Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ചായ്‌പേ ചർച്ച'യിലൂടെ പേരെടുത്ത മോദിയെ 'കട്ടിൽ ചർച്ച' നടത്തി വീഴ്‌ത്താൻ രാഹുലിന്റെ തന്ത്രം; നമോ ചായക്കടകളെ വെല്ലാൻ കട്ടിൽ സഭകൾ തീർത്ത് കോൺഗ്രസ് ഉപാധ്യക്ഷന്റെ കിസാൻ യാത്ര; 2500 കിലോമീറ്ററിന്റെ യാത്രയുടെ തുടക്കം 2000 കട്ടിലുകൾ നിരത്തിയ വേദിയിൽ വച്ച്

'ചായ്‌പേ ചർച്ച'യിലൂടെ പേരെടുത്ത മോദിയെ 'കട്ടിൽ ചർച്ച' നടത്തി വീഴ്‌ത്താൻ രാഹുലിന്റെ തന്ത്രം; നമോ ചായക്കടകളെ വെല്ലാൻ കട്ടിൽ സഭകൾ തീർത്ത് കോൺഗ്രസ് ഉപാധ്യക്ഷന്റെ കിസാൻ യാത്ര; 2500 കിലോമീറ്ററിന്റെ യാത്രയുടെ തുടക്കം 2000 കട്ടിലുകൾ നിരത്തിയ വേദിയിൽ വച്ച്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: മോദി ദേശീയ തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളെ കയ്യിലെടുക്കാൻ പയറ്റിയ 'നമോ ചായക്കട' തന്ത്രം അദ്ദേഹത്തിന് ജനപ്രചാരം നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ചെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. വരാൻപോകുന്ന യുപി തിരഞ്ഞെടുപ്പിൽ ബിജെപി അത്തരത്തിൽ എന്തെങ്കിലും തന്ത്രം പ്രയോഗിക്കുന്നതിന് മുമ്പ് സമാനമായൊരു പ്രചരണം വേണമെന്ന ചിന്തയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി കൊണ്ടുവരുന്നത് കർഷകരെ കയ്യിലെടുക്കാനുള്ള തന്ത്രമാണ്.

'കട്ടിൽ സഭ' (ഘാട്ട് സഭ) എന്നുവിളിക്കുന്ന ചർച്ചകൾ നടത്തിക്കൊണ്ടാണ് യുപിയിലെ പ്രചരണ പരിപാടിക്ക് രാഹുലും കോൺഗ്രസും തുടക്കമിടുന്നത്. പക്ഷേ പ്രഖ്യാപിച്ചതിനു പിന്നാലെതന്നെ മോദിയുടെ 'ചായ്‌പേ ചർച്ച' എന്ന ആശയത്തിനോട് കിടപിടിക്കാൻ രാഹുലിന്റെ 'കട്ടിൽ ചർച്ച'യ്ക്ക് കഴിയുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലും വിവിധ മാദ്ധ്യമങ്ങളിലും ഉയരുന്നത്.

യുപിയിൽ ഇന്നുമുതൽ പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധി കിഴക്കൻ യുപിയിലെ ദിയോരിയയിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടും കർഷകരെ കൂടെനിർത്താനുദ്ദേശിച്ചും 2500 കിലോമീറ്ററിന്റെ കിസാൻ യാത്രയാണ് രാഹുൽ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കട്ടിൽ സഭകൾ നടത്തുക. ദിയോറിയയിലെ വേദിയിൽ ഇതിനായി 2000 കട്ടിലുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കർഷകരെ കയ്യിലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവർക്കിഷ്ടമുള്ള ഘാട്ട് സഭകളുടെ മാതൃകയിൽ സദസ്സ് സജ്ജീകരിച്ചിട്ടുള്ളത്.

യുപിയിൽ കർഷകരും ഗ്രാമമുഖ്യന്മാരുമെല്ലാം സായാഹ്നങ്ങളിൽ ഇത്തരത്തിൽ കട്ടിലുകൾ ഗ്രാമത്തിലൊരിടത്ത് കൂട്ടിയിട്ട് വട്ടംകൂടിയിരുന്ന് വെടിവട്ടം നടത്തുന്നതിന്റെ മാതൃകയുൾക്കൊണ്ടാണ് പുതിയ പ്രചാരണ തന്ത്രം.

പക്ഷേ, ചായക്കടക്കാരന്റെ മകനായിരുന്ന മോദി നമോ ചായക്കട തുടങ്ങിയതിന് പകരമാകുമോ കർഷകനൊന്നുമല്ലാത്ത രാഹുൽ കർഷകനായി നടിച്ച് കൈക്കൊള്ളുന്ന കട്ടിൽ സഭ തന്ത്രമെന്ന ചോദ്യമാണ് ബിജെപിക്കാരും മറ്റ് എതിർകക്ഷികളും ഉയർത്തുന്നത്.

ഏതായാലും രാഹുലിന്റെ തന്ത്രം യുപിയിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ദിയോറിയ രുദ്രാപൂരിലെ മൈതാനത്ത്് 2,000 ഘാട്ടുകൾ ഒരുക്കി കോൺഗ്രസ് കിസാൻ യാത്രയുടെ തുടക്കം ഉജ്ജ്വലമാക്കുന്നത്. ഉത്തർപ്രദേശിലെ അണികളെയും കർഷകരെയുമെല്ലാം ഉത്സാഹ ഭരിതരാക്കാനും 27 വർഷത്തിന് ശേഷം സംസ്ഥാനത്ത് മികച്ച തിരിച്ചുവരവ് നടത്താനും കോൺഗ്രസിനെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. കർഷകരുമായി വഴിയരികിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഉൾപ്പെടെ ദിയോരിയയിൽ നിന്നും ആരംഭിക്കുന്ന കിസാൻ യാത്രയിൽ രാഹുൽ ലക്ഷ്യമിടുന്നുണ്ട്.

ഇന്ന് തുടങ്ങി ഏകദേശം ഒരു മാസം കൊണ്ട് പൂർത്തിയാകുന്ന യാത്ര അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന 403 നിയോജക മണ്ഡലങ്ങളിലെ 223 എണ്ണത്തിലൂടെ കടന്നുപോകും. യാത്രയ്ക്കിടയിൽ പല ഗ്രാമങ്ങളിലും വിശ്രമിച്ച് രാഹുൽ കട്ടിൽ ചർച്ചകൾ നടത്തും. കർഷകരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ നേരിട്ടറിയാൻ ഉദ്ദേശിച്ചാണ് യാത്ര. ഇതിനൊപ്പം കർഷകരിൽ നിന്ന് നിവേദനങ്ങളും സ്വീകരിക്കും.

ഓരോ സ്ഥലത്തേയും പ്രാദേശിക കോൺഗ്രസ് നേതാക്കൾ യാത്രയിൽ രാഹുലിനെ അനുഗമിക്കും. മോദിയുടെ 'ചായ് പേ ചർച്ച' പരിപാടിയുടെ കോപ്പിയടിയാണ് രാഹുലിന്റെ 'കട്ടിൽ ചർച്ച'യെന്ന വിമർശനമുയരാൻ മറ്റൊരു കാരണവുമുണ്ട്. ചായ് പേ ചർച്ച പരിപാടി വിജയിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രശാന്ത് കിഷോർ തന്നെയാണ് രാഹുലിന്റെ പരിപാടിയും ആസൂത്രണം ചെയ്തിട്ടുള്ളത്.

പക്ഷേ, ഇതുകൊണ്ടൊന്നും കോൺഗ്രസിന് യുപിയിൽ തിരിച്ചുവരവ് നടത്താനാകില്ലെന്നും ബിജെപി യുപിയിൽ വന്മുന്നേറ്റം നടത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ ഒരുമയില്ലാത്തത് വലിയ വിഷയമാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ആദ്യം പ്രിയങ്കയെയും പിന്നീട് സംസ്ഥാനത്തുനിന്ന് ആരെയും നിർദ്ദേശിക്കാൻ കഴിയാതിരുന്നതോടെ ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനേ കോൺഗ്രസിന് മത്സരിപ്പിക്കേണ്ടിവന്നതും പ്രശ്‌നമായിട്ടുണ്ട്.

ഈ പ്രശ്‌നങ്ങളെല്ലാം മറികടക്കാൻ രാഹുലിന്റെ യാത്രയ്ക്ക് കഴിയുമോ എ്ന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. മാത്രമല്ല, ബിജെപിയും അതുപോലെ സംസ്ഥാനത്ത് ജനസ്വാധീനമുള്ള ബിഎസ്‌പിയും എസ്‌പിയും എല്ലാം എന്തെല്ലാം തന്ത്രങ്ങളാണ് ഇക്കുറി പയറ്റുകയെന്നതും യുപി തിരഞ്ഞെടുപ്പിൽ ഏറെ കൗതുകം ജനിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP