Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി കാത്തിരിക്കാതെ അമിത് ഷായും മോദിയും അടുത്ത പണി തുടങ്ങി; ബിജെപിയുടെ സ്റ്റാർ കാമ്പൈനുമാർ ഇന്ന് മേഘാലയയിലും മിസ്സോറാമിലും; ഇന്ത്യ മുഴുവൻ കാവിക്കൊടി പാറിക്കാനുള്ള യജ്ഞത്തിൽ നിന്നും പിന്മാറാതെ ഷാർപ്പ് ഷൂട്ടർമാർ

തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി കാത്തിരിക്കാതെ അമിത് ഷായും മോദിയും അടുത്ത പണി തുടങ്ങി; ബിജെപിയുടെ സ്റ്റാർ കാമ്പൈനുമാർ ഇന്ന് മേഘാലയയിലും മിസ്സോറാമിലും; ഇന്ത്യ മുഴുവൻ കാവിക്കൊടി പാറിക്കാനുള്ള യജ്ഞത്തിൽ നിന്നും പിന്മാറാതെ ഷാർപ്പ് ഷൂട്ടർമാർ

ന്യൂഡൽഹി: ദക്ഷിണേന്ത്യയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപിയുടെ പദ്ധതി. ഗുജറാത്തിൽ ജയം ഉറപ്പിച്ചെന്ന് ബിജെപി കരുതുന്നു. ഹിമാചലും പിടിച്ചു. ഇനി പ്രധാന ലക്ഷ്യം കർണ്ണാടകമാണ്. ഇവിടെ നിന്ന് കൂടി കോൺഗ്രസിനെ പുറത്താക്കുകയാണ് ലക്ഷ്യം. അതിന് വ്യക്തമായ കർമ്മ പദ്ധതികൾ ബിജെപി തയ്യാറാക്കുന്നുണ്ട്. ഇതിനൊപ്പം പ്രധാനമാണ് നോർത്ത് ഈസ്റ്റ്. അതുകൊണ്ട് തന്നെ ഗുജറാത്തിലെ പ്രചണരത്തിന്റെ തിരക്കിൽ നിന്ന് പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മേഘാലയയിലും മിസോറാമിലും എത്തുകയാണ്. ഇനിയുള്ള ദിവസങ്ങൾ ഇന്ത്യ മുഴുവൻ സജീവമാകാനാണ് മോദിയുടെ പരിപാടി. എല്ലായിടവും കാവിക്കൊടി അതാണ് ലക്ഷ്യം.

കേരളവും തമിഴ്‌നാടും പിടിക്കുകയാണ് ബിജെപിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അത് കടുത്തതാണെന്ന് മോദിക്കും അമിത് ഷായ്ക്കും അറിയാം. എന്നാൽ ബാക്കി എല്ലാ സംസ്ഥാനത്തും ഭരണത്തിൽ എത്തുക. അല്ലാത്തിടത്ത് മുഖ്യ പ്രതിപക്ഷം. ഇതിനുള്ള യജ്ഞമാണ് ബിജെപി നടത്താൻ പോകുന്നത്. മോദി തന്നെ മുന്നിൽ നിന്ന് എല്ലാം നയിക്കും. ആർഎസ്എസ് സർവ്വ പിന്തുണയുമായെത്തും. അടുത്ത വർഷം ആദ്യം മേഘാലയിലും മിസ്സോറമിലും തെരഞ്ഞെടുപ്പാണ്. ഇവിടെ വലിയ സ്വാധീനം ബിജെപിക്കില്ല. രണ്ടിടത്തും കോൺഗ്രസ് ഭരണമാണ്. അതുകൊണ്ട് തന്നെ ഇവിടെ രണ്ടിടത്തും ഭരണം പിടിച്ച് കരുത്ത് തെളിയിക്കാനാണ് നീക്കം. അസം ഉൾപ്പെടെയുള്ളിടത്ത് ബിജെപി ജയിച്ചത് പ്രതീക്ഷ നൽകുന്നു. ഇത് മേഘാലയയിലും മിസോറാമിലും തുടരനാണ് ബിജെപി ആഗ്രഹിക്കുന്നത്.

ഇതിനൊപ്പം കേരളത്തിലും തമിഴ്‌നാട്ടിലും ചുവടുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ മോദി കേരളത്തിലെത്തുന്നതും ഇതിന്റെ ഭാഗമാണ്. കേരളത്തിനായി പ്രത്യേക പദ്ധതിയും തയ്യാറാക്കും. കർണ്ണാടകയിലും കോൺഗ്രസ് ഭരണമാണ്. ഇവിടേയും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കും. ഇവിടേയും അധികാരത്തിലെത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഭരണം നിർത്തുകയും വേണം. ഇതിനുള്ള തന്ത്രങ്ങളാണ് ഒരുക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് മോദി ആഗ്രഹിക്കുന്നത്. അതിന് സംസ്ഥാനങ്ങളിൽ മുൻതൂക്കം അനിവാര്യമാണെന്ന് മോദി വിലയിരുത്തുന്നു. ഇത് ഉറപ്പാക്കാനുള്ള ചുമതല വിശ്വസ്തനായ അമിത് ഷായെ ഏൽപ്പിക്കുകയാണ് മോദി.

ഗുജറാത്ത് എന്നും വഴിത്തിരിവാണ്. ഗുജറാത്ത് നിയമസഭയിലേക്ക് ഇന്നു പൂർത്തിയായ തിരഞ്ഞെടുപ്പും വഴിത്തിരിവാകുമെന്നാണ് നിരീക്ഷകരുടെ കണക്കു കൂട്ടൽ. കേന്ദ്രത്തിൽ അധികാരത്തിന്റെ മൂന്നാം വർഷം പിന്നിട്ട നരേന്ദ്ര മോദിക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനും ഈ ഫലം നിർണായകമാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായാണ് മോദിയും ബിജെപി നേതൃത്വവും ഗുജറാത്ത് ഫലത്തെ കാണുന്നത്. അതേസമയം രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണർവുണ്ടായ കോൺഗ്രസിനു ഗുജറാത്തിലൊരു മുന്നേറ്റം ഉണ്ടാക്കാനായാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെ തളയ്ക്കാൻ കഴിയും എന്ന വിശ്വമാണുള്ളത്. പക്ഷേ 18ന് ഫലം വരുമ്പോൾ കോൺഗ്രസ് തകർന്നടിയുമെന്ന് ബിജെപി പറയുന്നു.

ബിഹാറിലെ നിയമസഭാ തോൽവിക്കു ശേഷം യുപിയിലും ഉത്തരാഖണ്ഡിലും തകർപ്പൻ വിജയം നേടിയാണ് ബിജെപിയും മോദിയും തങ്ങളുടെ കരുത്തു തെളിയിച്ചത്. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയെ പോലും അതിജീവിച്ചു നേടിയ ഈ വിജയത്തോടെ, ഗുജറാത്തിലും ഹിമാചലിലും തങ്ങൾക്ക് എതിരാളികളില്ലെന്ന തോന്നലിലായിരുന്നു ബിജെപി. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതിലെ പിഴവുകളുടെ ആരോപണ പെരുമഴയിൽ പതറിയ ബിജെപിയെയാണ് ഗുജറാത്തിൽ കണ്ടത്. ഒപ്പം സംസ്ഥാനത്തെ സമുദായ സംഘടനകൾ എതിരാവുകയും ചെയ്തതോടെ അതിന്റെ നേട്ടം കൊയ്യാനാവുമെന്ന പ്രതീക്ഷയിലായി കോൺഗ്രസ്. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP