Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോദിയുടെ എനർജിയും പ്രസംഗവും പതറാത്ത ദൃഢതയും ഞാൻ അംഗീകരിക്കുന്നു; മികവുകളെല്ലാം കോട്ടം തട്ടാതെ ഇപ്പോഴുമുണ്ട്: തരൂർ പ്രധാനമന്ത്രിയെ പുകഴ്‌ത്തിയത് കേട്ട് ഞെട്ടി കോൺഗ്രസ്: തിരുവനന്തപുരം എംപിയുടെ ലക്ഷ്യം ബിജെപി ക്യാമ്പെന്ന സംശയവുമായി ഗ്രൂപ്പ് മാനേജർമാർ

മോദിയുടെ എനർജിയും പ്രസംഗവും പതറാത്ത ദൃഢതയും ഞാൻ അംഗീകരിക്കുന്നു; മികവുകളെല്ലാം കോട്ടം തട്ടാതെ ഇപ്പോഴുമുണ്ട്: തരൂർ പ്രധാനമന്ത്രിയെ പുകഴ്‌ത്തിയത് കേട്ട് ഞെട്ടി കോൺഗ്രസ്: തിരുവനന്തപുരം എംപിയുടെ ലക്ഷ്യം ബിജെപി ക്യാമ്പെന്ന സംശയവുമായി ഗ്രൂപ്പ് മാനേജർമാർ

അരുൺ ജയകുമാർ

തിരുവനന്തപുരം: ശശി തരൂരിന്റെ മോദി ഭക്തി വീണ്ടും കോൺഗ്രസിൽ ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരൂർ വീണ്ടും രംഗത്തെത്തിയത് കെപിസിസിയും ഗൗരവത്തോടെയാണ് കാണുന്നത്. തരൂരിനെ തിരുത്തണമെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനോട് കെപിസിസി ആവശ്യപ്പെടും. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസിന്റെ ശ്രദ്ധേയനായ നേതാവ് തന്നെ പുകഴ്‌ത്തുമ്പോൾ പ്രതിസന്ധിയിലാകുന്നത് കോൺഗ്രസ് ഹൈക്കമാന്റ് തന്നെയാണ്.

പ്രധാനമന്ത്രിയുടെ എനർജി ലെവലും, നിരന്തരമുള്ള യാത്രകളിൽ അദ്ദേഹം പുലർത്തുന്ന അർപ്പണബോധവും കാര്യങ്ങൾക്ക് സമയക്രമം ശ്രിഷ്ടിക്കുന്നതും അദ്ദേഹത്തിന്റെ പ്രസംഗവും എല്ലാം തന്നെ കോട്ടം തട്ടാതെ തുടരുന്നു. രാഷ്ട്രീയമായി എതിർപ്പുള്ളവർ പോലും അദ്ദേഹത്തിന്റെ ഈ പറഞ്ഞ ഗുണങ്ങൾ അംഗീകരിക്കും. താനും അംഗീകരിക്കുന്നുവെന്നാണ് ശശി തരൂർ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മുൻപും ശശി തരൂർ പ്രധാനമന്ത്രിയെ പുകഴ്‌ത്തി രംഗത്ത് വന്നതിനെ സോണിയ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ വിമർശിച്ചിരുന്നു. മോദിയെ പുകഴ്‌ത്തുന്ന നിലപാട് ശശി തരൂർ പുന പരിശോധിക്കണമെന്ന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തിരിച്ചുവരവിനാണ് കോൺഗ്രസ് ശ്രമം. ഇതിന് അക്ഷീണപ്രയ്തനം നടത്തുമ്പോൾ ശശി തരൂരിനെ പോലെ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന കോൺഗ്രസ് നേതാവ് മോദിയെ പുകഴ്‌ത്തുന്നതിന്റെ കോട്ടം കോൺഗ്രസിനാണ്. ഇതെല്ലാം ബിജെപിയുടെ പ്രചരണ മാനേജർമാർ ഉയർത്തിക്കാട്ടും. ഈ സാഹചര്യത്തിൽ അനവസരത്തിലുള്ള തരൂരിന്റെ അഭിപ്രായപ്രകടനം വിനയാകുമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനും ആശങ്കയുണ്ട്. കേരളത്തിൽ ബിജെപി ഫാക്ടറാണ് കോൺഗ്രസിന് വമ്പൻ തോൽവി നൽകിയത്. ഈ സാഹചര്യത്തിൽ തരൂർ നടത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കലാണെന്ന് കേരളത്തിലെ കോൺഗ്രസുകാർ പറയുന്നു. ഗ്രൂപ്പ് ഭേദമന്യേ എല്ലാവരും ഈ വിഷയം ഹൈക്കമാണ്ടിനെ അറിയിക്കും. ബിജെപിയിലേക്ക് തരൂർ കൂറുമാറുമെന്നാണ് ഇവരുടെ പക്ഷം.

തരൂരിന്റെ നിലപാടുകളെല്ലാം ബിജെപിക്ക് അനുകൂലമാണ്. എപ്പോൾ വേണമെങ്കിലും മോദി ക്യാമ്പിലേക്ക് കൂറുമാറുമെന്നതാണ് അവസ്ഥ. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ പ്രതീക്ഷകളുണ്ട്. അതില്ലാതാക്കി മോദി പ്രഭാവം നിലനിർത്തി നേട്ടമുണ്ടാക്കാനാണ് തരൂരിന്റെ ശ്രമം. ഇത് കെപിസിസി ഗൗരവത്തോടെ തന്നെ കാണും. മോദിയെ പുകഴ്‌ത്തരുതെന്ന കെപിസിസിയുടെ താക്കീത് തള്ളുകയാണ് തരൂർ ചെയ്യുന്നത്. ഇത് അംഗീകരിക്കില്ല-കെപിസിസിയിലെ മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ ശ്രദ്ധയിൽ ഈ അഭിമുഖം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തിലെത്തിയത് മുതൽ ഇടയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തുന്നത് ശശി തരൂരിന്റെ പതിവാണ്. അധികാരമേറ്റ ശേഷം നരേന്ദ്ര മോദിയുടെ പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിൽ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെയുള്ള പ്രമുഖരെ ചലഞ്ച് ചെയ്തിരുന്നു. ഇക്കൂട്ടത്തിലാണ് ശശി തരൂരിനേയും പ്രധാന മന്ത്രി ചലഞ്ച് ചെയ്തത്. അഭിമാനത്തോടെ അത് ഏറ്റെടുക്കുന്നു എന്നാണ് ശശി തരൂർ അന്ന് പ്രതികരിച്ചത്. പിന്നീട് ശശി തരൂർ ബിജെപിയിലേക്ക് പോകുന്നുവെന്നുൾപ്പടെയുള്ള അഭ്യൂഹങ്ങളാണ് പടർന്നത്.എന്നാൽ തന്നെ എംപിയാക്കിയത് കോൺഗ്രസ്സുകാർ തന്നെയാണെന്നുള്ള മറുപടിയാണ് തരൂർ അന്ന് നൽകിയത്.

കോൺഗ്രസ് വിമുക്ത ഭാരതം എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നയം. ദേശീയ തലത്തിൽ ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസ് നേതൃത്വം ശശി തരൂരിന്റെ നിലപാടിനോട് എപ്രകാരം പ്രതികരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ ്അദ്ദേഹത്തിന്റെ ടീം നല്ലതാണെന്ന തരൂരിന്റെ പ്രസ്താവന ഏറെ വിവാദം ശ്രിഷ്ടിച്ചിരുന്നു. കോൺഗ്രസിനെ തകർക്കാൻ മാത്രം ശ്രമിക്കുന്ന മോദിയെ അനുകൂലിക്കാൻ എങ്ങനെയാണ് കോൺഗ്രസ് നേതാക്കൽക്ക് കഴിയുക എന്നാണ് അന്ന് നേതാക്കൾ ചോദിച്ചിരുന്നത്.

മോദിയെ അനുകൂലിക്കുകയെന്നാൽ അത് ബിജെപി സർക്കാരിനെ തന്നെ അനുകൂലിക്കുകയെന്നാണ് ഫലത്തിൽ കോൺഗ്രസ് ബിജെപിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ കടയക്കൽ വെട്ടുകയാണ് ശശി തരൂരിന്റെ നിലപാടുകളെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.ഹൈക്കമാന്റിലും ഈ വിഷയം ചർച്ചയാകും.മുൻപ് ശശിതരൂർ മോദിയെ പുകഴ്‌ത്തിയപ്പോൾ കോൺഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗമെഴുതിയത് സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാൽ എന്ന തലക്കെട്ടോടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP