Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിരൺബേദി എത്തിയിട്ടും ആളു കൂടുന്നില്ല; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ട ചുമതലക്ക് അരുൺ ജെയ്റ്റ്‌ലിക്ക് നൽകി ബിജെപി; ആം ആദ്മിക്ക് നേട്ടമെന്ന് സർവേ

കിരൺബേദി എത്തിയിട്ടും ആളു കൂടുന്നില്ല; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ട ചുമതലക്ക് അരുൺ ജെയ്റ്റ്‌ലിക്ക് നൽകി ബിജെപി; ആം ആദ്മിക്ക് നേട്ടമെന്ന് സർവേ

ന്യൂഡൽഹി: വെളുക്കാൻ തേച്ചത് പാണ്ടകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ ഡൽഹിയിലെ ബിജെപിക്കാർ. ഒറ്റയ്ക്ക് അധികാരം പിടിക്കാനായി കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി വോട്ടു പിടിക്കാൻ ഇറങ്ങിയിട്ടും ഡൽഹിക്കാർക്ക് തണുത്ത പ്രതികരണമാണ്. കൂടാതെ കിരൺ ബേദി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതോടെ ആ സ്ഥാനം മോഹിച്ച പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇളിഭ്യരാകുകയും ചെയ്തു. ഇവർ പ്രതിഷേധമെന്നോണം സജീവമായി പ്രവർത്തനത്തിന് രംഗത്തിറങ്ങാതിരിക്കുക കൂടി ചെയ്തതോടെ ഡൽഹിയിൽ തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തിലാണ് ബിജെപി. അതുകൊണ്ട് ഇപ്പോൾ അരുൺ ജെയ്റ്റ്‌ലിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യചുമതല ഏൽപ്പിച്ചിരിക്കയാണ് പാർട്ടി.

മോദി തരംഗം കാണാത്ത തെരഞ്ഞെടുപ്പിൽ കെജ്രിവാളിനു പകരം കൊണ്ടുവന്ന ബേദിക്കും വോട്ടർമാരെ ആകർഷിക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് അമിത് ഷായുടെ നടപടി. കിരൺ ബേദിയുടെ റോഡ് ഷോയിൽ ജനപങ്കാളിത്തം കുറഞ്ഞതും പുതിയ അഭിപ്രായ വോട്ടെടുപ്പു ഫലങ്ങളിൽ പാർട്ടി പിന്നിലായതുമാണ് പൊതുബജറ്റിന്റെ തിരക്കിനിടയിലും അരുൺ ജെയ്റ്റ്‌ലിക്ക് ഭാരിച്ച ചുമതല നൽകാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയെച്ചൊല്ലി ഡൽഹി ബിജെപിയിൽ രൂപപ്പെട്ട ഭിന്നത പരിഹരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജെയ്റ്റ്‌ലിയെ ചുമതലപ്പെടുത്തി.

ബിജെപി സംസ്ഥാന നേതാക്കളെ ദിവസേന ഡൽഹി ഓഫിസിൽ വിളിച്ചുകൂട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവലോകനം നടത്താനാണ് ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ 11 കേന്ദ്രമന്ത്രിമാരോടും 10 എംപിമാരോടും ഡൽഹിയിൽ ക്യാമ്പ് ചെയ്ത് പ്രചാരണങ്ങളിൽ പങ്കാളികളാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മോദിയുടെ നാല് റാലികൾ സംഘടിപ്പിക്കാൻ നേരത്തേ ബിജെപി തീരുമാനിച്ചിരുന്നു. എന്നാൽ രാംലീലയിലെ ആദ്യറാലിക്ക് പ്രതീക്ഷിച്ച ജനാവലിയുടെ പകുതി പോലും എത്താത്ത സാഹചര്യത്തിൽ തുടർന്നുള്ള റാലികളും പരാജയപ്പെടുമോ എന്ന ആശങ്ക അമിത് ഷാക്കുണ്ട്.

അതുകൊണ്ടാണ് ഇരുവരുടെയും വിശ്വസ്തനായ ജെയ്റ്റ്‌ലിക്ക് ചുമതല നൽകിയത്. നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കില്‌ളെന്ന തന്ത്രം രാംലീലയിലെ റാലിയുടെ പരാജയത്തെ തുടർന്നാണ് മാറ്റിയത്. എന്നാൽ കെജ്രിവാളിനു പകരം വെക്കാൻ ബേദിയെ കൊണ്ടുവന്ന തന്ത്രം വിപരീതഫലം സൃഷ്ടിച്ചെന്നാണ് വീണ്ടും തന്ത്രം മാറ്റിയതിൽനിന്ന് വ്യക്തമാകുന്നത്.

ബേദിയെ കെട്ടിയിറക്കിയതിലുള്ള നീരസം മുതിർന്ന നേതാക്കൾ വ്യംഗ്യമായെങ്കിലും ഇപ്പോഴും പ്രകടിപ്പിക്കുന്നതാണ് ദേശീയ നേതൃത്വത്തെ കുഴക്കുന്നത്. നേതൃത്വത്തെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ജഗദീഷ് മുഖി, ഹർഷ് വർധൻ, സതീഷ് ഉപാധ്യായ തുടങ്ങിയവർ ബേദിക്കൊപ്പം പ്രചാരണം നടത്തുന്നതെന്ന് ഉന്നത നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ബേദി മത്സരിക്കുന്ന കൃഷ്ണനഗറിലെ റോഡ് ഷോയിൽനിന്ന് കേന്ദ്രമന്ത്രി കൂടിയായ ഹർഷ് വർധൻ വിട്ടുനിന്നിരുന്നു.

അതിനിടെ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് ആം ആദ്മി പാർട്ടിക്ക് 50% വോട്ട് ലഭിക്കുമെന്ന് അഭിപ്രായ സർവെയും പുറത്തുവന്നു. അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഡൽഹിയിലെ 51 ശതമാനം പേർ ആഗ്രഹിക്കുന്നതെന്നും എബിപി ന്യൂസ് പുറത്തുവിട്ട അഭിപ്രായ സർവെ പ്രവചിക്കുന്നു.

മുസ്‌ലിം സ്വാധീനമുള്ള മണ്ഡലങ്ങളിൽ ആംആദ്മി പാർട്ടി വിജയിക്കുമെന്ന് സിഎസ്ഡിഎസ് നടത്തിയ സർവെ പ്രവചിച്ചിരുന്നു. അതിന് ശേഷം വന്ന എബിപി സർവെയും ആംആദ്മി പാർട്ടിക്ക് അനുകൂലമായ പ്രവചനമാണ് പുറത്തുവിടുന്നത്. ഡൽഹിയിൽ അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രിയാകണമെന്ന് 51 ശതമാനം പേർ ആഗ്രഹിക്കുന്നുവെന്നാണ് സർവെ പ്രവചനം. ആം ആദ്മ പാർട്ടി 50 ശതമാനം വോട്ട് നേടുമെന്നും ബിജെപിക്ക് 41 ശതമാനം വോട്ടും കോൺഗ്രസിന് 9 ശതമാനം വോട്ടും മാത്രമെ ലഭിക്കൂവെന്നും സർവെ പ്രവചിക്കുന്നു.

അഭിപ്രായ സർവെകൾ ആം ആദ്മി ക്യാമ്പുകളിലെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ പറഞ്ഞതെല്ലാം മറന്ന് കിരൺ ബേദി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതിനെതിരെ വലിയ പ്രചരണമാണ് ആം ആദ്മി പാർട്ടി നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP