Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഎസ്ജിയുടെ പേരിൽ കൈയടി കിട്ടുമ്പോൾ മോദി മന്മോഹൻ സിങ്ങിനു നന്ദി പറയുമോ? ഇപ്പോൾ മോദിക്കു നേട്ടമാകുന്നതു മന്മോഹന്റെ ദീർഘവീക്ഷണം; അന്നു പല്ലും നഖവും ഉപയോഗിച്ച് എതിർത്ത ഇടപാടിന്റെ പേരിൽ ഇന്നു കൈയടി

എൻഎസ്ജിയുടെ പേരിൽ കൈയടി കിട്ടുമ്പോൾ മോദി മന്മോഹൻ സിങ്ങിനു നന്ദി പറയുമോ? ഇപ്പോൾ മോദിക്കു നേട്ടമാകുന്നതു മന്മോഹന്റെ ദീർഘവീക്ഷണം; അന്നു പല്ലും നഖവും ഉപയോഗിച്ച് എതിർത്ത ഇടപാടിന്റെ പേരിൽ ഇന്നു കൈയടി

ന്യൂഡൽഹി: അമേരിക്കയുമായി ആണവ കരാറുണ്ടാക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരുന്നവരാണ് ബിജെപി. മന്മോഹൻ സിങ്ങിനെയും യുപിഎ സർക്കാരിനെയും കടുത്ത ഭാഷയിലാണ് അന്നു ബിജെപി നേതാക്കൾ എതിർത്തത്.

എന്നാൽ, അന്നു തങ്ങൾ എതിർത്ത പദ്ധതിയിലൂടെ നരേന്ദ്ര മോദി ഇപ്പോൾ കൈയടി നേടുകയാണ്. മന്മോഹൻ സിങ് എന്ന തന്ത്രജ്ഞന്റെ ദീർഘവീക്ഷണമാണ് ഇപ്പോൾ മോദിക്കു നേട്ടമാകുന്നത്.

അധികാരത്തിലേറിയപ്പോൾ ഇന്ത്യ-അമേരിക്ക ആണവകരാറിനെ പ്രശംസിക്കുകയായിരുന്നു മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ കൂട്ടുകെട്ടിന് ആണവകരാർ മുഖ്യപങ്കു വഹിക്കുമെന്നും മോദി പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്ത ഇടപാടിന്റെ പൂർണതയ്ക്കായി അഹോരാത്രം പ്രയത്‌നിക്കുകയാണ് മോദി സർക്കാരിപ്പോൾ. ആണവ വിതരണ സംഘത്തിലും (എൻഎസ്ജി) മിസൈൽ സാങ്കേതിക വിദ്യാനിയന്ത്രണ സംഘത്തിലും അംഗത്വത്തിനു വേണ്ടിയുള്ള ശ്രമം നടത്തുകയാണ് ഇന്ത്യ. ഇതിലേക്കുള്ള നീക്കങ്ങൾ നടത്തുമ്പോൾ ശക്തമായ അടിത്തറ പാകിയതിനു മുൻഗാമിയായ മന്മോഹൻ സിങ്ങിനു മോദി നന്ദി പറയുക തന്നെ വേണം.

ഇന്ത്യക്ക് ആണവ വിതരണ സംഘത്തിൽ അംഗത്വം നൽകുന്ന കാര്യത്തിൽ ലോകരാജ്യങ്ങളിൽ ചർച്ചകൾ ഗൗരവമായി നടക്കുകയാണ്. ഏറ്റവുമൊടുവിൽ ചൈനയാണ് ഇക്കാര്യത്തിൽ പരസ്യനിലപാടു സ്വീകരിച്ചത്. ഇന്ത്യക്ക് ആണവവിതരണസംഘത്തിൽ (എൻഎസ്ജി) അംഗത്വം നൽകുന്നതിൽ അഭിപ്രായസമന്വയത്തിന് കൂടുതൽ ചർച്ച ആവശ്യമാണെന്നാണു ചൈന വ്യക്തമാക്കിയത്. ഇന്ത്യക്ക് എൻഎസ്ജി അംഗത്വത്തിന് അമേരിക്കയുടെ നേതൃത്വത്തിൽ സമ്മർദം ശക്തമായിരിക്കെയാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യക്ക് 48 അംഗ എൻഎസ്ജിയിൽ അംഗത്വം നൽകാനുള്ള നീക്കത്തെ ഏറ്റവും ശക്തമായി എതിർക്കുന്നത് ചൈനയാണ്. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ആണവ നിർവ്യാപന കരാറിൽ ഇന്ത്യ ഇതുവരെ ഒപ്പുവയ്ക്കാൻ തയ്യാറായിട്ടില്ല. എൻഎസ്ജിയിൽ അംഗമായ മറ്റു രാജ്യങ്ങളെല്ലാം നിർവ്യാപന കരാറിൽ ഒപ്പുവച്ചശേഷമാണ് അംഗത്വം നേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനയുടെ എതിർപ്പ്. അംഗത്വമില്ലെങ്കിലും എൻഎസ്ജി അംഗങ്ങൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. അമേരിക്കയുമായി 2008ൽ ആണവസഹകരണ കരാർ ഒപ്പുവച്ചതിന്റെ ആനുകൂല്യമാണിത്. ഇപ്പോൾ ഇന്ത്യ എൻഎസ്ജി അംഗത്വത്തിന് ശ്രമിക്കുന്നതും അമേരിക്കയുടെ പിൻബലത്തിലാണ്.

34 അംഗ രാജ്യങ്ങളുള്ള ലോക മിസൈൽ സാങ്കേതിക നിയന്ത്രണ സംഘത്തിലേക്കും അംഗമാകാനുള്ള കടമ്പ ഇന്ത്യ ഇതിനകം കടന്നു കഴിഞ്ഞു. ഇതിൽ എതിർപ്പുമായി മറ്റ് അംഗരാജ്യങ്ങളൊന്നും എത്തിയിരുന്നില്ല. കഴിഞ്ഞ വർഷമാണ് ഈ കൂട്ടായ്മയിൽ അംഗമാകാൻ ഇന്ത്യ അപേക്ഷ സമർപ്പിച്ചത്. ചില അംഗരാജ്യങ്ങൾ അന്ന് അപേക്ഷയെ എതിർത്തിരുന്നു. എന്നാൽ അമേരിക്കയുടെ ശക്തമായ പിന്തുണ ഇത് മറികടക്കാൻ ഇന്ത്യയെ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.

അതിനിടെ, എൻ.എസ്.ജി അംഗത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കവെ റഷ്യൻ പിന്തുണ തേടിയിരിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ശനിയാഴ്ച ഫോൺ സംഭാഷണം നടത്തി. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സഹകരണം മെച്ചപ്പെടുത്താനുമുള്ള തീരുമാനമാണ് ശനിയാഴ്ച നടത്തിയ ചർച്ചയുടെ ഉദ്ദേശമെന്ന് റഷ്യൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മോദിയും പുടിനും ഉടൻ തന്നെ കൂടിക്കാഴ്‌ച്ച നടത്താനുള്ള പദ്ധതിയും ചർച്ച ചെയ്തിട്ടുണ്ട്.ഇന്ത്യക്ക് എൻ.എസ്.ജി. അംഗത്വം നൽകുന്നതിൽ മെക്സിക്കോയോടൊപ്പം പൂർണ്ണ പിന്തുണയുമായി റഷ്യയും മുൻനിരയിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP