Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമിഴക രാഷ്ട്രീയം പിടിക്കാൻ കച്ചകെട്ടി പുന്നകൈമന്നൻ; കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം പിറന്നാൾദിനമായ നവംബർ ഏഴിന് തന്നെ; സംഘപരിവാറിനെ ചെറുക്കാൻ കെജ്രിവാൾ-പിണറായി മോഡലിനൊപ്പം തമിഴ് സ്റ്റൈലും ചേർത്ത നയങ്ങളുമായി പുതിയ പാർട്ടി; നിസ്വാർത്ഥമായി നാടിനെ സേവിക്കാൻ ഒരുങ്ങിക്കോളാൻ ആരാധകരോട് താരത്തിന്റെ ആഹ്വാനം

തമിഴക രാഷ്ട്രീയം പിടിക്കാൻ കച്ചകെട്ടി പുന്നകൈമന്നൻ; കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം പിറന്നാൾദിനമായ നവംബർ ഏഴിന് തന്നെ; സംഘപരിവാറിനെ ചെറുക്കാൻ കെജ്രിവാൾ-പിണറായി മോഡലിനൊപ്പം തമിഴ് സ്റ്റൈലും ചേർത്ത നയങ്ങളുമായി പുതിയ പാർട്ടി; നിസ്വാർത്ഥമായി നാടിനെ സേവിക്കാൻ ഒരുങ്ങിക്കോളാൻ ആരാധകരോട് താരത്തിന്റെ ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം വീണ്ടും ഒരു താരരാജാവിന്റെ ആധിപത്യം ഉണ്ടാവുമോ? എക്കാലത്തും സിനിമയോട് ഒത്തുപോയ രാഷ്ട്രീയമുള്ള ദ്രാവിഡ നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് അരങ്ങേറ്റം കുറിക്കാനുള്ള കമൽഹാസന്റെ നീക്കം അന്തിമ ഘട്ടത്തിലെത്തി. പിറന്നാൾ ദിനമായ നവംബർ ഏഴിന് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

നവംബർ ഏഴിനാണ് താരത്തിന്റെ പിറന്നാൾ. അന്നുതന്നെ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകൾ നൽകിയത് കമൽ തന്നെയാണ്. പ്രമുഖ തമിഴ് മാധ്യമത്തിലാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. നവംബർ 7 ന് വലിയ ഒരു പ്രഖ്യാപനത്തിന് ഒരുങ്ങിക്കൊള്ളാൻ കമൽഹാസൻ ആരാധകരോട് പറഞ്ഞു. ആരാധകർക്ക് തനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമൊരുക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി.

നിസ്വാർത്ഥമായി തമിഴ്‌നാടിന് വേണ്ടി സേവനം ചെയ്യാൻ താൽപര്യമുള്ളവരെ ആണ് കമൽഹാസൻ തന്റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത്. പുതിയ ആശയങ്ങളും പുതിയ മുഖങ്ങളുമാണ് തനിക്കൊപ്പം അണിചേരുകയെന്ന് കമൽഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയിലേക്കുള്ള ധനസമാഹരണത്തിന് സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജൂലൈ മുതൽ തന്നെ ഇത്തരം നീക്കങ്ങൾ തുടങ്ങിയ താരം ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ തന്നെ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതോടെ വീണ്ടും തമിഴക രാഷ്ട്രീയം ഒരു താരരാജവിന്റെ കീഴിലേക്ക് മാറുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

ഇടതുപക്ഷ ആശയങ്ങളോടും ആംആദ്മിയുടെ ആശയങ്ങളോടും ഒത്തുപോകുന്ന രാഷ്ട്രീയ നിലപാടുകളായിരിക്കും പുന്നകൈ മന്നന്റെ പാർട്ടിക്കെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്തിടെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോഴും ഇടതു ചിന്താഗതികളോടുള്ള തന്റെ ഇഷ്ടം കമൽഹാസൻ പ്രകടിപ്പിച്ചിരുന്നു. അതേസമയം സംഘപരിവാറിനെ ശക്തമായി വിമർശിച്ച് പല ഘട്ടങ്ങളിലും എത്തിയ കമൽ ഹാസൻ കോൺഗ്രസ്സിനോട് മൃദുസമീപനം പുലർത്തുന്നില്ലെന്ന സൂചനകളും നൽകിയിട്ടുണ്ട്. ഇതോടെ ദേശീയ തലത്തിൽ ഒരു മൂന്നാംബദൽ ഉണ്ടാക്കുന്ന നീക്കങ്ങളോട് ഒത്തുപോകുന്ന പാർട്ടിയാകും കമലിന്റേത് എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും ബീഫ് നിരോധനമുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിജെപിയെ എതിർത്തും രംഗത്തെത്തിയിട്ടുണ്ട് കമൽ എന്നതിനാൽ തന്നെ പുതിയ പാർട്ടി സംഘപരിവാർ വിരുദ്ധ നിലപാടാണ് സ്വീകരിക്കുകയെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. അതേസമയം, തമിഴ്‌നാട്ടിൽ ഡിഎംകെ-എഐഎഡിഎംകെ തുടങ്ങിയ കക്ഷികളെ നിശിതമായി എതിർക്കുന്ന പാർട്ടിയുമാകും കമലിന്റേത്.

എഐഡിഎംകെ യുടെ ഭരണം അഴിമതിയിൽ മുങ്ങിയതാണെന്ന് കമൽഹാസൻ നിരവധി തവണ ആരോപിച്ചിട്ടുള്ളതാണ്. മുമ്പും പലപ്പോഴും കമൽ രാഷ്ട്രീയപ്രവേശം നടത്തുമെന്ന നിലയിൽ കാര്യങ്ങൾ എത്തിയിരുന്നു. പക്ഷേ, ഇതുവരെ അതുണ്ടായില്ല. എന്നാൽ ജയലളിത മരണപ്പെടുകയും ചിന്നമ്മ ജയിലിലാവുകയും ചെയ്തതോടെ ഭരണമുണ്ടെങ്കിലും അണ്ണാ ഡിഎംകെ അടിച്ചുപിരിഞ്ഞ് പലവഴി പിരിഞ്ഞ നിലയിലാണ്. ഇത് മുതലെടുക്കാൻ ഉദ്ദേശിച്ചു കൂടിയാണ് ഈ ഘട്ടത്തിൽ തന്നെ താരം രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതും.

മറ്റ് താരങ്ങളിൽ നിന്ന് വിഭിന്നമായി സേവന പ്രവർത്തനങ്ങൾ നിറഞ്ഞ പിറന്നാളാഘോഷങ്ങളാണ് കമൽ നടത്താറ്. ഇക്കുറി അതിന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം എന്ന പരിവേഷം കൂടി ലഭിക്കുമെന്നാണ് സൂചനകൾ. കമൽ ഫാൻസ് അസോസിയേഷൻ തന്നെയാവും പുതിയ പാർട്ടിയുടേയും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, മറ്റു പാർട്ടികളിൽ നിന്ന് സമാന ആശയങ്ങളുള്ളവരെയും തന്നോടൊപ്പം നിർത്താൻ കമൽ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP