Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സത്യപ്രതിജ്ഞ അസാധുവാക്കാനും സർക്കാരുണ്ടാക്കാൻ ക്ഷണിച്ചുള്ള തീരുമാനം റദ്ദാക്കാനും സാധിക്കുമെന്ന വാക്കാൽ മുന്നറിയിപ്പിനെ പ്രതീക്ഷയോടെ കണ്ട് കോൺഗ്രസ്; കാർഷിക കടങ്ങൾ അതിവേഗം എഴുതിത്ത്ത്ത്തള്ളിയത് ജനപ്രിയ പരിവേഷവുമായി സ്ഥാനം ഒഴിയാനുള്ള ബിജെപി തന്ത്രമോ? ഗവർണ്ണറുടെ വിവേചനാധികാരത്തിൽ സുപ്രീംകോടതി ഇടപെടില്ലെന്ന പ്രതീക്ഷയിൽ കുതിരക്കച്ചവടം തുടരുന്നു; കർണ്ണാടകയുടെ ഭാവിയിൽ ഇന്ന് അതിനിർണ്ണായകം

സത്യപ്രതിജ്ഞ അസാധുവാക്കാനും സർക്കാരുണ്ടാക്കാൻ ക്ഷണിച്ചുള്ള തീരുമാനം റദ്ദാക്കാനും സാധിക്കുമെന്ന വാക്കാൽ മുന്നറിയിപ്പിനെ പ്രതീക്ഷയോടെ കണ്ട് കോൺഗ്രസ്; കാർഷിക കടങ്ങൾ അതിവേഗം എഴുതിത്ത്ത്ത്തള്ളിയത് ജനപ്രിയ പരിവേഷവുമായി സ്ഥാനം ഒഴിയാനുള്ള ബിജെപി തന്ത്രമോ? ഗവർണ്ണറുടെ വിവേചനാധികാരത്തിൽ സുപ്രീംകോടതി ഇടപെടില്ലെന്ന പ്രതീക്ഷയിൽ കുതിരക്കച്ചവടം തുടരുന്നു; കർണ്ണാടകയുടെ ഭാവിയിൽ ഇന്ന് അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സത്യപ്രതിജ്ഞ അസാധുവാക്കാനും യെദൂരിയരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചുള്ള തീരുമാനം റദ്ദാക്കാനും സാധിക്കുമെന്നു വാക്കാൽ വ്യക്തമാക്കിയ സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവ് എന്താകും? കർണ്ണാടകക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാടിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വിധാൻ സഭയിൽ തനിക്കുള്ള പിന്തുണയുടെ വിശദാംശങ്ങൾ അടങ്ങിയ കത്ത് യദൂരിയപ്പ സുപ്രീംകോടതിക്ക് നൽകിയിരുന്നു. ഈ കത്ത് ഹാജരാക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിനൊപ്പം കോൺഗ്രസും ജെഡിസും ചേർന്ന് നൽകിയ പിന്തുണക്കത്തും പരിശോധിക്കും. അതിന് ശേഷമാകും കോടതി അന്തിമ തീരുമാനം എടുക്കുക.

ഗവർണർ 16നു നൽകിയ അറിയിപ്പിൽ 15നും 16നും ബി.എസ്.യെദൂരിയപ്പ തനിക്കു നൽകിയ കത്തുകൾ പരാമർശിക്കുന്നുണ്ട്. അവ പരിശോധനയ്ക്കായി അറ്റോർണി ജനറലോ യെഡിയൂരപ്പയോ ഇന്നു ഹാജരാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ യെദൂരിയപ്പ നൽകിയ കത്തുകൾ നിർണായകമാകുന്നു. അവയിൽനിന്നു കോടതിക്ക് അറിയേണ്ടത് ഇതാണ് ബിജെപി നിയമസഭാകക്ഷി നേതാവെന്നാണു യെദൂരിയപ്പയെ ഗവർണർ പരാമർശിക്കുന്നത്. ബിജെപിക്കു 104 എംഎൽഎമാരാണുള്ളത്. തങ്ങൾ ഗവർണർക്കു നൽകിയതു 117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്താണെന്നു ഹർജിക്കാർ പറയുന്നു. എങ്കിൽ, വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിർത്തി യെദൂരിയപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് ശരിയാണോ എന്നാകും കോടതി പരിശോധിക്കുക. ഈ വിഷയത്തിലെ സത്യത്തിനൊപ്പം സുപ്രീംകോടതി നിന്നാൽ കർണ്ണാടകയിലെ ബിജെപി സർക്കാർ ഇന്ന് തന്നെ നിലംപതിക്കും.

കോടതിയുടെ സംശയങ്ങൾക്കുള്ള ഉത്തരം യെദൂരിയപ്പയുടെ കത്തുകളിൽ ഇല്ലെങ്കിൽ ഗവർണറുടെ തീരുമാനവും സത്യപ്രതിജ്ഞയുൾപ്പെടെയുള്ള തുടർനടപടികളും കോടതിക്കു റദ്ദാക്കാനാകും. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം ഭൂരിപക്ഷം തെളിയിക്കാൻ ഏഴുദിവസം മതിയെന്നാണു യെദൂരിയപ്പ ഗവർണറോടു പറഞ്ഞതെന്നും എന്നിട്ടും കുതിരക്കച്ചവടത്തിന് സൗകര്യമൊരുക്കുംവിധം 15 ദിവസം അനുവദിച്ചെന്നുമാണു ഹർജിക്കാർക്കുവേണ്ടി അഭിഷേക് സിങ്വി വാദിച്ചത്. അതുകൊണ്ട് തന്നെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ യെദൂരിയപ്പയെ കോടതി അനുവദിച്ചാലും അതിന് ഏഴ് ദിവസത്തിൽ അധികം കൊടുക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് കർഷക വായ്പകൾ എഴുതി തള്ളാനുള്ള തീരുമാനം യെദൂരിയപ്പ എടുത്തത്. മുഖ്യമന്ത്രിസ്ഥാനം നഷ്ടമായാലും ജനകീയ നേതാവായി മാറാനാണ് ശ്രമം. കർഷകരെ കൂടുതലായി അടുപ്പിക്കാനുള്ള യെദൂരിയപ്പയുടെ തന്ത്രത്തിന്റെ ഭാഗം.

സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ ബിജെപിക്കോ കേന്ദ്രസർക്കാരിനോ മതിയായ വിശദീകരണം നൽകാൻ കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ട് 15 ദിവസം അനുവദിച്ചെന്നും അത്രയധികം സമയം നൽകുന്നത് ഉചിതമാണോയെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനോടും മൂന്നു ബിജെപി എംഎൽഎമാർക്കുവേണ്ടി എന്നവകാശപ്പെട്ടു ഹാജരായ മുകുൾ റോഹത്ഗിയോടും കോടതി ചോദിച്ചിരുന്നു. ഇരുവരും വ്യക്തമായ ഉത്തരം നൽകിയില്ല. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധിയെക്കുറിച്ച് ഇന്നലെ നൽകിയ ഉത്തരവിൽ കോടതി ഒന്നുംതന്നെ പറയുന്നുമില്ല. അതുകൊണ്ട് തന്നെ എന്ത് തീരുമാനവും ഹൈക്കോടതിയിൽ നിന്നെത്താം. മന്ത്രിസഭയുണ്ടാക്കാൻ ആരെ വിളിക്കണമെന്നത് ഗവർണ്ണറുടെ വിവേചനാധികാരമാണ്. ഇത് കോടതി അംഗീകരിക്കുമെന്നതാണ് ബിജെപിയുടെ ഏക പ്രതീക്ഷ.

നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷത്തിന് ബിജെപി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. ഇതിനായി കോൺഗ്രസ്, ജനതാദൾ-എസ് എം..എൽ.എ.മാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് അവർ നീക്കംനടത്തുന്നത്. ഖനിവ്യവസായി ജനാർദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേൽപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ, കോൺഗ്രസ്, ജെ.ഡി.എസ്. എംഎ‍ൽഎ.മാരെ റിസോർട്ടിലും ഹോട്ടലിലുമായി പാർപ്പിച്ചതോടെ എല്ലാം അവതാളത്തിലായി. ജനതാദളിൽനിന്നും കോൺഗ്രസിൽനിന്നുമായി 14 എംഎ‍ൽഎ.മാരെ ബിജെപി. പിന്തുണയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇവരാരും പക്ഷേ ബിജെപിക്കുള്ള പിന്തുണകത്തിൽ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി നിർണ്ണായകമാകുന്നത്.

ഇരു പാർട്ടികളിൽനിന്നുമായി ഏഴ് എംഎ‍ൽഎ.മാർ രാജിക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്. യെദ്യൂരപ്പ നിയമസഭയിൽ വിശ്വാസവോട്ട് നേടുന്ന ദിവസം സഭയിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ്-ജനതാദൾ-എസ് എംഎ‍ൽഎ.മാരിൽ സമർദം ചെലുത്തുന്ന തന്ത്രമാണ് ബിജെപി.യുടേത്. സത്യപ്രതിജ്ഞ ചെയ്യാത്തതിനാൽ കൂറുമാറ്റ നിരോധനനിയമം ഇവർക്ക് ബാധകമാകില്ല. ഇത്തരമൊരു നീക്കം മുന്നിൽക്കണ്ടാണ് കോൺഗ്രസും ജനതാദൾ-എസും എംഎ‍ൽഎ.മാരെ റിസോർട്ടിലും ഹോട്ടലിലുമായി പാർപ്പിച്ചത്. അതിനിടെ മൂന്ന് എംഎ‍ൽഎ.മാർ കോൺഗ്രസിന്റെ പിടിയിൽനിന്ന് കടന്നതായും സൂചനയുണ്ട്. ബിജെപി.യിൽനിന്നും കോൺഗ്രസിലെത്തിയ ആനന്ദ് സിങ്, ഹൈദരാബാദ്-കർണാടക മേഖലയിൽനിന്നുള്ള എംഎ‍ൽഎ.മാരായ പ്രതാപ് ഗൗഡ പാട്ടീൽ, രാജശേഖർ പാട്ടീൽ എന്നിവരാണവർ.

ബിജെപി., സർക്കാർ രൂപവത്കരിച്ചതിനെതിരേ വിധാൻസൗധയ്ക്കുമുന്നിൽ നടത്തിയ ധർണയിൽ പ്രതാപ് ഗൗഡ പാട്ടീലും ആനന്ദ് സിങ്ങും എത്തിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് നേതൃത്വത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. ആനന്ദ് സിങ് ഡൽഹിയിലാണെന്നും സൂചനയുണ്ട്. അതിനിടെ ബിജെപി. എംഎ‍ൽഎ.മാരെ സ്വാധീനിക്കാൻ കോൺഗ്രസും നീക്കം നടത്തുന്നുണ്ട്. ഡി.കെ. ശിവകുമാറാണ് ഇതിനുവേണ്ടി ശ്രമിക്കുന്നത് എന്നാണ് വിവരം. അതിനിടെ, കോൺഗ്രസ് നിയമസഭാകക്ഷിനേതാവായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വരയെ തിരഞ്ഞെടുത്തു. കോൺഗ്രസ്-ദൾ സഖ്യ സർക്കാർ നിലവിൽവന്നാൽ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. സിദ്ധരാമയ്യയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP