലെ കൊലചെയ്യപ്പെട്ട തങ്കധ് സംഭവം നടക്കില്ലായിരുന്നെന്നും മോദിയുടെ നിലപാടിലെ കാപട്യം തുറന്നുകാട്ടി മെവാനി പറഞ്ഞു.ദളിതർക്ക് ഇതുവരെ നേടിയെടുക്കാനാവാത്ത അഭിമാനത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടമാണിത്. ക്ഷമ നശിപ്പിച്ചു. ഇനി നമ്മെ ലക്ഷ്യമിടുന്ന ആയുധങ്ങൾ നമ്മൾ നശിപ്പിക്കേണ്ടതുണ്ട്.' മെവാനി വ്യക്തമാക്കി.

ഭ്‌ഹോമി ആയവശ്യപ്പെട്ടില്ല റെയിൽ രോഖോ സമരത്തിന് അഖിലേന്ത്യാ കിസാൻ സഭ പിന്തുണ പ്രഖ്യാപിച്ചു. ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വെമുലയുടെ 'അമ്മ രാധിക വെമുല പതാക ഉയർത്തി. ജെഎൻയു സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ കനയ്യകുമാർ അടക്കമുള്ളവർ പ്രസംഗിച്ചു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്ത, അഖിലേന്ത്യാ കിസാൻ സഭ ജോയന്റ് സെക്രട്ടറി വിജു കൃഷ്ണൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് മറിയം ധാവ്‌ളെ, എസ്എഫ്‌ഐ ജനറൽ സെക്രട്ടറി ബിക്രം സിങ്, സിപിഐ എം ഗുജറാത്ത് സംസ്ഥാന കമ്മിറ്റി അംഗം രാമചന്ദ്രൻ തുടങ്ങിയവർ ഞായറാഴ്ച ദളിത് മാർച്ചിൽ അണിനിരന്നു. തിങ്കളാഴ്ചത്തെ സ്വാതന്ത്യ്‌ര പ്രഖ്യാപനത്തിലും തുടർന്ന് പൊതുയോഗത്തിലും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, ദളിത് ശോഷൺ മഞ്ച്, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

മാർച്ചിന് വഴിയുടനീളം ജനങ്ങൾ സ്വീകരണം നൽകി. നൂറോളം പേർ മാർച്ചിൽ കാൽനടയായി സഞ്ചരിച്ചു. ദളിത് ഗ്രാമങ്ങളിലുടെ സഞ്ചരിച്ച മാർച്ചിന് ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ദളിത് സംഘടനാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പലയിടത്തുനിന്നുമായി മാർച്ചിൽ അണിചേർന്നു. ഇടതുപക്ഷ സംഘടനകളും മാർച്ചിന് പിന്തുണയുമായി എത്തി.

ഞായറാഴ്ച ടിമ്പിൽ നിന്ന് ആരംഭിച്ച ജാഥ 30 കിലോമീറ്റർ സഞ്ചരിച്ചാണ് ഉനയിലെ സുവർണബാഗിലെത്തിയത്. വഴിയുടനീളം ഗോസംരക്ഷകരുടെ പേരിലെത്തിയ സംഘപരിവാറുകാർ ജാഥ തടസ്സപ്പെടുത്തി. സംഘർഷം സൃഷ്ടിക്കാനുള്ള സംഘപരിവാർ തന്ത്രം മനസ്സിലാക്കിയ ദളിത് അസ്മിതാ മാർച്ചുകാർ വഴിമാറിയാണ് ഉനയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP