Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകയിൽ വീണ്ടും ഭരണ പ്രതിസന്ധി; വകുപ്പ് വിഭജനം തർക്കത്തിലെന്ന് കുമാര സ്വാമി; സർക്കാർ താഴെ വീഴാൻ മാത്രം തർക്കങ്ങൾ ഇല്ലെന്നും കർണാടക മുഖ്യൻ; തർക്കം പരിഹരിക്കൽ ഏളുപ്പമാകില്ലെന്ന് വിലയിരുത്തൽ

കർണാടകയിൽ വീണ്ടും ഭരണ പ്രതിസന്ധി; വകുപ്പ് വിഭജനം തർക്കത്തിലെന്ന് കുമാര സ്വാമി; സർക്കാർ താഴെ വീഴാൻ മാത്രം തർക്കങ്ങൾ ഇല്ലെന്നും കർണാടക മുഖ്യൻ; തർക്കം പരിഹരിക്കൽ ഏളുപ്പമാകില്ലെന്ന് വിലയിരുത്തൽ

ബെംഗളൂരു: കർണാടകയിൽ ദിവസങ്ങൾ നീണ്ടുന്ന നിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ വീണ്ടും ഭരണ പ്രതിസന്ധി. വകുപ്പ് വിഭജനത്തിലെ അസ്വാരസ്യങ്ങൾ തുറന്ന് പറഞ്ഞ് കർണാടക മുഖ്യൻ എച്ച് ഡി കുമാര സ്വാമി.

കർണാടകയിലെ കോൺഗ്രസ്‌ജെഡിഎസ് സഖ്യകക്ഷി സർക്കാരിൽ വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടു ചെറിയ ചില തർക്കങ്ങളുണ്ടെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വ്യക്തമാക്കി.എന്നാൽ, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമേ ഉള്ളൂവെന്നും സർക്കാർ താഴെ വീഴാൻ മാത്രം ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴാണു വകുപ്പു വിഭജനം കീറാമുട്ടിയായി മാറിയത്.

വകുപ്പു വിഭജനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കു ഹൈക്കമാൻഡിൽനിന്ന് അനുമതി ലഭിച്ചാലുടൻ മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി. 'വകുപ്പു വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ചെറിയ ചില പ്രശ്‌നങ്ങളുണ്ട്. എന്നാൽ, സർക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ല' - കുമാരസ്വാമി പറഞ്ഞു.

'മുന്നിൽ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമം. മറിച്ചു സംഭവിച്ചാൽ എന്താകുമെന്നു നോക്കാം. അന്തസ്സും അഭിമാനവും പണയംവച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലെന്ന് വകുപ്പു വിഭജനത്തെയും കർഷകരുടെ കടങ്ങൾ എഴുതിത്ത്ത്ത്തള്ളുന്നതിനെയും കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കവെ കുമാരസ്വാമി പറഞ്ഞു.

കർണാടക സർക്കാരിലെ കോൺഗ്രസ് പങ്കാളിത്തത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും കർണാടകയുടെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്നു ഡൽഹിയിലെത്തിയിരുന്നു. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പ്രത്യേക വിമാനത്തിൽ ഡൽഹിക്കു പോയത്.

ജെഡിഎസ്-കോൺഗ്രസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി അടക്കം 22 മന്ത്രിമാർ കോൺഗ്രസിനും മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാർ ജെഡിഎസിനും എന്ന് ഇരു കക്ഷികളും നേരത്തെ ധാരണയിലെത്തിയിരുന്നു. കർണാടക മന്ത്രിസഭയുടെ പരമാവധി അംഗ ബലം 34 ആണ്.മന്ത്രിസഭയിലെ സാമുദായിക സന്തുലനം അടക്കമുള്ള കാര്യങ്ങളിൽ ഭിന്നതയുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വൊക്കലിഗ സമുദായക്കാരനായ കുമാരസ്വാമി മുഖ്യമന്ത്രിയും ദലിത് വിഭാഗക്കാരനായ ജി പരമേശ്വര ഉപമുഖ്യമന്ത്രിയുമായിരിക്കുന്നു. പ്രത്യേക മതം രൂപീകരിച്ച് ലിംഗായത്ത് വിഭാഗത്തിന്റെ പൂർണ പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകളെ മന്ത്രിസഭയിൽ അവഗണിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്റെ ഭാഗമായി പരമേശ്വരയ്ക്ക് പുറമെ മറ്റൊരു ഉപമുഖ്യമന്ത്രി കൂടി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കുമാരസ്വാമി ഇത് തള്ളിക്കളഞ്ഞു.

222 എംഎൽഎമാരിൽ 58 പേർ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ളവരാണ് - ബിജെപിയിൽ 38 പേരും കോൺഗ്രസിൽ 16 പേരും. ലിംഗായത്തുകളുടെ ഏറ്റവും പ്രബലനായ നേതാവ് ബിഎസ് യെദിയൂരപ്പ ബിജെപിയെ നയിക്കുകയും കോൺഗ്രസ് എംഎൽഎമാരെ എതിർ പാളയത്തിലേയ്ക്ക് കൊണ്ടുവരാനായി എല്ലാ വിധത്തിലും ശ്രമം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട് താനും.

ലിംഗായത്തുകാരനായ എംബി പാട്ടീലിനെയാണ് സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടിയിരുന്നത്. വൊക്കലിഗ സമുദായക്കാരൻ മുഖ്യമന്ത്രി ആയതിന് പുറമെ തങ്ങൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും നിഷേധിക്കപ്പെട്ടതിൽ ലിംഗായത്തുകളിൽ വലിയൊരു വിഭാഗത്തിന് അമർഷമുണ്ടെന്നും ഇത് മുതലെടുക്കാനാകുമെന്നും ബിജെപി കരുതുന്നു. തന്റെ അനുയായി ആയ എംബി പാട്ടീലിനെ അവഗണിച്ച് കടുത്ത എതിരാളി ആയ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കിയതിൽ സിദ്ധരാമയ്യയ്ക്ക് അതൃപ്തിയുണ്ടെന്ന് ബിജെപിക്ക് അറിയാം. ഈ സാഹചര്യത്തിൽ വകുപ്പ് വിഭജന തർക്കം പരിഹരിക്കുക ഒട്ടും എളുപ്പമാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP