Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിൽ നിന്നും ദള്ളിൽ നിന്നും പത്തോളം പേരെ ഞൊടിയിടയിൽ ചാക്കിട്ട് പിടിച്ചെങ്കിലും കൂറുമാറ്റ നിരോധനവും കോടതി ഇടപെടലും ലക്ഷ്യം കാണാൻ തുണച്ചില്ല; വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിൽ മറുകണ്ടം ചാടിയവരും വോട്ട് ചെയ്യില്ല; കേന്ദ്ര ഭരണത്തിന്റേയും പണത്തിന്റേയും മികവിൽ മുഷ്ടി ബലം കാട്ടി സർക്കാർ ഉണ്ടാക്കാൻ ഇറങ്ങിയ ബിജെപിക്ക് ശരിക്കും പണി കിട്ടിയതായി സൂചന; കുതിരക്കച്ചവടത്തിനു വേണ്ടി നീട്ടിവച്ച വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കിയതോടെ ഒന്നും ചെയ്യാനാവാതെ ബിജെപി

കോൺഗ്രസിൽ നിന്നും ദള്ളിൽ നിന്നും പത്തോളം പേരെ ഞൊടിയിടയിൽ ചാക്കിട്ട് പിടിച്ചെങ്കിലും കൂറുമാറ്റ നിരോധനവും കോടതി ഇടപെടലും ലക്ഷ്യം കാണാൻ തുണച്ചില്ല; വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിൽ മറുകണ്ടം ചാടിയവരും വോട്ട് ചെയ്യില്ല; കേന്ദ്ര ഭരണത്തിന്റേയും പണത്തിന്റേയും മികവിൽ മുഷ്ടി ബലം കാട്ടി സർക്കാർ ഉണ്ടാക്കാൻ ഇറങ്ങിയ ബിജെപിക്ക് ശരിക്കും പണി കിട്ടിയതായി സൂചന; കുതിരക്കച്ചവടത്തിനു വേണ്ടി നീട്ടിവച്ച വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കിയതോടെ ഒന്നും ചെയ്യാനാവാതെ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർണാടകയിൽ ബി.എസ്.യെദൂരിയപ്പ സർക്കാർ ഇന്നു നാലിനു വിശ്വാസ വോട്ട് തേടുമ്പോൾ ബിജെപി ക്യാമ്പിൽ വലിയ ആവേശമില്ല. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ ഇന്ന് ഭൂരിപക്ഷം തെളിയിക്കാനുള്ള നിർണായക വിധി പുറപ്പെടുവിച്ചത്. ഇതോടെ യെദൂരിയപ്പ വെട്ടിലായി. പ്‌ത്തോളം എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കവും പാളി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് തള്ളിയിരുന്നു. ഇന്നുതന്നെ വോട്ടെടുപ്പ് വേണമെന്ന കോൺഗ്രസ്-ജനതാദൾ (എസ്) ആവശ്യം അംഗീകരിച്ചാണു കോടതിനടപടി.

വ്യക്തമായ പദ്ധതികളുമായാണ് ബിജെപി മുന്നോട്ട് പോയത്. സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഇതെല്ലാം സുപ്രീംകോടതി വിധിയോടെ അപ്രസക്തമായി. അതേസമയം, സഭാനടപടികൾക്കു നേതൃത്വംനൽകാൻ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തുള്ള ഗവർണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോൺഗ്രസും ജെഡിഎസും സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി. ഇത് ഇന്നു രാവിലെ 10.30നു പരിഗണിക്കും. ഇതും നിർണ്ണായകമാകും. ഈ കേസിൽ യെദൂരിയപ്പയ്ക്ക് എതിരായ തീരുമാനമുണ്ടായാൽ അതും വോട്ടെടുപ്പിനെ സ്വാധീനിക്കും. യെദൂരിയപ്പയുടെ വിശ്വസ്തനാണ് ബൊപ്പയ്യ. അതിനിടെ രണ്ട് ജെഡിഎസുകാർ കൂറുമാറിയെന്ന് കുമാരസ്വാമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

രഹസ്യ വോട്ടെടുപ്പു വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ കൂറുമാറാനുള്ള എംഎൽഎമാരുടെ താൽപ്പര്യവും കുറഞ്ഞു. ഇതും ബിജെപിക്ക് തിരിച്ചടിയായി. രാവിലെ 11ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്നു സഭാ നടപടികളുടെ തുടക്കം. വൈകിട്ടു നാലിനു മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്നവർ അയോഗ്യരാകും. സുരക്ഷാ ഭീഷണി മൂലം ഇന്നലെ അർധരാത്രി ബംഗളൂരുവിൽനിന്നു ഹൈദരാബാദിലേക്കുപോയ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ ഇന്നു പുലർച്ചെയോടെ മടങ്ങിയെത്തും.

ഗവർണ്ണർ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ് നൽകിയത്. യെദൂരിയപ്പ ആവശ്യപ്പെട്ട് 7 ദിവസമായിരുന്നു. സുപ്രീംകോടതി ഒരാഴ്ച സമയം അനുവദിക്കുമെന്നായിരുന്നു കണക്ക് കൂട്ടൽ. ഇതാണ് തെറ്റുന്നത്. 113 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യമായ എംഎൽഎമാരുടെ സംഖ്യ. ഇതോടെ 9 എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന സ്ഥിതി വരികയാണ്. നിലവിൽ അഞ്ചു പേർ മാത്രമാണ് മറുകണ്ടം ചാടാൻ സമ്മതിച്ചിട്ടുള്ളത്. എംഎൽഎമാരെ അനുകൂലമാക്കാൻ കോടികളാണ് കർണ്ണാടകയിൽ ഒഴുകക്കുന്നത്. കൂറുമാറുന്ന എംഎൽഎയുടെ വിധി 200 കോടിയായി ഉയർത്തുന്നതാണ് കോടതി വിധി. 24 മണിക്കൂറിൽ യെദൂരിയപ്പ ഭരണം നിലനിർത്താൻ ശ്രമിക്കുന്നതിനാലാണ് ഇത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

എതിർപാളയത്തിൽനിന്ന് അംഗങ്ങളെ രാജിവെപ്പിച്ച് സഭയിൽ അംഗങ്ങളുടെ എണ്ണം 207 ആക്കുക. ഇതിനു വേണ്ടത് 15 അംഗങ്ങൾ നിയമസഭയിൽ എത്താതിരിക്കുകയോ ബിജെപിക്കു വേണ്ടി കൈ പൊക്കുകയോ ആണ്. വിപ്പുള്ളതിനാൽ ഇങ്ങനെ ചെയ്യുന്നവരുടെ അംഗത്വം റദ്ദാകും. ഇവിടെയാണ് പ്രോടൈംസ്പീക്കറുടെ നിലപാട് നിർണ്ണായകമാവുക. ഭൂരിപക്ഷം ഉറപ്പാകാതെ വന്നാൽ വിശ്വാസ വോട്ടിന് നിൽക്കാതെ യെദ്യൂരപ്പ രാജി നൽകിയേക്കാം. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്താൽ പിന്നെ നടക്കേണ്ടത് സ്പീക്കറുടെ തെരഞ്ഞെടുപ്പാണ്. എന്നാൽ സുപ്രീംകോടതി ഉത്തരവ് ഉള്ളതു കൊണ്ട് തന്നെ പ്രോടൈം സ്പീക്കർക്ക് വിശ്വാസ വോട്ടെടുപ്പ് സമയത്തും സഭയെ നിയന്ത്രിക്കാനാകും. സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ സഭയിൽ ആർക്കാണ് ഭൂരിപക്ഷമുള്ളതെന്ന് വ്യക്തമാവുമായിരുന്നു. ഇവിടെയാണ് യെദൂരിയപ്പയുടെ പ്രതിസന്ധി ഇരട്ടിയാകുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അവസരമാണ് ഇത് കാരണം നഷ്ടമാകുന്നത്.

പതിനഞ്ച് പേരെ ചാക്കിടാൻ കഴിഞ്ഞാൽ അവരെ ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിക്കുക മറ്റൊരു വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ത്രികോണ മത്സരമാണെങ്കിൽ ഇനി ഉപതിരെഞ്ഞെടുപ്പിൽ ഒരുവശത്ത് കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ് മത്സരിക്കുക. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ല. ഇതുകാരണം മറുകണ്ടം ചാടൽ എളുപ്പമാകില്ല. ലിംഗായത്ത് മേധാവിത്തമുള്ളിടത്ത് നിന്നുള്ളതോ ബെല്ലാരി മേഖലയിലെ കോൺഗ്രസ് എംഎൽഎമാരെയോ സ്വാധീനിക്കാനാണ് നീക്കം. എന്നാൽ 24 മണിക്കൂർ കൊണ്ട് ഇതെല്ലാം നടപ്പാക്കുക വലിയ വെല്ലുവിളിയാണ്. ഒരുതരത്തിലുള്ള സ്വാധീനത്തിനും വഴങ്ങാതെ എംഎൽഎമാരെ കോൺഗ്രസും ജെഡിഎസും ഹൈദരബാദിലാണ് എത്തിച്ചിരിക്കുന്നത്. നാളെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് മാത്രമായിരിക്കും ഇവരെ ബംഗളൂരുവിലെത്തിക്കുക. ചാക്കിട്ട് പിടിത്തത്തിന് ഹൈദരാബാദിലെ റിസോർട്ടുകളിൽ എത്താൻ ബിജെപി. പ്രതിനിധികൾക്ക് എളുപ്പത്തിൽ സാധിക്കണമെന്നില്ല. ഫോൺ വഴി എംഎ‍ൽഎമാരെ ബന്ധപ്പെടാതിരിക്കാൻ കോൺഗ്രസ് നേതൃത്വം മൊബൈൽ ആപ്പ് അടക്കമുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇതുകാരണം ആർക്കും ആരേയും ബന്ധപ്പെടാൻ അവസരമില്ല.

നിലവിൽ 222 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇനി രണ്ടിടത്ത് വോട്ടെടുപ്പ് നടക്കാനുണ്ട്. 104 അംഗങ്ങളുടെ വിജയം ഔദ്യോഗികമായി. ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലത്തിൽ ഫലം തടഞ്ഞുവച്ചിരിക്കുന്നു. ഇതും ബിജെപിക്ക് അനുകൂലമാണ്. അങ്ങനെ 105 അംഗങ്ങൾ. രണ്ടിടത്ത് കൂടി ജയിച്ചാൽ അംഗബലം 107 ആകും. 224അംഗ സഭയിൽ 113 പേരുണ്ടെങ്കിൽ കേവല ഭൂരിപക്ഷമാകും. ഒരു സ്വതന്ത്രന്റെ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷ. നിയമസഭയിൽ നിലവിൽ 221 പേരാണുള്ളത്. ഇതിൽ 14 പേർ നിയമസഭയിൽ എത്താതിരുന്നാൽ സഭയിലെ അംഗങ്ങളുടെ എണ്ണം 207 ആയി ചുരുങ്ങും. 104 എംഎൽഎമാർ കൈവശമുള്ളതിനാൽ 207 പേരാണ് നിയമസഭയിൽ എത്തുന്നതെങ്കിൽ യദൂരിയപ്പയ്ക്ക് മുഖ്യമന്ത്രി കസേര ഉറപ്പിക്കാം. ഇതാണ് കർണ്ണാടകയ്ക്ക് വേണ്ടി അമിത് ഷാ പ്രാഥമികമായി തയ്യാറാക്കിയ രൂപ രേഖ.

ഈ 13 പേർക്കായി തയ്യറാക്കി വച്ചത് കോടികളും. സത്യപ്രതിജ്ഞ ചെയ്യാതെ ഇവർ മാറി നിന്നാൽ കൂറുമാറ്റ നിരോധന നിയമവും ബാധകമാകില്ല. അല്ലെങ്കിൽ പിന്നെ വിപ്പ് ബാധകമാക്കി അയോഗ്യരാക്കാൻ കഴിയും. എന്നാൽ ബിജെപിക്കൊപ്പം 14 പേർ ഇല്ലെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെ കാശു മോഹിച്ച് സ്ഥാനത്യാഗത്തിന് ആരും തയ്യാറല്ല. ഈ ഘട്ടത്തിൽ ഉറപ്പുകളാണ് നൽകുന്നത്. ബിജെപിക്ക് അധികാരം കിട്ടിയില്ലെങ്കിൽ പറയുന്നത് കിട്ടില്ലെന്ന് എംഎൽഎമാരിൽ പലരും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ എംഎൽഎമാർ കരുതലോടെയാണ് നീങ്ങുന്നത്. ഇനി വിട്ടു നിന്നാൽ ഈ നിയമസഭാ സീറ്റിൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് വരും. അപ്പോൾ ജയിക്കുമെന്നതിന് ഉറപ്പുമില്ല. കാരണം ഉപതെരഞ്ഞെടുപ്പിൽ ജെഡിസും കോൺഗ്രസും ഒരുമിക്കും. ഇതോടെ ബിജെപിക്കാരുടെ വിജയസാധ്യത കുറയുകയും ചെയ്യും. തിരഞ്ഞെടുപ്പിന് മുമ്പ് ത്രികോണ മത്സരമാണെങ്കിൽ ഇനി ഉപതിരഞ്ഞെടുപ്പിൽ ഒരുവശത്ത് കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ് മത്സരിക്കുക. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ല. ഇത് മറുകണ്ടം ചാടുന്നവർക്ക് ഒരു ഭീഷണിയായി തന്നെയാണ്.

ലിംഗായത്ത് മേധാവിത്തമുള്ളിടത്ത് നിന്നുള്ളതോ ബെല്ലാരി മേഖലയിലെ കോൺഗ്രസ് എംഎൽഎമാരെയോ സ്വാധീനിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടൽ. സ്വാധീനിച്ചേക്കാം. അവരെ വീണ്ടും ജയിപ്പിച്ചെടുക്കാൻ ബിജെപിക്ക് കഴിയും. എന്നാൽ ഈ മേഖലയിൽ നിന്ന് മാത്രം 14 പേരെ കണ്ടെത്തുക പ്രയാസകരവുമാണ്. എംഎൽഎമാർ ഹൈദരബാദിലെ റിസോർട്ടുകളിലാണെങ്കിലും ഫോൺ വഴി എംഎ‍ൽഎമാരെ ബന്ധപ്പെടാതിരിക്കാൻ കോൺഗ്രസ് നേതൃത്വം മൊബൈൽ ആപ്പ് അടക്കമുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അങ്ങനെ ചർച്ചകൾക്കുള്ള നീക്കവും കോൺഗ്രസ് പൊളിച്ചു. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP