Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളിയായ മുൻ ഐഎഎസുകാരി തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രി ആയേക്കും; ജയലളിതയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഷീലയുടെ സ്ഥാനക്കയറ്റം അമ്മയുടെ വിൽപത്രത്തിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ; സ്വത്തുക്കൾ ശശികലയ്ക്കും അധികാരം പനീർശെൽവത്തിനും ഒസ്യത്തിൽ എഴുതിയിരിക്കുന്നതായി റിപ്പോർട്ട്

മലയാളിയായ മുൻ ഐഎഎസുകാരി തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രി ആയേക്കും; ജയലളിതയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഷീലയുടെ സ്ഥാനക്കയറ്റം അമ്മയുടെ വിൽപത്രത്തിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ; സ്വത്തുക്കൾ ശശികലയ്ക്കും അധികാരം പനീർശെൽവത്തിനും ഒസ്യത്തിൽ എഴുതിയിരിക്കുന്നതായി റിപ്പോർട്ട്

കെ വി നിരഞ്ജൻ

ചെന്നൈ: എം.ജി.ആറിനെപ്പോലെ ഒരിക്കലും രണ്ടാംനിര നേതൃത്വത്തെ വളർത്താത്ത വ്യക്തിയാണ് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും. അതുകൊണ്ടുതന്നെ ജയലളിതയുടെ പിൻഗാമി ആരാണെന്നതിനെകുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നതിനിടെ വ്യക്തമായ വിൽപ്പത്രം എഴുതിവച്ചാണ് 'അമ്മ' കടന്നുപോയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തമിഴകത്തെ ചില മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കി. വിരമിച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ ഷീല ബാലകൃഷ്ണനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും ജയലളിത ആഗ്രഹിച്ചിരുന്നു.

ജയലളിതയുടെ മരണം സ്ഥിരീകരിക്കപ്പെട്ടതിന് ഏതാനും നിമിഷങ്ങൾക്കുശേഷം വിളിച്ചുചേർത്ത പാർട്ടി എംഎ‍ൽഎമാരുടെ യോഗത്തിൽ പനീർ ശെൽവം തന്നെ വിൽപ്പത്രം വായിച്ചെന്നാണ് പറയുന്നത്. ഇതോടൊപ്പമുള്ള 'അമ്മയുടെ' കത്തിലെ നിർദ്ദേശ പ്രകാരമാണ് പനീർ ശെൽവം രാക്കുരാമാനം സത്യപ്രതിജ്ഞ ചെയ്തതെന്നും അണ്ണാഡി.എം.കെ കേന്ദ്രങ്ങൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. 'അമ്മ'യുടെ അത്തരമൊരു തീരുമാനം ഇല്ലായിരുന്നെങ്കിൽ ഇതുപോലൊരു സത്യപ്രതിജ്ഞ ഒരിക്കലും നടക്കില്ലെന്ന് അണികളും പറയുന്നു. അത്തരമൊരു അധികാര കൈമാറ്റം ഉടനെ ഉണ്ടായില്ലെങ്കിൽ അനിശ്ചിതത്വവും അരാജകത്വവും ഉണ്ടാകുമെന്നും ശത്രുക്കൾ മുതലെടുക്കുമെന്നും ജയയുടെ കത്തിൽ പറയുന്നതായി സൂചനയുണ്ട്.

എന്നാൽ കോടികൾ വിലമതിക്കുന്ന ജയലളിതയുടെ സ്വത്തുക്കളിൽ നല്ലൊരു ഭാഗവും തന്റെ എല്ലാം ഉയർച്ചതാഴ്ചകളിലും പങ്കാളിയായ തോഴി ശശികലക്കു തന്നെയാണ് നൽകിയത്. പുരെട്ച്ചി തലൈവിയുടെ പേരിലുള്ള ബാങ്ക് നിക്ഷേപങ്ങളും പോളിസികളിലുംവരെ നോമിനിയുടെ പേര് ശശികലയുടേതാണ്. വളർത്തുമകൻ സുധാകരനും ശശികലയുടെ മരുമകൾ ജെ. ഇളവരശിയുടെ പേരിലും കോടികളുടെ സ്വത്തുക്കൾ എഴുതിവച്ചിട്ടുണ്ട്. ജയലളിതയുടെ വസതിയായ പോയ്‌സ് ഗാർഡൻ സ്മാരകമാക്കണമെന്നും ഇവിടുത്തെ പുസ്തകങ്ങൾ സംരക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

മറ്റുള്ള സ്വത്തുക്കളിൽ ചിലത് ജനക്ഷേമപ്രവർത്തനത്തിന് ഉതകും വിധം ട്രസ്റ്റുകളുടെ പേരിലാണ്. ജനം എക്കാലവും 'അമ്മയെ' ഓർക്കുന്ന രീതിയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ എ.ഐ.ഡി.എം.കെക്ക് ഈ ഫണ്ട് തുണയാകുമെന്നും കത്തിൽ പറയുന്നുണ്ടത്രേ. പക്ഷേ ഇക്കാര്യങ്ങൾ പാർട്ടിയിലെ ആരും സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്രവുമായും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല ബന്ധത്തിൽ പോകണമെന്നും വിവിധകാര്യങ്ങളിൽ കേന്ദ്രവുമായി കൂടിയലോചനവേണമെന്നും കത്തിൽ പറയുന്നതായി കേൾക്കുന്നുണ്ട്. എന്നാൽ ഇത് ദ്രാവിഡ രാഷ്ട്രീയത്തിൽ ഒരു സ്ഥാനം കിട്ടാതിരുന്ന ബിജെപി നേതാക്കൾ അടിച്ചുവിടുന്ന നുണയാണെന്നും ശക്തമായ ആരോപണമുണ്ട്.

ഷീല ബാലകൃഷ്ണൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്?

വിരമിച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ ഷീല ബാലകൃഷ്ണന്റെ സേവനം തുടർന്നും ഉപയോഗിക്കണമെന്നും ജയയുടെ കത്തിൽ സൂചനയുള്ളതായി ചില പാർട്ടികേന്ദ്രങ്ങൾ വ്യക്തമാക്കി. ഇതിൻെ അടിസ്ഥാനത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം വഹിച്ചുവരികയായിരുന്ന ഷീലയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചക്കേുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ സർക്കാർ നടപടിക്രമങ്ങളെക്കുറിച്ചും പ്രോട്ടോക്കൊളിനെക്കുറിച്ചും മന്ത്രിസഭയിലെ മറ്റതേ് അംഗത്തേക്കാളും നന്നായി ഷീലയ്ക്ക് അറിയാമെന്നതാണ് ഇവർക്ക് തുണയാകുക. മുഖ്യമന്ത്രി ജയലളിതയോടൊപ്പവും എ.ഐ.എ.ഡി.എം.കെ പാർട്ടിക്കോപ്പവും പ്രവർത്തിച്ച പാരമ്പര്യം ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഷീലയെ നിയോഗിക്കുന്നതിന് കാരണമായേക്കും.ശശികലക്കും ഷീലയുടെ നിയമനത്തിൽ എതിർപ്പില്‌ളെന്നാണ് അറിയുന്നത്. തിരുവനന്തപുരം സ്വദേശിനിയായ ഷീല 1976 ബാച്ചിൽ തമിഴ്‌നാട് കേഡറിലാണ് സിവിൽ സർവീസ് വിജയിച്ചത്. 2014ൽ വിരമിച്ച ഇവർ പിന്നീട് ജയലളിതയുടെ ഉപദേശകസ്ഥാനം വഹിക്കുകയായിരുന്നു. ജയലളിത അടുത്ത കാലത്ത് നടത്തിയ പല ക്ഷേമപ്രവർത്തനങ്ങളുടെ പിന്നിലും ഇവരുടെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഷീലബാലകൃഷ്ണൻ മന്ത്രിസഭയിലേക്ക് വരാനുള്ള സാധ്യതകളും വിദൂരത്തല്ല.

ജയലളിത ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുമാസത്തിലേറെ തമിഴ്‌നാട്ടിലെ ഭരണകൂടത്തെ പിടിച്ചുനിർത്തിയതും അവരായിരുന്നു. ജയലളിതയുടെ മനസ്സ് എന്തെന്ന് വ്യക്തമായി അറിയാമായിരുന്നു ഷീലയ്ക്ക്. ജയലളിതയുടെ മരണത്തിൽ തമിഴകത്ത് തേങ്ങലുകൾ തുടരുമ്പോഴും ജനങ്ങൾ ഒന്നടങ്കം വാഴ്‌ത്തുന്നത് സംസ്ഥാനത്ത് നടമാടുന്ന സമാധാനാന്തരീക്ഷത്തെയാണ്. എങ്ങനെ ഇതുസാധിച്ചു എന്ന് മിക്കവരും ചോദിക്കുന്നു. എല്ലാം മുൻകൂട്ടിക്കണ്ട് ഷീല, ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനും ഡി.ജി.പി. ടി.കെ. രാജേന്ദ്രനും എന്തൊക്കെ ചെയ്യണമെന്ന് അപ്പപ്പോൾ നിർദ്ദേശം നൽകി. മന്ത്രിമാരും ജനപ്രതിധികളും മുന്നോട്ടുനീങ്ങിയതും ഷീലയുടെ വാക്കുകൾക്കനുസരിച്ചാണ്.

മുഖ്യമന്ത്രി ചികിത്സയിൽക്കഴിഞ്ഞിരുന്ന അപ്പോളൊ ആശുപത്രി അടിച്ചുടയ്ക്കപ്പെടാൻവരെ സാധ്യതയുണ്ടായിരുന്നു. ജയലളിതയെ വിദേശത്തെ ആശുപത്രിയിലെത്തിച്ചശേഷം അവിടെ വച്ച് മരണവിവരം പ്രഖ്യാപിക്കാൻവരെ ആലോചന നീണ്ടു. എന്നാൽ, അതൊന്നുമുണ്ടായില്ല. ജനങ്ങൾ അക്രമാസക്തരായില്ല. ജനജീവിതം വഴിമുട്ടിയില്ല. ആർക്കും ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യമുണ്ടായി. ജയലളിതയുടെ മനസ്സുവായിക്കാനായ ഷീലയ്ക്ക് ജനങ്ങളുടെ മനസ്സുവായിച്ചെടുക്കാനും വലിയ പ്രയാസമുണ്ടായില്ല.

ജയ ആശുപത്രിയിലായപ്പോൾ ഭരണ പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയ നേതൃത്വത്തെ സഹായിച്ചതും ജയലളിതയുടെ ഉപദേഷ്ടാവായിരുന്ന ഷീലയാണ്. ജയയുടെ മരണം ക്രമസമാധാന പ്രശ്‌നമായി മാറാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളൊരുക്കിയത് ഷീലയുടെ നേതൃത്വത്തിലായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 2002ലാണ് ജയലളിതയുമായി ഷീല ബാലകൃഷ്ണൻ അടുപ്പം സ്ഥാപിക്കുന്നത്. പക്ഷേ, ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതോടെ അവർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചു. പിന്നീട് ജയലളിത വീണ്ടും മുഖ്യമന്ത്രിയായപ്പോൾ പ്രധാന പദവികളിലേക്ക് ഉയർത്തുകയായിരുന്നു.

തഞ്ചാവൂരിൽ അസി.കളക്ടറായാണ് ഷീല ബാലകൃഷ്ണൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എംജിആർ സർക്കാരിൽ സാമൂഹ്യക്ഷേമവകുപ്പ് ഡയറക്ടറായി, വ്യവസായ വകുപ്പിൽ ഒൻപതു വർഷം പ്രവർത്തിച്ചു. 1996 മുതൽ 1998വരെ ഫിഷറീസ് വകുപ്പിൽ കമ്മീഷണർ. രണ്ടായിരത്തിൽ ഡിഎംകെ സർക്കാർ സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറിയാക്കി. അതുവരെ വ്യക്തമായ രാഷ്ട്രീയ പക്ഷം അവർക്കില്ലായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർമ്മിക്കുന്നു.

ജയലളിത 2002ൽ മുഖ്യമന്ത്രിയാക്കിയപ്പോൾ സെക്രട്ടറിയുടെ തസ്തികയിൽ നിയമിച്ചു. ഇതോടെ ഡിഎംകെയുടെ നോട്ടപ്പുള്ളിയായി. പ്രവർത്തനം ഇഷ്ടപ്പെട്ടതോടെ അവർ ജയയുടെ വിശ്വസ്തയായും രണ്ടാമത്തെ അധികാര കേന്ദ്രമായും ഉയർന്നു. നിശബ്ദമായി പ്രവർത്തിക്കുകയും പൊതുജനശ്രദ്ധയിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുന്ന ഷീലയുടെ പ്രവർത്തനം ജയയുടെ സ്വഭാവരീതികളോട് ഒത്തുപോകുന്നതായിരുന്നു. ഉത്തരവുകളോ ആജ്ഞകളോ നൽകുന്നതിനുപകരം ഉദ്യോഗസ്ഥരിൽനിന്ന് ആശയങ്ങൾ ക്ഷണിച്ച് മികച്ച പദ്ധതി നിർദ്ദേശം സർക്കാരിന് സമർപ്പിക്കുന്നതായിരുന്നു അവരുടെ രീതി. ജയയുടെ അനുമതിയില്ലാതെ ഒരു തീരുമാനംപോലും പുറത്തുവന്നിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഓർക്കുന്നു. ജയ നടപ്പിലാക്കിയ പല ജനക്ഷേമ പദ്ധതികൾക്കും പിന്നിൽ ഷീലയുടെ കരങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.

2011ൽ ജയലളിത അധികാരത്തിലെത്തിയതോടെ ഷീല വീണ്ടും ശ്രദ്ധാ കേന്ദ്രമായി. 2012ൽ ചീഫ് സെക്രട്ടറി പദവി ഒഴിവുവന്നപ്പോൾ അവരുടെ ഭർത്താവായ ബാലകൃഷ്ണൻ ഐഎഎസ് ഉൾപ്പെടെയുള്ള സീനിയർ ഉദ്യോഗസ്ഥരെ മറികടന്നാണ് ജയ അവരെ ചീഫ് സെക്രട്ടറിയാക്കിയത്. 2014ൽ വിരമിച്ചപ്പോൾ ഉപദേശകയാക്കി നിയമിച്ചു. പിന്നീട് മൂന്ന് ചീഫ് സെക്രട്ടറിമാർ വന്നെങ്കിലും അധികാരകേന്ദ്രം ഷീലയായിരുന്നു. മുഖ്യമന്ത്രി ആശുപത്രിയിലായപ്പോൾ അവരുടെ മുറിയിൽ ശശികലയ്‌ക്കൊപ്പം ഷീലയ്ക്കും പ്രവേശനം ഉണ്ടായിരുന്നു. അപ്പോളോയുടെ രണ്ടാം നിലയിൽ താൽക്കാലികമായി ഒരുക്കിയ ഓഫീസ് മുറിയിൽ തമിഴ്‌നാട് ഭരണം നിയന്ത്രിച്ചിരുന്നത് ഷീലയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP