Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികാരത്തിലേറും മുമ്പേ ചിന്നമ്മയ്‌ക്കെതിരേ ആക്രമണം ശക്തമാക്കി എതിരാളികൾ; ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.കെ. സ്റ്റാലിൻ; മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു വീണ്ടും കത്തയച്ച് നടി ഗൗതമിയും

അധികാരത്തിലേറും മുമ്പേ ചിന്നമ്മയ്‌ക്കെതിരേ ആക്രമണം ശക്തമാക്കി എതിരാളികൾ; ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.കെ. സ്റ്റാലിൻ; മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു വീണ്ടും കത്തയച്ച് നടി ഗൗതമിയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന ശശികലയ്‌ക്കെതിരേ ആക്രമണം ശക്തമാക്കി രാഷ്ട്രീയ എതിരാളികൾ. പ്രതിപക്ഷമായ ഡിഎംകെയുടെ നേതാവ് എം.കെ. സ്റ്റാലിനും നടി ഗൗതമിയും ശശികലയ്‌ക്കെതിരേ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ശശികലയെ ജയലളിതയുടെ വീട്ടുവേലക്കാരിയെന്നു വിളിച്ചുകൊണ്ടാണ് സ്റ്റാലിന്റെ ആക്രമണം. ഗൗതമിയാകട്ടെ ജയലളിതയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചിരിക്കുകയുമാണ്.

പോയസ് ഗാർഡനിൽ ഇന്നു ചേർന്ന അണ്ണാ ഡിഎംകെ യോഗമാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ഒ. പനീർശെൽവം യോഗത്തിൽ രാജി പ്രഖ്യാപിക്കുകയും പുതിയ മുഖ്യമന്ത്രിയായി ജയലളിതയെ നിർദ്ദേശിക്കുകയും ചെയ്തത് ഐക്യകണഠ്യേന യോഗം അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ശശികല വൈകാതെ സത്യ പ്രതിജ്ഞ ചെയ്യും. ഇതിനിടെയാണ് സ്റ്റാലിനും ഗൗതമിയും രംഗത്തു വന്നിരിക്കുന്നത്.

ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സ്റ്റാലിൻ വ്യക്തമാക്കിയത്. ഇതു ജനാധിപത്യത്തിന് എതിരാണ്. ജയലളിതയ്ക്കു വേണ്ടിയാണ് 2016ൽ തമിഴ് ജനത വോട്ടു ചെയ്തത്. അല്ലാതെ ജയയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതിനല്ലെന്നു സ്റ്റാലിൻ പറഞ്ഞു.

ഇതിനിടെയാണു ജയലളിതയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വീണ്ടും കത്തയച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്നു തുറന്ന കത്തിൽ ഗൗതമി ആരോപിക്കുന്നു. നേരത്തെ അയച്ച കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയില്ലെന്നും ഗൗതമി ചൂണ്ടിക്കാട്ടി.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയും അഭ്യൂഹങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൗതമി മോദിക്കു നേരത്തെ കത്തെഴുതിയത്. പുതിയ കത്ത് അവർ ബ്ലോഗിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഡിജിറ്റലൈസേഷന്റെ ചാംപ്യനെന്ന് സ്വയം അവകാശപ്പെടുകയും ഇന്ത്യക്കാർ സമൂഹമാദ്ധ്യമങ്ങൾ നന്നായി കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാൾ തന്റെ കത്തിന് മറുപടി നൽകിയില്ലെന്ന് ഗൗതമി കത്തിൽ പരാതിപ്പെടുന്നു. സത്യസന്ധമായും വിഷമത്തോടെയും ഒരു പൗരനുന്നയിച്ച ചോദ്യം, ആധുനിക ടെക്‌നോളജി വഴിയായതുകൊണ്ടു മാത്രമാണോ അപ്രധാനമാകുന്നതെന്നും ഗൗതമി ചോദിക്കുന്നു.

ഇന്ത്യ മൊത്തത്തിൽ ഒന്നാണെന്ന് അവകാശപ്പെടുന്നയാൾക്ക് തമിഴ്‌നാടിനെ മാത്രം മാറ്റിനിർത്താനാകുമോ. ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്‌നാട് കേന്ദ്രത്തിന്റെ ശ്രദ്ധയും ഉത്തരവാദിത്തവും അർഹിക്കുന്നില്ലേ. ജയലളിതയുടെ മരണം സംബന്ധിച്ച് ഒരു ഉത്തരം പോലും തമിഴ്‌നാട്ടുകാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കുന്നത് അമ്മയ്ക്കും തമിഴ്‌നാടിനുതന്നെയും നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നും ഗൗതമി ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP