Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയ്ക്ക് മഹാനാണക്കേട്; കോടതിയെ സ്വാധീനിച്ച് വിധി വാങ്ങിയ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി; അമ്മയുടെ അധികാരമേൽക്കലിന് സാക്ഷിയായി രജനികാന്തും വിക്രമും അടക്കമുള്ള താരനിര

ഇന്ത്യയ്ക്ക് മഹാനാണക്കേട്; കോടതിയെ സ്വാധീനിച്ച് വിധി വാങ്ങിയ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി; അമ്മയുടെ അധികാരമേൽക്കലിന് സാക്ഷിയായി രജനികാന്തും വിക്രമും അടക്കമുള്ള താരനിര

ചെന്നൈ: ചെന്നൈ: സൂപ്പർതാരം രജനികാന്ത് അടക്കമുള്ള താരനിരയെ സാക്ഷിയാക്കി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ജെ ജയലളിത വീണ്ടും അധികാരമേറ്റു. രജനികാന്തിനൊപ്പം വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളായിരുന്ന വിക്രം, പ്രഭു, ശരത് കുമാർ, കാർത്തി,സംവിധായകൻ ഇളയരാജ, ഐസിസി അധ്യക്ഷൻ എൻ.ശ്രീനിവാസൻ എന്നിവരും സത്യപ്രതിജ്ഞയ്ക്ക് എത്തി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ആശംസയുമായെത്തി. ആഭ്യന്തരം, പൊതുഭരണം എന്നീ വകുപ്പുകളുമായാണ് ജയലളിത മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടുമെത്തുന്നത്. ഗവർണ്ണർ കെ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മുഖ്യമന്ത്രി പനീർസെൽവം അടക്കമുള്ളവർ മന്ത്രിമാരായി ചുമതലയേറ്റു

ഒ.പനീർശെൽവം മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റിട്ടുണ്ട്. പനീർ ശെൽവം മന്ത്രിസഭയിൽ വകുപ്പുകളൊന്നും ലഭിക്കാതിരുന്ന പി. ചെന്തൂർ പാണ്ഡ്യൻ, ഉദ്യോഗസ്ഥനും മറ്റു രണ്ടുപേരും ആത്മഹത്യ ചെയ്തതിനെത്തുടർന്ന് അറസ്റ്റിലായ മുന്മന്ത്രി കൃഷ്ണമൂർത്തി എന്നിവർ പുതിയ മന്ത്രിസഭയിലില്ല. ഒ. പനീർശെൽവം ധനകാര്യമന്ത്രിയായും നാഥം ആർ. വിശ്വനാഥൻ വൈദ്യുതി മന്ത്രിയായും ആർ. വൈത്തിലിംഗം ഭവനമന്ത്രിയായും തുടരും. ആഭ്യന്തരം, പൊതുഭരണം എന്നീ വകുപ്പുകൾ ജയലളിതതന്നെ കൈകാര്യം ചെയ്യും. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വൻ താരനിരയും അണിനിരന്നിരുന്നു.

ഇത് അഞ്ചാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്. കേസിൽ പെട്ട് നഷ്ടമായ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിതയുടെ മടങ്ങിവരവ് ഇത് രണ്ടാം തവണയാണ്. മുൻപ് താൻസി കേസുമായി ബന്ധപ്പെട്ട് സ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും സമാനമായ രീതിയിൽ തലൈവി തിരിച്ച് വരവ് നടത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന് ഏർപ്പെടുത്തിയിരുന്നത്. ചടങ്ങിനിടെ സ്‌ഫോടനം നടത്തുമെന്ന് ഇന്നലെ ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. ഇതോടെ നഗരത്തിൽ വ്യാപക പരിശോധനയും ആരംഭിച്ചിരുന്നു. എന്നാൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെയാണ് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലെത്തിയത്. കർണ്ണാടകയിലെ വിചാരണ കോടതിയിലെ വിധി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ നിരവധി പരാതികളുണ്ട്. ഈ ഉത്തരവിനെതിരെ ആരും അപ്പീൽ പോയതുമില്ല. കർണ്ണാടക ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിൽ പല പാകപിഴകളും നിയമവിദഗ്ദ്ധർ ചൂണ്ടികാട്ടുന്നുമുണ്ട്. ഏതായാലും ജയലളിതയുടെ സത്യപ്രതിജ്ഞയിൽ എഐഎഡിഎംകെ ആവേശത്തിലാണ്. തമിഴ്‌നാട്ടിലാകെ ആഘോഷവുമാണ്. ഇത് പ്രകടമാക്കുന്ന താരനിരയാണ് മദ്രാസ് സർവകലാശാലാ സെന്റിനറി ഓഡിറ്റോറിയത്തിൽ എത്തിയത്. ജയലളിതയുടെ രാഷ്ട്രീയ എതിരാളിയായി മാറുമെന്ന് ഏവരും കരുത്തുന്ന രജനികാന്തും സത്യപ്രതിജ്ഞയ്ക്ക് എത്തിയതോടെ കാര്യങ്ങൾ വ്യക്തമാകുകയാണ്. ജയലളിതയുമായി രാഷ്ട്രീയ മത്സരത്തിന് ഉടൻ ഇല്ലെന്ന സൂചനയാണ് രജനികാന്ത് നൽകുന്നതെന്നാണ് വിലയിരുത്തൽ.

തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 67കാരിയായ ജയലളിതയുടെ അഞ്ചാംവരവാണിത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെത്തുടർന്ന് 2014 സപ്തംബർ 27നാണ് ജയലളിതയ്ക്ക് മുഖ്യമന്ത്രിപദം നഷ്ടമായത്. ഇക്കഴിഞ്ഞ മെയ് 11ന് കർണാടക ഹൈക്കോടതി ഈ കേസിൽ കുറ്റവിമുക്തയാക്കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജയലളിതയുടെ തിരിച്ചു വരവിന് വഴിയൊരുങ്ങിയത്. അനധികൃത സ്വത്ത് കേസിൽ കുറ്റവിമുക്തയായി ഏട്ട് മാസത്തിന് ശേഷമാണ് ജയലളിത ഇന്നലെ് പൊതുവേദിയിലെത്തുന്നത്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ചെന്നൈയിൽ എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പാർട്ടി എംഎ!ൽഎ.മാർ ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. തുടർന്ന് മുഖ്യമന്ത്രി ഒ. പനീർശെൽവം ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. മന്ത്രിസഭാ രൂപവത്കരണത്തിനായി ജയലളിതയെ ക്ഷണിച്ചുകൊണ്ടുള്ള ഗവർണറുടെ വിജ്ഞാപനം വെള്ളിയാഴ്ച 9 മണിയോടെ പുറത്തിറങ്ങി. ഇതിനു ശേഷമായിരുന്നു ജനങ്ങളിലേക്ക് ജയലളിത ഇറങ്ങിയത്. ആവേശത്തോടെയാണ് പാർട്ടി പ്രവർത്തകർ അമ്മയെ വരവേറ്റത്. അതിന്റെ തുടർച്ചയായിരുന്നു ഇന്നും കണ്ടത്. സത്യപ്രതിജ്ഞയ്ക്ക് ജയലളിത പോകും വഴി ആവേശത്തോടെ ആരാധകർ ആരതിയുമായി കാത്തിരുന്നു. പുരട്ചി തലൈവിയെ കാത്ത് എങ്ങും ജനക്കൂട്ടവുമായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 1.28ന് ജയലളിത പോയസ് തോട്ടത്തിലെ വീടായ വേദനിലയത്തിൽ നിന്ന് ഗവർണർ കെ. റോസയ്യയെ കാണാൻ രാജ്ഭവനിലെത്തിയ ജയലളിത ഗവർണർക്ക് മന്ത്രിമാരുടെ പട്ടിക കൈമാറിയിരുന്നു. ജയലളിതയുടെ സത്യപ്രതിജ്ഞ മെയ് 23ന് ശനിയാഴ്ച നടക്കുമെന്ന അറിയിപ്പ് ഇതേത്തുടർന്ന് രാജ്ഭവൻ പുറപ്പെടുവിച്ചു. രാജ്ഭവനിൽ നിന്ന് ജയലളിതയുടെ വാഹനവ്യൂഹം ചെന്നൈയുടെ സിരാകേന്ദ്രമായ അണ്ണാശാലൈയിലേക്ക് നീങ്ങി. വാല്ലജാ കവലയിൽ ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരൈയുടെ പ്രതിമയിൽ മാല ചാർത്തി. തുടർന്ന് അണ്ണാശാലൈയിൽ സ്‌പെൻസർ കവലയിൽ എം.ജി. ആറിന്റെയും ജെമിനി മേൽപ്പാലത്തിനടുത്ത് പെരിയാറിന്റെയും പ്രതിമകളിൽ ജയലളിത മാല ചാർത്തുകയും ചെയ്തു.

തമിഴ്‌നാട് നിയമസഭയ്ക്ക് ഇനി കഷ്ടിച്ച് ഒരു വർഷത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ. അതുകൊണ്ട് തന്നെ വികസന പ്രവർത്തികൾ പ്രഖ്യാപിച്ച് തമിഴ് ജനതയെ കൈയിലെടുക്കുകയാണ് ലക്ഷ്യം. ആറു മാസത്തിനകം ജയലളിതയ്ക്ക് നിയമസഭാ അംഗമാകേണ്ടതുമുണ്ട്. ഈ കാലപരിധിക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ട് പൊതു തെരഞ്ഞെടുപ്പിലേക്ക് ജയലളിത പോകുമെന്നാണ് വിലയിരുത്തൽ. അതിന് മുമ്പ് തമിഴ്‌നാടിന് പുതിയ മുഖം നൽകാനാകും ജയലളിതയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP