Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒടുവിൽ വെടിയേറ്റു മരിച്ചത് ലാലുവിന്റെ മകനെതിരെ മത്സരിച്ച സ്ഥാനാർത്ഥിയുടെ അച്ഛൻ; രണ്ടു മാസത്തിനിടയിൽ അറുന്നൂറോളം കൊലപാതകങ്ങൾ; ലാലു-നിതീഷ് ഭരണത്തിന് കീഴിൽ ബീഹാറിൽ വീണ്ടും ജംഗിൾ രാജ്; അസഹിഷ്ണുതയുടെ വക്താക്കൾ ഒക്കെ എവിടെ ഒളിച്ചു?

ഒടുവിൽ വെടിയേറ്റു മരിച്ചത് ലാലുവിന്റെ മകനെതിരെ മത്സരിച്ച സ്ഥാനാർത്ഥിയുടെ അച്ഛൻ; രണ്ടു മാസത്തിനിടയിൽ അറുന്നൂറോളം കൊലപാതകങ്ങൾ; ലാലു-നിതീഷ് ഭരണത്തിന് കീഴിൽ ബീഹാറിൽ വീണ്ടും ജംഗിൾ രാജ്; അസഹിഷ്ണുതയുടെ വക്താക്കൾ ഒക്കെ എവിടെ ഒളിച്ചു?

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന : ബീഹാറിൽ ജംഗിൾ രാജ് തിരിച്ചുവന്നെന്ന വാദങ്ങൾ കൊഴുക്കുന്നതിനിടെ ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മത്സരിച്ചയാളുടെ അച്ഛനെ അക്രമികൾ വെടിവച്ചു കൊന്നു . ലാലുവിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാകേഷ് എന്നയാളുടെ അച്ഛൻ ബൈജ്‌നാഥി സിംഗാണ് കൊല ചെയ്യപ്പെട്ടത്. ബീഹാറിൽ ആർ ജെ ഡി ഉൾപ്പെടുന്ന മഹാസഖ്യം അധികാരത്തിലേറിയതിനു ശേഷം ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. രണ്ട് മാസത്തിനിടെ 578 പേരാണ് കൊല്ലപ്പെട്ടത്.

തേജസ്വിയുടെ എതിർസ്ഥാനാർത്ഥിയുടെ അച്ഛൻ മരിച്ചതോടെ ആരോപണങ്ങൾ ശക്തമാവുകയാണ്. രാഘവ് പൂരിൽ നിന്നും പട്‌നയ്ക്ക് വരുകയായിരുന്ന രാകേഷിന്റെ കുടുംബത്തിന് നേരേ ഇന്നലെ ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത് . ഇവർ വന്ന സ്‌കോർപിയോ കാറിന് നേർക്ക് പത്തോളം വരുന്ന അക്രമി സംഘം എ കെ 47 തോക്കുകൾ ഉപയോഗിച്ച് തുരുതുരാ വെടിവെക്കുകയായിരുന്നു . വെടിവെപ്പിൽ ബൈജ്‌നാഥി സിങ് തൽക്ഷണം കൊല്ലപ്പെട്ടു . അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുവായ യുവതിയും അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് .

ലോക് ജനശക്തി പാർട്ടി നേതാവും രാം വിലാസ് പസ്വാന്റെ അടുത്ത അനുയായിയുമായിരുന്നു മരിച്ച ബൈജ് നാഥി സിങ്. മുൻപ് ലാലുവിന്റെ ഭാര്യ റാബ്രിദേവിക്കെതിരെ ബൈജ്‌നാഥിന്റെ ഭാര്യയും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് . അക്രമം നടത്തിയവരെ അറിയാമെന്നും എല്ലാ കാര്യങ്ങളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാകേഷ് അറിയിച്ചു. ഇതോടെ ജംഗിൾ രാജ് ആരോപണം ശക്തമായി ഉയർത്താൻ ബിജെപി തീരുമാനിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിനും ഇത് തലവേദനയാണ്. ക്രിമിനലുകൾ മഹാസഖ്യത്തിന്റെ ഭരണത്തിൽ സ്വൈര വിഹാരം നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു.

ദർഭംഗ ജില്ലയിൽ സ്വകാര്യ നിർമ്മാണകമ്പനിയിലെ രണ്ടു എൻജിനീയർമാർ കഴിഞ്ഞ മാസം കൊല്ലപ്പെട്ടതാണു രാഷ്ട്രീയ വിവാദം ചൂടുപിടിപ്പിച്ചത്. ബാങ്കു കൊള്ളയടക്കമുള്ള സംഭവങ്ങളും സമീപദിവസങ്ങളിൽ നടന്നിരുന്നു. ബിഹാറിൽ 'ജംഗിൾരാജ്' തിരിച്ചെത്തിയിരിക്കുകയാണെന്നു കേന്ദ്ര മന്ത്രിയും എൽ.ജെ.പി. നേതാവുമായ രാം വിലാസ് പസ്വാൻ ആരോപിച്ചു. നിതീഷ്ലാലു സഖ്യം അധികാരത്തിലെത്തിയാൽ സംസ്ഥാനത്തു 'ജംഗിൾ രാജ് 2' നടപ്പാകുമെന്ന എൻ.ഡി.എയുടെ ആരോപണം ശരിയായെന്നും പസ്വാൻ പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ 15 വർഷത്തെ ഭരണത്തെ ജംഗിൾ രാജെന്നാണു വിമർശകർ വിശേഷിപ്പിക്കുന്നത്. ഇതിനിടെയാണ് ബൈജ്‌നാഥി സിംഗിന്റെ കൊലപാതകം.

ലാലുവിന്റെ കുടുംബത്തിനെതിരെ മത്സരിച്ചതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് കാരണമെന്നാണ് വാദം. ബീഹാറിൽ തട്ടിക്കൊണ്ട് പോകൽ , കൊള്ള , കൊലപാതകം തുടങ്ങിയവയുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായതെന്ന് കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനെതിരെ രാജ്യത്തെ അസഹിഷ്ണുതാ വാദികൾ മിണ്ടുന്നുമില്ല. രാജ്യത്തെ എല്ലാ പ്രശ്‌നവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയിൽ കെട്ടിവയ്ക്കുന്നവർ എന്തുകൊണ്ട് ബിഹാറിലെ അതിക്രമങ്ങളോട് പ്രതികരിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞ മാസം മാത്രം കൊലപാതകങ്ങളും തട്ടിക്കൊണ്ട് പോകലുമായി 300 ഓളം കേസുകൾ ബിഹാറിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഇതിലൊന്നും അസഹിഷ്ണുതാ വാദികൾക്ക് പ്രതികരണമില്ല.

ബിഹാറിൽ രണ്ട് യുവ എഞ്ചിനീയർമാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ബിജെപി ജംഗിൾരാജ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതോടെ ബിഹാറിനെ ജംഗിൾ രാജിലേക്കു വീഴാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ പ്രതികരണവുമായി എത്തി. സംസ്ഥാനത്തെ കുറ്റകൃത്യനിരക്കിലെ വർധന ചൂണ്ടിക്കാട്ടി ബിഹാർ സർക്കാരിനെതിരേ എൻ.ഡി.എ. ഉയർത്തുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണു നിതീഷിന്റെ പ്രതികരണം. തൊണ്ണൂറുകളിൽ ബിജെപിയോട് ഉന്നയിച്ചതുപോലെ തന്ത്രപരമായ ബന്ധമാണ് കോൺഗ്രസും ആർ.ജെ.ഡിയുമായി ഉണ്ടാക്കിയിരിക്കുന്നതെന്നു നിതീഷ്‌കുമാർ പറഞ്ഞു.

ബിജെപിയുടെ ജംഗിൾ രാജ് ആരോപണങ്ങളെ തള്ളി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും രംഗത്ത് വന്നിരുന്നു. എൻഡിഎ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തുകയും പാക്കിസ്ഥാൻ പതാകകൾ ഉയർത്താൻ ശ്രമിക്കുകയും ചെയ്യുന്നതും ജംഗിൾരാജ് എന്നു തന്നെയാണ് അർഥമാക്കുന്നതെന്ന് തേജസ്വി ആരോപിച്ചു. ബിഹാറിലുണ്ടായ ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ ജംഗിൾ രാജ് എന്ന് വിശേഷിപ്പിച്ചാൽ എൻഡിഎ ഭരിക്കുന്ന രാജ്യത്ത് നടക്കുന്നതിനെ ജംഗിൾ രാജെന്നോ ഭീകരവാഴ്ചയെന്നോ വിശേഷിപ്പിക്കാമെന്നും തേജസ്വി യാദവ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ തേജസ്വിയുടെ എതിർസ്ഥാനാർത്ഥിയുടെ അച്ഛന്റെ മരണം കാര്യങ്ങൾ ഗുരുതരമാക്കും.

അതിനിടെ ബിഹാറിൽ നിയമവാഴ്ചയും ക്രമസമാധാനപാലനവും ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. നേതാവ് ലാലുപ്രസാദ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. താൻ മുഖ്യമന്ത്രിയായിരിക്കെ നിയമത്തെയും ക്രമസമാധാനത്തെയും വെല്ലുവിളിച്ചവർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്നും ലാലു പ്രസാദ് യാദവ് ആരോപിക്കുന്നു. ബിഹാറിനെ 'കുറ്റകൃത്യവിമുക്ത'മാക്കാനായി പ്രവർത്തിക്കണമെന്ന് പൊലീസിനോടും അദ്ദേഹം അഭ്യർത്ഥിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP